28 January Saturday

പുത്തൻകടമകൾ ഏറ്റെടുത്ത് മുന്നോട്ട്‌

എം എ അജിത്കുമാർUpdated: Thursday Oct 27, 2022

കേരളീയ മനസ്സുകളിൽ മുഖവുര ആവശ്യമില്ലാത്തവിധം സാന്നിധ്യം ഉറപ്പിച്ച കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലിയുടെ നിറവിലേക്ക് എത്തിയിരിക്കുകയാണ്. 1962 ഒക്ടോബർ 27നും 28നും  തൃശൂരിൽ ചേർന്ന രൂപീകരണ സമ്മേളനത്തിലാണ് സംസ്ഥാന ജീവനക്കാരുടെ ഈ അജയ്യ പ്രസ്ഥാനം പിറവിയെടുത്തത്. കേരള എൻജിഒ യൂണിയന്റെ   ആറു പതിറ്റാണ്ടുകാലത്തെ ത്യാഗപൂർണവും സമരതീക്ഷ്‌ണവുമായ  ചരിത്രം സംസ്ഥാന സിവിൽ സർവീസിന്റെ ചരിത്രംതന്നെയാണ്.

കൊളോണിയൽ ഭരണകാലത്ത് രൂപംകൊണ്ടതാണ് രാജ്യത്തെ ആധുനിക സിവിൽ സർവീസ്. തദ്ദേശീയ ജനതയെ ചൂഷണംചെയ്യാനും അടിച്ചമർത്താനുംവേണ്ടി രൂപപ്പെടുത്തിയ സിവിൽ സർവീസിന്റെ ഘടനയിൽ ജനായത്ത ഭരണം നിലവിൽവന്നിട്ടും കാര്യമായ മാറ്റംവന്നിരുന്നില്ല. പരിതാപകരമായ സേവന, വേതന വ്യവസ്ഥകളും അടിമസമാനമായ തൊഴിൽ സാഹചര്യവും എന്നതായിരുന്നു മറ്റെവിടെയും എന്നപോലെ കേരളത്തിലെയും സിവിൽ സർവീസിന്റെ മുഖമുദ്ര. അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കഴിയുംവിധം സുശക്തമായ സംഘടനാ സംവിധാനങ്ങൾ ഇല്ലാതിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. സംഘടനകളുടെ സ്ഥാനത്ത് ഉണ്ടായിരുന്നതാകട്ടെ അധികാരികളുടെ ഒത്താശയോടെ രൂപീകരിച്ചിരുന്ന വകുപ്പ് കാറ്റഗറി സംഘടനകളും.

ഐക്യ കേരളം രൂപംകൊള്ളുകയും ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽവരികയും ചെയ്തതോടെ സിവിൽ സർവീസിലും കാതലായ മാറ്റങ്ങൾക്ക് തുടക്കംകുറിച്ചു. ജനങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെട്ടു. കരം പിരിവിനും ക്രമസമാധാന പരിപാലനത്തിനുമപ്പുറം ഭൂപരിഷ്കരണം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസ അവകാശം, പൊതുവിതരണം, അധികാര വികേന്ദ്രീകരണം തുടങ്ങി ജീവിതത്തിന്റെ സർവമേഖലയിലും ഇടപെടാൻ കഴിയുംവിധം സിവിൽ സർവീസ് വിപുലീകരിക്കാൻ ശ്രമം നടന്നു. ഒന്നാം ഇ എം എസ് സർക്കാർ കുപ്രസിദ്ധമായ വിമോചനസമരത്തിലൂടെ അട്ടിമറിക്കപ്പെട്ടതിനെത്തുടർന്ന്‌ അധികാരത്തിൽ വന്ന വലതുപക്ഷ സർക്കാരാകട്ടെ സിവിൽ സർവീസിനോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ കൃത്യമായ ഇടവേളകളിൽ പരിഷ്കരണം ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾക്ക് സംഘടന നേതൃത്വം നൽകി. സമയബന്ധിത ശമ്പളപരിഷ്കരണം നേടിയെടുക്കുന്നതിനായി വലതുപക്ഷ സർക്കാരുകളുടെ കാലത്ത് 1978ലും 85ലും അനിശ്ചിതകാല പണിമുടക്കുകൾക്ക് കേരള എൻജിഒ യൂണിയൻ നേതൃത്വം നൽകി.

നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ മെച്ചപ്പെട്ട വേതന വ്യവസ്ഥയും അന്തസ്സാർന്ന തൊഴിൽ സാഹചര്യവും നേടിയെടുക്കാൻ കഴിഞ്ഞ മേഖലയായി സംസ്ഥാന സിവിൽ സർവീസ് മാറി. എന്നാൽ, രാജ്യത്ത് നവലിബറൽ നയങ്ങൾ നടപ്പാക്കി തുടങ്ങിയതോടെ അതിന്റെ തിക്തഫലം  രൂക്ഷമായി ഏറ്റുവാങ്ങേണ്ടിവന്നൊരു മേഖലയായി സിവിൽ സർവീസ് മാറി.  മാറിമാറി വന്ന വലതുപക്ഷ സർക്കാരുകളുടെ കാലത്ത് സംസ്ഥാന സിവിൽ സർവീസിലും നവലിബറൽ നയങ്ങൾ നടപ്പാക്കി. തൊഴിൽ സുരക്ഷിതത്വംതന്നെ അട്ടിമറിക്കാൻ ശ്രമം നടന്നു. ജീവനക്കാരെ അണിനിരത്തി ബഹുജന പിന്തുണയോടെ ഇത്തരം നീക്കങ്ങളെ ചെറുക്കുകയെന്ന ഉത്തരവാദിത്വമാണ് ഇക്കാലയളവിൽ കേരള എൻജിഒ യൂണിയൻ ഏറ്റെടുത്തത്.

മെച്ചപ്പെട്ട വേതനഘടനയ്ക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ തുടങ്ങി തൊഴിൽ സുരക്ഷിതത്വത്തിനും അവകാശ സംരക്ഷണത്തിനുമായുള്ള നിരന്തര സമരങ്ങൾ അനിവാര്യമായിരിക്കുന്ന വർത്തമാനകാലംവരെ ആറുപതിറ്റാണ്ടുകാലവും ത്യാഗപൂർണവും നിരന്തരവുമായ പ്രക്ഷോഭങ്ങൾക്കാണ് സംഘടന നേതൃത്വം നൽകിയത്.  1987–-ൽ രജത ജൂബിലിവരെയുള്ള കാലഘട്ടത്തിൽ സേവന, വേതന വ്യവസ്ഥകളുടെ വിപുലീകരണത്തിനും സിവിൽ സർവീസിന്റെ ജനാധിപത്യവൽക്കരണത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്കാണ് പ്രാമുഖ്യം നൽകിയിരുന്നത്. എന്നാൽ, 2012ൽ സുവർണ ജൂബിലിയിലേക്ക്‌ എത്തുമ്പോൾ നവലിബറൽ നയങ്ങളുടെ തീക്ഷ്‌ണമായ കടന്നാക്രമണങ്ങളിൽപ്പെട്ട് നഷ്ടപ്പെടുന്ന പെൻഷനടക്കമുള്ള അവകാശങ്ങളുടെ സംരക്ഷണപ്രക്ഷോഭങ്ങൾക്ക് പ്രാധാന്യം നൽകി. 2022ൽ വജ്രജൂബിലിയുടെ സന്ദർഭം ആകുമ്പോഴാകട്ടെ കൂടുതൽ തീവ്രമായ കടന്നാക്രമണങ്ങളെയാണ് സിവിൽ സർവീസ്‌ അഭിമുഖീകരിക്കേണ്ടിവരുന്നത്.

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പിന്തുടരുന്ന ജനപക്ഷ നയങ്ങളുടെ സവിശേഷതയാണ് സിവിൽ സർവീസിലും പ്രകടമാകുന്നത്. സേവനലഭ്യത കാര്യക്ഷമമാക്കുന്നതിനായി സർക്കാർ സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്ന ഇ–-ഗവേണൻസ് സാർവത്രികമാക്കി.  സംസ്ഥാന സിവിൽ സർവീസിന്റെ ഒട്ടുമിക്ക സേവനവും ഒറ്റ പോർട്ടലിൽ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കംകുറിച്ചു.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിദ്രോഹ, വർഗീയവൽക്കരണ നയങ്ങൾക്കെതിരെ  രാജ്യത്ത് വ്യാപിക്കുന്ന പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ഏറ്റവും സുപ്രധാനമായ വർത്തമാനകാല കടമ. അതോടൊപ്പം കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ പ്രാവർത്തികമാക്കുന്ന ജനപക്ഷ ബദൽ നയങ്ങളാണ് നാടിന്റെ നിലനിൽപ്പിനും മുന്നോട്ടുപോക്കിനും അനിവാര്യമെന്ന തിരിച്ചറിവോടെ ഇടപെടാനും കഴിയേണ്ടതുണ്ട്. ഇത്തരം ബഹുമുഖ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു മുന്നോട്ടുപോകാനും ജീവനക്കാരെയാകെ ഒരുമിച്ച് ഒറ്റ കൊടിക്കീഴിൽ അണിനിരത്താനും ആവശ്യമായ പ്രവർത്തനങ്ങൾ വജ്ര ജൂബിലി വർഷത്തിൽ ഏറ്റെടുക്കും.

(കേരള എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top