06 October Thursday

നവകേരള സൃഷ്ടിയും സിവിൽസർവീസും

എം എ അജിത്കുമാർUpdated: Monday Jun 21, 2021

‘ഫയലുകൾ മരിച്ച രേഖകളാകരുത്’ തുടിക്കുന്ന ജീവിതമാകണം, അഴിമതിരഹിതവും കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവിൽ സർവീസ് എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്, ‘പൊതുജനങ്ങൾക്ക് ഓഫീസിൽ വരാതെതന്നെ പരമാവധി സേവനം ലഭ്യമാക്കാൻ കഴിയണം’. പുതിയസർക്കാർ അധികാരത്തിൽ വന്നശേഷം വില്ലേജ് ഓഫീസർമാരുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ച ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ്‌ ഇത്. നവകേരള നിർമിതിയിൽ സിവിൽ സർവീസിനുള്ള പ്രാധാന്യം എന്തെന്ന് ഇത്‌ സാക്ഷ്യപ്പെടുത്തുന്നു.

നവലിബറൽ നയങ്ങൾ ആധിപത്യം ഉറപ്പിച്ചതോടെ പൊതുസേവനങ്ങളിൽനിന്നുള്ള സർക്കാർ പിന്മാറ്റം ലോകവ്യാപകമായി. ആരോഗ്യ, വിദ്യാഭ്യാസ സേവനമേഖലകൾ ഒന്നാകെ ലാഭതാൽപ്പര്യങ്ങൾക്ക്‌ അനുസൃതമായി പുനഃസംഘടിക്കപ്പെട്ടു. ഈ നയമാറ്റത്തിന്റെ തിക്തഫലം എത്രമേൽ രൂക്ഷമാണെന്ന് കോവിഡ്–-19 കാലത്ത് ലോകവും നമ്മുടെ രാജ്യവും കാട്ടിത്തന്നു. പ്രതിസന്ധികളുടെ നാളുകളിൽ സിവിൽ സർവീസിന്റെ നന്മകൾ നേരിട്ടനുഭവിച്ച സംസ്ഥാനമാണ് കേരളം. ഈ നിലയിൽ സർവീസിനെ രൂപപ്പെടുത്തിയത് 1957ലെ ഇ എം എസ് സർക്കാർ തുടക്കംകുറിച്ചതും തുടർന്ന് വിവിധ ഘട്ടങ്ങളിൽ അധികാരത്തിൽ വന്ന ഇടതുപുരോഗമന സർക്കാരുകൾ മുന്നോട്ടുകൊണ്ടുപോയതുമായ ജനപക്ഷബദൽ നയങ്ങളാണ്. പോരായ്മകൾ ഏറെ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും ഇന്ന് രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ജനപക്ഷ സിവിൽ സർവീസ് കേരളത്തിലാണ്‌ ഉള്ളത്. അപ്പോഴും തൊഴിൽപരമായ ഉത്തരവാദിത്ത നിർവഹണത്തിൽ പോരായ്മകൾ നിലനിൽക്കുകയാണ്. ഇത് പരിഹരിക്കാനുള്ള പരിശ്രമങ്ങൾ പലപ്പോഴായി ഉണ്ടായെങ്കിലും ഇതുവരെ പൂർണ ഫലപ്രാപ്തിയിൽ എത്തിയില്ല.

ഏതു വെല്ലുവിളിയെയും നേരിടാൻ കഴിയുംവിധം ആരോഗ്യമേഖലയെ സജ്ജമാക്കി കോവിഡ് –-19ന് എതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകേണ്ടിയിരിക്കുന്നു. പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും വികസന പരിപാടികളെ ബാധിക്കാതിരിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. എങ്കിലും ചിലതിന്റെയെങ്കിലും ഗതിവേഗം കുറയ്ക്കാൻ പ്രതിസന്ധികൾ ഇടയാക്കി.

കഴിഞ്ഞ അഞ്ചു വർഷക്കാലവും സിവിൽസർവീസിന്റെ കാര്യക്ഷമത ഉയർത്താനും അഴിമതി ഇല്ലാതാക്കാനും ഓഫീസുകൾ ജനസൗഹൃദമാക്കാനും നിരവധി പ്രവർത്തനം നടന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് യാഥാർഥ്യമാക്കിയതും തദ്ദേശസ്വയംഭരണ പൊതുസർവീസ് രൂപീകരിച്ചതും നാലാം ഭരണപരിഷ്കാര കമീഷനെ നിയമിച്ചതും ഇതിന്റെ ഭാഗമായിരുന്നു. ഒപ്പം സർവീസ് സംഘടനകളുടെ യോഗം വിളിച്ച് കാര്യക്ഷമത മെച്ചപ്പെടുത്താൻ പിന്തുണ തേടി. സംഘടനകൾ പ്രായോഗിക നിർദേശങ്ങൾ തയ്യാറാക്കി സമർപ്പിച്ചു. അതനുസരിച്ച് സർക്കാർ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡം ഏർപ്പെടുത്തി. നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി രണ്ടു പ്രാവശ്യം അദാലത്ത്‌ നടത്തി. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി. വില്ലേജ് ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ എന്നിവയുടെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്തു. ഓഫീസുകൾക്ക് സ്മാർട്ട് മന്ദിരങ്ങൾ നിർമിക്കാൻ ആരംഭിച്ചു. വകുപ്പുകളുടെ ഡയറക്ടറേറ്റ് തലത്തിലും ജില്ലാ ഓഫീസുകളിലും ഇലക്ട്രോണിക് ഫയലിങ്‌ സംവിധാനം ഏർപ്പെടുത്തി.

