22 October Thursday

വിശ്വാസത്തിന്‌ വഴിമാറിയ അവിശ്വാസം - കെ ശ്രീകണ്‌ഠൻ എഴുതുന്നു

കെ ശ്രീകണ്‌ഠൻUpdated: Wednesday Aug 26, 2020


കേരള നിയമസഭ ഇതുവരെ ചർച്ചയ്‌ക്കെടുത്ത അവിശ്വാസ പ്രമേയങ്ങളിൽ തികച്ചും വ്യത്യസ്‌തമായ ഒന്നാണ്‌ കഴിഞ്ഞ ദിവസം സഭ പരിഗണിച്ചത്‌. സർക്കാരിനെ പിടിച്ചുനിർത്തി കുറ്റവിചാരണ ചെയ്യാനുള്ള അവസരമാണ്‌ അവിശ്വാസപ്രമേയ ചർച്ച. സഭയ്‌ക്ക്‌ പുറത്തെ വീറും വാശിയും അകത്തും കത്തിപ്പടരുക സ്വാഭാവികമാണ്‌. പക്ഷേ, എൽഡിഎഫ്‌ സർക്കാരിനെതിരെ പ്രതിപക്ഷം ആദ്യമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയം  പത്തരമണിക്കൂർ ചർച്ചയും വോട്ടെടുപ്പും കഴിഞ്ഞപ്പോൾ സർക്കാരിനുള്ള വിശ്വാസ പ്രമേയമായി മാറി. പ്രമേയം അവതരിപ്പിച്ച വി ഡി സതീശന്റെ വാക്കുകളിൽ ‘തന്റെ ഒരു രാഷ്‌ട്രീയ അസൈൻമെന്റ്‌’ രാഷ്‌ട്രീയമായി ഒരു ഉന്മേഷവും പകർന്നില്ലെന്ന്‌ മാത്രമല്ല, യുഡിഎഫിന്റെ ശൈഥില്യത്തിന്‌ ആക്കം കൂട്ടാനും വഴിയൊരുക്കി. ഇങ്ങനെയൊരു അവിശ്വാസ പ്രമേയം വേണമായിരുന്നോ എന്നാണ്‌ പ്രതിപക്ഷ നേതാക്കളും അണികളും പരസ്‌പരം പങ്കുവയ്‌ക്കുന്ന വികാരം.

രാഷ്‌ട്രീയമായി പ്രതിപക്ഷത്തിന്‌ ഒരു മേൽക്കൈയും ലഭിക്കാതെ അവിശ്വാസപ്രമേയ ചർച്ച മാറിയതിനു കാരണം ചികഞ്ഞെടുക്കുന്ന തിരക്കിലാണ്‌ യുഡിഎഫ്‌ നേതൃത്വം. അത്‌ വിജയിച്ചാലും ഇല്ലെങ്കിലും ചർച്ചയും മുഖ്യമന്ത്രിയുടെ കുറിക്കുകൊള്ളുന്ന മറുപടിയും നൽകിയ ആഘാതത്തിൽനിന്ന്‌ മോചനം നേടാൻ എളുപ്പമല്ലെന്ന്‌ അവർക്കറിയാം.
വിവാദങ്ങൾ കൊടുങ്കാറ്റായി ആഞ്ഞുവീശുമെന്ന്‌ പ്രതീക്ഷിച്ചവരെല്ലാം ഇപ്പോൾ നിരാശയിലാണ്‌. സർക്കാരിന്റെ ഭരണനേട്ടങ്ങൾ അക്കമിട്ട്‌ എണ്ണിപ്പറയാനുള്ള അവസരം നൽകിയത്‌ എന്തിനായിരുന്നുവെന്നാണ്‌ യുഡിഎഫുകാരുടെ ചോദ്യം. ഇതിൽനിന്ന്‌ മുഖം രക്ഷിക്കാനാണ്‌  വിവാദങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന വാദത്തിൽ പിടിച്ചുതൂങ്ങുന്നത്‌.  യഥാർഥത്തിൽ മൂന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള മുഖ്യമന്ത്രിയുടെ മറുപടിയിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്നതാണ്‌ വസ്‌തുത.


