30 November Tuesday

എന്തുകൊണ്ട് സിൽവർലൈൻ

വി അബ്ദുറഹിമാൻ ( കായിക റെയിൽ മന്ത്രി)Updated: Monday Oct 25, 2021

സംസ്ഥാനത്ത് വാഹനസാന്ദ്രത അനുദിനം വർധിച്ചുവരികയാണ്. ഇതേത്തുടർന്ന് ഗതാഗതക്കുരുക്ക് വ്യാപകമാണ്. ഓരോരുത്തരുടെയും വിലയേറിയ സമയം ഇതിലൂടെ നഷ്ടമാകുന്നു. വാഹനങ്ങൾ പെരുകിയതോടെ വാഹനാപകടങ്ങളും പലമടങ്ങ് വർധിച്ചു. വാഹനങ്ങളിൽ ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗം കാരണം അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുകയാണ്. വാഹനങ്ങളിൽനിന്നുള്ള കാർബൺ പുറന്തള്ളലാണ് പ്രളയത്തിന് ഇടയാക്കുന്ന കാലാവസ്ഥാ വ്യതിയാനംപോലുള്ള പ്രതിഭാസങ്ങൾക്ക് മുഖ്യ കാരണങ്ങളിലൊന്നെന്ന് പൊതുവെ വിലയിരുത്തുന്നുണ്ട്. അന്തരീക്ഷ മലിനീകരണം കുറഞ്ഞ യാത്രാമാർഗങ്ങളെക്കുറിച്ച് ലോകം മുഴുവൻ ചർച്ച നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിൽവർലൈൻ എന്ന പേരിലുള്ള സെമി ഹൈസ്പീഡ് റെയിൽപദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

തിരുവനന്തപുരംമുതൽ കാസർകോട്‌ വരെയുള്ള 555 കിലോമീറ്റർ നാല്‌ മണിക്കൂർകൊണ്ട് പിന്നിടാൻ സിൽവർലൈനിലൂടെ സാധിക്കും.
നേരത്തേ ഹൈസ്പീഡ് റെയിൽപദ്ധതി എന്ന ആശയമായിരുന്നു യുഡിഎഫ് സർക്കാർ പരിഗണിച്ചിരുന്നത്. ഹൈസ്പീഡ് റെയിൽവേയുടെ ഒരു കിലോമീറ്റർ പാത നിർമിക്കാൻ 280 കോടി രൂപയാണ് ചെലവ്. എന്നാൽ, സെമി ഹൈസ്പീഡിൽ കിലോമീറ്ററിന് 120 കോടി രൂപയാണ് ചെലവ്. ഹൈസ്പീഡ് ട്രെയിൻ ടിക്കറ്റിന് അന്ന് കണക്കാക്കിയ നിരക്ക് കിലോമീറ്ററിന് ആറ്‌ രൂപയായിരുന്നു. സെമി ഹൈസ്പീഡിന് 2.75 രൂപ മാത്രമാണ്.
ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ ആവശ്യമായിവരും. സിൽവർലൈൻ 11 സ്റ്റോപ്പാണ് വിഭാവനം ചെയ്യുന്നത്. 300 മുതൽ 500 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്ന ഹൈസ്പീഡ് ട്രെയിനിന് കൂടുതൽ സ്റ്റോപ്പ് അനുവദിച്ചാൽ സാധ്യമായ വേഗതയിൽ ഓടാനാകില്ല. മുടക്കുമുതൽ ഗണ്യമായി കൂടുകയും ചെയ്യും.

നിലവിലുള്ള ബ്രോഡ്‌ഗേജ് പാതകൾ ഇരട്ടിപ്പിച്ചും ഓട്ടോമാറ്റിക് സിഗ്നലിങ് ഏർപ്പെടുത്തിയും യാത്രാക്ലേശം പരിഹരിക്കാൻ സാധിക്കില്ലേ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തെ റെയിൽപ്പാതകൾ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും കൂടുതലുള്ളതാണ്. സ്റ്റോപ്പുകളുടെ ബാഹുല്യവുമുണ്ട്. ഈ പരിമിതി നിലനിൽക്കെ പാത ഇരട്ടിപ്പിച്ചതുകൊണ്ട് പ്രയോജനമുണ്ടാകില്ല. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തിയാൽ ട്രെയിനുകളുടെ എണ്ണം കൂട്ടാനാണ് കഴിയുക. ട്രെയിനുകളുടെ വേഗപരിധി നിർണയിക്കുന്നത് അവയുടെ ഡിസൈൻ, സ്പീഡ്, ട്രാക്കിന്റെ ഉറപ്പ്, ട്രാക്ക് ഘടന തുടങ്ങിയ കാര്യങ്ങൾ അനുസരിച്ചാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ വളവുകളും തിരിവുകളും കുറച്ച് പാത വികസിപ്പിക്കുക പ്രായോഗികമല്ല. ഇതിന് കൂടുതലായി ഭൂമി കണ്ടെത്തേണ്ടിയും വരും. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് സെമി ഹൈസ്പീഡ് റെയിൽവേ എന്ന ആശയം സ്വീകരിച്ചത്.

