29 May Sunday

അവർ കേരളം തേടിവരുന്നു

ജോർജ് ജോസഫ്Updated: Monday Jan 3, 2022

മൂലധന നിക്ഷേപത്തിന് പൊതുവായ രീതിശാസ്ത്രമുണ്ട്. എവിടെയാണോ കൂടുതൽ ലാഭം കൊയ്യാൻ കഴിയുന്ന അനുകൂല സാഹചര്യമുള്ളത് അങ്ങോട്ട് ഒഴുകുകയെന്നതാണ് അത്. അതുകൊണ്ട് പ്രാദേശിക അതിരുകൾ വിട്ട് രാജ്യാന്തരതലത്തിലേക്ക് മൂലധനം നീങ്ങുന്നത്  ഏതുഘട്ടത്തിലും വ്യക്തമായി വീക്ഷിക്കാം. കാലഭേദമനുസരിച്ച് ഘടനയിലും പ്രയോഗത്തിലും വ്യതിയാനങ്ങൾ കണ്ടേക്കാമെന്നു മാത്രം. അതത് രാജ്യത്തെയോ, സംസ്ഥാനങ്ങളിലെയോ സർക്കാരുകളുടെ നയങ്ങളും പ്രോത്സാഹനവും ഇതിനെ സ്വാധീനിക്കുന്ന താരതമ്യേന ലഘുവായ ഘടകംമാത്രമാണ്. മൂലധനത്തിന്റെ പരമമായ ലക്ഷ്യം കൂടുതൽ ലാഭം സൃഷ്ടിക്കുകയെന്നതാണ്. ഇത്തരമൊരു പ്രയോഗരീതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലും വിവിധ സംസ്ഥാനത്തിലേക്കും മൂലധനത്തിന്റെ ചലനം സജീവമാണ്. അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത, കുറഞ്ഞ വേതനനിരക്ക്, തടസ്സമില്ലാത്തതും ചെലവ് കുറഞ്ഞതുമായ  ഊർജലഭ്യത, ഗതാഗതസൗകര്യങ്ങൾ, മറ്റു അടിസ്ഥാന സൗകര്യങ്ങൾ, തുറമുഖ സൗകര്യം എന്നുതുടങ്ങി നിരവധി കാര്യത്തെ ആധാരമാക്കിയാണ് വ്യവസായ നിക്ഷേപത്തിനായി സ്ഥലം നിശ്ചയിക്കപ്പെടുന്നത്.

സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗകര്യം നിർണായകമാണ്. അതുകൊണ്ടു മാത്രം നിക്ഷേപം വരണമെന്നില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉദാഹരണമാണ്. അഞ്ചുവർഷത്തെ പൂർണമായ നികുതിയൊഴിവ് എന്നതടക്കം  ആനുകൂല്യങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവ മൂലധന നിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും പിന്നിലാണ്. എന്നാൽ,  ‘കേരളം നിക്ഷേപസൗഹൃദമല്ല' എന്ന് നിത്യേന ജപിക്കാതെ ചിലർക്ക് ഉറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. ഒരുവിഭാഗം വ്യവസായികൾ മുറവിളി ഉയർത്തുന്നത് ഇതാദ്യമല്ല. മുഖ്യധാരാ മാധ്യമങ്ങൾ ഇതിന്റെ പിന്നിലെ ഓർക്കസ്ട്ര വിഭാഗമാണ്.

കേരളത്തിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള വമ്പൻ കോർപറേറ്റുകൾ വളരെ മികച്ച രീതിയിൽ, ലാഭകരമായി തങ്ങളുടെ വ്യവസായവും ബിസിനസും നടത്തുകയാണ്. പല ഗ്രൂപ്പും മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്ന് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തവരാണ്. പല പ്രമുഖ ഗ്രൂപ്പുകളുടെയും മൂന്നാം തലമുറയിലോ, നാലാം തലമുറയിലോ പെട്ടവരാണ് ഇപ്പോൾ. നിരവധി വ്യവസായികൾ കേരളത്തിൽനിന്ന് ചെറിയ രീതിയിൽ ആരംഭിച്ച് ആഗോളതലത്തിലേക്ക് വളർന്നവരാണ്. അന്താഷ്‍ട്ര തലത്തിൽത്തന്നെ ഖ്യാതി നേടിയ നിരവധി കമ്പനി കേരളത്തിൽ ആയിരക്കണക്കിനു കോടി രൂപ മുതൽമുടക്കാൻ സന്നദ്ധരായി വരുന്നുമുണ്ട്. രാജ്യാന്തര പ്രശസ്തമായ ലുലു ഗ്രൂപ്പ് ഇതിന് ഏറ്റവും മികച്ച  ഉദാഹരണമാണ്. ലാഭം തേടിയുള്ള  മൂലധനത്തിന്റെ ഒഴുക്ക് എന്ന സിദ്ധാന്തത്തെ സാധൂകരിക്കുന്ന ഉദാഹരണങ്ങളാണ് ഇവ.

