05 December Thursday

ഉപരോധം അതിജീവിച്ച് കേരളം

പ്രൊഫ. കെ എൻ 
ഗംഗാധരൻUpdated: Tuesday Nov 5, 2024

 

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന് രണ്ടുലക്ഷ്യങ്ങളുണ്ട്. ഒന്ന്, ഇടതുപക്ഷ കേരളത്തോട് രാഷ്ട്രീയമായി പകപോക്കുക. രണ്ട്, സാമ്പത്തിക ദുരിതം മൂർച്ഛിപ്പിച്ച് ഇടതുപക്ഷ നയത്തിൽനിന്ന്‌ ഉദാരവൽക്കരണ നയത്തിലേക്ക് കേരളത്തെ തള്ളിവിടുക. പക്ഷേ, സംസ്ഥാനം സ്വീകരിച്ചത് ബദൽ മാർഗം. നാനാ രൂപേണ ജനങ്ങളുടെ വാങ്ങൽ കഴിവ് വളർത്തി പൊതു, സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്ന ബദൽ നയമാണ് സർക്കാർ സ്വീകരിച്ചത്.

ബദൽ നയത്തിന്റെ ഫലം പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം (ജിഎസ്‌ഡിപി) നാളിതുവരെ ഇല്ലാത്ത അളവിൽ വർധിച്ചിരിക്കുന്നു. കേന്ദ്ര സർക്കാരിനു കീഴിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ്‌ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2020–- -21ൽ 7.71 ലക്ഷം കോടി രൂപയ്ക്കുള്ള സാധനങ്ങളും സേവനങ്ങളുമാണ് ഉൽപ്പാദിപ്പിച്ചത്. അടുത്തവർഷം അത് 9.24 ലക്ഷം കോടിയിലേക്കും അതിനടുത്തവർഷം 10.23 ലക്ഷം കോടിയിലേക്കും 2023–- 24ൽ 11.46 ലക്ഷം കോടിയിലേക്കും വർധിച്ചു. 48.50 ശതമാനം വളർച്ചയാണിത്. അതായത് പ്രതിവർഷം 12.125 ശതമാനം വർധന. ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ വളർച്ചനിരക്ക് വളരെ ഉയർന്ന തോതിലാണെന്ന് കാണാം. ഐഎംഎഫ് കണക്കാക്കുന്നത് ഇന്ത്യയുടെ ദേശീയ വരുമാനം 2024-–- 25ൽ ഏഴു ശതമാനം ആയിരിക്കുമെന്നാണ്‌. കഴിഞ്ഞ 10 വർഷം ഇന്ത്യ കൈവരിച്ചത് 8.5 ശതമാനം വാർഷിക വളർച്ചനിരക്ക്. കേരളത്തിന്റെ കഴിഞ്ഞ എട്ടു വർഷത്തെ കണക്കെടുത്താൽ, 2016–- -17ൽ 6.34 ലക്ഷം കോടി രൂപയായിരുന്നു ആഭ്യന്തര വരുമാനം. അതാണ് 11.46 ലക്ഷം കോടിയിലേക്ക്‌ വർധിച്ചത്. പ്രതിവർഷ വളർച്ചനിരക്ക് 10.06 ശതമാനം.

