27 November Friday

ഇനിയൊരു ലോക്‌ഡൗൺ വേണോ - മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടിUpdated: Thursday Jul 30, 2020


പ്രതിദിന കൊറോണക്കേസ്‌ 1000 കടന്നതോടെ കേരളം വീണ്ടും പൂട്ടിയിടണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്. മാർച്ചിൽ ഡോക്ടർമാർമുതൽ രാഷ്ട്രീയ പാർടികൾവരെ എല്ലാവരും ലോക്‌ഡൗൺ ഉടൻ വേണമെന്ന് നിർബന്ധം പിടിച്ചപ്പോൾ ജൂലൈയിലെ സ്ഥിതി നേരെ തിരിച്ചാണ്. ജീവനോടൊപ്പം പ്രധാനമാണ് ജീവിതവുമെന്നും അതിനാൽ സമ്പൂർണ ലോക്‌ഡൗൺ വേണ്ട എന്നുമാണ് ഇന്ന് സാധാരണക്കാർമുതൽ വിദഗ്‌ധർവരെയുള്ളവരുടെ പൊതുവായ ചിന്ത. കേരളത്തിലെ ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക സ്ഥിതിഗതികൾ തൊട്ടടുത്ത് വീക്ഷിച്ചുകൊണ്ടിരിക്കുന്നവരായ പലരും ലോക്‌ഡൗൺ വേണ്ട എന്ന അഭിപ്രായം പറഞ്ഞുകഴിഞ്ഞു.

കൊറോണ വൈറസിനെ സംബന്ധിച്ചിടത്തോളം പ്രതിദിനം 1000 കേസ് എന്നതിന് ഒരു പ്രസക്തിയുമില്ല. തൊള്ളായിരമോ ആയിരത്തി ഒരുന്നൂറോ എല്ലാം വൈറസ് വ്യാപനത്തിലെ ഓരോ അക്കംമാത്രമാണ്. എന്നാൽ, മനുഷ്യനെ സംബന്ധിച്ചിടത്തോളം 100, 1000, 10,000, 1,00,000, 10,00,000 എന്നീ നമ്പരുകൾക്ക് ചില പ്രാധാന്യങ്ങളുണ്ട്. ഇത് വൈറസിന്റെ കാര്യത്തിൽമാത്രമല്ല, അങ്ങനെ ഒരു സംഖ്യ വരുമ്പോൾ ആളുകൾ പെട്ടെന്ന് ആ വിഷയത്തിൽ ശ്രദ്ധിക്കാൻ തുടങ്ങുന്നു. ഇത് ദീർഘനാൾ നിലനിൽക്കില്ല. അടുത്താഴ്ച ദിവസം 2000 കേസ്‌ ഉണ്ടായാൽ സമൂഹത്തിൽ ഇതുപോലൊരു നടുക്കം ഉണ്ടാകില്ല. അപ്പോൾ തീരുമാനങ്ങൾ വേഗത്തിൽ എടുക്കണം, നമ്മളെ സംബന്ധിച്ചിടത്തോളം അതിന് പറ്റിയ സമയമാണിത്.

യുദ്ധമോ തീവ്രവാദ ആക്രമണങ്ങളോ നടക്കുന്ന രാജ്യങ്ങളിൽ ആദ്യത്തെ ബോംബ് പൊട്ടുന്ന ദിവസം ആളുകൾ ആകെ പേടിക്കും. ഒന്നോ രണ്ടോ ദിവസത്തേക്ക് പുറത്തേക്കുപോലും വരില്ല, കുട്ടികളെ പുറത്തേക്ക് വിടുകയുമില്ല. എന്നാൽ, ബോംബിങ്‌ സ്ഥിരമായിക്കഴിഞ്ഞാൽപ്പിന്നെ ജനജീവിതം വീണ്ടും സാധാരണ നിലയിലാകും. അതുകൊണ്ട് ഈ ആയിരത്തിന്റെ പിടിവിട്ടാൽ പിന്നെ കേസുകളുടെ എണ്ണം ആയിരത്തഞ്ഞൂറോ രണ്ടായിരമോ ആകുന്നത് ആളുകളിൽ പ്രത്യേക പ്രതികരണമൊന്നും ഉണ്ടാക്കില്ല. പിന്നീട് അത്തരം ആശങ്ക വരുന്നത് പ്രതിദിന കേസുകളുടെ എണ്ണം 10,000 എത്തുമ്പോഴോ മൊത്തം കേസുകളുടെ എണ്ണം ഒരു ലക്ഷം കവിയുമ്പോഴോ ആരോഗ്യപ്രവർത്തകരുടെ മരണം പത്തിൽ കൂടുമ്പോഴോ ആയിരിക്കും. അപ്പോഴേക്കും ഒഴിവാക്കാമായിരുന്ന ഒരുപാട് മരണം സംഭവിച്ചുകഴിയും. ചെറുപ്പക്കാർക്ക് അധികം പേടിക്കാനില്ല എന്ന ചിന്താഗതിയാണ് ഇറ്റലിയിൽ ആദ്യകാലത്ത് മരണനിരക്ക് വർധിപ്പിച്ചത്.


