25 July Sunday

പ്രതിസന്ധി കാലത്തെ ആരോഗ്യ ബജറ്റ്‌

വി ബി പരമേശ്വരൻUpdated: Monday Jun 7, 2021

വര: സനൽ

കോവിഡ്‌ മഹാമാരി ലോകമെങ്ങുമുള്ള മനുഷ്യജീവിതത്തെ തകിടംമറിച്ചിരിക്കുകയാണ്‌. മനുഷ്യന്റെ ജീവിതക്രമത്തിലും രീതികളിലും വലിയ മാറ്റങ്ങളാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. സ്വാഭാവികമായും ലോക രാഷ്ട്രീയ സമവാക്യങ്ങളും മുദ്രാവാക്യങ്ങളും മാറിമറിയുകയാണ്‌. സ്വാതന്ത്ര്യാനന്തരകാലത്ത്‌ ദാരിദ്ര്യവും പട്ടിണിയും തുടച്ചുനീക്കലും സാമൂഹ്യനീതിയും സാക്ഷരതയും  മറ്റുമായിരുന്നു രാഷ്ട്രീയ പാർടികൾ ഉയർത്തിയ പ്രധാന മുദ്രാവാക്യങ്ങൾ. ഇന്ദിര ഗാന്ധി 1971ൽ മുന്നോട്ടുവച്ച ‘ഗരീബി ഹഠാവോ’ ഒരുദാഹരണമാണ്‌. എന്നാൽ, 1970കളിൽ നവ ഉദാരവൽക്കരണനയം ഉദ്‌ഘാടനം ചെയ്യപ്പെട്ടതോടെ വികസനം പ്രധാന അജൻഡയായി മാറി. കോർപറേറ്റ്‌ താൽപ്പര്യംകൂടി ഇഴുകിച്ചേർന്ന മുദ്രാവാക്യമായിരുന്നു ഇത്‌. ‘ബിജലി, സഡക്‌, പാനി’ (വൈദ്യുതി, റോഡുകൾ, കുടിവെള്ളം) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഇക്കാലഘട്ടത്തിന്റെ സംഭാവനയാണ്‌.  നാല്‌, ആറ്‌ ലൈൻ ഹൈവേകളും എക്‌സ്‌പ്രസ്‌ വേകളും പ്രധാനമന്ത്രി സഡക്ക്‌ യോജന തുടങ്ങിയ പദ്ധതികളും ഇക്കാലത്ത്‌ മുന്നോട്ടുവയ്‌ക്കപ്പെട്ടു. അരനൂറ്റാണ്ട്‌ കാലമായുള്ള ഈ വികസന മുദ്രാവാക്യത്തിന്റെ അലകുംപിടിയും മഹാമാരിക്കാലത്ത്‌ മാറുകയാണോ? 