ആളോഹരി വരുമാനത്തിലും സമാന വർധനയുണ്ടായി. 2020-–- 21ൽ (കോവിഡ് വർഷം) 2,20,400 രൂപയായിരുന്നത്‌ 2023-–- 24ൽ 3,17,224 ആയി വർധിച്ചു. കേരളത്തെ സംബന്ധിച്ച്‌ പ്രതിശീർഷ വരുമാന വർധനയ്ക്ക് പ്രത്യേക അർഥമുണ്ട്. 1957ലെ ഭൂപരിഷ്കരണ നിയമത്തിലും വിദ്യാഭ്യാസ നിയമത്തിലും ആരംഭിച്ച സാമൂഹ്യനീതിയിലേക്കുള്ള പ്രയാണം ശക്തമായി പിന്തുടരുകയാണ് കേരളം. അതിദാരിദ്ര്യ നിർമാർജനത്തിനുള്ള ശ്രമം സാമൂഹ്യനീതിയിലെ അവസാനിക്കാത്ത ചുവടുവയ്‌പുകളിൽ ഒന്നാണ്. ഏത് രാഷ്ട്രീയ രൂപം അധികാരത്തിൽ വന്നാലും സാമൂഹ്യനീതി ഭരണനിർവഹണത്തിന്റെ പ്രധാന ഭാഗമാകാതെ തരമില്ല എന്ന തരത്തിലുള്ള രാഷ്ട്രീയ ആകാശമാണ് കേരളത്തിലുള്ളത്. അതിനു കടപ്പെട്ടിരിക്കുന്നത് 1957ലെ ഇ എം എസ് സർക്കാരിനോടാണ്. ഒരു തരത്തിലുള്ള പിന്മാറ്റവും ജനങ്ങൾ പൊറുക്കുകയില്ല. സാമൂഹ്യനീതി ഇന്നും അന്യമായിരിക്കുന്ന ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരുമാന വർധനയെന്നാൽ സമ്പന്നരുടെ വരുമാന വർധനയെന്നാണ് അർഥം. സാമൂഹ്യ നീതിയിലേക്കുള്ള അതിപ്രധാന ചുവടുവയ്‌പ്പാണ് ഭൂപരിഷ്‌കരണം. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഭൂപരിഷ്‌കരണം പ്രാഥമികഘട്ടത്തിൽ തുടരുകയാണ്. ആയിരക്കണക്കിന് ഏക്കർ ഭൂമിയുള്ള ജന്മികൾ രാഷ്ട്രീയ മേലാളന്മാരാകുന്ന സ്ഥിതിയാണ് അവിടെയുള്ളത്. കേന്ദ്ര സർക്കാരിന്റെ സെൻസസ് പ്രകാരം (2011) രാജ്യത്ത് 56.41 ശതമാനം കുടുംബങ്ങൾക്ക് ഒരു സെന്റ്‌ ഭൂമി പോലുമില്ല. ഗുജറാത്തിൽ 55.34 ശതമാനം കുടുംബങ്ങൾക്കും ഉത്തർപ്രദേശിൽ 44.78 ശതമാനം കുടുംബങ്ങൾക്കും ഒരു സെന്റ്‌ ഭൂമി പോലുമില്ല.


 

ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തുകയാണ് സാമ്പത്തിക വികസനത്തിനുള്ള ഉറപ്പായ മാർഗമെന്ന് സർക്കാർ കരുതുന്നു. ആ വഴിക്കുള്ള ഒട്ടേറെ നടപടികൾ സർക്കാർ കൈക്കൊണ്ടു. ഒന്നാമതായി, സംസ്ഥാനത്തിന്റെ പൊതു ചെലവുകൾ ഓരോ വർഷവും വർധിപ്പിക്കാൻ ശ്രദ്ധിച്ചു. ചെലവ് ചുരുക്കിയുള്ള വികസന മുരടിപ്പല്ല ചെലവ് വളർത്തിയുള്ള വികസന മാതൃകയാണ് സർക്കാർ സ്വീകരിക്കുന്നത്. 2016–- -17ൽ 1,10,089 കോടി രൂപയായിരുന്നു മൊത്തം പൊതുചെലവ്. അത് 2021-–- 22ൽ 1,63,226 കോടിയിലേക്ക് വളർത്തി.

വാങ്ങൽശേഷി വളർത്തുന്ന സുപ്രധാന നടപടിയാണ് സർക്കാർ നേരിട്ടും ക്ഷേമനിധി ബോർഡുകൾ മുഖേനയും വിതരണം ചെയ്യുന്ന പെൻഷനുകൾ. 2016 മുതൽ അഞ്ചുവർഷം 34 ലക്ഷം കുടുംബങ്ങൾ പ്രതിമാസം 600 രൂപ വീതം പെൻഷന് അർഹരായിരുന്നു. 2021ൽ 1600 രൂപയായി തുക വർധിപ്പിച്ചു. 62 ലക്ഷം കുടുംബങ്ങൾക്ക് കഴിഞ്ഞ മൂന്നുവർഷം 27,000 കോടി രൂപ വിതരണം ചെയ്തു. 2011 മുതൽ 2016 വരെ നൽകിയത് 8833.6 കോടി രൂപ. 2016–-- 2021 കാലയളവിൽ 30,567.90 കോടി രൂപയാണ് വിതരണം ചെയ്തത്. 2024 ജൂലൈവരെ 23,461.50 കോടി രൂപ. പെൻഷൻ ദാരിദ്ര്യം കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്. സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ചെലവഴിക്കുന്നതിലൂടെ സാമ്പത്തിക വളർച്ചയ്‌ക്ക് ഉത്തേജനം പകരുകകൂടിയാണ്.

കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസി മലയാളികൾ. 2023 മാർച്ചിലെ കണക്കുപ്രകാരം, 2,37,924 കോടി രൂപ കേരളത്തിലെ ബാങ്കുകളിൽ നിക്ഷേപമായി എത്തിച്ചേർന്നു. മൊത്തം നിക്ഷേപത്തിന്റെ 33.7 ശതമാനമാണിത്. കിഫ്ബി, റോഡുകളും ആശുപത്രികളും വിദ്യാലയങ്ങളും നിർമിക്കാനും നവീകരിക്കാനും മാത്രമല്ല സഹായിച്ചത്. പ്രോജക്‌ടുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾ, സാങ്കേതിക വിദഗ്ധർ, സാധന സാമഗ്രികൾ എത്തിക്കുന്നവർ തുടങ്ങിയവർക്ക് വരുമാനം നൽകി. കിഫ്ബി മുഖേന ഇതുവരെ 30,954 കോടി രൂപ വരുമാനം നൽകി. 2023–- -24ൽ ഒറ്റവർഷം 4725 കോടി രൂപ വരുമാനമുണ്ടാക്കി.

സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെട്ട പണലഭ്യത വിൽപ്പന ഉയർത്തി. സർക്കാരിന്റെ നികുതി വരുമാനം വർധിപ്പിച്ചു. 2016-–- 17ൽ 42,176 കോടി രൂപയായിരുന്നു തനതു നികുതി വരുമാനം. 2022–- -23ൽ 70,188.50 കോടിയിലേക്ക്‌ ഉയർന്നു. 66.41 ശതമാനം വർധന. 2022-–- 23 ഒറ്റ വർഷം ഉണ്ടായത് 20. 31 ശതമാനം വർധന. വരുമാന വർധന വായ്‌പയുടെ ഭാരം ലഘൂകരിക്കാൻ സഹായിച്ചു. കടബാധ്യതയുടെ മാനദണ്ഡമാണ് വായ്പ വരുമാന അനുപാതം. കേരളം സമീപകാലത്ത് നേടിയ സുപ്രധാന നേട്ടങ്ങളിലൊന്നാണ്‌ വായ്പയും ആഭ്യന്തര വരുമാനവും തമ്മിലുള്ള അനുപാതം കുറയ്ക്കാൻ കഴിഞ്ഞത്. 15–-ാം കേരള നിയമസഭ അംഗീകരിച്ച 2022ലെ ധന ഉത്തരവാദിത്വ ഭേദഗതി നിയമം അനുശാസിക്കുന്നത് 2022–-- 23ൽ വായ്പ -വരുമാന അനുപാതം 34.5 ശതമാനമായി കുറയ്‌ക്കണമെന്നാണ്. ധനകമ്മി നാലുശതമാനത്തിലേക്കും റവന്യു കമ്മി 0.8 ശതമാനത്തിലേക്കും കുറയ്ക്കണം. പ്രസ്തുത ലക്ഷ്യങ്ങൾ കേരളം നേടിക്കഴിഞ്ഞു. ധനകമ്മി 2.44 ശതമാനത്തിലേക്കും റവന്യു കമ്മി 0.88 ശതമാനത്തിലേക്കും കുറയ്‌ക്കുന്നതിൽ കേരളം വിജയിച്ചു. വായ്പ വരുമാന അനുപാതം ലക്ഷ്യമിട്ട 34.5 ശതമാനം നേടിക്കഴിഞ്ഞുവെന്ന് 2022–- -23ലെ സിഎജി റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ, കേരളത്തിന്റെ നേട്ടം അംഗീകരിക്കാൻ സിഎജി തയ്യാറല്ല. കിഫ്ബി വായ്പ 17,742.68 കോടിയും സാമൂഹ്യ ക്ഷേമനിധിയുടെ 11,733 കോടി രൂപയും ചേർക്കുമ്പോൾ വായ്പ വരുമാന അനുപാതം 38.23 ശതമാനമാകുമെന്നാണ് സിഎജി വാദം. ഒരുരൂപ ചെലവഴിക്കുമ്പോൾ എത്ര രൂപ തിരിച്ചെത്തിയെന്നാണ് പരിശോധന. ലാഭ ചേതങ്ങളുടെ കുഴൽക്കണ്ണാടിയിലൂടെയാണ് സിഎജിയുടെ വിശകലനം. റോഡുകളും സ്കൂളുകളും ആശുപത്രികളും ലോകനിലവാരത്തിലെത്തിയത് സിഎജിക്ക്‌ വിഷയമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top