26 May Tuesday

കോവിഡുകാലം പോകും; കൃഷി തിരിച്ചുവരണം

വി എസ് സുനിൽകുമാർUpdated: Saturday Apr 4, 2020

കോവിഡ്–-19 വ്യാപനം തടയുന്നതിനായി മാർച്ച് 25ന് ആരംഭിച്ച ലോക്ക്‌ഡൗൺ ഇപ്പോഴും തുടരുകയാണ്. വീടുകളിൽ തുടരുന്ന ഈ കാലയളവിൽ ആരോഗ്യവും മാനസികോല്ലാസവും ഉണ്ടാകുന്നതിന് ഏറ്റവും നല്ല മാർഗം ചെറിയ ചെറിയ കൃഷിപ്പണികളിൽ ഏർപ്പെടുക എന്നുള്ളതാണ്. കോവിഡ് കാലത്ത് അതിർത്തികൾ മണ്ണിട്ട് അടയ്ക്കാൻ നമ്മുടെ സഹോദര സംസ്ഥാനങ്ങൾ തിടുക്കം കാട്ടിയത് നാം കണ്ടല്ലോ. അതിനാൽ അവശ്യസാധനങ്ങൾക്കായി അതിർത്തി കടന്നെത്തുന്ന ചരക്കുലോറികൾക്കായി കാത്തിരിക്കാതെ സ്വന്തം മണ്ണിൽ വിത്തിറക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്. ഇവിടെ നമുക്ക് നല്ല മണ്ണുണ്ട്, വെള്ളമുണ്ട്, മനോഹരമായ കാലാവസ്ഥയുണ്ട്, നാളികേരത്തിന്റെ ഈ നാട്ടിൽ വിളയാത്ത ഏത്‌ വിളയാണുള്ളത്?

മലയാളിസമൂഹത്തെ നല്ല ആരോഗ്യവും ശാരീരികക്ഷമതയും ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജീവനി  "നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന ബൃഹത്തായ പദ്ധതിക്ക് കൃഷിവകുപ്പ് രൂപം നൽകിയത്.  ആരോഗ്യവകുപ്പിന്റെകൂടി സഹകരണത്തോടെ ഓരോ പ്രദേശത്തിനും അനുയോജ്യമായ ഭക്ഷണത്തളിക തയ്യാറാക്കി, തളികയിലേക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ജനകീയ പങ്കാളിത്തത്തോടെ വീട്ടുവളപ്പിൽത്തന്നെ വിളയിച്ചെടുക്കുക എന്നതാണ് ജീവനിയുടെ രീതിശാസ്ത്രം.  ജനുവരി ഒന്നുമുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിൽ ഈ കാർഷിക കർമപരിപാടി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.  ഇതോടൊപ്പം കൃഷി പാഠശാല എന്ന പേരിൽ പൊതുജനങ്ങളെ ശാസ്ത്രീയമായി കൃഷി പഠിപ്പിക്കുന്ന പരിപാടിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ജനുവരി നാലിന് ഈ പദ്ധതി മുഖ്യമന്ത്രി തൃശൂരിൽ ഉദ്‌ഘാടനംചെയ്തു. പദ്ധതി നല്ല നിലയിൽ നടപ്പാക്കിവരുന്നതിനിടയിലാണ് കോവിഡ്–-19 രോഗവ്യാപനം ഉണ്ടായത്. അതിന്റെ ഭാഗമായി ലോക്ക്ഡൗൺകൂടി വന്നതോടെ നടീൽ വസ്തുകളുടെയും വിത്തുകളുടെയും വിതരണം തടസ്സപ്പെട്ടു.  കൃഷി ചെയ്യാൻ സ്ഥലമില്ലെന്നും സൗകര്യമില്ലെന്നുമൊക്കെ പറയുന്നവരുണ്ട്.  അവരോട് പറയാനുള്ളത്, കൃഷി ചെയ്യാൻ ആദ്യം വേണ്ടത് സ്ഥലമോ സൗകര്യമോ അല്ല, കൃഷി ചെയ്യാനുള്ള മനസ്സാണ്. മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട്.


 

കൃഷി എന്നത് നമ്മുടെ സാമൂഹ്യ ഉത്തരവാദിത്തമാണ്. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്നതാണ് മാറിയകാലത്തിന്റെ മുദ്രാവാക്യം. 2017–-18 സാമ്പത്തിക വർഷം 69047 ഹെക്ടർ പ്രദേശത്തുനിന്ന് നമ്മൾ പത്ത്‌ ലക്ഷം മെട്രിക് പച്ചക്കറിയാണ് ഉൽപ്പാദിപ്പിച്ചത്. 2018–-19ൽ ആകട്ടെ, 82166 ഹെക്ടറിൽനിന്ന് 12.12 ലക്ഷം മെട്രിക് ടണ്ണും.  പ്രതിവർഷം 20 ലക്ഷം മെട്രിക് ടൺ പച്ചക്കറി നമുക്ക് ആവശ്യമുണ്ട്. ഇതിൽത്തന്നെ 40 ശതമാനം പച്ചക്കറികൾ സംസ്ഥാനത്തിന് പുറത്തുനിന്നാണ് വരുന്നത്.  ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചാൽ മാത്രമേ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറയ്ക്കാൻ സാധിക്കുകയുള്ളു. നാടൻ ഇനങ്ങൾ കൂടുതലായി കൃഷി ചെയ്യേണ്ടത് അനിവാര്യമാണ്.  ഇന്ന് ലോകത്താകെ ഹോർട്ടിതെറാപ്പി എന്ന ഒരു പുതിയ ആരോഗ്യശാസ്ത്രശാഖ വളർന്നുവരുന്നുണ്ട്.  പ്രധാനമായും ജീവിതശൈലീരോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട മേഖലയിലാണ് ഹോർട്ടിതെറാപ്പി ഉപയോഗിക്കുന്നത്.

