12 September Thursday

കൈകൾ കോർത്ത് കരുത്തോടെ

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023

എൽഡിഎഫ്‌ സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. സാങ്കേതികമായി മൂന്നാം വർഷത്തിലേക്കാണ് സർക്കാർ കടക്കുന്നതെങ്കിലും 2016ൽ ഏറ്റെടുത്ത വികസന ക്ഷേമ പദ്ധതികളുടെ തുടർച്ച എട്ടാം വർഷത്തിലേക്കു കടക്കുകയാണ്. ഭവനപദ്ധതികളിലൂടെയും പട്ടയങ്ങൾ ലഭ്യമാക്കുന്നതിലൂടെയും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിലൂടെയും റോഡ്,- സ്കൂൾ, ആശുപത്രി വികസനങ്ങളിലൂടെയും പെൻഷൻ വിതരണത്തിലൂടെയും എല്ലാം കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എത്തി.

അപ്പോഴപ്പോഴുള്ള കാര്യങ്ങളെ സംബോധന ചെയ്തു മുന്നേറുകയെന്ന അഡ്ഹോക് ഭരണസംസ്കാരത്തിന്‌, സഹസ്രാബ്ദ ഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് കേരളത്തെയാകെ ആധുനികവൽക്കരിക്കുകയെന്ന ദീർഘവീക്ഷണത്തോടെയുള്ള പുതിയ ഭരണസംസ്കാരംകൊണ്ടു പകരംവയ്‌ക്കുകയാണു ചെയ്യുന്നത്. അതിന്റെ ഭാഗമായി നവകേരളം സൃഷ്ടിക്കാനുള്ള യത്നത്തിലാണു നമ്മൾ. വ്യവസായ പുനഃസംഘടന, നൈപുണ്യ വികസനം, കാർഷിക നവീകരണം എന്നീ മേഖലകളിൽ  ഊന്നിയാണ് മുന്നേറുന്നത്. അവയ്ക്കൊക്കെ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയുമാണ്. അങ്ങനെ വികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിന്റെ തലത്തിലേക്ക്‌ നമ്മുടെ സമൂഹത്തിന്റെ ജീവിതനിലവാരം സമയബന്ധിതമായി ഉയർത്തിയെടുക്കാനുള്ളതാണിത്.

ഇതു പ്രായോഗികമാണോയെന്ന്‌ ചിലർ സംശയിക്കും. എന്നാൽ, അസാധ്യമെന്നും അപ്രായോഗികമെന്നും പലരും തള്ളിക്കളഞ്ഞ എത്രയെത്ര പദ്ധതികളാണ് നടപ്പാക്കിയത്. ഒരു വശത്ത് ദീർഘകാല വികസന പദ്ധതികൾ. മറുവശത്ത് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ജനജീവിതാശ്വാസ പദ്ധതികൾ. ഒരു വശത്ത് പരമ്പരാഗത വ്യവസായങ്ങളെ ഉദ്ധരിക്കാനുള്ള പദ്ധതികൾ, മറുവശത്ത് അത്യാധുനിക സ്റ്റാർട്ടപ് സംരംഭമുന്നേറ്റങ്ങൾ. രണ്ടും ഒരുപോലെ  മുമ്പോട്ടു കൊണ്ടുപോകുകയാണ്. അടിസ്ഥാനവർഗത്തെയും നവീന തലമുറകളെയും ഒരുപോലെ ചേർത്തുപിടിക്കുകയാണ്.

വികസനം, ക്ഷേമം
സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ എല്ലാ ഇടങ്ങളിലേക്കും എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ആസൂത്രിതമായ കർമപദ്ധതിയാണു പ്രാവർത്തികമാകുന്നത്. ഒരു വിഭാഗവും സർക്കാരിന്റെ കരുതലിനു പുറത്താകുന്നില്ല. 2016മുതലിങ്ങോട്ട് ലൈഫ് മിഷനിലൂടെ ലഭ്യമാക്കിയ മൂന്നര ലക്ഷത്തോളം വീടുകൾ, മൂന്നു ലക്ഷത്തോളം പട്ടയങ്ങൾ, മൂന്നര ലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകൾ തുടങ്ങി എന്തെല്ലാം. ഇപ്പോഴാകട്ടെ അതിദാരിദ്ര്യം നിർമാർജനം ചെയ്യാനായി പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്. രാജ്യത്ത് ഇങ്ങനെയൊന്ന് ഇതാദ്യം.

