തിരമാലകളോട് മല്ലടിച്ച് കടലിനോട് സമരസപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര ഫിഷറീസ് –- ബ്ലൂ ഇക്കോണമി നയങ്ങൾ രാജ്യത്തിന്റെ തീരമേഖലയിൽ ആധിപടർത്തുന്നു. ആഴക്കടൽ മത്സ്യമേഖലയെ കുത്തക കമ്പനികൾക്ക് തീറെഴുതുന്ന ദോഷകരമായ ബ്ലൂ ഇക്കോണമി നയവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്. അടുത്തകാലത്ത് ലക്ഷദ്വീപിൽ ഉണ്ടായ നടപടികൾ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. അവിടെ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽനിന്ന് മാംസവും മത്സ്യവും എടുത്തുകളയുകയും മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സ്ഥലങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നത് കേവലമായ വൈരാഗ്യങ്ങളുടെയോ വർഗീയതയുടെയോ പ്രശ്നം മാത്രമല്ല, കടലും കടൽ വൈവിധ്യവും കടൽ സമ്പത്തും കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക് അവസരം നൽകുന്നതിനാണ്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലാണ് ‘ബ്ലൂ ഇക്കോണമി ’എന്നപേരിൽ അറിയപ്പെടുന്ന സമുദ്ര സമ്പദ് വ്യവസ്ഥയുടെ കരട് ചട്ടക്കൂട് നയരേഖ തയ്യാറാക്കിയത്. പുറത്തിറക്കിയ രേഖയെക്കുറിച്ച് അഭിപ്രായം അറിയിക്കുന്നതിന് 10 ദിവസംമാത്രമാണ് അനുവദിച്ചത്. പ്രതികരണം അറിയിക്കേണ്ട ദിവസം കഴിഞ്ഞപ്പോഴാണ് പല തീരദേശ സംസ്ഥാന സർക്കാരുകളും മത്സ്യത്തൊഴിലാളി സംഘടനകളും ഇതിനെപ്പറ്റി അറിഞ്ഞതുതന്നെ. രേഖകൾ തയ്യാറാക്കുന്നതിന് കേന്ദ്ര സർക്കാർ രൂപീകരിച്ച ഏഴ് വർക്കിങ് ഗ്രൂപ്പുകളിൽ ഒന്നിൽപ്പോലും മത്സ്യത്തൊഴിലാളി സംഘടനകളുടെയോ, തീരദേശ സംസ്ഥാനങ്ങളുടെയോ ഒരു പ്രതിനിധിപോലുമില്ല.
നമ്മുടെ സമുദ്രങ്ങളെ ഏഴു മേഖലയാക്കി തിരിച്ച് വിവിധ ഉൽപ്പന്നങ്ങളുടെ കണക്കെടുപ്പ്, എണ്ണവാതകങ്ങൾ എന്നിവയുടെ ഖനനം, ജൈവ ധാതുഖനിജ വസ്തുക്കളുടെ ഖനനം, സൈനിക നടപടികൾ, തുറമുഖങ്ങളുടെ നിർമാണം, മത്സ്യബന്ധനം, കപ്പൽ ചരക്കുനീക്കവികസനം, തീരത്തെ അടിസ്ഥാനസൗകര്യ വികസനം എന്നീ തന്ത്രപ്രധാനമായ കാര്യങ്ങളാണ് രേഖകളിൽ പരാമർശിക്കുന്നത്. ഇതേസമയം, കടലിന്റെ നേരവകാശികളും അതുമായി ഇണങ്ങി ജീവിക്കുന്നവരുമായ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കുനേരെയും തീരസംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കുനേരെയും രേഖ കണ്ണടയ്‌ക്കുന്നു.
കടൽ മേഖലയാകെ അളന്നുവിൽക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഇതിലെ പ്രധാന ഘടകം കടലിലെ ഖനനമാണ്. ആഴക്കടലും തീരക്കടലും ബ്ലോക്കുകളാക്കി തിരിച്ച് സ്വകാര്യ കമ്പനിക്ക് നൽകി പരമാവധി ഖനനം നടത്തി ലാഭമുണ്ടാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി, നിലവിലുള്ള കടൽ മേഖലകളിലെ ‘ധാതുക്കളുടെ വികസനവും നിയന്ത്രണവും സംബന്ധിച്ച 2002'ലെ നിയമം ഭേദഗതി ചെയ്യാനുദ്ദേശിക്കുന്ന, പുതിയ നയത്തിന്റെ നോട്ടീസ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും മത്സ്യത്തൊഴിലാളി സംഘടനകളും അവരുടെ പ്രതികരണം നൽകിയിട്ടുമുണ്ട്.
