20 June Thursday

നവകേരളത്തിനായി സമഗ്രപദ്ധതികൾ

എ കെ ബാലൻUpdated: Thursday Feb 14, 2019

ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് പതിനാലാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് തുടക്കമായത്. പ്രളയം തകർത്തെറിഞ്ഞ കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തന പദ്ധതികളായിരുന്നു എൽഡിഎഫ് സർക്കാരിന്റെ മൂന്നാമത്തെ നയപ്രഖ്യാപനവും നാലാമത്തെ ബജറ്റും. ലോക്സാഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്നതിനാൽ മുൻവർഷത്തെപ്പോലെ സമ്പൂർണ ബജറ്റ് മാർച്ചിൽത്തന്നെ പാസാക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ പുതിയ സാമ്പത്തിക വർഷത്തെ നാലുമാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടും ധനവിനിയോഗ ബില്ലും നന്ദിപ്രമേയവും പാസാക്കിയാണ് 10 ദിവസത്തെ സമ്മേളനം സമാപിച്ചത്. 

നവകേരള സൃഷ്ടിക്കുള്ള ഹ്രസ്വവും ദീർഘവുമായ പദ്ധതികൾ നയപ്രഖ്യാപനത്തിൽ ഗവർണറും ബജറ്റിൽ ധനമന്ത്രിയും മുന്നോട്ടുവച്ചു. നമ്മുടെ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുമെന്നും കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന് കരുത്തുപകരാൻ നിശ്ചയദാർഢ്യത്തോടെ സർക്കാർ പ്രവർത്തിക്കുമെന്നും വ്യക്തമാക്കുന്നതായിരുന്നു നയപ്രഖ്യാപനവും ബജറ്റും. എൽഡിഎഫ് സർക്കാർ ആയിരംദിവസം പൂർത്തിയാക്കുകയാണ്. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തവ ഓരോ വർഷവും എത്രമാത്രം നടപ്പാക്കി എന്ന് ഒരു പ്രോഗ്രസ്വ റിപ്പോർട്ട് ജനങ്ങളുടെ മുന്നിൽവച്ച് സുതാര്യവും കാര്യക്ഷമവുമായ ഒരു ഭരണത്തിലൂടെയാണ് ഈ സർക്കാർ മൂന്നാംവർഷത്തിലേക്ക് കടക്കുന്നത്. അതിന്റെ നേർസാക്ഷ്യമായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം.

അടിസ്ഥാനസൗകര്യവികസനം, വിലക്കയറ്റം തടയാനുള്ള നടപടികൾ, അധികാരവികേന്ദ്രീകരണ നടപടികൾ, ക്രമസമാധാന സംരക്ഷണ പ്രവർത്തനങ്ങൾ, വ്യവസായമേഖലയുടെ ഉണർവ്മ, എസ്സി/എസ്ടി, പിന്നോക്ക, സാംസ്കാരിക വകുപ്പുകളുടെ നവീന പദ്ധതികൾ, തൊഴിൽ രംഗത്തെ മാറ്റം, കാർഷികരംഗത്തെ പുരോഗതി, ഐടി രംഗത്തെ കുതിച്ചുചാട്ടം, ഭവനനിർമാണരംഗത്തെ മികവ്, ആരോഗ്യം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വലിയ മാറ്റങ്ങൾ, വരാൻ പോകുന്ന നവീനപദ്ധതികൾ എല്ലാം വിശദമാക്കുന്നതായിരുന്നു നയപ്രഖ്യാപനം. സാമൂഹ്യജീവിതത്തിൽ മതനിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും നവോത്ഥാന ചിന്തകളിലൂടെ വികസിച്ച കേരളത്തെ പിറകോട്ട് വലിക്കാനുള്ള നിക്ഷിപ്ത താൽപ്പര്യക്കാരുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും നയപ്രഖ്യാപനം വ്യക്തമാക്കുന്നു. 