 

മരണനിരക്ക് പലതരത്തിൽ കണക്ക് കൂട്ടാം. മൊത്തം മരിച്ചവരും മൊത്തം രോഗം വന്നവരും തമ്മിലുള്ള അനുപാതമായി അല്ലെങ്കിൽ മൊത്തം മരിച്ചവരും രോഗം ഭേദമായവരും തമ്മിലുള്ള അനുപാതമായി. എങ്ങനെ എടുത്താലും ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് കേരളത്തിൽ മരണനിരക്ക് അര ശതമാനത്തിലും കുറവാണ്. ചില യൂറോപ്യൻ രാജ്യങ്ങളിൽ ഇത് നമ്മുടേതിനേക്കാൾ പല മടങ്ങാണ്. പക്ഷേ, ഒരു കാര്യം നാം ഓർക്കണം. കൊറോണയുടെ കാര്യത്തിൽ മരണനിരക്ക് നാടകീയമായി കൂടുന്നത് രോഗം മൂർച്ഛിക്കുന്നവർക്ക് വേണ്ടത്ര ആശുപത്രി ജീവൻരക്ഷാ സംവിധാനങ്ങൾ ലഭിക്കാതിരിക്കുമ്പോഴാണ്.

ഇവിടെ വ്യക്തിപരവും സാമൂഹ്യവുമായ ഏറെ ഉത്തരവാദിത്തബോധം ആവശ്യമാണ്. ചെറിയ ശതമാനം ആളുകൾ ഇതിനെ നിസ്സാരവൽക്കരിക്കുന്നു, അതിലൂടെ അവരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നു. ഈ രോഗത്തെ, അപകടത്തെ, അപകട സാധ്യതയെ, പ്രതിരോധമാർഗങ്ങളെപ്പറ്റി വേണ്ടത്ര അറിയാത്തവർ ഇന്ന് കേരളത്തിലില്ല. എന്നിരുന്നാലും ഒരു ദിവസം 1000 പേരിൽ കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ച ദിവസംപോലും അയ്യായിരത്തിനു മുകളിൽ ആളുകൾക്കെതിരെ മാസ്കില്ലാത്തതിന് കേസ് ചാർജ്‌ ചെയ്തു എന്ന വാർത്ത നാം കൂട്ടിവായിക്കണം.

കേരളത്തിലെ രോഗവ്യാപനം ഇപ്പോൾ പ്രതിദിനം 1000 കൂടുമ്പോൾ അടുത്ത ആഴ്ച എത്രയാകുമെന്നോ എവിടെയാണ് കൂടുതൽ രോഗവ്യാപനം ഉണ്ടാകാൻ പോകുന്നതെന്നോ നമുക്കറിയില്ല. രോഗത്തിന്റെ അതിവേഗത്തിലുള്ള പ്രസരണം ഇപ്പോൾ നമ്മൾ തടഞ്ഞില്ലെങ്കിൽ രണ്ടാഴ്ച കഴിയുമ്പോൾ കേരളമൊട്ടാകെ ഹോട്ട്‌സ്‌പോട്ടും കണ്ടെയ്‌ൻമെന്റ്‌ സോണുകളും ട്രിപ്പിൾ ലോക്‌ഡൗണും ആകും. സമ്പർക്കം അറിയാത്ത കേസുകളുടെ എണ്ണം കൂടുകയാണ്. എല്ലായിടത്തും ഒരുമിച്ച് ലോക്‌ഡൗൺ പ്രഖ്യാപിക്കേണ്ട കാര്യമില്ല. മറിച്ച് ജില്ലകളെ ഒരു യൂണിറ്റാക്കി ജില്ലാതലത്തിൽ ലോക്‌ഡൗൺ പ്രഖ്യാപിക്കാം, ജില്ലകൾ തമ്മിലുള്ള സഞ്ചാരം അത്യാവശ്യത്തിന് മാത്രമാക്കാം. എന്നാൽ, ഒരിക്കൽ ലോക്‌ഡൗൺ നടത്തിയ അറിവ് നമുക്കുണ്ട്. ആളുകൾക്ക് ഭക്ഷ്യവസ്തുക്കൾക്കും ആരോഗ്യ സംവിധാനങ്ങൾക്കും ബുദ്ധിമുട്ടില്ലാതെ, ആരും പട്ടിണികിടക്കാതെ, ലോക്‌ഡൗൺ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം.

(ഐക്യരാഷ്‌ട്ര സഭ യുഎൻഇപി പ്രോഗ്രാമിൽ ദുരന്ത സാധ്യത ലഘൂകരണവിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top