10 October Thursday

സാമ്പത്തിക സ്വാശ്രയത്വം പുനഃസ്ഥാപിക്കണം - പ്രൊഫ. സി രവീന്ദ്രനാഥ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം പുനഃസ്ഥാപിക്കണമെന്നത് കേന്ദ്ര സർക്കാർ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഏറ്റവും ഗൗരവമായ വിഷയമാണ്. അല്ലെങ്കിൽ സംസ്ഥാനങ്ങൾ മാത്രമല്ല, രാജ്യവും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടും. മറ്റു സംസ്ഥാന സർക്കാരുകൾ കേരളത്തെപ്പോലെ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാര വികേന്ദ്രീകരണം നടത്തുകയും വേണം. സാമ്പത്തിക ഫെഡറലിസത്തിന്റെ അടിസ്ഥാന ദർശനമാണ്‌ ഇത്. പക്ഷേ, രാജ്യത്ത് പിരിക്കുന്ന മൊത്തം തുകയുടെ 62 ശതമാനത്തിലധികം തുക ഇപ്പോൾ കേന്ദ്രംതന്നെ ഉപയോഗിക്കുകയാണ്. ഇതാണ് ധന ഫാസിസം. ഇതിന്‌ ഉത്തരവാദി നവലിബറൽ നയങ്ങളും ഇപ്പോഴത്തെ കേന്ദ്ര സർക്കാരുമാണ്. രണ്ടും കേന്ദ്രീകരണ സ്വഭാവമുള്ളതാണ്. ഈ കേന്ദ്രീകരണ മനോഭാവം ജീവിതത്തിന്റെ സമസ്ത മണ്ഡലത്തിലേക്കും ദ്രുതഗതിയിൽ പടർന്നുകൊണ്ടിരിക്കുകയാണ്. ഇതാണ് ഫാസിസത്തിന്റെ ദാർശനിക ലക്ഷണം.

ഫെഡറലിസത്തിന്റെ സംരക്ഷണവും ധന വികേന്ദ്രീകരണവും കേരളം നാളുകളായി ഉന്നയിക്കുന്ന വിഷയമാണ്. കേന്ദ്ര ബജറ്റിനു മുന്നോടിയായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട് കേരളത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുമുണ്ട്. കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം വീണ്ടും ജനശ്രദ്ധയിൽ കൊണ്ടുവരുന്നത് ഉചിതമാകുമെന്നു കരുതിയാണ് ഈ കുറിപ്പ്.

വികേന്ദ്രീകൃതമായ ധന മാനേജ്മെന്റ് നടപ്പാക്കണമെന്നതാണ് ഇടതുപക്ഷ നിലപാട്. സംസ്ഥാനങ്ങൾക്ക് ആവശ്യമായ നികുതി പിരിക്കാൻ അവസരമുണ്ടാകണം. ഇപ്പോൾ നിലവിലുള്ളത് 16-–ാം ധന കമീഷനാണ്. 14–--ാം ധന കമീഷനിൽനിന്ന് 15-ൽ എത്തിയപ്പോൾത്തന്നെ സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം 42ൽ നിന്ന് 41 ആയി കുറയുകയാണ് ചെയ്തത്. ഈ മാറ്റം ഒരു സംസ്ഥാന സർക്കാരിന്റെമാത്രം പ്രശ്നമല്ല. മൊത്തം രാജ്യത്തിന്റേതാണ്. 15–--ാം ധന കമീഷന്റെ കാലഘട്ടത്തിൽ ഇന്ത്യയിലെ സാമ്പത്തികസ്ഥിതി പരിശോധിച്ചാൽ അത് ബോധ്യമാകും. ഇക്കാലത്താണ് അസമത്വത്തിൽ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനം നേടുന്നതും ദാരിദ്ര്യത്തിൽ 111–--ാം സ്ഥാനത്തേക്ക് പതിക്കുന്നതും. ധന വികേന്ദ്രീകരണം വെട്ടിക്കുറച്ച 15–-ാം ധന കമീഷന്റെ കാലയളവിലെ സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദമായ പഠനം നടത്തണം. എല്ലാ സംസ്ഥാനത്തും സാമ്പത്തിക പ്രതിസന്ധിയുണ്ട്, കേരളത്തിൽ പ്രത്യേകിച്ചും.


