09 July Thursday

കേരളം ഒറ്റക്കെട്ടായി മുന്നേറിയ ആയിരം ദിനം

പിണറായി വിജയന്‍ Updated: Wednesday Feb 20, 2019

2016 മെയ് 25ന് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആയിരം ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. അന്ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച സമയത്ത് പ്രകടനപത്രികയിലൂടെ കേരളീയർക്ക് ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. അഞ്ചുവർഷംക്കൊണ്ട് നടപ്പാക്കേണ്ട അവയിൽ മിക്കവാറും എല്ലാംതന്നെ രണ്ടേമുക്കാൽ വർഷംകൊണ്ട് നടപ്പാക്കാൻ സാധിച്ചു എന്നതാണ് ഈ ഘട്ടത്തിൽ ഏറ്റവും സന്തോഷം പകരുന്ന വസ്തുത. വാഗ്ദാനങ്ങൾ നിറവേറ്റിയ സർക്കാർ നവകേരള നിർമാണഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് മൂന്നാം വാർഷികമെത്തുന്നത‌്.

സമഗ്രവികസനം


സർവതലസ്പർശിയും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായതുമായ സമഗ്രവികസനം യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ, അതേസമയം വികസനപ്രവർത്തനങ്ങൾ പ്രകൃതിക്ക‌് ഭംഗംവരാത്ത വിധത്തിൽ നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഹ്രസ്വകാലാടിസ്ഥാനത്തിൽ ജനങ്ങൾക്ക് ആശ്വാസമരുളുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് അടിത്തറയൊരുക്കുന്നതുമായ ദ്വിമുഖ തന്ത്രമാണ് സർക്കാർ അവലംബിച്ചത്. അഴിമതിരഹിത‐മതനിരപേക്ഷ‐വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ച സർക്കാർ അക്ഷരാർഥത്തിൽ ആ മൂല്യങ്ങൾ സാമൂഹ്യജീവിതത്തിന്റെ സമസ്തതലങ്ങളിലും യാഥാർഥ്യമാക്കുന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളിൽ നാം കണ്ടത്.

പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം നടപ്പാക്കി എന്നത‌് പരിശോധിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് കഴിഞ്ഞ രണ്ടുവർഷവും ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിച്ചു. മൂന്നാംവർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർക്കാർ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കി എന്നത് പൊതുജനസമക്ഷം അവതരിപ്പിക്കുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാർ എന്ന നിലയിലാണ് ഇത് ചെയ്തത്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാനുള്ളതല്ല എന്ന് രാജ്യം ഭരിക്കുന്നവർതന്നെ കരുതുന്ന പശ്ചാത്തലത്തിലാണ് കേരള സർക്കാർ ഇത്തരത്തിൽ വ്യത്യസ്തവും മാതൃകാപരവുമായ മുൻകൈ എടുക്കുന്നത് എന്നത് ഓർക്കണം.

ഐക്യ കേരളം രൂപീകരിക്കപ്പെട്ടതിന്റെ അറുപതാം വാർഷികത്തിലാണ് ഈ സർക്കാർ അധികാരത്തിലേറിയത്. സ്വാഭാവികമായും ഞങ്ങളെ നയിക്കുന്നത് ആദ്യ കേരള സർക്കാർ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളാണ്. ഭൂപരിഷ്കരണത്തിലൂടെയും കുടികിടപ്പവകാശം നൽകിയതിലൂടെയും വിദ്യാഭ്യാസനിയമം നടപ്പാക്കിയതിലൂടെയും കേരളസമൂഹത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു ഇ എം എസ് മന്ത്രിസഭ. അതോടൊപ്പം ആരോഗ്യമേഖലയിലെ സാർവത്രിക ഇടപെടലുകൾ കൂടിയായപ്പോൾ കേരളം രാജ്യത്തിനുതന്നെ മാതൃകയായും ലോകമാകെ ശ്രദ്ധിക്കുന്ന ഒരു നാടായും വളർന്നു. പുതിയ കാലത്തിന് അനുയോജ്യമായ വിധത്തിൽ അതിന്റെയൊക്കെ തുടർച്ച സാധ്യമാക്കുക എന്നതാണ് ഈ സർക്കാരിന്റെ ദൗത്യം.

