26 May Tuesday

കയ്യൂർ : അനശ്വരതയുടെ കനൽമുദ്ര

പി കരുണാകരൻUpdated: Sunday Mar 29, 2020

തൂക്കുകയർ വരിഞ്ഞുമുറുകി കണ്‌ഠനാളമിടറുമ്പോഴും ജന്മി–-നാടുവാഴിത്തത്തെയും സാമ്രാജ്യത്വത്തെയും വിറപ്പിച്ച്‌ ഇൻക്വിലാബ്‌ വിളിച്ച രണധീരർ. സഖാക്കൾ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ... കയ്യൂർ സഖാക്കൾ..1943 മാർച്ച് 29ന്റെ പുലരിയെ ഹൃദയരക്തംകൊണ്ട്‌ ചുവപ്പിച്ച്‌ ചരിത്രമായ അനശ്വരന്മാർ. കയ്യൂർ സഖാക്കളുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 77 വർഷം തികയുന്നു. കണ്ണൂർ സെൻട്രൽ ജയിലിന്റെ തടവറകൾ ഭേദിച്ച ആ മുദ്രാവാക്യത്തിന്റെ കരുത്തിൽ ജ്വലിച്ചുയർന്ന കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇന്ന്‌ ഈ നാടിനെ നയിക്കുകയാണ്‌. ലോകം അറിയുന്ന, അന്വേഷിക്കുന്ന മാതൃകാകേരളമായി ഈ കൊച്ചു സംസ്ഥാനം. വിശക്കുന്നവരുടെ വേദന പങ്കിടുന്ന, ജനതയുടെ മാനാഭിമാനങ്ങളുടെ വിലയറിയുന്ന കരുത്തുറ്റ ഭരണനേതൃത്വം. ഇന്ന്‌ കേരളം ചിന്തിക്കുന്നത്‌ നാളെ ഇന്ത്യയും ലോകവും ചിന്തിക്കുന്ന തരത്തിലേക്ക്‌ മാറി. ഏതു മഹാമാരിയെയും നേരിടാനുള്ള ചങ്കുറപ്പുമായി കേരളം മുന്നേറുകയാണ്‌. കയ്യൂർ സഖാക്കൾ ഉൾപ്പെടെയുള്ള ധീരന്മാർ വഴിനടത്തിയ ത്യാഗത്തിന്റെയും മാനവികതയുടെയും പാതയിലൂടെ...

കാലമേറെ കഴിഞ്ഞിട്ടും തേജസ്വിനിയുടെ ഓളങ്ങൾ ഇന്നും ആ ധീരഗാഥകൾ വാഴ്‌ത്തിപ്പാടുകയാണ്‌. അടിമത്തനുകത്തിൽനിന്ന്‌ സഹജീവികളെ മോചിപ്പിച്ച്‌ അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കുന്ന ലോകമായിരുന്നു കയ്യൂർ സഖാക്കളുടെ സ്വപ്‌നം. അതിനുവേണ്ടിയാണ്‌ അവർ പ്രവർത്തിച്ചത്‌. ജന്മിമാരുടെയും നാടുവാഴികളുടെയും അവസാനം കുറിക്കാനുള്ള ആ യാത്രയിലേക്കുള്ള പാതിവഴിയിലാണ്‌ മഹത്തായ ഉദ്യമം പിന്മുറക്കാരെ ഏൽപ്പിച്ച്‌ പ്രിയസഖാക്കൾ രക്തസാക്ഷികളായത്‌. ഇന്ത്യയിൽ കമ്യൂണിസ്റ്റ്‌–-കർഷകപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ധീരോദാത്തമായ ഏടാണ്‌ കയ്യൂർ. പോർമുഖങ്ങളെ ത്രസിപ്പിക്കുന്ന, സമരപഥങ്ങളെ ചുവപ്പണിയിക്കുന്ന ചിരസ്‌മരണ. കയ്യൂർ സഖാക്കളുടെ ജീവത്യാഗം മാനവമോചനപ്പോരാട്ടത്തിലെ അനുപമമായ മഹാഗാഥയാണ്‌.


 

നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ കർഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർടിയും നടത്തിയ ധീരോദാത്തസമരങ്ങളുടെ ചരിത്രത്തിലെ ആവേശോജ്വലമായ കാലഘട്ടത്തെയാണ് കയ്യൂർസമരം സൂചിപ്പിക്കുന്നത്. 1934 മുതൽ കർഷകപ്രസ്ഥാനം ജന്മിത്തത്തിനെതിരെ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങി. മറ്റു സ്ഥലങ്ങളിലെപ്പോലെ നീലേശ്വരം രാജാവിന്റെ ചെയ‌്തികളെ ചോദ്യംചെയ‌്ത‌് കർഷകപ്രസ്ഥാനം സമരരംഗത്ത് വന്നു.