 

സംസ്ഥാനങ്ങളുടെ വളർച്ച നിരക്ക് കുറയുകയും തൊഴിലില്ലായ്മയും ദാരിദ്ര്യവും നിരക്ഷരതയും വർധിക്കുകയും ചെയ്താൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരും. സംസ്ഥാനങ്ങളുടെ ഉൽപ്പാദനക്ഷമത കുറയുമ്പോഴുണ്ടാകുന്ന മൊത്തം ഉൽപ്പാദനത്തിലെ ഇടിവ് രാജ്യത്തിന്റെ ഉൽപ്പാദന പ്രശ്നവും ഭക്ഷ്യക്ഷാമവുമായി നാളെ മാറും. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കുന്ന  പ്രശ്നങ്ങളുടെ തുടർച്ചയായിട്ടാണ് രാജ്യത്തിന്റെ മൊത്തം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് കേന്ദ്രം തിരിച്ചറിയണം.  ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ വരുമാനക്കുറവാണ് മുതലാളിത്തം തകരാൻ കാരണമെന്ന് കെയ്ൻസ് കണ്ടുപിടിച്ചത് ഓർക്കണം. ധന ഫാസിസത്തിന്റെ തിക്തഫലം മുതലാളിത്തം തിരിച്ചറിഞ്ഞത് 1929-ൽ ആണ്. ധന കേന്ദ്രീകരണമല്ല അതിന്റെ വികേന്ദ്രീകരണമാണ് മൊത്തം വാങ്ങൽശേഷി വർധിപ്പിക്കാൻ നല്ലതെന്ന് ആഗോള മുതലാളിത്തംപോലും പഠിച്ചു. അത് ശരിയായ രീതിയിൽ തിരുത്താൻ ശ്രമിച്ചില്ല എന്നതുകൊണ്ടാണ് 70കളിലും 2008ലും വീണ്ടും മുതലാളിത്തം തകർന്നത്.

ധന കേന്ദ്രീകരണത്തിലൂടെ മൈക്രോ തലങ്ങളിലെ സാമ്പത്തിക ചലനങ്ങൾ ഉണ്ടാക്കാൻ കഴിയില്ലെന്ന ലോകാനുഭവങ്ങൾ പഠിക്കുന്നത് നല്ലതാണ്. രാഷ്ട്രീയമായി തിരിച്ചടിക്കാൻവേണ്ടി സാമ്പത്തികരംഗത്തെ അശാസ്ത്രീയമായി ഉപയോഗിച്ചാൽ തിരുത്താൻ പറ്റാത്ത സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. കേന്ദ്ര സർക്കാരിനുതന്നെ നേരിട്ട് എല്ലാ മൈക്രോ ഉൽപ്പാദനരംഗത്തും ശ്രദ്ധിക്കാൻ കഴിയില്ലെന്ന് ബോധ്യം വരണം. പ്രാദേശിക വികസനത്തിന്റെ സമഷ്ടിയിലൂടെ മാത്രമേ രാജ്യത്തിന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാൻ പറ്റൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ടുവേണം 16–--ാം ധന കമീഷൻ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ.

മൊത്തം വരുമാനത്തിന്റെ 62 ശതമാനത്തിലധികം കേന്ദ്രംതന്നെ കൈയാളുമ്പോൾ ചെലവിന്റെ ഗണ്യമായ പങ്കുവഹിക്കുന്നത് സംസ്ഥാനങ്ങളാണ് എന്നോർക്കണം. ഇവിടെയാണ് യഥാർഥ പ്രശ്നം ഉയരുന്നത്. അതേസമയം, സംസ്ഥാനങ്ങളുടെ ധനസമാഹരണ സാധ്യത കുറഞ്ഞുകുറഞ്ഞുവരികയുമാണ്. അതുകൊണ്ടാണ് അസമത്വം അനുദിനം വർധിക്കുന്നതും സ്വാശ്രയത്തിൽ നിന്നകലുന്നതും. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം തകർത്ത്‌ രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം നിലനിർത്താമെന്നു കരുതുന്നത് തെറ്റാണ്, വിഡ്ഢിത്തമാണ്, അശാസ്ത്രീയമാണ്. അതുകൊണ്ട് കേരളത്തിന്റെ മാത്രം പ്രശ്നമല്ല, ഇത് രാജ്യത്തിന്റെ പ്രശ്നമാണ്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെക്കിക്കൊണ്ട് രാഷ്‌ട്രീയാധികാരം നിലനിർത്താൻ ശ്രമിക്കുന്നത് സമഗ്ര സമീപനമല്ല. അസമത്വം നാനാമേഖലയിലും വർധിക്കുന്നുവെന്ന്  ജോസഫ് സ്റ്റിഗ്ളിറ്റസും പോൾ ക്രുഗ്മാനും തോമസ് പിക്കറ്റിയും പ്രഭാത് പട്നായിക്കും നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ശ്രദ്ധിക്കണം. സാമ്പത്തികമായി ഞെരുക്കിക്കൊണ്ട് രാഷ്ട്രീയാധികാരം നിലനിർത്താൻ ശ്രമിച്ചാൽ എല്ലാം കൈവിട്ടുപോകുമെന്ന് തിരിച്ചറിയുന്നത് നന്ന്. തെരഞ്ഞെടുപ്പിൽ ഇതും ജനങ്ങൾ ബിജെപിയെ ഓർമിപ്പിച്ചിട്ടുണ്ട്. ധന ഫാസിസം ധനതത്വ ശാസ്ത്ര അജൻഡയല്ല എന്നത് ലളിത ചരിത്രമാണ്.

