25 June Friday

മലയാളി അല്ലേലും ഇങ്ങനെയാ

ഡോ. അബേഷ് രഘുവരന്‍Updated: Monday Apr 26, 2021

അല്ലെങ്കിലും ഈ മലയാളികൾ ഇങ്ങനെയാണ്. ചില പ്രവൃത്തികൾ കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചുകളയും. മറ്റു ചിലപ്പോഴാകട്ടെ, വെറുപ്പിച്ചുകൊല്ലും. ചിലപ്പോഴൊക്കെ ചില നിർണായകമായ നീക്കങ്ങൾകൊണ്ട് ഏവരെയും ഞെട്ടിക്കാറുണ്ട്‌ അവർ. രാഷ്‌ട്രീയത്തിൽ അങ്ങേയറ്റം പ്രബുദ്ധത നിലനിർത്തുന്നവർ. പ്രളയവും നിപായും കോവിഡിന്റെ ഒന്നാം തരംഗവുമൊക്കെ ഒറ്റക്കെട്ടായും വിജയകരമായും താണ്ടിയപ്പോഴും കോവിഡിന്റെ രണ്ടാം തരംഗം ശ്രദ്ധയില്ലായ്മ മൂലം മാത്രമാണ് വരുത്തിവച്ചതെന്ന് പഴികേട്ടവർ. കോവിഡ് പ്രതിരോധത്തിൽ ലോകത്തിനുതന്നെ മാതൃകയായതിനു പിന്നാലെ കേസുകൾ തെല്ലൊന്ന് അടങ്ങിയപ്പോഴാണ് എല്ലാ പ്രതിരോധവും മറന്നിട്ട് കൂട്ടംകൂടി മാസ്‌ക് മാറ്റി അർമാദിച്ചത്. അങ്ങനെയങ്ങനെ, പ്രവചനാതീതമായ സ്വഭാവ സവിഷേതകളും നീക്കങ്ങളുംകൊണ്ട് പേരെടുത്ത മലയാളിയുടെ ഏറ്റവുമൊടുവിലത്തെ സ്വഭാവ സവിശേഷം പ്രകടമായത് പണം നൽകി വാക്‌സിൻ വാങ്ങണമെന്ന കേന്ദ്രത്തിന്റെ തീരുമാനം വന്നപ്പോഴാണ്.

വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും എന്നാൽ, അതിനായി വലിയൊരു തുക പെട്ടെന്ന് കണ്ടെത്തേണ്ട അവസ്ഥയിലേക്കും സംസ്ഥാനം എത്തിപ്പെട്ടപ്പോൾ അവർ സർക്കാരിനെ കൈയൊഴിഞ്ഞില്ല. പകരം കൈത്താങ്ങായി. മുഖ്യമന്ത്രി പോലും ചിന്തിക്കാത്ത വഴിയിൽ മലയാളി ചിന്തിച്ചപ്പോൾ ആദ്യ രണ്ടു ദിനംകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഒരുകോടിയോളം രൂപ. അതിലെ അക്കങ്ങൾ ഇപ്പോഴും ചലിച്ചുകൊണ്ടും ഇരിക്കുന്നു. ഒടുവിൽ മുഖ്യമന്ത്രിയും ഓരോ മലയാളിക്കും ഉള്ളിലുള്ള ആ വികാരം തുറന്നുപറഞ്ഞു. ഒരു മലയാളി ആയതിൽ അഭിമാനമുണ്ടെന്ന്.
വാക്‌സിന്റെ രാഷ്‌ട്രീയം എന്തുമാകട്ടെ. അത് ഒരർഥത്തിൽ ജനതയുടെ അവകാശമാണ്. ഒരു സർക്കാർ തങ്ങളുടെ ഏറ്റവും ശ്രേഷ്ഠമായ ഉത്തരവാദിത്തത്തിൽ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണമെന്ന കടമ മുന്നോട്ടുവയ്ക്കുമ്പോൾ ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും അങ്ങേയറ്റം ബാധിക്കുന്ന വാക്‌സിൻ പോലെയുള്ളവ ഏതു സന്ദർഭത്തിലും ജനങ്ങൾക്ക് സൗജന്യമായിത്തന്നെ ലഭ്യമാക്കുകയും അതുവഴി കോവിഡിനെ വരുതിയിലാക്കുകയും ചെയ്യേണ്ടതുമാണ്. കോവിഡ് ബാധിക്കുന്നത് വാക്‌സിൻ വാങ്ങാൻ പണമുള്ളവരെ മാത്രം തെരഞ്ഞുപിടിച്ചല്ല. മാത്രമല്ല, കോവിഡ് തകർത്തെറിഞ്ഞിട്ട് ഒരു അതിജീവനത്തിന്റെ പാതയിലേക്ക് മെല്ലെമെല്ലെ നടന്നടുക്കുന്ന ജനതയ്‌ക്ക്‌ വാക്‌സിൻ വേണമെങ്കിൽ പണം നൽകി വാങ്ങാൻ പറയുമ്പോൾ എത്രമാത്രം ആ സർക്കാർ ജനങ്ങളുടെ ക്ഷേമത്തിൽ താൽപ്പരർ ആണെന്നത് മനസ്സിലാക്കാവുന്നതാണ്. എന്നാൽ, പുര കത്തുമ്പോൾ വാഴ വെട്ടുന്ന ഈ കേന്ദ്രനീക്കത്തെ എങ്ങനെ മറികടക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ചിന്തകൾക്കു മുമ്പേ സഞ്ചരിച്ചുകൊണ്ടാണ് മലയാളി തങ്ങളുടെ സാമൂഹിക പ്രതിബദ്ധത വെളിപ്പെടുത്തിയത്. സാമൂഹ്യമാധ്യമങ്ങളിൽ വാക്‌സിൻ ചലഞ്ചിലൂടെ കോടികൾ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകിയപ്പോൾ വാക്‌സിൻ കച്ചവടത്തിന്റെ സംരംഭം ഉദ്‌ഘാടനം ചെയ്യാൻ കാത്തിരുന്നവർക്ക് ഇച്ഛാഭംഗം മാത്രമല്ല, അക്ഷരാർഥത്തിൽ ഒരു ഞെട്ടൽ കൂടിയാണ് മലയാളി സമ്മാനിച്ചത്.