 

അവിശ്വാസപ്രമേയം അനവസരത്തിലായിപ്പോയി എന്ന വികാരം പ്രതിപക്ഷത്ത്‌ ഇപ്പോൾ കൂടുതൽ ശക്തമാണ്‌.  ഭരണനേട്ടങ്ങൾ അനാവരണം ചെയ്‌തതിലല്ല, അവിശ്വാസ പ്രമേയത്തിന്‌ പിന്നിൽ രൂപപ്പെട്ടുവരുന്ന രാഷ്‌ട്രീയ  അടിത്തറയിലേക്ക്‌ മുഖ്യമന്ത്രി വിരൽചൂണ്ടിയതാണ്‌ അവരെ ഭീതിയിലാഴ്‌ത്തുന്നത്‌. അതിന്‌ മുഖ്യമന്ത്രിക്ക്‌ അവസരമൊരുക്കിയതിന്റെ പേരിലാണ്‌ നേതൃത്വം പ്രതിക്കൂട്ടിൽ കയറിയത്‌.

പ്രതിപക്ഷത്തെ രാഷ്‌ട്രീയ ഏകോപനമില്ലായ്‌മ, ഫ്‌ളോർ മാനേജ്‌മെന്റിലെ പാളിച്ച, കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിലെ അനൈക്യം, കേരള കോൺഗ്രസിലെ രണ്ട്‌ എംഎൽഎമാരുടെ ബഹിഷ്‌കരണം. അവിശ്വാസ ചർച്ച വേണ്ടത്ര ക്ലച്ച്‌ പിടിക്കാതെ പോയതിന്‌ ഇത്തരം  കാരണങ്ങളാണ്‌ യുഡിഎഫ്‌ നിരത്തുന്നത്‌. പ്രതിപക്ഷനേതൃത്വം കൈയാളാൻ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല കഴിഞ്ഞ കുറച്ചുനാളായി നടത്തിവരുന്ന ഏകപക്ഷീയമായ നീക്കങ്ങളിൽ ഉമ്മൻചാണ്ടി അടക്കം അസ്വസ്ഥരാണ്‌. ഉമ്മൻചാണ്ടിയെ നേതൃപദവിയിൽ അവരോധിക്കാനുള്ള തന്ത്രമാണ്‌ മുസ്ലിംലീഗ്‌ നേതൃത്വം മെനയുന്നത്‌. തനിക്കെതിരെ ഉയരുന്ന വെല്ലുവിളി അതീജീവിക്കാനുള്ള വഴികളാണ്‌ പിആർ ഏജൻസികളുടെ പിൻബലത്തിൽ ചെന്നിത്തല തേടുന്നത്‌. അവിശ്വാസപ്രമേയ നീക്കവും ഇതിന്റെ ഭാഗമായിട്ടാണ്‌ എതിരാളികൾ കാണുന്നത്‌.

അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നിയോഗം തന്റെ പിടലിയിൽ വന്നുവീഴ്‌ന്നതിൽ തീർത്തും അസ്വസ്ഥനായിരുന്നു വി ഡി സതീശൻ. മുന്നണിയും പാർടിയും ഏൽപ്പിച്ച ഒരു രാഷ്‌ട്രീയ ദൗത്യംമാത്രം എന്ന നിർവികാരമായ അദ്ദേഹത്തിന്റെ വാക്കുകൾ ഇതിന്‌ തെളിവാണ്‌. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുതിർന്ന എ ഗ്രൂപ്പുകാരായ കെ സി  ജോസഫ്‌, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ തുടങ്ങിയവർ അവിശ്വാസപ്രമേയ ചർച്ചയിലുടനീളം നിസ്സംഗത പുലർത്തിയതും ശ്രദ്ധേയമാണ്‌. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ചർച്ചയിൽ പങ്കെടുത്തെങ്കിലും മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കിയുള്ള വിവാദങ്ങളിൽ ഊന്നി പിൻവാങ്ങി. പ്രതിപക്ഷനിരയിലെ മറ്റൊരു മുതിർന്ന നേതാവായ  പി ജെ ജോസഫ്‌ സർക്കാരിനെ പരോക്ഷമായി അഭിനന്ദിക്കുകയായിരുന്നു.

