16 August Sunday

ഔസേപ്പച്ചനെ വരിഞ്ഞുമുറുക്കുന്ന സൃഗാലബുദ്ധി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

കേരള കോൺഗ്രസ്‌ രാഷ്‌ട്രീയത്തിൽ കുറുക്കൻമാർക്ക്‌ ഒരു കുറവുമില്ലെന്ന്‌ മാലോകർക്കൊക്കെ അറിയാം. മാത്രമല്ല, പൊതുവേ പ്രകൃതിസ്‌നേഹികളും മൃഗസ്‌നേഹികളുമൊക്കെയാണ്‌ കേരള കോൺഗ്രസുകാരെന്നതിന്‌ മതികെട്ടാൻ മല സാക്ഷിയാണ്‌. ‘സൃഗാലൻ’ എന്ന പട്ടം ജോസ്‌ കെ മാണി ചാർത്തിത്തന്നതിൽ തനി കൃഷീവലനായ പി ജെ ജോസഫ്‌ പ്രകോപിതനാകുമെന്ന്‌ സത്യമായിട്ടും ‘പ്രതിഛായ’ പത്രാധിപൻമാർ കരുതിയിട്ടുണ്ടാകില്ല. ഹരിതവർണമാർന്ന രണ്ടില ഇപ്പോഴും കൈവിടാതെ സൂക്ഷിക്കുന്ന പി ജെ ജോസഫ്‌, കുതിര, ആന തുടങ്ങിയ ചിഹ്നങ്ങളിലേറി തുടങ്ങിയ യാത്ര, മൃഗങ്ങളെ ചിഹ്നമാക്കുന്നത്‌ തെരഞ്ഞെടുപ്പു കമീഷൻ നിർത്തലാക്കിയില്ലായിരുന്നെങ്കിൽ ഇപ്പോഴും നിർബാധം തുടർന്നേനെ.

പാലായിലെ തെരഞ്ഞെടുപ്പുയോഗത്തിൽ കൂടിയവർ ‘നാറാണത്തു ഭ്രാന്തൻ’ എന്നുവരെ വിളിച്ചിട്ടും സൃഗാലൻമാരെപ്പോലെ കൂകിയിട്ടും ഓരിയിട്ടിട്ടും അതൊക്കെ ഗായകനായ ജോസഫ്‌ സംഗീതംപോലെ ആസ്വദിക്കുകയായിരുന്നു. അതുകൊണ്ട്‌ ശകുനം മുടക്കാൻ നോക്കുകുത്തിയെപ്പോലെ വഴി വിലങ്ങിനിന്ന്‌ വിഡ്‌ഢിയായെന്നൊന്നും ആക്ഷേപിച്ചാൽ കട്ടയുംപടവും മടക്കിപ്പോകുന്നവനല്ല ഔസേപ്പച്ചൻ. തൊഴിലാളികളുടെ വിശുദ്ധനായ ഔസേപ്പിതാവിന്റെ നാമധാരിയായ ഔസേപ്പച്ചനെ ആരെങ്കിലും പണി പഠിപ്പിക്കാൻ നോക്കുന്നത്‌ ‘അഡീഷനാലിറ്റി’യാകും.സ്ഥാനാർഥി നിർണയത്തിനിടെ ഇറ്റുവീണേക്കാവുന്ന ചോരത്തുള്ളികൾക്കുവേണ്ടി നാക്ക്‌ നുണഞ്ഞിരുന്ന സൃഗാലൻ എന്ന വിശേഷണമൊക്കെ മീനച്ചിലാറ്റിൽ വരച്ച വരപോലെയാകില്ലെന്നും അത്‌ സെപ്‌തംബർ 23 കഴിയുമ്പോൾ വ്യക്തമാകുമെന്നും തന്നെയാണ്‌ പി ജെ ജോസഫിന്റെ പ്രതികരണം സൂചിപ്പിക്കുന്നത്‌. യുഡിഎഫ്‌ സ്ഥാനാർഥിയായ ജോസ്‌ ടോം വിജയിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാകില്ല തന്നെ കൂക്കിവിളിക്കുന്നതെന്ന ജോസഫിന്റെ പ്രതികരണത്തിൽ എല്ലാമുണ്ട്‌. ഇതൊക്കെയാണെങ്കിലും ജോസഫ്‌ പക്ഷത്തുനിന്നുയർന്ന ഒരു വിമർശനം ഗൗതമനെ ഒത്തിരി വേദനിപ്പിച്ചു. കേരള കോൺഗ്രസ്‌ സമ്മേളനങ്ങളിലെ സ്ഥിരം വിഭവങ്ങളായ ബിരിയാണിയും മദ്യവും നൽകി കൊണ്ടുവന്നവരാണ്‌ ജോസഫിനെ കൂകിയതെന്നായിരുന്നു ആ ആക്ഷേപം.