ഒരുദിവസം ഹോസ്ദുർഗ് റവന്യൂ ഇൻസ്‌പെക്ടർ കയ്യൂരിൽ വന്നപ്പോൾ വളന്റിയർ പരിശീലനവും കൃഷിക്കാരുടെ ജാഥയും നേരിൽക്കണ്ട് വഴിമാറി പോകേണ്ടിവന്നു. ഒരു ഫോറസ്റ്റ് ഓഫീസറെ കൃഷിക്കാർ കളിയാക്കിയെന്ന പരാതിയുമുണ്ടായി. കയ്യൂരിൽ കൃഷിക്കാർ സംഘടിക്കുന്നുവെന്ന് അവർ മേലാധികാരികൾക്ക് റിപ്പോർട്ട്‌ ചെയ‌്തു. ഈ അവസരത്തിൽത്തന്നെയാണ് കർഷകസംഘം യോഗം ചേർന്ന് നീലേശ്വരം രാജാവിന് നിവേദനം നൽകാൻ തീരുമാനിച്ചത്. 1941 മാർച്ച് 30ന് കയ്യൂരിൽനിന്ന് നീലേശ്വരത്തേക്ക് ജാഥയായി പോയി നിവേദനം നൽകാനായിരുന്നു തീരുമാനം. നിവേദനത്തിന്റെ കോപ്പി നേരത്തെ കിട്ടിയ ജന്മിയും പൊലീസുകാരും ചേർന്ന് ജാഥ പൊളിക്കാൻ പദ്ധതി തയ്യാറാക്കി.

മാർച്ച് 26ന് രാവിലെ ചില പൊലീസുകാർ ജന്മിയുടെ കാര്യസ്ഥന്മാരുമായി ചർച്ച നടത്തി. പൊലീസിന്റെയും ജന്മിയുടെയും നീക്കം മനസ്സിലാക്കാൻ പ്രാദേശിക കമ്മിറ്റി (സെൽ) ജാഗ്രതയോടെ പ്രവർത്തിച്ചു. കെ പി വെള്ളുങ്ങ, സി കൃഷ്ണൻനായർ, ടി വി കുഞ്ഞിരാമൻ എന്നിവർ പൊലീസിനെ പിന്തുടർന്നു. സഖാക്കളെ അടിക്കാൻ പദ്ധതിയിട്ട പൊലീസുകാരൻ ചെറിയ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തെത്തുടർന്ന് മാർച്ച് 26ന് രാത്രി ഹോസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ നിക്കോളാസും സംഘവും കയ്യൂരിലെത്തി കൊടിയ അതിക്രമങ്ങൾ നടത്തി. അരയാക്കടവിലുള്ള അപ്പുവിന്റെ ചായക്കട തല്ലിത്തകർത്തു. അവിടെ കിടന്നുറങ്ങുകയായിരുന്നവരെ മർദിച്ചു. വീടുകളിൽ കയറി മർദനം തുടങ്ങി. ടി വി കുഞ്ഞിരാമൻ, ടി വി കുഞ്ഞമ്പു എന്നീ സഖാക്കളെ അറസ്റ്റ് ചെയ‌്തു.

വാർത്ത കാട്ടുതീപോലെ പരന്നതോടെ കയ്യൂർ ഇളകിമറിഞ്ഞു. മർദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടന്നു. പ്രകടനം കയ്യൂർ കൂക്കണ്ടത്തുനിന്നാണ് പുറപ്പെട്ടത്. തലേദിവസത്തെ മർദനത്തിൽ പ്രധാനിയായ സുബ്ബരായൻ എന്ന പൊലീസുകാരൻ മറ്റെന്തോ ആവശ്യത്തിനുവേണ്ടി അവിടെ വന്നു. മൂക്കറ്റം മദ്യപിച്ച സുബ്ബരായൻ ജാഥ നീങ്ങവെ പ്രകോപനം സൃഷ്ടിച്ചു. പ്രകടനത്തിൽ പങ്കെടുത്ത സഖാക്കളുടെ വികാരം ആളിക്കത്തി. സംഘാടകർ പാടുപെട്ട് അവരെ നിയന്ത്രിച്ചു.