നീതി ആയോഗിന്റെ ആദ്യത്തെ എസ്ഡിജി ഇന്ത്യ ഇന്റക്സ് പ്രകടനത്തിൽ കേരളം പ്രഥമ സ്ഥാനത്തെത്തി. കേരളത്തിലെ സ്റ്റാർട്ട്പ് ഇക്കോ സിസ്റ്റത്തെ രാജ്യത്തെ മികച്ച ഒന്നായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തു. മാനവ വികസന സൂചിക, സാക്ഷരത, ആരോഗ്യം, സമ്പൂർണ വൈദ്യുതീകരണം തുടങ്ങിയവയിലും കേരളമാണ് മുന്നിൽ. ജനസംഖ്യാനുപാതികമായി വകയിരുത്തുന്നതിനേക്കാൾ കൂടുതൽ തുക എസ്സി, എസ്ടി വിഭാഗങ്ങൾക്കായി വകയിരുത്തുന്നതും കേരളമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന മാത്യു ടി തോമസിന്റെ പ്രമേയത്തിന്മേൽ രണ്ടുദിവസം സഭയിൽ ചർച്ചനടന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെയും നയങ്ങളെയും വിമർശനാത്മകമായി സമീപിക്കുക എന്ന പ്രതിപക്ഷനയത്തിന് പകരം രാഷ്ട്രീയ ആക്ഷേപങ്ങളും ആരോപണങ്ങളും നിറഞ്ഞതായിരുന്നു പ്രതിപക്ഷത്തുനിന്നുള്ള ചർച്ചകൾ. പ്രളയാനന്തര പുനർനിർമാണത്തിന് ഒരു പ്രായോഗിക നിർദേശവും മുന്നോട്ടുവയ്ക്കാ ൻ പ്രതിപക്ഷത്തിനായില്ല.

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നവകേരള സൃഷ്ടിക്കുള്ള സർക്കാരിന്റെ പ്രവർത്തനരേഖയായിരുന്നു. പ്രളയം തകർത്ത കേരളത്തെ പുനഃസൃഷ്ടിക്കാൻ ലക്ഷ്യമിട്ട് 25 പ്രത്യേക പദ്ധതി തന്നെ പ്രഖ്യാപിച്ചു. സുസ്ഥിരവികസനവും പശ്ചാത്തല സൗകര്യ വികസനവും സാമൂഹ്യസുരക്ഷയുമാണ് ഈ സർക്കാർ ബജറ്റിലൂടെ മുന്നോട്ടുവച്ചത്. സ്വത്ത് മാത്രമല്ല, ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗവും പ്രളയം കവർന്നെടുത്തു. 15,000 കോടിരൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. അതിനാൽ ജീവനോപാധി വികസനത്തിന് ഊന്നൽ നൽകുന്ന ഒരു ബജറ്റ് കൂടിയാണിത്.

ബജറ്റിന്റെ പൊതുചർച്ചയിൽ പ്രതിപക്ഷം പങ്കെടുത്തെങ്കിലും രാഷ്ട്രീയ പ്രസംഗത്തിനാണ് അവർ സമയം കണ്ടെത്തിയത്. ബജറ്റിന്റെ ഉള്ളിൽ കടന്നുള്ള ഒരു വിമർശനവും നിർദേശവും പ്രതിപക്ഷത്തുനിന്ന്ഷ ഉണ്ടായില്ല. എന്നാൽ, പി ജെ ജോസഫിനെപ്പോലുള്ളവർ ബജറ്റിനെക്കുറിച്ച് നല്ലത് പറയുകയും ചെയ്തു. ശബരിമലപ്രശ്നവും നവോത്ഥാന മതിലുമൊക്കെയായിരുന്നു പൊതുവിൽ പ്രതിപക്ഷത്തിന്റെ ചർച്ചാവിഷയങ്ങൾ. ആദ്യ ബജറ്റിൽ കിഫ്ബി എന്ന ബദൽ ധനസമാഹരണ പദ്ധതി അവതരിപ്പിച്ചപ്പോൾ അപഹസിച്ചവരുടെ മണ്ഡലത്തിലടക്കം കിഫ്ബി പദ്ധതികൾ തുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം പ്രതിപക്ഷവിമർശനങ്ങളെ നേരിട്ടത്.

തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് വാഗ്ദാനങ്ങൾമാത്രം നൽകി ജനങ്ങളെ വഞ്ചിക്കുന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ ബജറ്റ്. വരുംവർഷത്തെ വികസനപ്രവർത്തനങ്ങളും അതിനുള്ള വിഭവസമാഹരണവും വ്യക്തമാക്കുന്നതാണ് സംസ്ഥാന ബജറ്റ്. പ്രളയശേഷമുള്ള കേരളത്തിന്റെ ഭാവിജീവിതത്തിന്റെ പ്രതീക്ഷയും അടിസ്ഥാനവുമാണ് ഈ ബജറ്റ്. കഴിഞ്ഞ രണ്ടരവർഷത്തെ ഭരണത്തിൽ ഓരോ മണ്ഡലത്തിലും നടന്ന വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഭരണപക്ഷത്തിന്റെ പ്രസംഗം. 2500 കോടിരൂപയുടെ പദ്ധതികളാണ് എംഎൽഎമാരുടെ ശുപാർശപ്രകാരം ബജറ്റിൽ ഉൾപ്പെടുത്തിയത്.

നികുതിവരുമാനം 30 ശതമാനം വർധിക്കുമെന്നും കഴിഞ്ഞവർഷം കിട്ടാതെപോയ നികുതി പിരിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും ബജറ്റ് ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി വ്യക്തമാക്കി. സമ്പൂർണ സാമൂഹ്യ സുരക്ഷയാണ് സർക്കാർ ലക്ഷ്യമെന്നും പരമ്പരാഗത തൊഴിലുകളെയും തൊഴിലാളികളെയും സംരക്ഷിക്കുമെന്നും മികച്ച വിദ്യാഭ്യാസത്തിലൂടെ തൊഴിലാളികളുടെ കുട്ടികൾക്കും ഉയരാൻ കഴിയുംവിധമാണ് നവകേരള നിർമാണമെന്ന് അദ്ദേഹം പറഞ്ഞു.

എട്ട് അടിയന്തരപ്രമേയമാണ് പ്രതിപക്ഷം കൊണ്ടുവന്നത്. ഒരെണ്ണത്തിന് സ്പീക്കർ അവതരണാനുമതി നൽകിയില്ല. സർക്കാരുമായി ബന്ധമില്ലാത്തതും വർഷങ്ങൾക്ക് മുമ്പ്ര നടന്നതുമായ കൊലപാതകത്തിൽ സിപിഐ എം നേതാക്കളെ രാഷ്ട്രീയപ്രേരിതമായി പ്രതിചേർത്തത് സംബന്ധിച്ച പ്രമേയത്തിനാണ് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്. അതിന്റെ പേരിൽ അവസാനദിവസം സഭ തടസ്സപ്പെടുത്താനും അലങ്കോലമാക്കാനും ശ്രമിച്ച് പ്രതിപക്ഷം അപഹാസ്യരായി. അടിയന്തരപ്രമേയങ്ങൾക്ക് ബന്ധപ്പെട്ട മന്ത്രിമാർ വിശദമായ മറുപടി നൽകി.

