25 May Monday

കേരളാ ബാങ്ക്‌: സഹകരണമേഖലയ്‌ക്ക്‌ കരുത്താകും

വി ബി പത്മകുമാർ Updated: Monday Sep 23, 2019


ലോകത്താകെ ബാങ്കിങ്‌–- ധന മേഖലയിൽ വലിയ മാറ്റങ്ങൾ നടക്കുന്ന കാലമാണ്. 2008ലെ ആഗോള സാമ്പത്തിക തകർച്ചയ്‌ക്കുശേഷം വീണ്ടും മാന്ദ്യം പല രാജ്യത്തിലും തുടരുകയോ കൂടുതൽ രൂക്ഷമാകുകയോ ചെയ്യുന്നു. അതിന്റെ ഭാഗമായി രാജ്യങ്ങൾ തമ്മിൽ കയറ്റിറക്കുമതിക്കുമേൽ അധിക ചുങ്കം ചുമത്തി തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സുരക്ഷിതമാക്കാനുള്ള ആസൂത്രിതമായ നീക്കം വ്യാപാര യുദ്ധത്തിലേക്ക്‌ നീങ്ങുകയാണ്. അതുമൂലം നിലവിലുള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്. ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം സാമ്പത്തിക തകർച്ച നേരിടുന്നതിന്റെ കണക്കുകൾ വിവിധ മേഖലകളിൽനിന്ന്‌ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്‌.

ജിഎസ്ടിയും നോട്ടുനിരോധനവും ഏറ്റവും കൂടുതൽ ബാധിച്ചത് സഹകരണ ബാങ്കിങ്‌ മേഖലയെയാണ്.  ദിവസങ്ങളോളം ബാങ്കിങ്‌ പ്രവർത്തനം നടത്താൻ അനുവദിച്ചില്ല. കേരളത്തിലാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയത്. ആർബിഐ ലൈസൻസോടെ പ്രവർത്തിക്കുന്ന ജില്ലാ ബാങ്കുകൾക്കും കനത്ത തിരിച്ചടിയാണ് ഇക്കാലയളവിൽ നേരിട്ടത്.  കേരളത്തിൽ ജനങ്ങളാകെ സഹകരണപ്രസ്ഥാനത്തിനു പിന്നിൽ അണിനിരന്നതുകൊണ്ടും എൽഡിഎഫ് സർക്കാരിന്റെ പിന്തുണ കൊണ്ടുമാണ് കേരളത്തിൽ സഹകരണപ്രസ്ഥാനം പ്രതിസന്ധിയെ അതിജീവിച്ചത്. എന്നാൽ, നോട്ടുനിരോധനവും രണ്ടു പ്രളയവും ജില്ലാ സഹകരണ ബാങ്കുകളെയും പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളെയും വലിയതോതിൽ ബാധിച്ചുകൊണ്ടിരിക്കുകയാണ്.  കൃഷിക്കാർക്ക് പ്രകൃതിദുരന്തങ്ങൾമൂലം നഷ്ടം സംഭവിക്കുന്നതിനാൽ വായ്‌പാ തിരിച്ചടവ് കുറയുന്നു. പ്രാഥമിക സംഘങ്ങളും കൃഷിക്കാരും ജില്ലാ ബാങ്കുകളിൽനിന്നും എടുത്ത വായ്‌പയും പലിശയും തിരിച്ചടയ്‌ക്കാൻ ശേഷിയില്ലാതാകുന്നു. ഇതുമൂലം ബാങ്കുകളിൽ നിഷ്‌ക്രിയാസ്‌തി വർധിക്കുന്നു. നിഷ്‌ക്രിയാസ്‌തി സംബന്ധിച്ച് വാണിജ്യ ബാങ്കുകളുടെ മാനദണ്ഡങ്ങൾ ജില്ലാ ബാങ്കുകൾക്ക് ബാധകമാക്കിയതുകൊണ്ട് കരുതൽ വയ്‌ക്കുകയും ബാങ്കുകൾ നഷ്ടത്തിലേക്ക്‌ പോകുകയുമാണ്. അതോടൊപ്പം ജില്ലാ ബാങ്കുകളുടെ -നിക്ഷേപ വായ്‌പാനുപാതം കുറഞ്ഞുവരികയും ചെയ്യുന്നു.  ഇത് ജില്ലാ ബാങ്കുകളുടെ പ്രവർത്തനത്തെ കഴിഞ്ഞ രണ്ടു വർഷമായി നന്നായി ബാധിക്കുന്നുണ്ട്‌.

കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കും യോജിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമം അതിന്റെ അവസാനഘട്ടത്തിലാണ്. ഇത് കേരളത്തിലെ സഹകരണമേഖലയുടെ വലിയ വളർച്ചയ്‌ക്ക്‌ സഹായകരമാകുമെന്ന് ഫെഡറേഷൻ കരുതുന്നു. അതുകൊണ്ടുതന്നെ കേരളാ ബാങ്കിനെ ആദ്യംമുതൽ പിന്തുണച്ചത് ഫെഡറേഷനാണ്.  സാധാരണക്കാരന്റെ എല്ലാ ആവശ്യവും ആധുനിക ബാങ്കിങ്‌ സേവനങ്ങളും നൽകുന്ന കേരളത്തിന്റെ സ്വന്തം ബാങ്കായി കേരളാ ബാങ്ക് മാറും.

കേരളത്തിൽ സഹകരണമേഖല കഴിഞ്ഞ പ്രളയത്തിനുശേഷം നവകേരളം കെട്ടിപ്പടുക്കുന്നതിനായി സർക്കാരിന് വലിയ പിന്തുണയാണ് നൽകുന്നത്. കെയർ കേരള പദ്ധതിയുടെ ആദ്യഘട്ടത്തിൽ രണ്ടായിരത്തിലേറെ വീടാണ് നിർമിച്ചുനൽകുന്നത്.ഫെഡറേഷൻ അംഗങ്ങൾ സാലറി ചലഞ്ചിലൂടെ  18 കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകി. ഓരോ ജില്ലയിലും എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി ഭക്ഷ്യവസ്‌തുക്കളും വസ്ത്രങ്ങളും വിതരണംചെയ്‌തു. ശുചീകരണപ്രവർത്തനങ്ങളിൽ ഫെഡറേഷൻ അംഗങ്ങൾ പങ്കാളികളായി.

ജീവനക്കാരുടെ പ്രശ്നങ്ങൾ, സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനോടൊപ്പം സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളിൽ ഗൗരവമായ ഇടപെടൽ നടത്തുന്ന സംഘടനകൂടിയാണ്, ഡിസ്ട്രിക്ട് കോ-–-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ.  സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളിൽ സഹായഹസ്‌തം നീട്ടുന്ന സഹകരണമേഖല വലിയ വെല്ലുവിളി നേരിടുകയാണ്. മാറിമാറിവരുന്ന കേന്ദ്ര സർക്കാർ വിപണിയുടെ കഴുത്തറുപ്പൻ മത്സരങ്ങളിലേക്ക്‌ തള്ളിവിടുകയാണ്. ഇതിനെതിരായി ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളിലും ഈ ജനകീയപ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിന് സഹകാരികളോടൊപ്പം ജനങ്ങളോടൊപ്പം ഈ മേഖലയിൽ പണിയെടുക്കുന്നവരും തോളോടുതോൾ ചേർന്നുണ്ടാകും.

(ഡിസ്‌ട്രിക്ട്‌ കോ–-ഓപ്പറേറ്റീവ്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ )


പ്രധാന വാർത്തകൾ
 Top