നൂതന സാങ്കേതികവിദ്യാ രംഗത്ത് കാര്യക്ഷമമായ ഇടപെടലുകൾ നടത്തി നൂതന സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് വ്യവസായം എന്നീ മേഖലകളിൽ മുന്നേറ്റം കൈവരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് ഗ്രഫീൻ ഗവേഷണ കേന്ദ്രം ആരംഭിച്ചത്. കഴിഞ്ഞ മാസമാണ് ഡിജിറ്റൽ സയൻസ് പാർക്കിന്റെ കല്ലിടൽ നടന്നത്. 1500 കോടി രൂപയാണ്  ചെലവു വരിക. ശാസ്‌ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായമേഖലയുടെ വളർച്ചയ്‌ക്കായി ഉപയോഗിക്കാൻ കഴിയുന്ന നാലു സയൻസ് പാർക്കാണ് സ്ഥാപിക്കുന്നത്.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന ധാരണ തിരുത്തി. നിസാനും എയർബസും ടെക് മഹീന്ദ്രയും ടോറസും ടാറ്റാ എലക്സിയും സഫ്രാനും ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ കേരളത്തിൽ  പ്രവർത്തനമാരംഭിച്ചു. വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സംരംഭകവർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭം ആരംഭിക്കാനാണ്  ലക്ഷ്യമിട്ടിരുന്നത്. ആദ്യത്തെ എട്ട് മാസംകൊണ്ടുതന്നെ ലക്ഷ്യം മറികടന്നു.


 

സാങ്കേതിക പുരോഗതി
ഇടതുപക്ഷം ആധുനിക സാങ്കേതികജ്ഞാനത്തിനു മുഖംതിരിഞ്ഞു നിൽക്കുന്നുവെന്ന പ്രചാരണം തിരുത്തി. ഇന്റർനെറ്റ് അവകാശമാണെന്ന് പ്രഖ്യാപിച്ചതിന്റെ തുടർച്ചയായി എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന കെ ഫോൺ പദ്ധതി പൂർത്തീകരിക്കപ്പെടുകയാണ്. ഐടി രംഗത്ത് തൊഴിൽ അന്വേഷിക്കുന്നവർക്കും ഇപ്പോൾ തൊഴിൽ ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഫ്യൂച്ചർ ടെക്നോളജി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. തിരുവനന്തപുരം ടെക്നോപാർക്കിൽ  82ഉം കൊച്ചി ഇൻഫോപാർക്കിൽ 171ഉം കോഴിക്കോട് സൈബർ പാർക്കിൽ 28ഉം ഉൾപ്പെടെ 281 ഐടി കമ്പനിയാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. 2016 മുതൽ 2022 വരെയുള്ള ആറു വർഷംകൊണ്ട് ഐടി പാർക്കുകളിലെ കയറ്റുമതി 9753 കോടിയിൽനിന്ന് 17,536 കോടിയായി ഉയർന്നു.

