03 October Monday

ഭരണഘടനാ നിർമാണസഭ പറഞ്ഞു ; ഗവർണർ ഒരു ആലങ്കാരിക പദവി

അഡ്വ. വി എൻ ഹരിദാസ്‌Updated: Wednesday Sep 21, 2022

സംസ്ഥാനങ്ങളിൽ ഭരണപ്രതിസന്ധിയുണ്ടാകുമ്പോഴാണ് ഗവർണർ എന്ന പദവിയും ഗവർണറും പൊതു ചർച്ചകളിലും ശ്രദ്ധയിലും ഉയർന്നുവരിക പതിവ്. അല്ലാത്ത സമയങ്ങളിലെല്ലാം  ഗവർണർക്ക് ആലങ്കാരികമായ ചില ചുമതലകൾ മാത്രമേ നിർവഹിക്കാനുള്ളൂ.  കേരളഗവർണർ ദൈനംദിനം മാധ്യമങ്ങൾക്കു മുമ്പിൽ പരാതികളും പരിഭവങ്ങളും കെട്ടഴിക്കുന്നത് കാണുമ്പോൾ എങ്ങനെയാണ് ഗവർണർപദവിയെ ഭരണഘടനാ നിർമാണസഭ വിഭാവനം ചെയ്തതെന്ന്  പരിശോധിക്കുന്നത് നല്ലതായിരിക്കും.

ഭരണഘടനാ നിർമാണസഭ സമ്മേളനം തുടങ്ങുന്ന സമയത്ത് ഇന്ത്യയെ പൂർണമായും ഫെഡറൽ രാഷ്ട്രമായാണ് വിഭാവനം ചെയ്തിരുന്നത്. സംസ്ഥാനങ്ങളിലെ ഭരണനിർവഹണത്തെ സംബന്ധിച്ചുള്ള ആദ്യ ചർച്ചകളെല്ലാം സ്വാഭാവികമായും ആ നിലയിലായിരുന്നു. അതുകൊണ്ട്, ആദ്യത്തെ നിർദേശങ്ങൾ ഗവർണറെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുക എന്നതായിരുന്നു. സർദാർ വല്ലഭായ് പട്ടേൽ അധ്യക്ഷനായ പ്രൊവിൻഷ്യൽ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റിയാണ് ഇതിനെക്കുറിച്ച് പരിശോധിച്ചത്. ഈ കമ്മിറ്റിയിൽ ചില അംഗങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഒരു ലൈസനായി പ്രവർത്തിക്കേണ്ടയാളാണ് ഗവർണർ അതുകൊണ്ട് നിയമനം കേന്ദ്രമായിരിക്കണം നടത്തേണ്ടതെന്ന് വാദിച്ചപ്പോൾ ചിലർ നിയമസഭകളിലെ അംഗങ്ങൾ തെരഞ്ഞെടുക്കണമെന്ന് വാദിച്ചു.  അവസാനം  ഈ വിഷയം യൂണിയൻ -പ്രൊവിൻഷ്യൽ തലത്തിൽ ഒരുപോലെ പ്രാധാന്യം ഉള്ളതുകൊണ്ട്  രണ്ടും ചേർന്ന് ഒരു സംയുക്ത കമ്മിറ്റി പരിശോധിക്കട്ടെ എന്നനിലയിൽ സംയുക്ത കമ്മിറ്റിക്ക് വിട്ടു.