തുടർന്ന്, സുബ്ബരായൻ ചെങ്കൊടിയേന്തി പ്രകടനത്തോടൊപ്പം നടക്കാൻ നിർബന്ധിതനായി. കുറെ നടന്നപ്പോൾ കൊടിയുടെ വടി പൊട്ടിച്ച് ജാഥയ‌്ക്കുനേരെ തിരിഞ്ഞ് സഖാക്കളെ മർദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എതിർഭാഗത്ത് ക്ലായിക്കോട്ടുനിന്ന് പുറപ്പെട്ട മറ്റൊരു ജാഥ വരികയായിരുന്നു. തന്നെ ആളുകൾ പിന്തുടരുകയാണെന്ന ധാരണയിൽ സുബ്ബരായൻ പുഴയിലേക്ക് എടുത്തുചാടി. മദ്യലഹരിയും യൂണിഫോമിന്റെ ഭാരവും കാരണം അയാൾ മുങ്ങിമരിച്ചു.


 

ഈ സംഭവത്തെത്തുടർന്ന് കയ്യൂരിലും പരിസരപ്രദേശത്തും ഭീകരമായ പൊലീസ് വേട്ടയാണ് അരങ്ങേറിയത്. ചുവന്ന കൊടി ചുട്ടുകരിച്ച് കമ്യൂണിസ്റ്റുകാരെ മർദിച്ചൊതുക്കി പ്രസ്ഥാനത്തെ തകർക്കാൻ കഴിയാവുന്നതൊക്കെ അവർ ചെയ‌്തു. ഇ കെ നായനാർ, വി വി കുഞ്ഞമ്പു എന്നിവരടക്കം 61 പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ‌്തു. ഒളിവിൽപോയ നായനാരെ പിടികൂടാനായില്ല. മറ്റ് 60 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. അന്ന്‌ മംഗലാപുരം സെഷൻസ് കോടതിയിൽ കേസ് ഒരു വർഷത്തിലേറെ നടന്നു. തെളിവുകൾ ഭരണാധികാരികൾക്കെതിരായിരുന്നു. എന്നാൽ, വിധി അപ്രതീക്ഷിതവും.

അഞ്ച് സഖാക്കൾക്ക് വധശിക്ഷ വിധിച്ചു. രണ്ടുപേർക്ക് അഞ്ചുകൊല്ലവും കുറെപേർക്ക് മൂന്നുകൊല്ലവും തടവ്. മറ്റുള്ളവരുടെ റിമാൻഡ് കാലം തടവായി പരിഗണിച്ച് വിട്ടയച്ചു. ചൂരിക്കാടൻ കൃഷ്ണൻനായർ മൈനറായതിനാൽ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി. കയ്യൂർ സഖാക്കളുടെ ജീവൻ രക്ഷിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിൽ പ്രിവി കൗൺസിൽമുമ്പാകെ അപ്പീൽ സമർപ്പിച്ചു. എന്നാൽ, തീരുമാനം മാറ്റാൻ സാമ്രാജ്യത്വഭരണകൂടം തയ്യാറായില്ല. 1943 മാർച്ച് 29ന് പുലർച്ചെ അഞ്ചിന് കയ്യൂർ സഖാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റി. അവർ കൊലമരത്തെ പുഞ്ചിരിയോടെ നേരിട്ടു; ദിഗന്തം പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി. ‘ഇൻക്വിലാബ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാർടി സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്തം തകരട്ടെ, സഖാക്കളേ മുന്നോട്ട്...’

കയ്യൂർ സഖാക്കൾ നമ്മെ വിട്ടുപിരിഞ്ഞ് 77 വർഷത്തിനിടയിൽ അവരുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ ഏറെ ശക്തിപ്പെട്ടു. അവർ ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ ഹൃദയത്തിൽ പേറി കേരളത്തിലെയും ഇന്ത്യയിലെയും കർഷകപ്രസ്ഥാനവും വിപ്ലവപ്രസ്ഥാനവും ബഹുദൂരം മുന്നേറി. ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണ്. കയ്യൂർ രക്തസാക്ഷികളുടെ പ്രസ്ഥാനം ഇന്ന് കൂടുതൽ കരുത്തും ശക്തിയും കൈവരിച്ചു. ലോകവും രാജ്യവും ഏറ്റവും രൂക്ഷമായ മഹാമാരിയുടെ പിടിയിലമർന്ന കാലത്താണ്‌ നാം മറ്റുള്ളവർക്കായി സ്വജീവൻ ത്യജിച്ച കയ്യൂർ സഖാക്കളുടെ ഓർമ പുതുക്കുന്നത്‌. ആ സ്‌മരണകൾ ഏതു സാഹചര്യത്തെയും നേരിട്ട്‌ കൂടുതൽ ശക്തമായി മുന്നോട്ടു കുതിക്കാനുള്ള ഊർജവും ആവേശവും പകരും. സഖാക്കളേ മുന്നോട്ട്‌...


പ്രധാന വാർത്തകൾ
 Top