കേരള സ്റ്റാർട്ടപ് മിഷനെ ലോകത്തിലെ ഒന്നാംസ്ഥാനമുള്ള പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി യുബിഐ ഗ്ലോബൽ പ്രഖ്യാപിച്ചു. തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് ആൻഡ് ഇന്നൊവേഷൻ ഹബ്ബുകളിലൊന്ന് കേരളത്തിലാണെന്നത് അഭിമാനകരമാണ്. രാജ്യത്ത് ഏറ്റവും മികച്ച സ്റ്റാർട്ടപ് സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. പ്രമുഖ കമ്പനികളിൽനിന്ന്‌ എയ്ഞ്ചൽ ഫണ്ടിങ്‌ സ്വീകരിച്ച്‌ നഗരങ്ങൾ കേന്ദ്രീകരിച്ച് സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള ഇഗ്നൈറ്റ് പ്രോഗ്രാമുകൾ എല്ലാ നഗരങ്ങളിലും നടത്തുകയാണ്. 2026ഓടെ കേരളത്തിൽ 15,000 സ്റ്റാർട്ടപ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. 2035ഓടെ 90 ശതമാനത്തിലധികം നഗരജനസംഖ്യയുള്ള സംസ്ഥാനമായി മാറുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇത് മനസ്സിലാക്കിക്കൊണ്ടുവേണം നഗരഗതാഗതം, മാലിന്യനിർമാർജനം എന്നിവയടക്കമുള്ള വിഷയങ്ങളെ നാം സമീപിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്നതാണ് സർക്കാരിന്റെ നയം. ഖര, ദ്രവ മാലിന്യങ്ങൾ, ബയോമെഡിക്കൽ മാലിന്യങ്ങൾ, ഇ–-വേസ്റ്റ് എന്നിവയുടെ ശാസ്‌ത്രീയമായ സംസ്‌കരണം നടപ്പാക്കേണ്ടതുണ്ട്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ രണ്ടുഘട്ടത്തിലുള്ള സമഗ്രപദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഗാർഹിക ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശസ്ഥാപനങ്ങൾ വഴി ലഭ്യമാക്കും.


 

കാർഷിക പുരോഗതി
കേരളത്തിന്റെ കാർഷികമേഖലയുടെ വളർച്ചയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. അതിന്റെ ഫലമായാണ് 2018ലെ പ്രളയം, 2019ലെ അതിവർഷം, മഹാമാരി എന്നീ പ്രതിസന്ധികളെ അതിജീവിച്ച് 2021–-22ൽ   4.64 ശതമാനം വളർച്ച കൈവരിക്കാൻ കാർഷികമേഖലയ്ക്കു കഴിഞ്ഞത്. പഴങ്ങൾക്കും പച്ചക്കറികൾക്കും താങ്ങുവില ഏർപ്പെടുത്തി നമ്മൾ രാജ്യത്തിനു മാതൃകയായി. പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് അടുക്കുന്നു.

റബർ മേഖലയിലെ സുപ്രധാനമായ ഒരിടപെടലായിരുന്നു റബർ വിലസ്ഥിരതാ ഫണ്ട്. അതിനുപുറമെ, 1050 കോടി രൂപ ചെലവിട്ട് കേരള റബർ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം കോട്ടയത്ത് സ്ഥാപിക്കുകയാണ്. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്‌ പുരോഗമിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ പരിവർത്തനം നടത്തുകയാണ്. ഈ പുതിയ തലമുറയ്ക്കുകൂടി സ്വീകാര്യമാകുന്ന വിധത്തിൽ തൊള്ളായിരത്തിലധികം സർക്കാർ സേവനങ്ങളെ ഓൺലൈനായി ലഭ്യമാക്കി. അതേസമയംതന്നെ അവശവിഭാഗങ്ങൾക്ക് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുകയുമാണ്. നവകേരളം ഒരു വികസിത സമൂഹമാകണമെന്നുണ്ടെങ്കിൽ വികസിത നാടുകളിലുള്ളതിനു സമാനമായ സൗകര്യങ്ങൾ ലഭ്യമാക്കണം, പ്രത്യേകിച്ച്   യുവജനങ്ങൾക്കു വേണ്ടി. ആ കാഴ്ചപ്പാടോടെ പഠനത്തോടൊപ്പം തൊഴിലെന്ന സംസ്കാരം വളർത്തിയെടുക്കുന്നതിനായി ‘ഏൺ വൈൽ യു ലേൺ’ പദ്ധതി നടപ്പാക്കുകയാണ്. ഗവേഷണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 3500 കോടി രൂപയുടെ റിസർച്ച് ആൻഡ്‌ ഡെവലപ്മെന്റ് ബജറ്റാണ് ഈ വർഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവേഷണ അറിവുകളെ സാമൂഹ്യപുരോഗതിക്ക് ഉതകുന്ന വിധത്തിൽ മാറ്റിത്തീർക്കുന്നതിന് ട്രാൻസ്ലേഷൻ ലാബുകൾ സ്ഥാപിക്കുകയാണ്.