പച്ചക്കറികളുടെ മാത്രമല്ല, ഇലക്കറികളുടെയും കിഴങ്ങുവർഗങ്ങളുടെയും വൈവിധ്യംകൊണ്ട് സമ്പന്നമാണ് കേരളം. പരമ്പരാഗത വിത്തുകൾ സംരക്ഷിക്കുന്നതിനും കൂടുതൽ പ്രദേശങ്ങളിൽ അവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന കൃഷിവകുപ്പ് നടപടി സ്വീകരിച്ചുവരുന്നുണ്ട്. വയനാട്ടിലെ കേളു പയർ, കുളത്താട പയർ, കാസർകോട്‌ ജില്ലയിലെ ആനക്കൊമ്പൻ വെണ്ട, വെള്ള വെണ്ട,  കോഴിക്കോട് ജില്ലയിലെ എടക്കര പാവൽ, തലക്കുളത്തൂർ കക്കിരി, കണ്ണൂർ ജില്ലയിലെ മട്ടന്നൂർ വെള്ളരി, മലപ്പുറത്തെ അരിപ്ര കണിവെള്ളരി, എടയൂർ മുളക്, പാലക്കാട് ജില്ലയിലെ കോട്ടായി വഴുതന,  തൃശൂർ ജില്ലയിലെ പൊട്ടുവെള്ളരി, എറണാകുളത്തെ കക്കാട് പാവൽ, തിരുവാണിയൂർ പടവലം, കോട്ടയത്തെ കാളക്കൊമ്പൻ വഴുതന, ഇടുക്കി ജില്ലയിലെ ഇഞ്ചി വെള്ളരി,  കൊല്ലത്തെ അഞ്ചൽ ലോക്കൽ പയർ, ഒടയൻകൊല്ലി ഉണ്ട മുളക്, ആലപ്പുഴയിലെ കഞ്ഞിക്കുഴി പയർ, പട്ടുചീര, തിരുവനന്തപുരം ജില്ലയിലെ വ്ളാത്തങ്കര ചീര തുടങ്ങിയ മുപ്പത്തഞ്ചിനം പരമ്പരാഗത വിത്തിനങ്ങളാണ് വിതരണം ചെയ്യുന്നത്.  സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള വിഎഫ്പിസികെ വഴിയാണ് ഈ സംരംഭം നടപ്പാക്കുന്നത്.  ലോക്ക്ഡൗൺ അവസാനിച്ച് ജനജീവിതം സാധാരണനിലയിലേക്ക് മാറുന്നമുറയ്ക്ക് വിത്തുകൾ ശേഖരിക്കാവുന്നതാണ്.


 

ഗ്രാമ പ്രദേശങ്ങളിലുള്ളവർ വീട്ടുവളപ്പിൽത്തന്നെ ലഭ്യമായ സ്ഥലത്ത് ഏതെങ്കിലും തരം കൃഷി ആരംഭിക്കണം. നഗരങ്ങളിൽ കഴിയുന്നവർക്ക് ബാൽക്കണിയോ ടെറസിന്റെ റൂഫോ പ്രയോജനപ്പെടുത്താവുന്നതാണ്.  പ്ലാസ്റ്റിക് കവറുകളോ ചാക്കുകളോ അത്തരത്തിലുള്ള പാഴ് വസ്തുക്കൾ ചെടികൾ നടുന്നതിന് ഉപയോഗപ്പെടുത്താം. ഒരുതരത്തിലും കൃഷി ചെയ്യാൻ സാധിക്കാത്തവർ, മൈക്രോ ഗ്രീൻ കൃഷിയെങ്കിലും ചെയ്യാൻ തയ്യാറാകണം.ചെറിയ ട്രേയിൽ കടലാസോ ടിഷ്യൂ പേപ്പറോ നനച്ചിട്ട് അതിൽ ചെറുപയർ പോലുള്ള ധാന്യങ്ങൾ മുളപ്പിച്ചെടുക്കുകയും അവ വളർന്ന് വലുതാകുന്നതിന്‌ മുമ്പുതന്നെ കറിവയ്ക്കുകയും ചെയ്യുന്നതാണ് മൈക്രോ ഗ്രീൻ സമ്പ്രദായം.  ഇപ്പോൾ, കൃഷി ഒരു സംസ്കാരമായി വളർത്തിക്കൊണ്ടുവന്നു കഴിഞ്ഞാൽ, കൊറോണക്കാലത്തിനുശേഷം കൂടുതൽ സ്ഥലത്ത്  കൂടുതൽ മികച്ച നിലയിലേക്ക് അത് വ്യാപിപ്പിക്കുന്നതിന് നമുക്ക് സാധിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top