പാരിസ്ഥിതികാഘാതം സംബന്ധിച്ച് ആശങ്കകൾ ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട്. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണം സർക്കാർ അതീവ ഗൗരവത്തോടെ പരിഗണിക്കുന്ന വിഷയമാണ്.  ഏറ്റവും സുരക്ഷിതവും സുഖപ്രദവും അന്തരീക്ഷ മലിനീകരണം കുറഞ്ഞതുമായ യാത്രാമാർഗമാണ് റെയിൽവേ. വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന സെമി ഹൈസ്പീഡ് ട്രെയിൻ താരതമ്യേന വളരെക്കുറച്ച് പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നവയാണ്. 2006ൽ എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് വിജ്ഞാപനപ്രകാരം റെയിൽവേ പദ്ധതികൾക്ക് ആഘാതപഠനം ആവശ്യമില്ല. എങ്കിലും, പരിസ്ഥിതി സംരക്ഷണത്തിനായുള്ള കടമ ഉൾക്കൊണ്ട് സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്‌മെന്റ് മുഖേന ത്വരിത പാരിസ്ഥിതികാഘാതപഠനം നടത്തിയിട്ടുണ്ട്. പരിസ്ഥിതി നയത്തോടുള്ള ഉത്തരവാദിത്വബോധം ഉയർത്തിപ്പിടിച്ച് സമഗ്രമായ പരിസ്ഥിതി ആഘാത പഠനത്തിന് കെ–--റെയിൽ നടപടി ആരംഭിച്ചിട്ടുണ്ട്.

പ്രാഥമികമായ പാരിസ്ഥിതികാഘാത നിർണയപഠനവും ഏറ്റവും ആധുനികമായ ലിഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആകാശ സർവേയും ശാസ്ത്രീയ മണ്ണുപരിശോധനയുമെല്ലാം നടത്തിയശേഷമാണ് സിൽവർലൈനിന്റെ അലൈൻമെന്റ് നിർണയിച്ചത്. ജലസ്രോതസ്സുകളുള്ള 164 ജലാവാസ ആഘാതമേഖല നിർണയിക്കുകയും അവയ്ക്ക് ദോഷകരമല്ലാത്ത വിധത്തിൽ പാതനിർണയം നടത്തുകയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. സി ആർ സോണുകളെയും കണ്ടൽക്കാടുകളെയും കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ സസ്‌റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനവാസവും കാർഷികവിളകളും പരമാവധി കുറഞ്ഞ പാഴ്‌നിലങ്ങളാണ് കൂടുതലായും അലൈൻമെന്റിനായി തെരഞ്ഞെടുത്തത്. തണ്ണീർത്തടങ്ങളെയും പാടശേഖരങ്ങളെയും പരമാവധി ഒഴിവാക്കിയിട്ടുമുണ്ട്. 115 കി.മീ പാടശേഖരങ്ങളിൽ 88 കിലോമീറ്ററിലും ആകാശപാതയാണ് ഒരുക്കുക. ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ പാലങ്ങളും കൽവർട്ടുകളും നിർമിക്കും. പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള അലൈൻമെന്റോ നിർമാണപ്രക്രിയയോ സ്വീകരിക്കാത്തതിനാൽ സിൽവർലൈൻ പ്രകൃതിദുരന്തം ക്ഷണിച്ചുവരുത്തുമെന്ന വാദം തീർത്തും നിരർഥകമാണ്.