     ഇന്ത്യയിലെ പ്രമുഖ കോർപറേറ്റ് സ്ഥാപനങ്ങൾക്ക്‌ കേരളത്തി ൽ ഏതെങ്കിലുമൊരു യൂണിറ്റ്‌ എങ്കിലുമുണ്ട്. നിക്ഷേപകരോട് പുറംതിരിഞ്ഞു നിൽക്കുന്നുവെന്ന് ഒരു വ്യവസായി ജൽപ്പനം നടത്തുന്ന സർക്കാരുള്ള കേരളത്തിലെ ഇത്തരം ഗ്രൂപ്പുകളുടെ സാന്നിധ്യത്തിന്റെ നിരതന്നെയുണ്ട്‌. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തേതും ലോകത്തെ പതിനാലാമത്തേതുമായ വ്യവസായിയാണ് ഗൗതം അദാനി. അദാനി ഗ്രൂപ്പ് സഹസ്ര കോടികളാണ് ഇവിടെ മുതൽമുടക്കുന്നത്.

    ടാറ്റ, ഇൻഫോസിസ്, ഗോയങ്ക ഗ്രൂപ്പ്, റിലയൻസ്, ആദിത്യ ബിർള ഗ്രൂപ്പ് എന്നുതുടങ്ങി വമ്പൻ കോർപറേറ്റ് സ്ഥാപനങ്ങൾക്കെല്ലാം കേരളത്തിൽ ചെറുതും വലതുമായ നിരവധി സ്ഥാപനമുണ്ട്. പല ബഹുരാഷ്ട്ര കമ്പനിക്കും കേരളത്തിൽ സാന്നിധ്യമുണ്ട്. എന്നാൽ, ഇവരിൽ  ഒരാൾ പോലും കേരളം നിക്ഷേപസൗഹൃദമല്ലെന്ന വിമർശം ഉയർത്തിയതായി സമീപകാലത്ത് കേട്ടിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട്‌ ബാങ്കിങ്ങിതര ധന സ്ഥാപനങ്ങൾ, മുത്തൂറ്റ്, മണപ്പുറം എന്നിവ കേരളം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ലോകപ്രശസ്തമായ രണ്ട്‌ സ്വർണ, വജ്രാഭരണ ബ്രാൻഡുകളായ കല്യാൺ, മലബാർ ഗോൾഡ് എന്നിവയും കേരളത്തിൽനിന്ന്‌ ആരംഭിച്ചുവളർന്നവയാണ്.