സമുദായസംഘടനകൾ രാഷ്‌ട്രീയ ലോകത്തെ വലിയൊരളവിൽ നയിക്കുന്ന നാടാണെങ്കിലും സാമുദായിക സ്വഭാവമുള്ള പരാമർശങ്ങളോടൊക്കെ പടിക്കുപുറത്ത്‌ സ്ഥാനം നൽകിയവർ കൂടിയാണ് മലയാളികൾ. ജാതിയും മതവും പറഞ്ഞുള്ള മുതലെടുപ്പുകളെ എന്നും ഒരു ശരാശരി മലയാളി പ്രതിരോധിച്ചിട്ടുണ്ട്. അതുപോലെതന്നെ കഴിവും ആത്മാർഥതയുമുള്ള ജനോപകാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഓരോ ഉദ്യോഗസ്ഥരെയും അവരുടെ പേരോ, പേരിനു പിന്നിലെ വാലോ നോക്കാതെ മലയാളി നെഞ്ചിലേറ്റിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് അത്തരമൊരു ആളായ സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ മുഹമ്മദ് അഷീലിന്റെ ഒരു ഫെയ്‌സ്ബുക്ക്‌ പോസ്റ്റും അതിനുപിന്നാലെ നടന്ന പരാമർശങ്ങളും കഴിഞ്ഞദിവസങ്ങളിൽ ശ്രദ്ധയാകർഷിച്ചത്. അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ഇങ്ങനെ ആയിരുന്നു. ‘തൃശൂർക്കാരെ, ഇപ്രാവശ്യം പൂരം വേണ്ട. കഴിഞ്ഞവർഷംപോലെ അനുഷ്ഠാനങ്ങൾ മാത്രം മതിയെന്ന് നിങ്ങൾ തീരുമാനിച്ചാൽ അത് ചരിത്രമാകും. സോ, പ്ലീസ്. മനുഷ്യജീവനുകളേക്കാൾ വലുതല്ല ഒന്നുമെന്ന് നമ്മൾ ഇനിയും പഠിച്ചില്ലേ' എന്നാണ്‌ അദ്ദേഹത്തിന്റെ അഭ്യർഥന. അവസാനം അദ്ദേഹം എൻബി ഇട്ട് പറയുന്നതാണ് ഏറെ പ്രസക്തം.' ഇത് പറയാണോയെന്ന് ആയിരംവട്ടം ആലോചിച്ചതാണ്. ഒരുവേള എന്റെ പേരുപോലും അതിനു തടസ്സമാണെന്നും അറിയാം. പക്ഷേ, പറയാതിരുന്നാൽ അതുപക്ഷേ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം'. ഒരു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ, നമുക്കുവേണ്ടിയും ജനങ്ങളുടെ നല്ലതിനുവേണ്ടിയും ഇങ്ങനെ യാചിക്കേണ്ടിവരുന്നത് മലയാളികൾക്ക് അക്ഷരാർഥത്തിൽ മാനക്കേടാണ്. ജനങ്ങളുടെ സുരക്ഷയ്‌ക്കായി ഇവിടെ ഒന്നും ഒന്നും തടസ്സമാകില്ലെന്ന് അദ്ദേഹത്തോട് ഉറക്കെ വിളിച്ചുപറയേണ്ട ബാധ്യത നമുക്കുണ്ട്. കാരണം, എന്തിനേക്കാളും മീതേ അദ്ദേഹം വില കൽപ്പിച്ചത് പൊതുജനത്തിന്റെ ജീവന്റെ സംരക്ഷണമാണ്. ഒപ്പം, ഉറക്കെ പറയേണ്ടതുണ്ട്. ‘സാർ, ധൈര്യമായി പറയൂ, ഇത് ഉത്തരേന്ത്യ അല്ല കേരളം ആണെന്ന്'. എന്നാൽ, വലിയ പിന്തുണയാണ് അദ്ദേഹത്തിന് മലയാളി സമ്മാനിച്ചത്.