പ്രകടനപത്രികയിൽ നാം പ്രധാനമായും അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാംതന്നെ ഏകദേശം പൂർത്തിയാക്കാൻ  1000 ദിവസംകൊണ്ട് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലയ്ക്കാണ് മുൻതൂക്കം നൽകിയത്. ഹൈവേ വികസനം, മലയോര പാത, തീരദേശ പാത, ഗെയ്ൽ പൈപ്പ് ലൈൻ, എൽഎൻജി ടെർമിനൽ, കൊച്ചി മെട്രോ, വാട്ടർ മെട്രോ, നാഷണൽ വാട്ടർ വേ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയൊക്കെ ഏറ്റെടുത്തു നടപ്പാക്കാനാണ് ശ്രദ്ധിച്ചത്. ഏതു സർക്കാരിനും അസാധ്യമായത് എന്ന് പല സാമൂഹ്യ‐രാഷ്ട്രീയ നിരീക്ഷകരും എഴുതിത്തള്ളിയ പദ്ധതികളായിരുന്നു ഇതിൽ പലതും. എല്ലാ പ്രതികൂലഘടകങ്ങളെയും രാഷ്ട്രീയ ഇച്ഛാശക്തിയോടെ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിൽ മറികടന്ന് അസാധ്യമായതിനെ സാധ്യമാക്കുകയായിരുന്നു സർക്കാർ.

 അതിനോടൊപ്പം കേരളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന നാലു മിഷൻ ‐ ആർദ്രം, ലൈഫ്, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ‐ വിജയകരമായി നടപ്പാക്കുകയാണ‌്. ആരോഗ്യമേഖലയിലെ ഇടപെടലുകൾ നിപാ വൈറസ് പോലുള്ളവയെ ഫലപ്രദമായി അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കി. സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ജില്ലാ‐താലൂക്ക് ആശുപത്രികളിൽവരെ ലഭ്യമാക്കി.  രണ്ടു വർഷംകൊണ്ട് മൂന്നേകാൽ ലക്ഷം കുട്ടികൾ പൊതു വിദ്യാഭ്യാസ സ്ഥാപങ്ങളിൽ പുതുതായി ചേരുന്നവിധം വിദ്യാഭ്യാസമേഖലയെ നവീകരിച്ച് പൊതുസമൂഹത്തിന‌് സ്വീകാര്യവും പുതിയകാലത്തിന് ചേരുന്നതുമാക്കി. സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേരളത്തിൽ ഭവനരഹിതരായി ആരുംതന്നെ ഉണ്ടാവുകയില്ല എന്ന വിധത്തിൽ ഭവനനിർമാണ മേഖലയിൽ പുത്തനുണർവ് സൃഷ്ടിച്ചു. സംസ്ഥാനത്തെയാകെ വെളിയിട വിസർജന വിമുക്തമാക്കാനും നൂറുശതമാനം വൈദ്യുതീകരണം സാധ്യമാക്കാനും നമുക്ക് കഴിഞ്ഞു.
നമ്മുടെ ചെറുപ്പക്കാർക്ക് ആവശ്യമായ തൊഴിലുകൾ കേരളത്തിൽത്തന്നെ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനുതകുന്ന വിധത്തിൽ ഐടി മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി ഐടി പാർക്കുകളിലെ വിസ്തീർണം ഒരുകോടി ചതുരശ്ര അടിയായി ഉയർത്താൻ ലക്ഷ്യമിട്ടിരുന്നു. അതിന്റെ പകുതിയോളം ഇതിനോടകം വർധിപ്പിച്ചിട്ടുണ്ട്. നിസ്സാൻ, ഫുജിസ്റ്റ്സു തുടങ്ങിയ കമ്പനികൾ കേരളത്തിൽ വന്നു എന്നത് വലിയ നേട്ടമാണ‌്.

പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയത്തക്കവിധം പൊതുമേഖലയെയും പരമ്പരാഗത മേഖലയെയും ശക്തിപ്പെടുത്തുന്ന നടപടികളുമുണ്ടായി. ഒറ്റവർഷം കൊണ്ടുതന്നെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒട്ടേറെ എണ്ണത്തെ ലാഭത്തിലാക്കി എന്നതും കേന്ദ്രം അടച്ചുപൂട്ടുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്തു എന്നതും കയർ, കൈത്തറി, ഖാദി, കശുവണ്ടി തുടങ്ങിയ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ചു എന്നതും എടുത്തുപറയേണ്ട നേട്ടങ്ങളാണ്. എല്ലാവിഭാഗം ജനങ്ങളെയും വികസനത്തിന്റെ ഭാഗമാക്കി

നവഉദാരവൽക്കരണ നയങ്ങളുടെ ഫലമായി സാമൂഹ്യക്ഷേമ മേഖലകളിൽനിന്ന് സർക്കാരുകൾ പിൻവാങ്ങുന്ന സാഹചര്യത്തിൽപോലും രാജ്യത്തിനുതന്നെ മാതൃകയാകത്തക്ക വിധത്തിൽ പ്രതിമാസം 1200 രൂപ എന്ന ഉയർന്ന നിരക്കിൽ സാമൂഹ്യക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ ശ്രദ്ധിച്ചു എന്നത് ഇടതുപക്ഷം ജനപക്ഷമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ സവിശേഷമായി കൈകാര്യം ചെയ്യാൻ അവർക്കായി ഒരു പ്രത്യേകവകുപ്പ് ആരംഭിച്ചതോടൊപ്പം അവരുടെ സുരക്ഷ മുൻനിർത്തി പിങ്ക് പട്രോളും ഷീ‐ലോഡ്ജും മറ്റും യാഥാർഥ്യമാക്കി.

ട്രാൻസ്ജെൻഡറുകൾക്കായി ഒരു പ്രത്യേക നയം നടപ്പാക്കി. അംഗപരിമിത സൗഹൃദമാക്കി പൊതുയിടങ്ങളെ മാറ്റാൻ ശ്രമിക്കുന്നതും ദളിത് വിഭാഗങ്ങളിലുൾപ്പെടെയുള്ള പിന്നോക്കക്കാരെ ദേവസ്വം ബോർഡ് അമ്പലങ്ങളിൽ ശാന്തിക്കാരായി നിയമിച്ചതും ഒരു ലക്ഷത്തിലധികം പേർക്ക് പട്ടയം നൽകിയതും എല്ലാ വിഭാഗം ജനങ്ങളെയും വികസനത്തിന്റെ ഭാഗമാക്കുന്നതും ദുർബലവിഭാഗങ്ങളെ പ്രത്യേകമായി കരുതുന്നതുമായ വികസന ഇടപെടലുകളാണ് സർക്കാർ നടത്തിയത് എന്നാണ് വ്യക്തമാക്കുന്നത്. ഭരണനിർവഹണത്തിന്റെയും ക്രമസമാധാനത്തിന്റെയും കാര്യങ്ങളിൽ കേരളം ഈ സർക്കാരിന്റെ കാലയളവിൽ മുന്നിട്ടുനിൽക്കുന്നതാണ് നാം കണ്ടത്. അതുകൊണ്ടുതന്നെ വികസനത്തിന്റെ ഗുണങ്ങൾ എല്ലാവർക്കും സമാധാനപരമായി അനുഭവിക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. കഴിഞ്ഞവർഷം പദ്ധതിനിർവഹണത്തിന് നീക്കിവച്ചിരുന്ന തുകയുടെ 90 ശതമാനവും വിനിയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടായി.

കഴിഞ്ഞ നാലു വർഷത്തിനിടയിൽ കേന്ദ്രത്തിലെ തൊഴിലുകൾ കുറഞ്ഞു എന്ന വാർത്ത ഈയടുത്തിടെ പുറത്തു വന്നിരുന്നു. എന്നാൽ, കേരളത്തിലാകട്ടെ ഈ സർക്കാരിന്റെ കാലത്ത് ഒരുലക്ഷത്തോളം പേർക്കാണ് പിഎസ്സി വഴി നിയമനം നൽകിയത്. ഇരുപതിനായിരത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ചു.  തൊഴിൽ‐നിയമന രംഗങ്ങളിലെ മരവിപ്പിനെ സർക്കാർ മുറിച്ചുകടന്നു. തൊഴിലിടങ്ങളിൽ തൊഴിലാളിക്ക് ഇരിക്കാനുള്ള അവകാശം നൽകുന്ന ഇടപെടൽ നടത്താൻ കഴിഞ്ഞു എന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്.

ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യനന്മയ‌്ക്കും സാമൂഹ്യപുരോഗതിക്കുമായി പ്രയോജനപ്പെടുത്തുന്ന നയമാണ് സർക്കാരിനുള്ളത്. അതോടൊപ്പം നമ്മുടെ വൈദ്യശാസ്ത്രരംഗത്തെ സാധ്യതകളെയും പ്രയോജനപ്പെടുത്തുകയാണ്. ആയുർവേദ ചികിത്സയ്ക്കായും മറ്റും നിരവധിയാളുകളാണ് വിദേശത്തുനിന്ന‌് വരുന്നത്. മറ്റൊരു വലിയ സാധ്യതാമേഖലയാണ് ടൂറിസം. നമ്മുടെ നാടൻകലകളും വിഭവങ്ങളും മറ്റും അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അവരെ കേരളത്തിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനുള്ള പ്രത്യേക ഇടപെടലുകൾ നടത്തുകയാണ്.

പുതിയ സാധ്യതകൾ

സോളാർ പോലെയുള്ള പാരമ്പര്യേതര ഊർജത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട‌് പരിസ്ഥിതി സൗഹൃദ വികസന മാതൃകകൾ അവലംബിക്കുകയാണ് നാം. ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപ്പാദനരംഗത്ത് കേരളം പുതിയ ചുവടുവയ്പ്പ‌ു നടത്തുകയാണ്. ഹാർഡ് വെയർ ഉൽപ്പാദന സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്വന്തം കംപ്യൂട്ടർ വിപണിയിലെത്തുകയാണ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ലൈഫ് സയൻസസ് പാർക്ക് എന്നിവ യാഥാർഥ്യമാക്കുന്നത് അറിവിലധിഷ്ഠിതമായ പുതിയ സാധ്യതകൾ തുറന്നുവയ്ക്കുകയാണ്. നമ്മുടെ നാട്ടിൽ ശക്തമായ സഹകരണ മേഖലയുണ്ട്. സഹകരണ മൂല്യങ്ങളിലധിഷ്ഠിതമായി പുത്തൻ വളർച്ചാ മേഖലകളിൽ തൊഴിലുകൾ സൃഷ്ടിക്കാനുള്ള ഇടപെടലുകളും നടത്തുന്നുണ്ട്. കേരളാബാങ്ക് ഈ വർഷം യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ പൊതു വികസനവുമായി സംസ്ഥാനത്തെ സഹകരണ മേഖലയെയും കേരളത്തിലെ ജനങ്ങളെ ആകെയും കൂടുതൽ ബന്ധിപ്പിക്കാൻ കഴിയും.
കേരളത്തിന്റെ സമ്പദ്ഘടനയിൽ കാതലായ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുക ഉൽപ്പാദന മേഖലകളിലെ ഇടപെടലുകളിൽ കൂടിയാണ്. ഇവിടെ ഏറ്റവുമധികം സാധ്യതയുള്ളത് കാർഷിക ഉൽപ്പന്നങ്ങളുടെയും സമുദ്ര ഉൽപ്പന്നങ്ങളുടെയും മറ്റും മൂല്യവർധനയിലൂടെയാണ്. അതോടൊപ്പം കേരളത്തിലെ കമ്പോളത്തിനുവേണ്ടി ഉൽപ്പാദിപ്പിക്കുന്നതിലൂടെയുമാണ്. ആ മേഖലകളിൽ ഊന്നിയാൽ മാത്രമേ നമുക്കാവശ്യമായ തൊഴിലവസരങ്ങൾ തദ്ദേശീയമായി ലഭ്യമാക്കാൻ കഴിയുകയുള്ളു.

അതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ഇത്തരം വികസന പ്രവർത്തങ്ങങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ലോക കേരളസഭ സ്ഥാപിക്കുകയും അവരുടെ നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്താവുന്ന ഡയ്സ്പോറ ബോണ്ടുകളും കെഎസ്എഫ്ഇ ചിട്ടികളും ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. സമാനതകളില്ലാത്ത ഇത്തരം പ്രവർത്തനങ്ങളുടെ ഒക്കെ ഇടയിൽ  പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും  പ്രതിസന്ധികളിൽ തളരാത്തവണ്ണം കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നിൽക്കാനും കഴിഞ്ഞു എന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളിലെ നമ്മുടെ ഏറ്റവും വലിയ നേട്ടം. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണ് കഴിഞ്ഞ കാലവർഷത്തിൽ കേരളം അതിജീവിച്ചത്. അതേത്തുടർന്നുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നാം.