ഡിവിസിബിൾ പൂളിൽനിന്നുള്ള സംസ്ഥാന വിഹിതം കുറയ്‌ക്കുക മാത്രമല്ല ചെയ്യുന്നത്. ഡിവിസിബിൾ (കേന്ദ്രം സംസ്ഥാനങ്ങൾക്കുവേണ്ടി വിതരണം ചെയ്യുന്ന പണം ഇട്ടിരിക്കുന്ന സഞ്ചിതനിധി) പൂളിലേക്കുള്ള ധനത്തിന്റെ അളവും തന്ത്രപരമായി ചുരുക്കുകയാണ്. കേന്ദ്ര സർക്കാരിനു ലഭിക്കുന്ന കടം ഒഴികെയുള്ള എല്ലാത്തരം വരുമാനങ്ങളുടെയും നിശ്ചിത ശതമാനം തുക ഡിവിസിബിൾ പൂളിൽ വരണം. എങ്കിലേ സംസ്ഥാനങ്ങൾക്ക് വിഹിതം കൂടുകയുള്ളൂ. ഇപ്പോൾ അങ്ങനെയല്ല ഈ പൂൾ നിശ്ചയിക്കുന്നത്. കേന്ദ്രത്തിനു ലഭിക്കുന്ന നികുതി വരുമാനംമാത്രമാണ് പൂളിൽ ഇടുന്നത്. സംസ്ഥാനങ്ങൾക്ക് നൽകുന്ന 41 ശതമാനത്തിൽ നിന്ന് 45 ശതമാനമായി വിഹിതം കൂട്ടിയാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശരിയായ ദിശയിൽ ചലിക്കുമെന്നുറപ്പാണ്.


കഴിഞ്ഞ കുറെ വർഷമായി ഇന്ത്യൻ രൂപയുടെ മൂല്യം നിരന്തരം കുറഞ്ഞുകൊണ്ടിരിക്കുന്നതും കയറ്റുമതി കുറഞ്ഞുകൊണ്ടിരിക്കുന്നതും എന്തുകൊണ്ടെന്ന് വിലയിരുത്തപ്പെടണം. സംസ്ഥാന സർക്കാരുകൾ  ഇതേരീതിയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വിഹിതം നൽകണം. അപ്പോൾ സമ്പദ്‌വ്യവസ്ഥ ഇതിനേക്കാൾ മെച്ചപ്പെടും. ഒപ്പം കാലഹരണപ്പെട്ട നവലിബറൽ നയങ്ങളുംകൂടി പിൻവലിക്കണം.  ഈ സാമ്പത്തിക അജൻഡയാണ് പുതിയ കേന്ദ്ര സർക്കാരിനും പുതിയ ധന കമീഷനും മുമ്പാകെ വയ്‌ക്കാനുള്ളത്. വികേന്ദ്രീകൃത ഉൽപ്പാദനത്തിന് മുൻതൂക്കം നൽകാൻ വികേന്ദ്രീകൃത ധനമാനേജ്മെന്റ്‌ തന്നെ വേണം. ധന  ഫാസിസത്തിലൂടെ മൊത്തം സമ്പത്തുൽപ്പാദനം വർധിപ്പിക്കാമെന്നത് അർഥശൂന്യമായ ആശയമാണ്. ചരിത്രം വലിച്ചെറിഞ്ഞ സാമ്പത്തിക ആശയമാണ്‌ ഇത്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന അശാസ്ത്രീയ സമീപനം നാളെ രാജ്യത്തിന്റെ സാമ്പത്തികത്തകർച്ചയ്‌ക്ക് കാരണമാകുമെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top