27 May Monday

ദുരന്തങ്ങളും പൊതുജനാരോഗ്യനിയമവും

ഡോ. വി ജി പ്രദീപ് കുമാർUpdated: Tuesday Sep 11, 2018

കേരളം കണ്ട എക്കാലത്തെയും വലിയ മഹാപ്രളയത്തിനുശേഷം നവകേരളത്തിന്റെ പുനർനിർമാണത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണല്ലോ. പ്രളയാനന്തര ആരോഗ്യകേരളത്തെക്കുറിച്ചുള്ള ആശങ്കകൾ എലിപ്പനി, ഡെങ്കിപ്പനി എന്നീ പകർച്ചവ്യാധികൾ ഉയർത്തിയിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ അസോസിയേഷനുകളുടെയും കൂട്ടായ പ്രവർത്തനങ്ങൾ ഇവയെ ശക്തമായി പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. ഏതൊരു ദുരന്തമുണ്ടായാലും (പ്രളയം, വരൾച്ച, ഭൂകമ്പം, കൊടുങ്കാറ്റ്, ഉരുൾപൊട്ടൽ) ആരോഗ്യവകുപ്പും  ആരോഗ്യപ്രവർത്തകരും ഊർജസ്വലമായി പ്രവർത്തിക്കുകയും ദുരന്തഫലമായുണ്ടാകുന്ന അടിയന്തരവും വിദൂരവുമായ ആരോഗ്യപ്രശ‌്നങ്ങൾക്ക് സമഗ്രമായ പരിഹാരങ്ങൾ കാണുകയും ചെയ്യാറുണ്ട്. പരിക്കുകൾ, ദേഹാസ്വാസ്ഥ്യം, മാനസികാഘാതം എന്നിവ അടിയന്തര ആരോഗ്യപ്രശ്നങ്ങളാണെങ്കിൽ  സാംക്രമികരോഗങ്ങൾ, പോഷകാഹാരക്കുറവ്, വിഷാദം, പോസ്റ്റ് ടോമാറ്റിക‌് സ‌്ട്രസ‌് ഡിസോർഡർ എന്നിവ വിദൂര ആരോഗ്യ പ്രശ്നങ്ങളിൽപ്പെടുന്നു.

ദുരന്തമുഖത്തെ ഏകോപിതപ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് പ്രമുഖമായ പങ്കാണ് വഹിക്കാനുള്ളത്. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടങ്ങിയ പ്രൊഫഷണൽ സംഘടനകളും സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. കേരളത്തിൽ ഇപ്പോൾ കണ്ടുവരുന്ന പ്രളയാനന്തര സാംക്രമികരോഗങ്ങളാണ് എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ. ഇതിൽത്തന്നെ പ്രധാനമായും എലിപ്പനിയാണ് രോഗാതുരതയ‌്ക്കും മരണനിരക്കിനും ഇപ്പോൾ കാരണമാകുന്നത്. എലിപ്പനി തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുകയും കേരളത്തിലെ മുഴുവൻ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഏറ്റെടുത്തു നടത്തിവരികയുമാണ്. ഡോക്സിസൈക്ലിൻ ഗുളിക പ്രളയാനന്തര എലിപ്പനി തടയുന്നതിൽ (200 മി.ഗ്രാം. ഗുളിക ആഴ്ച‌യിൽ ഒരുതവണ ഭക്ഷണത്തിനുശേഷം) വളരെ ഫലപ്രദമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. എലിപ്പനി പ്രതിരോധപ്രവർത്തനങ്ങളെ അവഹേളിക്കുകയും ആരോഗ്യവകുപ്പും ഡോക്ടർമാരും പണമുണ്ടാക്കാൻവേണ്ടി മരുന്നുകമ്പനികളുമായി ഒത്തുകളിക്കുകയുമാണെന്ന് ചിലർ സ്വയം അവരോധിത ഡോക്ടർമാരായി സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നതും നാം കണ്ടു. ഇവർക്കെതിരെ നടപടികൾ കൈക്കൊണ്ടു എന്നത് സ്വാഗതാർഹമാണ്. മാത്രവുമല്ല, പ്രളയദുരന്തത്തിന്റെ ആശങ്കയിൽ നിൽക്കുന്ന ജനതയുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്നരീതിയിൽ പൊതുജനാരോഗ്യ വിഭാഗത്തിന്റെ മാർഗനിർദേശങ്ങൾക്കുവിരുദ്ധമായി പല ചികിത്സാവിഭാഗങ്ങളും തങ്ങളുടേതായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് പൊതു സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കേനേ ഉപകരിക്കൂ. ഇവിടെയാണ് പൊതുജനാരോഗ്യനിയമ(ജൌയഹശര ഒലമഹവേ അര) ത്തിന്റെ പ്രസക്തി. പൊതുജനാരോഗ്യനിയമം ഏതൊരു സംസ്ഥാനത്തിനും അവശ്യമായിവേണ്ടതാണ്. വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ട സന്ദർഭങ്ങളായ പ്രകൃതിദുരന്തങ്ങൾ, റോഡപകടങ്ങൾ, സാംക്രമിക രോഗങ്ങളുടെ പടർന്നുപിടിക്കൽ, ഭക്ഷ്യവിഷബാധ എന്നീ അടിയന്തരഘട്ടങ്ങളിൽ ഈ നിയമം വളരെ ഉപയോഗപ്രദമാകും. പൊതുജനാരോഗ്യ നിയമപ്രകാരം ഈ സന്ദർഭങ്ങളിൽ ഓരോ വകുപ്പുകളും വിഭാഗങ്ങളും ചെയ്യേണ്ട കടമകളും ഉത്തരവാദിത്തങ്ങളും നിർവചിക്കപ്പെടേണ്ടതാണ്.