സമുദ്രം ധാതുസമ്പത്തുകളുടെ അമൂല്യനിധിയാണ്. ബ്ലു ഇക്കോണമി രേഖകൾ പ്രകാരം അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം , വിവിധയിനം മണലുകളും ഖനലോഹങ്ങളും പോളിമെറ്റാലിറ്റ് നൊഡ്യൂളുകളുമടക്കം എണ്ണമറ്റ പുതിയ സമ്പത്തുകളാകെ ഖനനം ചെയ്തെടുക്കാം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയും നടത്തിയ പഠനപ്രകാരം 79 ദശലക്ഷം ടൺ ഖനലോഹങ്ങളും 1,53,996 ദശലക്ഷം ടൺ ചുണ്ണാമ്പ്ചെളിയും 745 ദശലക്ഷം ടൺ നിർമാണ ആവശ്യങ്ങൾക്കുള്ള മണലും കടലിലെ വിവിധ മേഖലയിൽനിന്നും ലഭ്യമാണ്. ഇവിടെ സ്വകാര്യമേഖലയുടെ പങ്കാളിത്തം പൂർണമായി ഉറപ്പിച്ച് 2022ലെ നിയമം നിർമിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. തീരക്കടൽ, പുറംകടൽ, ആഴക്കടൽ എന്നീ മേഖലകളെ വിവിധ സ്ലാബുകളാക്കി തിരിച്ച് ലേലം ചെയ്യാനാണ് പരിപാടി. ഖനനം ചെയ്യുന്ന കമ്പനിക്കുതന്നെ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള കോമ്പോസിറ്റ് ലൈസൻസും നൽകും. തുച്ഛമായ വാടകയ്‌ക്ക് 11 മുതൽ 50 വർഷംവരെയാണ് പാട്ടത്തിന് നൽകുന്നത്.
ഭരണഘടനയുടെ ലംഘനമാണ് കേന്ദ്ര സർക്കാർ ഈ വിഷയത്തിലും സ്വീകരിച്ചിരിക്കുന്നത്. ഭരണഘടനയിലെ വ്യവസ്ഥയനുസരിച്ച് 12 നോട്ടിക്കൽ മൈൽവരെയുള്ള കടൽഭാഗം സംസ്ഥാനങ്ങളുടെ അധികാരപരിധിക്കകത്തുള്ളവയാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ നിർവചനപ്രകാരം ഓഫ്ഷോറിൽ തീരദേശം (ടെറിട്ടോറിയൽ വാട്ടേഴ്സ്) അടക്കം ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശംതന്നെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. രേഖ പ്രകാരം ഖനനം ചെയ്യുന്ന 745 ദശലക്ഷം ടൺ മണൽ കേരളം, തമിഴ്നാട്, ആന്ധ്ര, ഒഡിഷ എന്നിവയുടെ തീരത്തുനിന്നുമാണ്. ഇതിൽ ഭൂരിപക്ഷവും കേരളത്തിന്റെ തീരക്കടലിലോ പുറംകടലിലോ കിടക്കുന്ന നിക്ഷേപമാണ്. ഈ സംസ്ഥാനങ്ങളിൽ ഗൗതം അദാനിയുടെ കമ്പനികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
കടൽ ആരുടെ ആവാസകേന്ദ്രമാണെന്ന ചോദ്യത്തിന് കടൽ ജീവികളുടെ എന്നാണ് ഉത്തരമെങ്കിലും എക്കാലത്തും മത്സ്യത്തൊഴിലാളികളുടെ രണ്ടാം ഭവനമാണ് കടൽ. മത്സ്യത്തൊഴിലാളികളാകെ നിരാശയുടെ ആഴങ്ങളിൽനിന്ന് കരകയറാനാകാത്തവിധം മണ്ണെണ്ണയുടെ വിലവർധനയും കേന്ദ്ര ഫിഷറീസ് നയവും ബ്ലൂ ഇക്കോണമിയും തൊഴിൽ ദിനങ്ങളെ തകർത്തെറിയും. രാജ്യത്തിന്റെ രണ്ടാംനിര കാവൽഭടന്മാർ കൂടിയായ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടയുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.
ചുരുക്കത്തിൽ മത്സ്യമേഖല പൂർണമായ തകർച്ചയെയാണ് നേരിടുക. ഈ ഗുരുതരമായ സാഹചര്യം മനസ്സിലാക്കി കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെ പൊതുവേദിയായ കേരള ഫിഷറീസ് കോ–- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷേഭസമരപരിപാടികൾ ആരംഭിക്കുന്നു. അഞ്ചിന് പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് ചെയ്യും. ഇതോടൊപ്പം ‘കടൽ കടലിന്റെ മക്കൾക്ക്' എന്ന മുദ്രാവാക്യം ഉയർത്തി കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ ‘കടൽ സംരക്ഷണശൃംഖല'യും സംഘടിപ്പിക്കുന്നുണ്ട്.
(കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറിയും ഫിഷറീസ് കോ–- ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനറുമാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..