അനുബന്ധമായി കേരള എൻജിഒ യൂണിയൻ കാര്യക്ഷമത മെച്ചപ്പെടുത്താൻ പ്രവർത്തനങ്ങളേറ്റെടുത്തു. നിശ്ചിത എണ്ണം ഓഫീസുകളെ കാര്യക്ഷമതാ ഓഫീസുകളായി പ്രഖ്യാപിച്ചു. ജനപ്രതിനിധികളെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ച് സോഷ്യൽ ഓഡിറ്റ് നടത്തി. കൂടാതെ മൂവായിരത്തോളം ഓഫീസിൽ സ്വന്തംനിലയ്ക്ക് ഭൗതികസൗകര്യങ്ങൾ ലഭ്യമാക്കി. തിരുവനന്തപുരത്ത്‌ പേരൂർക്കട വില്ലേജ് ഓഫീസിന് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം നിർമിച്ചുനൽകി. കാര്യക്ഷമവും അഴിമതിവിമുക്തവുമായ ജനസൗഹൃദ സിവിൽ സർവീസിനായി നിലകൊള്ളുന്ന സംഘടനയാണ് കേരള എൻജിഒ യൂണിയൻ. ഓഖിയും മഹാപ്രളയവും പ്രകൃതിദുരന്തങ്ങളും ഉണ്ടായപ്പോൾ രക്ഷാ പുനരധിവാസ പ്രവർത്തനങ്ങളിൽ നടത്തിയ ഇടപെടലുകൾ, നിപാ–-കോവിഡ് പകർച്ചവ്യാധി വ്യാപനങ്ങളുടെ കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ എന്നിവയെല്ലാം സമൂഹമനസ്സിൽ സ്ഥാനം നേടിക്കൊടുത്തവയാണ്.

സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന പ്രവർത്തനങ്ങൾ ഒക്ടോബർ രണ്ടിന്‌ തുടക്കംകുറിക്കുമെന്നതിനു പുറമെ ഫയലുകളുടെ നീക്കത്തിൽ സമഗ്രമായ പരിഷ്കാരം ആലോചിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. സേവനക്ഷമത ഉയർത്തുന്നതിനുള്ള ബഹുമുഖ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുനീങ്ങുമ്പോഴും അവ ഫലപ്രാപ്തിയിൽ എത്താൻ ഓഫീസ് പ്രവർത്തനത്തിലും ജീവനക്കാരുടെ മനോഭാവത്തിലും കാതലായ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. ഹാജർ ഉറപ്പാക്കുകയാണ് ആദ്യപടി. ബയോമെട്രിക് പഞ്ചിങ്‌ സംവിധാനം ഉപയോഗിച്ച് ഇത് ക്രമീകരിക്കണം. തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്നതിനൊപ്പം യൂണിഫോം ധരിക്കേണ്ടവർ അത് ധരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഫയലുകൾ പൂർണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറണം. ഒരാൾ സേവനത്തിൽ പ്രവേശിക്കുമ്പോഴും തുടർന്ന് കൃത്യമായ ഇടവേളകളിലും പരിശീലനം നൽകാനാകണം. ഭരണഭാഷ പൂർണമായും മലയാളമാക്കണം. അപേക്ഷകൾക്കും പരാതികൾക്കും നിവേദനങ്ങൾക്കും കൈപ്പറ്റ് രസീതു നൽകുകയും തൽസ്ഥിതി അറിയാൻ സംവിധാനം ഏർപ്പെടുത്തുകയും വേണം. ഫ്രണ്ട് ഓഫീസ്, ഹെൽപ്പ്‌ ഡെസ്ക് സംവിധാനങ്ങൾ സജ്ജീകരിക്കണം. വിവരാവകാശനിയമം, സേവനാവകാശനിയമം എന്നിവ പ്രകാരമുള്ള സംവിധാനങ്ങൾ പ്രവർത്തിപ്പിക്കണം. സോഷ്യൽ ഓഡിറ്റിങ്‌ നടപ്പാക്കണം. ഓഫീസുകളിൽ സൗഹാർദപൂർണമായ സമീപനം ഉദ്യോഗസ്ഥർ സ്വീകരിക്കണം.
സിവിൽ സർവീസിനെക്കുറിച്ച് സമൂഹത്തിൽ അവമതിപ്പ് സൃഷ്ടിക്കുന്ന മറ്റൊരുഘടകമാണ് അഴിമതി. കൈക്കൂലി വാങ്ങുന്നവരെ സംരക്ഷിക്കില്ലെന്ന നിലപാട് സംഘടനകൾ സ്വീകരിക്കുന്നുണ്ടെങ്കിലും അത്‌ തടയാൻ ഇടപെടാൻ കഴിയുന്നുണ്ടോയെന്നത് സ്വയംവിമർശനപരമായി പരിശോധിക്കണം. അഴിമതിക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം.

സമൂഹത്തിന്റെ പരിച്ഛേദമാണ് സിവിൽ സർവീസ്. അവിടെ നിലനിൽക്കുന്ന ദുഷ്‌പ്രവണതകളെല്ലാം സിവിൽ സർവീസിലും ഉണ്ടാകും. ഈവിധ സാമാന്യവൽക്കരണത്തിനപ്പുറം ഇത്തരം ദുഷിപ്പുകളിൽനിന്ന് മാറിനിൽക്കാനുള്ള നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം ജീവനക്കാർക്കുണ്ട്. അതിന് ജീവനക്കാരെ സജ്ജമാക്കാൻ ഒറ്റപ്പെട്ട നീക്കങ്ങളല്ല, കൂട്ടായ പരിശ്രമമാണ് ആവശ്യം.

(കേരള എൻജിഒ യൂണിയൻ 
ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top