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയാണ്‌ മഹാമാരിക്കാലത്തെ ഏതൊരു സർക്കാരിന്റെയും ഏറ്റവും പ്രധാന ദൗത്യം. ആശുപത്രി കിടക്ക കിട്ടാതെ, ഓക്‌സിജൻ ലഭിക്കാതെ, മരുന്നുകൾ ലഭിക്കാതെ മരിക്കുന്നവരുടെ ദൃശ്യങ്ങൾ മനുഷ്യമനസ്സാക്ഷിയെ പിടിച്ചുലയ്‌ക്കുന്നതാണ്‌. അതോടൊപ്പം നദികളിലേക്ക്‌ ഒഴുക്കപ്പെടുന്ന മൃതദേഹങ്ങളുടെ ദൃശ്യങ്ങളും. അതുകൊണ്ടുതന്നെ മഹാമാരിക്കാലത്തെ മറികടക്കാനുള്ള സംവിധാനങ്ങളും വികസന അജൻഡയ്‌ക്കൊപ്പം ചേർത്തുവായിക്കപ്പെടുന്ന കാലമാണ്‌ ഇത്‌. ജീവൻ നഷ്ടപ്പെടുമോ എന്ന ഭീതി നിറഞ്ഞുനിൽക്കുന്ന കാലത്ത്‌ ജനങ്ങൾ ആഗ്രഹിക്കുന്നത്‌ ജീവൻ സംരക്ഷിക്കാൻ ഉതകുന്ന മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങൾ വേണമെന്നതാണ്‌. ജനങ്ങളുടെ ഈ ആവശ്യത്തെ അവഗണിച്ചുകൊണ്ട്‌ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി ലോകമെങ്ങും സംജാതമാകുകയാണ്‌. സാമൂഹ്യനീതി, പൗരാവകാശസംരക്ഷണം എന്നിവയോടൊപ്പം മനുഷ്യശരീരത്തിന്റെ സംരക്ഷണവും പ്രധാന രാഷ്ട്രീയ അജൻഡയുടെ ഭാഗമാകുകയാണ്‌. സൗജന്യ റേഷൻ പോലെ തന്നെ ജനങ്ങൾക്ക്‌ പ്രധാനമാണ്‌ സൗജന്യ ചികിത്സയും. സൗജന്യ ചികിത്സയെന്നത്‌ മഹാമാരിക്കാലംവരെയും വേണ്ടത്ര പ്രാധാന്യത്തോടെ കാണാൻ ബൂർഷ്വാ രാഷ്ട്രീയകക്ഷികൾ തയ്യാറായിരുന്നില്ല. പൊതുവായതെന്തും നഷ്ടമാണെന്നും അതിനാൽ പൊതുവായതെല്ലാം സ്വകാര്യവൽക്കരിക്കേണ്ടതാണെന്നുമായിരുന്നു  നിയോ ലിബറൽ മുതലാളിത്തത്തിന്റെ യുക്തി. എന്നാൽ, ഈ സ്വകാര്യമേഖല സാധാരണക്കാർക്ക്‌ താങ്ങാൻ കഴിയുന്നതല്ലെന്ന ഉത്തമബോധ്യം മഹാമാരിക്കാലം ജനങ്ങളെ പഠിപ്പിച്ചു. ചികിത്സ പൊതുസേവനത്തിന്റെ ഭാഗമാകണമെന്ന പൊതുബോധം ശക്തമായിക്കൊണ്ടിരിക്കുന്ന കാലമാണ്‌ ഇത്‌. പൊതുഇടങ്ങളിലെ ചർച്ചയും സംവാദവും സാമൂഹ്യമാധ്യമങ്ങളും നിരീക്ഷിച്ചാൽ മാത്രം ഇക്കാര്യം ബോധ്യപ്പെടും.


 

കോവിഡ്‌ വൈറസിൽനിന്ന്‌ രക്ഷ നേടുകയെന്നത്‌ സമൂഹത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യമായി മാറി. രോഗം വന്നാൽ ചികിത്സ ഉറപ്പുവരുത്തേണ്ടത്‌ ഭരണാധികാരികളുടെ കടമയാണെന്ന ബോധവും ശക്തിപ്പെട്ടുവരികയാണ്‌. ജാതി, മത, പ്രാദേശിക ചിന്തകൾക്കപ്പുറം മനുഷ്യന്റെ ജീവനാണ്‌ പ്രധാനമെന്ന ചിന്തയിലേക്കാണ്‌ സമൂഹം മാറുന്നത്‌. നിത്യജീവിതത്തിലെ സംഭാഷണത്തിലും ആശയവിനിമയത്തിലും ഏറ്റവും കൂടുതൽ കടന്നുവരുന്ന വിഷയം മഹാമാരിതന്നെയാണ്‌. വൈറസ്‌, വാക്‌സിൻ, ഓക്‌സിജൻ, ആർടിപി നിരക്ക്‌, ആർടിപിസിആർ–-ആന്റിജൻ ടെസ്റ്റുകൾ ലോക്‌ഡൗൺ, ട്രിപ്പിൾ ലോക്‌ഡൗൺ തുടങ്ങി സാമൂഹ്യസംവാദത്തിൽ ആരോഗ്യമേഖല ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. അതായത്‌ രോഗബാധിതരുടെ സുരക്ഷ, ചികിത്സ, കോവിഡാനന്തര പരിചരണം എന്നിവ രാഷ്ട്രീയ പാർടികളുടെ അജൻഡയായി മാറുകയാണ്‌. ഏത്‌ രാഷ്ട്രീയ കക്ഷിയാണോ ഈ വിഷയം നന്നായി കൈകാര്യം ചെയ്യുന്നത്‌ അവരെയാകും ജനങ്ങൾ പിന്തുണയ്‌ക്കുക. പിണറായി വിജയൻ സർക്കാരിന്‌ തുടർഭരണം ലഭിച്ചതിലെ പ്രധാന ഘടകവും മഹാമാരിയെയും പ്രകൃതി ദുരന്തങ്ങളെയും നേരിട്ടതിൽ സർക്കാർ വഹിച്ച ക്രിയാത്മകവും കാര്യക്ഷമവുമായ പങ്കാളിത്തമായിരുന്നു.

