13 July Monday

തദ്ദേശഭരണ പൊതുസർവീസിലേക്ക‌്

വി സുരേഷ് കുമാർUpdated: Wednesday Jun 5, 2019

കേരള മുനിസിപ്പൽ കോർപറേഷൻ ആൻഡ‌് സ്റ്റാഫ് യൂണിയന്റെ 52–ാം സംസ്ഥാന സമ്മേളനം ആറിനും ഏഴിനും എട്ടിനും കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കുകയാണ്. നഗരസഭാ സർവീസിലും കേരളത്തിലെ സിവിൽ സർവീസിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുന്ന കാലമാണിത്. 1967ൽ മുനിസിപ്പൽ കോമൺ സർവീസ് രൂപീകരിക്കുകയും നഗരസഭാ രംഗത്ത് അതുവരെ നിലനിന്നിരുന്ന ദുഷ്പ്രവണതകൾ അവസാനിപ്പിക്കുകയും ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാർ കൈക്കൊണ്ട നിലപാട് നഗരസഭാ സർവീസിനെ ജനാധിപത്യവൽക്കരിക്കുന്നതിനും ജീവനക്കാരുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിർണായകമായി മാറി.

മുനിസിപ്പൽ കോമൺ സർവീസിന്റെ രൂപീകരണത്തിനുശേഷമുള്ള അരനൂറ്റാണ്ടുകാലത്ത് കേരളത്തിന്റെ സാമൂഹ്യഘടനയിൽ വന്നിട്ടുള്ള മാറ്റങ്ങളുടെ പശ്ചാത്തലത്തിലും അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങൾക്കുണ്ടായ മാറ്റത്തിന്റെ ഭാഗമെന്നനിലയിലും തദ്ദേശസ്വയംഭരണ പൊതുസർവീസിന്റെ രൂപീകരണം അനിവാര്യമായിരിക്കുന്നു.
2006ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ തദ്ദേശഭരണ പൊതുസർവീസിന്റെ രൂപീകരണത്തിനുവേണ്ടി ശക്തമായ നിലപാടെടുക്കുകയും 2011 ൽ 61/2011/എൽഎസ‌്ജിഡി എന്ന ഉത്തരവിലൂടെ തദ്ദേശഭരണ പൊതുസർവീസ് രൂപീകരിക്കുകയും ചെയ്തെങ്കിലും തുടർന്നുവന്ന യുഡിഎഫ് സർക്കാർ അത് അട്ടിമറിക്കുകയായിരുന്നു.

|നഗരകാര്യം, പഞ്ചായത്തുകാര്യം, ഗ്രാമകാര്യം, ഗ്രാമ‐നഗരാസൂത്രണവകുപ്പ്, തദ്ദേശഭരണ എൻജിനിയറിങ‌്  വകുപ്പ് എന്നീ അഞ്ചു വകുപ്പുകൾ സംയോജിപ്പിച്ചുകൊണ്ടാണ് പൊതുസർവീസ് രൂപീകരിക്കുന്നത്. ഇതിൽ നഗരകാര്യവകുപ്പ് ഒഴികെയുള്ള നാലു വകുപ്പും സർക്കാർ വകുപ്പുകളാണ്. നഗരകാര്യ വകുപ്പിനെ സർക്കാർ വകുപ്പാക്കി മാറ്റിയാലേ സംയോജനം സാധ്യമാകൂ. 1994 കേരള പഞ്ചായത്ത‌് രാജ് ആക്ടിലെ 179, 180 വകുപ്പുകളിൽ പഞ്ചായത്തു ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്നതിനുള്ള നിർദേശമുണ്ട്. എന്നാൽ, മുനിസിപ്പാലിറ്റി ആക്ടിൽ അതിനു സമാനവ്യവസ്ഥ ഉൾക്കൊള്ളിച്ചിട്ടില്ലെന്ന പരിമിതിയുണ്ട്. എങ്കിലും, അതിനു ചുമതലപ്പെടുത്തുന്ന സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നഗരസഭാ ജീവനക്കാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ലോക്കൽ കമീഷൻ കരട് സ്പെഷ്യൽ റൂൾ തയ്യാറാക്കിയിട്ടുള്ളത‌്. അതിന്റെ അടിസ്ഥാനത്തിൽ പൊതുസർവീസിന്റെ ആദ്യപടിയെന്നനിലയിൽ 1994 കേരള മുനിസിപ്പാലിറ്റി ആക്ടിൽ ഭേദഗതി വരുത്തിക്കൊണ്ട് നഗരസഭാ ജീവനക്കാരെ സർക്കാർ ജീവനക്കാരായി പ്രഖ്യാപിച്ചത്.