സംയുക്ത കമ്മിറ്റിയുടെ നിർദേശങ്ങൾ ഇങ്ങനെയായിരുന്നു: സംസ്ഥാനങ്ങൾക്ക് ഒരു ഗവർണർ ഉണ്ടാകണം, ഈ  ഗവർണറെ നിയമിക്കുന്നത് അതത് സംസ്ഥാനം തന്നെയാകണം, അത് ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്നതാകണം. എന്നാൽ, ഭരണഘടനാ നിർമാണസഭയിൽ ഈ നിർദേശങ്ങൾ വന്നപ്പോൾ രൂക്ഷമായ എതിർപ്പുകളാണ് അംഗങ്ങളിൽനിന്ന് ഉണ്ടായത്. ഒരു പാർലമെന്ററി ഭരണസംവിധാനത്തിൽ ഏറ്റവും ജനപിന്തുണയുള്ള പാർടിയും അതിന്റെ നേതാവുമാണ് മുഖ്യമന്ത്രിയാകുന്നത്. അതിനുതാഴെയുള്ള രണ്ടാംനിര രാഷ്ട്രീയക്കാരനെ ഗവർണർ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കുന്നത് വിരോധാഭാസമാണ് എന്നാണ് കെ എം മുൻഷി അഭിപ്രായപ്പെട്ടത്. രണ്ടാമതായി ഗവർണർ എന്നത് നിഷ്‌പക്ഷനായ, കക്ഷി രാഷ്ട്രീയത്തിന് അതീതനായ ഭരണഘടനാ തലവനായിരിക്കണം. അടിയന്തര സാഹചര്യങ്ങളിൽ ഒരു "ലൂബ്രിക്കേറ്റർ' ആയി പ്രവർത്തിക്കേണ്ടയാളാണ് ഗവർണർ. ആഭ്യന്തര കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ  പരിഹരിക്കാൻ ശേഷിയുള്ള വ്യക്തിത്വം. അങ്ങനെയുള്ള ഒരാളെ നാമനിർദേശം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു പൊതുവെ ഉയർന്ന അഭിപ്രായം. അങ്ങനെ രണ്ടു വർഷത്തിനു മുകളിൽ നീണ്ട ചർച്ചകൾക്കുശേഷം ഗവർണർപദവിയെ സംബന്ധിച്ച് ഭരണഘടനാ നിർമാണസഭ വിഭാവനം ചെയ്തതും രൂപകൽപ്പന ചെയ്തതും ഇങ്ങനെയായിരുന്നു; ഗവർണർ എന്നത് ഒരു ആലങ്കാരിക ഭരണഘടനാ പദവിയാണ്. അത് കേന്ദ്ര ഗവൺമെന്റിന്റെ  ഏജൻസിയല്ല. ഗവർണറെ നാമനിർദേശം ചെയ്യുന്നത് കേന്ദ്രഗവൺമെന്റ് ശുപാർശയുടെ അടിസ്ഥാനത്തിലാണെങ്കിലും ഗവർണർ സംസ്ഥാന സർക്കാരിന് സ്വീകാര്യനായിരിക്കണം. വളരെ അടിയന്തര സാഹചര്യങ്ങളിൽമാത്രം നിർവഹിക്കാനുള്ളതാണ് ഗവർണറുടെ വിവേചനാധികാരങ്ങൾ. അതിന് ഉദാഹരണം പറഞ്ഞത് ഭരണഘടനാ നിർമാണസഭ സമ്മേളിക്കുന്ന സമയത്തുതന്നെ അന്നത്തെ ബർമയിൽ പ്രധാനമന്ത്രി ഉൾപ്പെടെ കൊല്ലപ്പെട്ട സവിശേഷ സാഹചര്യമാണ്. അത്തരം അടിയന്തര സാഹചര്യങ്ങളിലോ ഭരണഘടനാപ്രതിസന്ധിയുണ്ടാകുന്ന സന്ദർഭത്തിലോ മാത്രമേ ഗവർണർക്ക്  വിവേചനാധികാരം ഉപയോഗിക്കാനുള്ള അവകാശമുള്ളൂ. ആ വിവേചനാധികാരം തീർത്തും ഭരണഘടനാനുസൃതമായിരിക്കുകയും വേണം.

ദൈനംദിന കക്ഷിരാഷ്ട്രീയത്തിൽനിന്ന് വരുന്ന ഗവർണർ എന്നതിനോട് ഡോ. ബി ആർ അംബേദ്‌കർ ഒട്ടും അനുകൂലമായിരുന്നില്ല. ഗവർണറെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുകയെന്ന നിർദേശത്തെ എതിർക്കാനുള്ള പ്രധാന കാരണം അത്തരം രാഷ്ട്രീയമുള്ള ഒരാൾ സംസ്ഥാനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നിരന്തരം തടസ്സം സൃഷ്ടിക്കുകയും ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യും എന്നതായിരുന്നു. അത് ഒഴിവാക്കാനാണ് അംബേദ്‌കർ കക്ഷിരാഷ്ട്രീയങ്ങൾക്കെല്ലാം അതീതനായ ഉയർന്ന തലത്തിൽ നിൽക്കുന്ന കഴിവും പ്രാപ്തിയുമുള്ളവരെ ഗവർണറായി നാമനിർദേശം ചെയ്യുകയെന്നത് പകരംവച്ചത്. നിർഭാഗ്യവശാൽ ഭരണഘടനയെക്കുറിച്ചുള്ള തന്റെ നിരവധിയായ പ്രതീക്ഷകൾ അസ്ഥാനത്തായതുപോലെ ഗവർണർ പദവിയെക്കുറിച്ചുള്ള അംബേദ്കറുടെ സങ്കൽപ്പവും കാലങ്ങളായി കേന്ദ്രഭരണകൂടങ്ങൾ അട്ടിമറിക്കുന്നതാണ് ഇന്ത്യൻ അനുഭവം.

തെരഞ്ഞെടുപ്പ് എന്നത് ഭീമമായ ചെലവ് വരുന്ന ഒരു സംഗതിയാണ്.  ഗവർണറെ നേരിട്ട് ജനങ്ങൾ തെരഞ്ഞെടുക്കുക എന്നതിന് എതിരായി ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ പറഞ്ഞ മറ്റൊരു വസ്തുത കേവലം ആലങ്കാരികമായ ഒരു ഭരണഘടനാ പദവിക്കുവേണ്ടി ഇത്രയും വലിയ തുക ചെലവിടേണ്ടതില്ല എന്നതാണ്. തികച്ചും പ്രസക്തമായ ആ ചോദ്യം ഇന്നും ബാക്കി നിൽക്കുന്നു: "ഒരു ആലങ്കാരിക പദവിക്കുവേണ്ടി നാം ഇത്രയും കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടതുണ്ടോ?’.

(കേരള ഹൈക്കോടതിയിലെ അഭിഭാഷകനാണ് 
ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top