വിശദമായ പദ്ധതി റിപ്പോർട്ട് അനുസരിച്ച് 63940.67 കോടി രൂപയാണ് സിൽവർലൈൻ പദ്ധതിയുടെ മതിപ്പ് ചെലവ്. ഇതിൽ 6085 കോടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നൽകേണ്ട നികുതിയിളവാണ്. 2150 കോടി റെയിൽവേയും 3225 കോടി സംസ്ഥാന സർക്കാരും വഹിക്കും. 4252 കോടി  പൊതുജന ഓഹരി പങ്കാളിത്തത്തിലൂടെയാണ് സമാഹരിക്കുക. എഡിബി, ജൈക്ക, എഐഐജി, കെഎഫ്ഡബ്ല്യു എന്നീ ധനസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്കായി ഇത്തരം സാമ്പത്തികസ്രോതസ്സുകൾ കണ്ടെത്താൻ കേന്ദ്ര ധനമന്ത്രാലയവും റെയിൽ മന്ത്രാലയവും അനുമതി നൽകിയിരുന്നു.

ലോകമെങ്ങും ഏതു സർക്കാരും പശ്ചാത്തല സൗകര്യവികസന പദ്ധതികൾക്കായി കടം എടുക്കുകയാണ് പതിവ്. പശ്ചാത്തല വികസനം സാമ്പത്തികമേഖലയെ ഉത്തേജിപ്പിക്കും. ബിസിനസ്, സാങ്കേതികം, ടൂറിസം തുടങ്ങിയ മേഖലകളെ പരിപോഷിപ്പിക്കാൻ ഇത് വഴിയൊരുക്കും. യാത്രാസമയം ഗണ്യമായി കുറയുന്നത് സാമ്പത്തികമേഖലയ്ക്ക് വിപുലമായതോതിൽ ഊർജം പകരും. മനുഷ്യവിഭവശേഷി കൂടുതൽ ഉൽപ്പാദനപരമായി ചെലവഴിക്കാൻ അവസരം ലഭിക്കും. ഇത്തരം ബൃഹത്തായ ഒരു പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹ്യാഘാതം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. പദ്ധതി നടപ്പാക്കുന്നതിനുമുമ്പ് വിശദമായ സാമൂഹ്യ, സാമ്പത്തിക ആഘാതപഠനങ്ങൾ നടത്തും.

പദ്ധതിക്കായി ലക്ഷക്കണക്കിന് കെട്ടിടങ്ങൾ നശിപ്പിക്കേണ്ടിവരുമെന്ന് ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇത് വസ്തുതാവിരുദ്ധമാണ്. 9314 കെട്ടിടമാണ് പദ്ധതി കടന്നുപോകുന്ന പാതയിൽ വരുന്നത്. ഇതുതന്നെ പരമാവധി കുറയ്ക്കാൻ നടപടി സ്വീകരിക്കും. നാടിന്റെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതി യാഥാർഥ്യമാക്കുന്നതിന് വീടും കെട്ടിടവും ഒഴിഞ്ഞുകൊടുക്കുന്നവർക്ക് പുനരധിവാസ നിയമപ്രകാരം, ഗ്രാമങ്ങളിൽ വിപണിവിലയുടെ നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരട്ടിയും നഷ്ടപരിഹാരം നൽകും. ഒരു ഹെക്ടറിന് ഏകദേശം ഒമ്പത്‌ കോടി നഷ്ടപരിഹാരം കണക്കാക്കിയിട്ടുണ്ട്. 13,265 കോടിയാണ് സ്ഥലം ഏറ്റെടുക്കാൻ നഷ്ടപരിഹാരമായി കണക്കാക്കുന്നത്. ഇതിൽ 1730 കോടി പുനരധിവാസത്തിനും 4460 കോടി കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തിനുമാണ് നീക്കിവച്ചിരിക്കുന്നത്. സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി ഒരാൾപോലും ഭവനരഹിതനാകില്ല.

സ്വാഭാവികമായി ഉണ്ടാകുന്ന ആശങ്കയും ബോധപൂർവമായി നടക്കുന്ന പ്രചാരണങ്ങളും മറികടന്ന് ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്ന് നേരത്തേ തെളിഞ്ഞതാണ്. ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകളും പ്രശ്‌നങ്ങളും ദൂരീകരിച്ച് നടപ്പാക്കാൻ കഴിയും. ജനപ്രതിനിധികളുടെ അഭിപ്രായം കണക്കിലെടുത്തും പൊതുജനാഭിപ്രായം പരിഗണിക്കാനും സംവിധാനം ഉണ്ടാകും. അനാവശ്യമായ ആശങ്കകൾ പ്രചരിപ്പിക്കുന്നത് നാടിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കാനേ സഹായിക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top