   സുഗന്ധവ്യഞ്ജന സംസ്കരണം, കയറ്റുമതി, സമുദ്രോൽപ്പന്ന സംസ്കരണം, കയറ്റുമതി, സ്വർണശുദ്ധീകരണം, ആഭരണനിർമാണം, കയറ്റുമതി, ഹോട്ടൽ, ടൂറിസം, റിയൽ എസ്റ്റേറ്റ് തുടങ്ങി പല മേഖലയിലും മൊത്തം ബിസിനസിന്റെ 50 ശതമാനത്തോളം  കൈയാളുന്നത് ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കൊച്ചിയിലും മറ്റും പ്രവർത്തിക്കുന്ന പല ഫാക്ടറിയും പ്രവർത്തിപ്പിക്കുന്നത് ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വ്യവസായികളാണ്. ഇവയിൽ ഭൂരിഭാഗവും മികച്ച ലാഭമുള്ളവയാണ്‌.
    പെയിന്റ് നിർമാണം, നിർമാണമേഖല, ചെയിൻ ഹോട്ടൽ, റസ്റ്ററന്റ് മേഖല, സ്റ്റീൽ കമ്പി നിർമാണം, ഭക്ഷ്യ എണ്ണകളുടെ ശുദ്ധീകരണം, വിതരണം എന്നുതുടങ്ങി ഹോംസ്റ്റേകൾ വരെയുള്ള പല മേഖലയിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ സാന്നിധ്യം ശക്തമാണ്. ലോകത്തെ ഏറ്റവും വലിയ ടയർ നിർമാതാക്കളിൽ ഒന്നായ അപ്പോളോ ടയേഴ്സിന്റെ രണ്ടു വലിയ യൂണിറ്റുള്ളത് കേരളത്തിലാണ്. ഇവിടങ്ങളിൽ ലക്ഷക്കണക്കിനു പേർ ജോലി ചെയ്യുന്നു. ശ്രദ്ധേയമായ വസ്തുത ഈ സംരംഭകരുടെ കമ്പനികളിൽ ഏറിയപങ്കും മലയാളികളാണ്. മെച്ചപ്പെട്ട സേവന- വേതനസാഹചര്യം ഇതിൽ പലതിലുമുണ്ട്. സാമ്പത്തിക മാധ്യമപ്രവർത്തന രംഗത്തെ മൂന്നു ദശകത്തിലേറെ കാലം നീണ്ട അനുഭവങ്ങളാണ് ഇത് ശക്തമായി  എഴുതാൻ ഉൾപ്രേരകമായത്. മാറിവന്ന  സർക്കാരുകളുടെ രാഷ്ട്രീയ പരിഗണനകൾ മാറ്റിവച്ചാലും കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷം മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച്  സൗഹാർദപരമാണെന്ന് വിലയിരുത്താൻ കഴിയും.

ഏറ്റവും തൊഴിലധിഷ്ഠിതമായ വ്യവസായങ്ങളിൽ ഒന്നാണ് തോട്ടം മേഖല. കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽനിന്നുമുള്ള ആയിരക്കണക്കിന് തൊഴിലാളികൾ സംസ്ഥാനത്തെ പ്ലാന്റേഷൻ മേഖലയിൽ പണിയെടുക്കുന്നു. ടാറ്റ, ഗോയങ്ക തുടങ്ങിയ വമ്പൻ വ്യവസായികളാണ് ഈ മേഖലയിൽ ഏറ്റവും വലിയ മുതൽമുടക്ക് നടത്തിയിരിക്കുന്നവർ. ആയിരക്കണക്കിന് ഏക്കർ വരുന്ന വലിയ തോട്ടങ്ങൾ നടത്തുന്നത് മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളാണ്. സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടൽ മേഖലയിൽ ടാറ്റയ്ക്ക് നിരവധി വസ്‌തുവകയുണ്ട്.  ഇതുവഴി പതിനായിരക്കണക്കിന് കോടിയുടെ മുതൽമുടക്ക് നിരവധി കോർപറേറ്റ് സ്ഥാപനങ്ങൾ നടത്തിയിട്ടുണ്ട്. ഏതായാലും  എല്ലാവിധത്തിലും പ്രതികൂലമായ സാഹചര്യവും സർക്കാരുമാണ് സംസ്ഥാനത്ത് ഉള്ളതെങ്കിൽ ഇവർ എന്തുകൊണ്ട് പൂട്ടിക്കെട്ടി പോകുന്നില്ല.