കോടതിവിധിയെ തുടർന്നാണ് എംപാനൽ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നതെന്നും സർക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്കായി 233 പദ്ധതി ആരംഭിക്കുകയും 197 എണ്ണം പൂർത്തീകരിക്കുകയും ചെയ്തു. ഈ ബജറ്റിലും അവർക്കായി 20 കോടിരൂപ അനുവദിച്ചു. കടം എഴുതിത്തള്ളാൻ നടപടി സ്വീകരിക്കുകയും വായ്പകൾക്ക് ആറ് മാസംകൂടി മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തു. ജപ്തി നടപടികൾ നിർത്തിവച്ചു. ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കിയപ്പോൾ വിട്ടുപോയവരെ ഉൾപ്പെടുത്തുമെന്നും അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹായത്തിനായി 483 കോടി രൂപയുടെ നിർദേശം സമർപ്പിച്ചെങ്കിലും ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് സർക്കാർ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി വ്യക്തമാക്കി. പരിസ്ഥിതിക്കും ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകാതെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി ധാതുനിക്ഷേപത്തെ ഉപയോഗപ്പെടുത്തുക എന്നതാണ് സർക്കാർ നയമെന്ന് വ്യവസായമന്ത്രിയും വ്യക്തമാക്കി. ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ സംസ്ഥാനം തയ്യാറാക്കിയ പാക്കേജ് കേന്ദ്രം അംഗീകരിക്കാത്തതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എല്ലാ പ്രമേയങ്ങളും പ്രതിപക്ഷം കൊണ്ടുവന്നതെങ്കിലും സർക്കാർ എല്ലാ പ്രമേയങ്ങൾക്കും കൃത്യമായി മറുപടിയും നയവും വ്യക്തമാക്കി.

16 വിഷയങ്ങളിലേക്ക് അംഗങ്ങൾ സഭയുടെ ശ്രദ്ധ ക്ഷണിച്ചു. പിഎസ്സി നിയമനത്തിലും പട്ടയവിതരണത്തിലും തസ്തിക സൃഷ്ടിക്കലിലും ആദിവാസി ഭൂമി വിതരണത്തിലും റെക്കോഡ് നേട്ടമാണ് ഉണ്ടായതെന്ന് ശ്രദ്ധക്ഷണിക്കലുകൾക്ക് മറുപടിയായി മന്ത്രിമാർ ചൂണ്ടിക്കാട്ടി. പ്രാദേശിക ആവശ്യങ്ങൾ സംബന്ധിച്ച 99 സബ്മിഷനുകൾക്കും മന്ത്രിമാർ മറുപടി നൽകി.

ശബരിമലയിൽ മകരവിളക്ക് കത്തിക്കാനുള്ള അവകാശം മലയരയർക്ക് നൽകണമെന്ന ബിജെപി എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിലൂടെ സംഘപരിവാർ പ്രചരിപ്പിച്ച ഒരു അന്ധവിശ്വാസത്തിന്റെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്. മകരവിളക്ക് സ്വയം തെളിയുന്നതാണെന്നതായിരുന്നു ഇതുവരെയുള്ള പ്രചാരണം. മലയരയർ പാരമ്പര്യമായി തുടർന്നുവന്ന എത്രയോ ചടങ്ങുകളിൽനിന്ന്ം അവരെ പുറന്തള്ളിയതും പുനഃസ്ഥാപിക്കേണ്ടേ എന്ന ചോദ്യം സഭയിൽ ഉയർന്നു.

ധനവിനിയോഗ ബില്ലിന് പുറമെ 2019 ലെ കേരള സഹകരണ സംഘം ഭേദഗതി ബില്ലും ഈ സമ്മേളനം പാസാക്കി. സംസ്ഥാനത്ത് കീടനാശിനി നിരോധിക്കുന്നതിനായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കൃഷിമന്ത്രി ചട്ടം 300 പ്രകാരം സഭയിൽ ഒരു പ്രസ്താവന നടത്തി. മുൻ എംഎൽഎ സൈമൺ ബ്രിട്ടോയുടെ നിര്യാണത്തിൽ സഭ അനുശോചനം രേഖപ്പെടുത്തി.  നവകേരളസൃഷ്ടിക്ക് ആക്കംകൂട്ടുന്ന നയങ്ങളും പ്രവർത്തന പദ്ധതികളും മുന്നോട്ടുവച്ച ഈ നിയമസഭാ സമ്മേളനം ശ്രദ്ധേയമായി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top