എന്തായാലും എന്തിനും തയ്യാറായിനിൽക്കുന്ന ജോസ്‌ വിഭാഗക്കാരുടെ ഇടയിൽനിന്ന്‌ ജോസഫിനെ രക്ഷിച്ചുകൊണ്ടുപോകാൻ സൃഗാലബുദ്ധി തന്നെയാണ്‌ ജോസ്‌ കെ മാണിയും ചെന്നിത്തലയും തിരുവഞ്ചൂരും പ്രയോഗിച്ചത്‌. എല്ലാവരും ജോസ്‌ ടോമിന്‌ അഭിവാദ്യമർപ്പിച്ച്‌ കുരിശുപള്ളിക്കവലവരെ പ്രകടനം നടത്തുക. ആ ഗ്യാപ്പിൽ ജോസഫിനെ പരിക്കില്ലാതെ പുറത്തെത്തിക്കുക. ഓപ്പറേഷൻ സക്സസ്‌.

തരംപോലെ കയ്‌ക്കുന്ന സിബിഐ

നാട്ടിൽ പോക്കറ്റടി നടന്നാൽപ്പോലും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നയാളാണ്‌ നമ്മുടെ ചെന്നിത്തല. ടൈറ്റാനിയം കേസ്‌ വിദേശ കമ്പനികൾ ഉൾപ്പെട്ട കേസായതിനാലാണ്‌ സിബിഐക്കു വിട്ടതെന്ന്‌ നമ്മുടെ ചില പത്രങ്ങൾക്കും ചെന്നിത്തലയ്‌ക്കും മാത്രമാണ്‌ മനസ്സിലാകാത്തത്‌. കേസിൽ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും പങ്കുണ്ടെന്ന്‌ പരസ്യമായി പ്രതികരിച്ചതിന്റെ പേരിലാണ്‌ തനിക്കെതിരെ നടപടിയെടുത്തതെന്ന‌് അന്നും ഇന്നും കോൺഗ്രസ്‌ നേതാവ്‌ കെ കെ രാമചന്ദ്രൻ ചങ്കത്തടിച്ചുപറയുന്നുണ്ട്‌. പാലാ ഉപതെരഞ്ഞെടുപ്പാണ്‌ സിബിഐക്ക്‌ വിട്ടതിനു കാരണമെന്നു പറയുന്നവർ രാമചന്ദ്രനെ ഓർത്തില്ലെങ്കിലും കമ്പനി വളപ്പിൽ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന 62 കോടിയുടെ ഉപകരണങ്ങൾ ഒരു നോക്കുകാണണം.

ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയെ അംഗീകരിക്കണം. അന്വേഷണം നേരിടാൻ തയ്യാറുള്ള അദ്ദേഹത്തിന്‌ ഒരു പരിഭവമേയുള്ളൂ. മറ്റു പല കേസും സിബിഐക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെട്ടിട്ടും അത്‌ വിട്ടിട്ടില്ല. ആരും കൊതിക്കുന്ന തരൂർമികച്ച വാഗ്മിയും നയതന്ത്രജ്ഞനുമൊക്കെയായ ശശി തരൂർ തന്റെ അഭിപ്രായം കിറുകൃത്യമായി പറഞ്ഞിട്ടുണ്ട്‌. മതേതരത്വം ഇന്ത്യക്കു ചേരാത്ത കാര്യമാണ്‌, മറ്റു മതങ്ങൾക്കുള്ളതുപോലെ ഹിന്ദുക്ഷേത്രങ്ങൾക്ക്‌ പണം കൈകാര്യം ചെയ്യാനുള്ള അധികാരം കൊടുക്കണം, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണം,

370–-ാം വകുപ്പ്‌ എക്കാലവും നിലനിൽക്കേണ്ടതല്ല, ഏകീകൃത സിവിൽ കോഡ‌് മോശം ആശയമല്ല. കൂടാതെ സ്‌ത്രീകളെ ശബരിമലയിൽ കയറ്റരുതെന്നും ആചാരം സംരക്ഷിക്കണമെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കി താൻ തന്ത്രജ്ഞനാണെന്നു തെളിയിച്ചതാണ്‌. സത്യത്തിൽ കുമ്മനം രാജശേഖരനും ശ്രീധരൻ പിള്ളയുമൊക്കെ തരൂരിനെ കണ്ടുപഠിക്കണം. കാര്യങ്ങൾ കാട്ടിലും പടർപ്പിലും തട്ടാതെ ഇതുപോലെ വ്യക്തവും വടിവൊത്തതുമായ ഭാഷയിൽ പറയണം. അതിനു നിങ്ങളുടെ ഇപ്പോഴത്തെ നിലവാരം പോരെങ്കിൽ വിശ്വപൗരനാകാനുള്ള ചികിത്സ നടത്തുക. തരൂരിനെ നോക്കുക. കോൺഗ്രസുകാർ മാത്രമല്ല മോഹൻ ഭാഗവത്‌ പോലും തരൂരിനെ തങ്ങളുടെ ലീഡറാക്കാൻ  കൊതിച്ചുപോകും,
വെടിക്കുഴൽ

രണ്ടില പോയപ്പോൾ ഓട്ടോറിക്ഷ മോഹിച്ച ജോസ്‌ ടോമിന്‌ കിട്ടിയത്‌ കൈതച്ചക്കറബറുകൊണ്ട്‌ പാലാഴി ഉണ്ടാക്കിയതുപോലെ നമുക്ക്‌ കൈതച്ചക്കകൊണ്ട്‌ മൂല്യവർധിത ഉൽപ്പന്നം എന്തെങ്കിലും ഉണ്ടാക്കണം


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top