എൽഡിഎഫ്‌ സർക്കാരിന്റെ ആരോഗ്യരംഗത്തെ ഈ കരുതൽ നയം ബഹുദൂരം മുന്നോട്ടുകൊണ്ടുപോകുന്നതാണ്‌ വെള്ളിയാഴ്‌ച ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്‌. അതിജീവനത്തിന്‌ ആറിന കർമപരിപാടിയാണ്‌ ധനമന്ത്രി പ്രഖ്യാപിച്ചത്‌. ‘എല്ലാത്തിനും മുമ്പേ ആരോഗ്യം’, ‘ഒന്നാമത്‌ ആരോഗ്യം’ എന്ന ശരിയായ മുദ്രാവാക്യങ്ങളാണ്‌ ബജറ്റ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. ആരോഗ്യപ്രതിസന്ധിയുടെ കാലത്തെ ആരോഗ്യ ബജറ്റാണ്‌ ഇതെന്ന്‌ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. കോവിഡ്‌, എബോള, നിപാ തുടങ്ങി പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിന്‌ മെഡിക്കൽ കോളേജിൽ പ്രത്യേക ബ്ലോക്ക്‌ നിർമാണം, എല്ലാ സിഎച്ച്‌സി, താലൂക്ക്‌, ജില്ല, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധി നേരിടാൻ 10 കിടക്കയുള്ള ഐസൊലേഷൻ വാർഡുകൾ, പീഡിയാട്രിക്‌ ഐസിയു, കിടക്കയുടെ വർധന, 150  ടൺ ദ്രവീകൃത മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ്‌ തുടങ്ങിയ പ്രഖ്യാപനമെല്ലാംതന്നെ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക ലക്ഷ്യമാക്കിയുള്ളതാണ്‌. കേന്ദ്ര സർക്കാരിന്റെ നയമില്ലായ്‌മയുടെ ഫലമായി വാകസിൻ ക്ഷാമം നേരിടുന്ന ഈ ഘട്ടത്തിൽ അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ (സിഡിസി) മാതൃകയിൽ പകർച്ചവ്യാധി നിവാരണ ഗവേഷണകേന്ദ്രം തുറക്കാനുള്ള തീരുമാനത്തെ ചരിത്രപരമെന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. ഒരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്‌തുകണ്ടില്ല. ഓക്‌സിജൻ ലഭ്യമാക്കുന്നതിൽ എൽഡിഎഫ്‌ സർക്കാർ കൈക്കൊണ്ട കാര്യക്ഷമമായ നടപടികൾ വാക്‌സിൻ ലഭ്യതയിലും കൊണ്ടുവരുമെന്ന പ്രഖ്യാപനമാണ്‌ ഇത്‌. 18നും 44 നും വയസ്സിനിടയിൽ ഉള്ളവർക്ക്‌ സൗജന്യമായി വാക്‌സിൻ നൽകുന്നതിൽനിന്ന് മോഡി സർക്കാർ ഒഴിഞ്ഞുമാറിയപ്പോൾ അവർക്ക്‌ സൗജന്യ വാക്‌സിൻ ഉറപ്പുവരുത്താനായി 1000 കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌. എല്ലാവരും സുരക്ഷിതരായിരിക്കുന്നതുവരെ ആരും സുരക്ഷിതമല്ലെന്ന ബോധ്യത്തിൽ നിന്നുണ്ടായ നടപടിയാണ്‌ ഇത്‌.

എൽഡിഎഫ്‌ സർക്കാരിന്റെ ആരോഗ്യ ബജറ്റിനു പിന്നിൽ ഒരു സാമ്പത്തിക ശാസ്‌ത്രവുമുണ്ട്‌. ധനമന്ത്രി തന്നെ സൂചിപ്പിച്ചതുപോലെ എല്ലാവരെയും വാക്‌സിനേറ്റ്‌ ചെയ്‌ത്‌ കോവിഡിനെ നിയന്ത്രണവിധേയമാക്കുന്ന ആദ്യ സംസ്ഥാനം കേരളമായാൽ സ്വാഭാവികമായും സാമ്പത്തികപ്രവർത്തനം ശക്തമാകും.  കൂടുതൽ സംരംഭവും നിക്ഷേപങ്ങളും കേരളത്തിലേക്ക്‌ ആകർഷിക്കപ്പെടും. അതോടൊപ്പം സംസ്ഥാനത്തെ ജനങ്ങളിൽ വലിയ ആത്മവിശ്വാസം സൃഷ്ടിക്കാനും ഈ നടപടി ഉപകരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top