ഇതിനെല്ലാം പുറമെയാണ് കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിക്കുന്ന വൻകിട വികസന പദ്ധതികൾ. 1136 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബേക്കൽമുതൽ കോവളംവരെയുള്ള ദേശീയ ജലപാതയുടെ പുനരുദ്ധാരണം പൂർത്തീകരിക്കുന്നു. തിരുവനന്തപുരംമുതൽ കാസർകോടുവരെ നീളുന്ന ദേശീയപാത വികസനം യാഥാർഥ്യമാകുകയാണ്. നാഷണൽ ഹൈവേ വികസനം കേന്ദ്ര സർക്കാരിന്റെ പൂർണ ഉത്തരവാദിത്വമായിരുന്നിട്ടും ഇതിനായി 5580 കോടിയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചിരിക്കുന്നത്.


 

കൂടുതൽ നേട്ടങ്ങളിലേക്ക്‌
6500 കോടി രൂപ ചെലവിലും 625 കിലോമീറ്റർ നീളത്തിലും തിരുവനന്തപുരത്തെ പൂവാർമുതൽ കാസർകോട്ടെ കുഞ്ചത്തൂർവരെ തീരദേശ ഹൈവേ യാഥാർഥ്യമാകുകയാണ്. 3500 കോടി ചെലവിലും 1251 കിലോമീറ്റർ നീളത്തിലും പാറശാലമുതൽ കാസർകോട്ടെ നന്ദാരപടവുവരെ മലയോര ഹൈവേ ഒരുങ്ങുകയാണ്. കേരളത്തെ കാർബൺ ന്യൂട്രലാക്കാൻ ഉപകരിക്കുന്ന  കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ ശ്രദ്ധേയമായ പദ്ധതിയാണ്.
പൊതുജനാരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ കൂടുതൽ മികവുറ്റതാക്കും. ക്യാൻസർ കെയർ സ്ട്രാറ്റജി, ജീവിതശൈലീ രോഗനിവാരണ പദ്ധതിപോലുള്ളവ യാഥാർഥ്യമാക്കിയിട്ടുണ്ട്. 886 പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുകയാണ്. 5409 ജനകീയാരോഗ്യ കേന്ദ്രവും ഒരുങ്ങുകയാണ്. കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ അവയവ മാറ്റിവയ്ക്കലിൽ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനുപകരിക്കും.

സമാധാനാന്തരീക്ഷം സംരക്ഷിക്കും
പിഎസ്‌സി നിയമനങ്ങളുടെയും തസ്തിക സൃഷ്ടിക്കലിന്റെയും കാര്യത്തിൽ റെക്കോഡ് സൃഷ്ടിച്ചും പ്രത്യേക റിക്രൂട്ട്മെന്റുകൾ നടത്തി അവശവിഭാഗങ്ങളെ ചേർത്തുപിടിച്ചുമൊക്കെയാണ് നാം നവകേരളത്തിലേക്ക് മുന്നേറുന്നത്. ആ മുന്നേറ്റത്തിൽ നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ്‌ സർക്കാർ. രാജ്യത്തിനുതന്നെ വഴികാട്ടിയാകുന്ന നിരവധി മുൻകൈകളാണ് ക്രമസമാധാനപാലനത്തിൽ കേരളത്തിൽ  ഉണ്ടാകുന്നത്.
അമിതാധികാര സ്വേച്ഛാധിപത്യ  പ്രവണതകളും വർഗീയതയും വിദ്വേഷവുമെല്ലാം ശക്തിപ്പെടുന്ന കലുഷമായ ദേശീയാന്തരീക്ഷത്തിൽ പ്രത്യാശയുടെ ദ്വീപ് എന്ന നിലയിൽ  ജനങ്ങൾ വലിയ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് നമ്മുടേത്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയും വർഗീയതയുടെ ജനവിരുദ്ധ നീക്കങ്ങളെ ചെറുത്തും ജനദ്രോഹ നടപടികൾക്കെതിരായ ജനകീയ ബദലുകൾ അവതരിപ്പിച്ചും കേരളം മുമ്പോട്ടുപോകും. കരുത്തോടെയുള്ള ആ മുന്നേറ്റത്തിനായി നമുക്കെല്ലാവർക്കും കൈകോർക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top