ഒത്തൊരുമയോടെ നാം മുന്നേറിക്കൊണ്ടിരുന്ന ഈ ഘട്ടത്തിൽ നമ്മുടെ ഒരുമയെ തകർക്കാനും മതനിരപേക്ഷതയെ വെല്ലുവിളിക്കാനും പതിനെട്ടാം നൂറ്റാണ്ടിന്റെ ദുരാചാരങ്ങളുടെ അന്ധകാരത്തിലേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാനും ആസൂത്രിത ശ്രമങ്ങൾ നടന്നു. എന്നാൽ, കേരളജനത അത്തരം ശ്രമങ്ങളെ തള്ളിക്കളയുന്നതാണ് നാം കണ്ടത്. ആ പ്രക്രിയക്ക് ചാലകശക്തിയായിനിന്ന് നവോത്ഥാനത്തിന്റെ പുതുതുടർച്ചകൾ സാധ്യമാക്കാൻ കഴിഞ്ഞു.

കുത്തകകൾക്കും കോർപറേറ്റുകൾക്കുംമാത്രം പ്രയോജനപ്പെടുന്ന നവഉദാരവൽക്കരണ നയങ്ങൾക്ക‌് ബദൽ അവതരിപ്പിച്ചുകൊണ്ട് മുന്നേറുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അഞ്ചുവർഷം കൊണ്ട് ഒരു സർക്കാരിനു സാധാരണ ചെയ്യാൻ കഴിയുന്നതിലുമപ്പുറമാണ് ആയിരം ദിവസംകൊണ്ട് ഈ സർക്കാർ ചെയ്തത്. അതിനു സഹായകരമായത് കേരളജനതയുടെ
ഒത്തൊരുമയാണ്.

പ്രതികൂല ഘടകങ്ങളുടെ മലവെള്ളപ്പാച്ചിൽ തന്നെ ഉണ്ടായ ഒരു ഘട്ടത്തിലാണ്, അവയെ മറികടന്ന് കേരളം അഭിമാനകരമായ നേട്ടങ്ങൾ ഈ രണ്ടേമുക്കാൽ വർഷക്കാലയളവിൽ കൈവരിച്ചത്. നൂറ്റാണ്ടിലെ ഏറ്റവുംവലിയ പ്രകൃതിദുരന്തം, സാമൂഹ്യക്ഷേമ മേഖലകളെ കൈയൊഴിക്കാൻ നിർബന്ധിക്കുന്ന കേന്ദ്ര സാമ്പത്തികനയം, സംസ്ഥാന താൽപ്പര്യങ്ങളോട് അവഗണന കാട്ടുന്ന കേന്ദ്രസമീപനങ്ങൾ, നോട്ടുനിരോധനം, പ്രകൃതിദുരന്തത്തിന് അർഹമായ സഹായം നിഷേധിക്കൽ, കേരളത്തിന്റെ ന്യായമായ അവകാശങ്ങൾ നിരാകരിക്കൽ തുടങ്ങിയ എത്രയോ അധികമായിരുന്നു പ്രതികൂലഘടകങ്ങൾ. അവയ്ക്ക് കടപുഴകാൻ വിട്ടുകൊടുക്കാതെ കേരളത്തിന്റെ താൽപ്പര്യങ്ങളെ ഒരു തിരിനാളത്തെ കൈക്കുമ്പിളിലെന്നപോലെ കാത്തുരക്ഷിക്കുകയായിരുന്നു എൽഡിഎഫ് സർക്കാർ. ആ പ്രക്രിയയിൽ ആഗോളവൽക്കരണ‐ഉദാരവൽക്കരണ നയങ്ങൾക്ക് ബദലില്ല എന്ന ലോകമുതലാളിത്തത്തിന്റെ വാദത്തെ പൊളിച്ചടുക്കുംവിധമുള്ള ഒരു ബദൽ മാതൃക ഉയർത്തിക്കാട്ടുക കൂടിയായിരുന്നു. ഈ വഴിയേ നാട് ഇനിയും മുന്നോട്ടുപോകും. പുതിയ ഒരു കേരളത്തെ പടുത്തുയർത്തും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top