മലർന്നുകിടന്ന്  തുപ്പുന്നവർ

കേരളത്തിലെ നിക്ഷേപത്തെക്കുറിച്ച് പറയുമ്പോൾ ഒരുകൂട്ടർ ആദ്യം ഉന്നയിക്കുന്ന വാദം തൊഴിലാളി സമരവും മർക്കടമുഷ്ടിയുമാണ്. ചില സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാം. 2018–-20ൽ മൊത്തം 39 .94 ലക്ഷം മനുഷ്യദിനമാണ് സമരങ്ങൾ, ലോക്കൗട്ട് എന്നിവമൂലം ഇന്ത്യയിൽ നഷ്ടമായത്. ഇതിൽ 19.91 ലക്ഷം നഷ്ടമായത് പൊതുമേഖലയിലാണ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം വ്യവസായങ്ങളിൽ 210 സമരമാണ് നടന്നത്. എന്നാൽ, കൂടുതൽ സമരം–- 121 എണ്ണം നടന്നത് സ്വകാര്യമേഖലയിലാണ്. അതിൽ ഏറ്റവും കൂടുതൽ തമിഴ്‌നാട്ടിലാണ് –- 49 എണ്ണം. എന്നാൽ, കേരളത്തിൽ ഇതേ കാലയളവിൽ നടന്നത് 17 സമരമാണ്. പൊതുമേഖലയിൽ നടന്നത് മൂന്നേ മൂന്ന് മാത്രവും. കേരളത്തിൽ സംഘടിതമേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുതലായതിനാൽ 8.80 ലക്ഷം തൊഴിൽ ദിനം നഷ്ടപ്പെട്ടിട്ടുണ്ട്.

സമരക്കൂടുതൽ കൊണ്ട് തൊഴിൽ ദിനം ഏറെ നഷ്ടപ്പെട്ടില്ല. സമരങ്ങൾമൂലം സ്ഥാപനങ്ങൾ അടഞ്ഞുപോകുകയോ പ്രവർത്തനം മുടങ്ങുകയോ ചെയ്ത സംഭവങ്ങൾ താരതമ്യേന കുറവാണ്‌. കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുന്നതിന് ട്രേഡ് യൂണിയനുകൾ  ബോധവൽക്കരണം നടത്തുന്നത് പ്രധാന കാരണമാണ്. വ്യവസായങ്ങൾ നിലനിന്നാൽ മാത്രമേ തൊഴിൽ ഉണ്ടാകൂവെന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ പണിമുടക്കിയുള്ള സമരങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഏറ്റവും അവസാന ആയുധമെന്നനിലയിൽ മാത്രമാണ് പണിമുടക്കിയുള്ള സമരങ്ങളെ ട്രേഡ് യൂണിയനുകൾ  വീക്ഷിക്കുന്നത്.  
എന്നാൽ, ഈ മാറ്റങ്ങൾക്കുനേരെ മനപ്പൂർവം കണ്ണടച്ച് കേരളത്തിൽ ഇപ്പോഴും തൊഴിലാളികളുടെ മർക്കടമുഷ്ടിയാണെന്ന് ഒരുവിഭാഗം  പ്രചരിപ്പിക്കുകയാണ്. വികസനത്തെക്കുറിച്ചുള്ള ഏതു ചർച്ചയിലും വലിയ വിമർശമായി ചുരുക്കംചിലർ ഉയർത്തുന്നതും ഇക്കാര്യമാണ്. ഒരുതരത്തിൽ മലർന്നുകിടന്ന് തുപ്പുന്നതിനു തുല്യമാണ് ഇത്. ഇത്തരം പ്രചാരണം നടത്തുന്ന ആളുകൾക്ക്  ശക്തമായ തൊഴിലാളി വിരുദ്ധ, ഇടതുപക്ഷവിരുദ്ധ മനോഭാവം പ്രകടമായിത്തന്നെയുണ്ട്.

  വസ്തുതകൾ ഇതായിരിക്കെ,  ഏതാനും ചില വ്യക്തികൾ തങ്ങൾക്ക് മാധ്യമശ്രദ്ധ ലഭിക്കുന്നതിനും അതുവഴി സാമ്പത്തികനേട്ടം കൊയ്യുന്നതിനും ആസൂത്രിതമായി നടത്തുന്ന നാടകങ്ങൾക്ക് പ്രചുരപ്രചാരം ലഭിക്കുകയാണ്. ഇക്കാര്യത്തിൽ സവിശേഷമായ അനുഭൂതി അനുഭവിക്കുന്നവരാണ് മുഖ്യധാരാ മാധ്യമങ്ങൾ. ഇത്തരം നാടകങ്ങളുടെ ഉള്ളുകള്ളികൾ വ്യക്തമായി ബോധ്യമുണ്ടെങ്കിലും ഇക്കൂട്ടരെ വാഴ്ത്തപ്പെട്ടവരാക്കി അവതരിപ്പിക്കേണ്ട ഗതികേടിലാണ് അവർ. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം, എന്നതാണല്ലോ പ്രമാണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top