ഇംഗ്ലണ്ടിലെ വേൽസിൽ 1845 ലാണ് ആധുനികലോകത്തെ ആദ്യത്തെ പൊതുജനാരോഗ്യ നിയമം നടപ്പാക്കിയത്. പിന്നീട് 1944 ൽ ബ്രിട്ടൻ അത് പരിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തു. ശുദ്ധമായ കുടിവെള്ളം ഉറപ്പു വരുത്തൽ, കുട്ടികളിലെ നിർബന്ധിത കുത്തിവയ‌്പ‌് (ഢമരരശിമശീിേ), ദുരന്തങ്ങൾ അപകടങ്ങൾ എന്നീ സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്ത ഏകോപനം എന്നിവ ബ്രിട്ടീഷ് നിയമത്തിൽ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. ഇന്ത്യയിൽ പരിഷ‌്കരിച്ച പൊതുജനാരോഗ്യനിയമം  2002 ജനുവരി ഒന്നിനാണ് ആവിഷ‌്കരിച്ചത്. ഇതിൽ ആരോഗ്യവകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെയും വകുപ്പുമന്ത്രി മുതൽ ഹെൽത്ത് ഇൻസ്പെക്ടർ വരെയുള്ള ആരോഗ്യപ്രവർത്തകശ്രേണിയിലെ എല്ലാവരുടെയും പങ്ക് കൃത്യമായി നിർവചിച്ചിട്ടുണ്ട്. കേരളത്തിൽ സമഗ്രമായ ഒരു പൊതുജനാരോഗ്യ നിയമത്തിന്റെ അഭാവം പലഘട്ടങ്ങളിലും ആരോഗ്യവകുപ്പ് മേധാവികൾക്ക് ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നതിന് തടസ്സമാകുന്നുണ്ട്. കേരളത്തിൽ പൊതുജനാരോഗ്യ നിയമത്തിന്റെ കരടുരൂപം 2009ൽ പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാലും വെളിച്ചം കണ്ടില്ല. തെറ്റായ പ്രചാരണങ്ങൾ ദൃശ്യ, അച്ചടി, സാമൂഹ്യമാധ്യമങ്ങൾവഴി നടത്തുന്നവർക്കെതിയുള്ള നടപടിയെടുക്കുന്നതിൽ ഈ നിയമത്തിന്റെ അഭാവം പലപ്പോഴും വിഘാതമാകാറുണ്ട്. നിപാ പകർച്ചപ്പനിയുടെ സമയത്തും പ്രളയാനന്തര എലിപ്പനിയുടെ കാര്യത്തിലും ഇത് ശ്രദ്ധേയമാണ്. സന്ദിഗ്ധ ഘട്ടങ്ങളിൽ ഒരു ജനതയുടെ ആരോഗ്യസംരക്ഷണത്തിന്, ലോകത്ത് ഇന്ന് നിലനിൽക്കുന്ന ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചികിത്സാമാർഗ നിർദേശങ്ങളാണ് ഏതൊരു സർക്കാരിനും മുന്നോട്ടുവയ‌്ക്കാൻ കഴിയുക.

ലോകാരോഗ്യസംഘടന (ണഒഛ) നിഷ‌്കർഷിക്കുന്ന മാർഗരേഖകളാണ് ഇത്തരംസന്ദർഭങ്ങളിൽ ലോകത്തെ എല്ലാ രാജ്യങ്ങളിലും നടപ്പാക്കിയിട്ടുള്ളത്. അവ നടപ്പാക്കുന്നതിനാണ് വകുപ്പും ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടതും. ഇതിനെതിരെ നിൽക്കുന്നവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരേണ്ടിവരും. കേരളത്തിൽ പൊതുജനാരോഗ്യനിയമം അടിയന്തരമായി പരിഷ‌്കരിച്ചു നടപ്പാക്കേണ്ടതുണ്ട്. അതിനുള്ള ചർച്ചകൾ തുടങ്ങുന്നതിനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. കർമനിരതവും ലക്ഷ്യബോധവുമുള്ള പ്രവർത്തനങ്ങൾ ആരോഗ്യരംഗത്ത് മുന്നോട്ടുകൊണ്ടുപോകുന്നതിന് പൊതുജനാരോഗ്യനിയമം കൂടിയേതീരൂ. എന്തെന്നാൽ ഈ നിയമത്തിന് ഒരു ജനതയുടെ ആരോഗ്യത്തിന്റെ കാവലാളാകാൻ കഴിയും.

(ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top