തദ്ദേശഭരണ പൊതുസർവീസിലേക്കുള്ള മുൻ വ്യവസ്ഥ എന്നനിലയിൽ സർക്കാർ സർവീസ് രൂപീകരിക്കുന്നതിന് 2019 ഫെബ്രുവരി 12നു കൂടിയ മന്ത്രിസഭായോഗം ശുപാർശ ചെയ്തു. 5–3–19ൽ ചേർന്ന മന്ത്രിസഭായോഗം ഗവർണറോട് ഓർഡിനൻസ് തയ്യാറാക്കാൻ അഭ്യർഥിക്കുകയും ഓർഡിനൻസ് നിലവിൽവരികയും ചെയ്തു. മുനിസിപ്പാലിറ്റി ആക്ടിലെ 48 (1), 48 (3), 222, 222 (1), 222 (2) എന്നിവ ഭേദഗതി ചെയ്തുകൊണ്ടാണ് നഗരസഭാ സർവീസിനെ സർക്കാർ സർവീസാക്കിയിട്ടുള്ളത്. പഞ്ചായത്ത‌് ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റിയതിനു സമാനരീതിയിലാണ് നഗരസഭാ ജീവനക്കാരെ സർക്കാർ സർവീസാക്കി മാറ്റിയിട്ടുള്ളത‌്. പെൻഷൻ സംസ്ഥാന ട്രഷറിയിൽനിന്നും ലഭിക്കും. നിലവിലുള്ള രീതിയിൽ തന്നെയായിരിക്കും ശമ്പളം ലഭിക്കുന്നത്. എന്നാൽ, പൊതു സർവീസാകുന്ന ഘട്ടത്തിൽ ശമ്പളവും സംസ്ഥാന സർക്കാർ നൽകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. വിവിധ വകുപ്പുകളുടെ സംയോജനമെന്ന നിലയിൽ അത്തരം കാര്യങ്ങളിൽ സമാനരീതികൾ അവലംബിക്കേണ്ടിവരിക സ്വാഭാവികമാണ്.

നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ നൽകണമെന്നത‌് കെഎംസിഎസ്യുവിന്റെ ദീർഘകാലത്തെ ആവശ്യമാണ്. ഈ സന്ദർഭത്തിൽ ശക്തമായി ആ നിലപാടു തന്നെയാണ് സംഘടന ഉയർത്തുന്നത്. സർക്കാർ വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമുണ്ട്. പ്രളയം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ പൊതുസർവീസ് രൂപീകരണവുമായി മുന്നോട്ടുപോകുന്നുവെന്നത് സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ്. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും പൊതുസർവീസ് നിലവിൽ വരികയെന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നത്. പ്രശ്നങ്ങൾ സ്വാഭാവികമാണ്, അഞ്ചു വകുപ്പുകളുടെ ഏകോപനമാണ് സിവിൽ സർവീസിലെ ഏറ്റവും വലിയ വകുപ്പായി തദ്ദേശസ്വയംഭരണ വകുപ്പ‌് മാറുകയെന്ന ചരിത്രപരമായ ചുവടുവയ്പാണിത‌്.

ജീവനക്കാരുടെ പ്രവർത്തനശേഷി വർധിപ്പിച്ചും അഴിമതി നിർമാർജനം ചെയ്തും ആധുനികമായ നഗരസഭാ സർവീസ് രൂപപ്പെടുത്തുന്നതിന് കെഎംസിഎസ്യു ശക്തമായി പ്രവർത്തിക്കും. തദ്ദേശഭരണ പൊതുസർവീസ് തുറന്നുതരുന്ന സാധ്യതകളെ പൂർണമായും ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്നതിനുള്ള തീരുമാനങ്ങളാകും സംസ്ഥാന സമ്മേളനം കൈക്കൊള്ളുന്നത്.
( കേരള മുനിസിപ്പൽ കോർപറേഷൻ
ആൻഡ‌് സ്റ്റാഫ് യൂണിയൻ
ജനറൽ സെക്രട്ടറിയാണ‌് ലേഖകൻ)


പ്രധാന വാർത്തകൾ
 Top