യുഡിഎഫിലെ അസ്വാരസ്യം  ഊതിക്കാച്ചിയെടുത്ത്‌ അവർ സ്വയം വെളിപ്പെടുത്തിയപ്പോൾ കൃത്യമായ ആസൂത്രണത്തോടെയാണ്‌ ഭരണപക്ഷം സഭയിൽ നിലയുറപ്പിച്ചത്‌. പ്രതിപക്ഷനിരയിലെ രക്തം വാർന്ന പ്രസംഗങ്ങളെ മൂർച്ചയോടെയും തെളിമയോടെയും നേരിടാൻ ഭരണപക്ഷത്തിന്‌ കഴിഞ്ഞു. സർക്കാരിനും എൽഡിഎഫിനും അങ്ങനെ മേൽക്കൈ നേടാനുള്ള സുവർണാവസരമാണ്‌ അവിശ്വാസപ്രമേയം സമ്മാനിച്ചത്‌. പ്രതിപക്ഷ അംഗങ്ങളുടെ പുകമറ പരത്താനുള്ള നീക്കത്തെ ശക്തിയുക്തം നേരിട്ട്‌ ഭരണപക്ഷം മുന്നേറി.


 

മൂന്നേമുക്കാൽ മണിക്കൂർ സംസാരിച്ച്‌ സഭയിൽ ചരിത്രംകുറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങൾക്ക്‌ പഴുതടച്ചും കണിശവുമായ മറുപടിയാണ്‌ നൽകിയത്‌. അവിശ്വാസ പ്രമേയത്തിന്‌ പിന്നിൽ കമ്യൂണിസ്‌റ്റ്‌ വിരുദ്ധ പ്ലാറ്റ്‌ഫോം ആണെന്ന അദ്ദേഹത്തിന്റെ ആരോപണം കുറിക്കുകൊണ്ടു. സർക്കാരിനെതിരെ പ്രചാരണ കൊടുങ്കാറ്റ്‌ അഴിച്ചുവിടാനുള്ള പ്രതിപക്ഷനീക്കവും അദ്ദേഹം തുറന്നുകാട്ടി. സർക്കാരിന്റെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മുഖ്യമന്ത്രിക്കു മുന്നിൽ പതറിയ പ്രതിപക്ഷനിര മൂന്ന്‌ മണിക്കൂർ അദ്ദേഹം പ്രസംഗിച്ച ശേഷമാണ്‌ മൂടനക്കാൻ തുടങ്ങിയത്‌. ‘ജനങ്ങളും നാടും അംഗീകരിക്കുന്ന സർക്കാരിനെ അധാർമികമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക്‌ അർഹമായ മറുപടി ജനം നൽകും. നമുക്ക്‌ ജനമധ്യത്തിൽ കാണാം’ എന്ന വെല്ലുവിളിയോടെയാണ്‌ മുഖ്യമന്ത്രി പ്രസംഗം നിർത്തിയത്‌.

അവിശ്വാസപ്രമേയ ചർച്ചയ്‌ക്ക്‌ കളമൊരുക്കിയ പ്രതിപക്ഷത്ത്‌ നിരാശയും ഭരണപക്ഷത്ത്‌ വർധിച്ച ആത്മവിശ്വാസവും–- രാഷ്‌ട്രീയ കോളിളക്കം പ്രതീക്ഷിച്ച അവിശ്വാസപ്രമേയ ചർച്ചയുടെ പരിസമാപ്‌തിയെ ഇങ്ങനെ വിലയിരുത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top