കേരളത്തിലേക്ക് അയച്ച വാക്‌സിന്റെ ഉപയോഗം സംബന്ധിച്ച രസകരമായ ഒരു കണക്കുമായാണ് ഏറ്റവുമൊടുവിൽ കേരളത്തിലെ നേഴ്‌സുമാർ രാജ്യത്തെ വിസ്മയിപ്പിച്ചത്. വാക്‌സിൻ സംസ്ഥാനത്തേക്ക് എത്തുന്നത് ‘വയാൽ' എന്നുപറയുന്ന വാക്‌സിൻ ബോട്ടിലുകളിലാണ്. ഇത്തരമൊരു വയാലിലെ അഞ്ച്‌ മില്ലിലിറ്റർ വാക്‌സിനാണ് ഉണ്ടാകാറുള്ളത്. അതായത് 0.5 മില്ലി ലിറ്റർ ഒരാൾക്ക് എന്ന കണക്കിൽ ഒരു വയാലിലെ വാക്‌സിൻ പത്തുപേർക്ക് കുത്തിവയ്‌ക്കാൻ കഴിയും. വിവിധ സംസ്ഥാനത്തേക്ക് അയക്കുന്ന ഇത്തരം വയാലുകളിൽ 0.5 മില്ലി ലിറ്റർ മുതൽ ഒരു മില്ലി ലിറ്റർ വരെ കൂടുതൽ അളവ് ചേർക്കാറുണ്ട്. ഓരോരുത്തരും ഉപയോഗിക്കുമ്പോൾ ചെറുതായി നഷ്ടപ്പെടാൻ സാധ്യതയുള്ള ‘വേസ്റ്റേജ് ഫാക്ടർ' എന്ന തരത്തിലാണ് അൽപ്പം കൂടുതൽ വാക്സിൻ ചേർക്കുന്നത്. എന്നാൽ, കേരളത്തിലെ നേഴ്‌സുമാർ കൃത്യമായ അളവിൽ കുത്തിവയ്‌ക്കുക മാത്രമല്ല ചെയ്‌തത്‌, നിർദിഷ്ടമായ പത്തുപേർക്ക് നൽകുന്നതിനൊപ്പം കൂടുതലായുള്ള വാക്‌സിൻ അൽപ്പംപോലും പാഴാക്കാതെ 11–-ാമത് ഒരാൾക്കുകൂടെ നൽകിയാണ് വാക്‌സിൻ വിതരണം അങ്ങേയറ്റം കുറ്റമറ്റതാക്കിയത്. അങ്ങനെ ഒരുതുള്ളിപോലും പാഴാക്കാതെ വാക്‌സിൻ അങ്ങേയറ്റം കാര്യക്ഷമമായി ഉപയോഗിച്ച ഏക സംസ്ഥാനവും കേരളം ആണത്രേ. വ്യാപനത്തിന്റെ തോതും ഉണ്ടാകുന്ന രോഗലക്ഷണവുമൊക്കെ തീരെ പിടിതരാതെ ഒളിച്ചുകളിക്കുന്ന പുതിയ ശത്രുവിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ആശയക്കുഴപ്പത്തിലാണ് രാജ്യം.

അപ്പോഴും, അതിജീവനം സാധ്യമാണെന്ന ചില സൂചനകൾ നൽകുന്നത് മലയാളിയുടെ ഈ മനോഭാവമാണ്. മലയാളി എങ്ങനെ ചിന്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും കേരളത്തിന്റെ ഈ രണ്ടാം വ്യാപനപ്രതിരോധത്തിന്റെ ദിശ നിശ്ചയിക്കപ്പെടുന്നത്. കോവിഡിനെ തുരത്തിയേക്കാമെന്ന് അവർ കരുതിയാൽ അത് സംഭവിച്ചിരിക്കും. ഒപ്പം, വരുന്നിടത്തുവച്ചു കാണാമെന്ന നിസംഗമായ ചിന്ത ആന്നെങ്കിൽ നാം കഷ്ടപ്പെടേണ്ടിയുംവരും. വാക്‌സിൻ വിലകൊടുത്തുവാങ്ങാൻ പറഞ്ഞ കേന്ദ്രത്തോട് കാണിച്ച ഈ ക്രിയാത്മകമായ പ്രതികാര മനോഭാവം കോവിഡിനോട് കാണിച്ചാൽ അതൊരുപക്ഷേ നാഴികക്കല്ലാകും. ഒന്നാംഘട്ടത്തിൽ കോവിഡിനെ ഏറ്റവുമധികം ക്രിയാത്മകമായി അതിജീവിച്ച ജനതയെന്ന ഖ്യാതിയോട് ചേർത്തുവയ്‌ക്കാൻ ഈ രണ്ടാം വരവിലും നമുക്ക് ഒരു തനി മലയാളിയായേ പറ്റൂ.

(കൊച്ചി സർവകലാശാലാ സെന്റർ ഫോർ 
സയൻസ് ഇൻ സൊസൈറ്റിയിൽ 
അസി. പ്രൊഫസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top