31 October Saturday

പ്രതിപക്ഷം നയതന്ത്ര ചരിത്രമറിയണം - കാസിം ഇരിക്കൂർ എഴുതുന്നു

കാസിം ഇരിക്കൂർUpdated: Tuesday Sep 22, 2020

ഇന്ത്യയും അറബ് രാജ്യങ്ങളുമായുള്ള സാംസ്കാരികവും വാണിജ്യപരവുമായ ആദാനപ്രദാനങ്ങൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. സുദൃഢമായ ആ ബന്ധത്തിന്റെ ബലത്തിലാണ്, ഗൾഫ് മേഖലയിൽ പെട്രോളിയം കണ്ടുപിടിക്കപ്പെട്ടതിലൂടെ പുതിയൊരു യുഗം പിറന്നപ്പോൾ അതിന്റെ ഗുണഫലം അനുഭവിക്കാൻ നമ്മുടെ രാജ്യക്കാർക്ക് അവസരം കൈവരുന്നത്. ആറ് ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ, വിശിഷ്യാ മലയാളികൾ ജീവസന്ധാരണം തേടുന്നത് യുഎഇയിലാണ്. യുഎഇയിലെ 60 ശതമാനം മറുനാടൻ മനുഷ്യവിഭവശേഷി ഇന്ത്യക്കാരുടേതാണത്രെ. മതവിഭാഗീയ ചിന്തകൾക്കതീതമായ ജീവിതക്കാഴ്ചപ്പാടും രാഷ്ട്രീയനിലപാടുകളും യുഎഇയെ ഇന്ത്യയുടെ ഉറ്റമിത്രമാക്കുന്നു. 

ജീവകാരുണ്യ സംരംഭങ്ങളിൽ കൈമറന്ന് ചെലവഴിക്കുക അറബ് ഭരണകൂടങ്ങൾ തലമുറകളായി കൈമാറിപ്പോരുന്ന പാരമ്പര്യമാണ്. കോവിഡ് മഹാമാരി ലോകത്തെ ഭീതിമുനയിൽ നിർത്തുകയും ലക്ഷക്കണക്കിന് പ്രവാസികൾ ജോലിയും കൂലിയും നഷ്ടപ്പെട്ട് ലേബർ ക്യാമ്പുകളിലും മറ്റും കഴിയേണ്ടിവരുകയും ചെയ്ത ദുരിതസന്ധിയിൽ പത്തുദശലക്ഷം ഭക്ഷണക്കിറ്റ്‌ ദുബായ്‌ ഭരണാധികാരിയുടെ വക വിതരണം ചെയ്തതാണ് വലിയൊരു വിഭാഗത്തിന്റെ ജീവൻ നിലനിർത്തിയത്. അങ്ങനെയാണ് 1000 കിറ്റ്‌ അർഹർക്ക് എത്തിച്ചുകൊടുക്കാൻ സംസ്ഥാന വഖഫ് മന്ത്രി കെ ടി ജലീലിന്റെ സഹായം തേടിയത്. നേരെ ചൊവ്വേ ചിന്തിക്കുന്നവർക്ക് അതിൽ ഒരു അപാകതയും ദർശിക്കാനാകില്ല.  ഭക്ഷണക്കിറ്റും ഖുർആൻ പ്രതിയും വിതരണം ചെയ്യാൻ മന്ത്രി കെ ടി ജലീലിനെ ഏൽപ്പിച്ചത് വലിയ അപരാധമായും ഫെറലംഘനമായും ദേശദ്രോഹനടപടിയായും കണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ അറിയാതെപോയ ചില നയതന്ത്ര ചരിത്രമുണ്ട്.

അറബ് രാജ്യങ്ങളുമായുള്ള ഊഷ്മളബന്ധം നിലനിർത്താൻ ഏറ്റവും കൂടുതൽ ഉൽസാഹം കാണിച്ചവരായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും പുത്രി ഇന്ദിരയും. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം പതിന്മടങ്ങ് വർധിക്കുകയും നമ്മുടെ നാട്ടിൽ യുഎഇയുടെ കോൺസുലേറ്റ് സ്ഥാപിക്കപ്പെടുകയും നയതന്ത്രബന്ധങ്ങളിൽ കാതലായ പുരോഗതികളുണ്ടാകുകയും ചെയ്തിട്ടും രാഷ്ട്രീയതിമിരം ബാധിച്ച കണ്ണുകളിലൂടെ എല്ലാം നോക്കിക്കാണാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് മന്ത്രി കെ ടി ജലീലിന്റെ പേരിൽ പ്രതിപക്ഷവും ബിജെപിയും നടത്തുന്ന ആസൂത്രിതവും അപഹാസ്യവുമായ പ്രതിഷേധങ്ങൾ. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ പി കെ കുഞ്ഞാലിക്കുട്ടിയുടെ മരുമകൻ റമീസ് മുഹമ്മദും കൂട്ടാളികളും സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മറ്റും സഹായത്തോടെ വൻതോതിൽ കടത്തിയ സ്വർണം പിടിക്കപ്പെട്ടപ്പോഴാണ് നയതന്ത്രവഴികൾ ചിലർ ദുരുപയോഗം ചെയ്യുകയാണെന്ന ഞെട്ടിക്കുന്ന സത്യം നാമറിയുന്നത്. ഇതിനെക്കുറിച്ച് ഏത് ഏജൻസിയെക്കൊണ്ടും അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ വിമാനം കയറിവന്ന എൻഐഎക്ക് സ്വർണക്കടത്തിന്റെ പിന്നിലെ കറുത്തകരങ്ങളെ കണ്ടെത്തുകയല്ല, ഒരു കേന്ദ്രമന്ത്രിയടക്കം ബിജെപി നേതാക്കൾ എഴുതിത്തയ്യാറാക്കിയ തിരക്കഥയ്‌ക്കനുസരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് മുറ്റത്ത് പന്തൽ കെട്ടി നാടകമാടുന്നതിലാണ്‌ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചത്.


 

സ്വപ്ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടവരുടെ കോൾലിസ്റ്റ് പരിശോധിച്ചപ്പോൾ മന്ത്രി കെ ടി ജലീലിന്റെ പേരും അതിലുണ്ട് എന്ന് കേട്ടപ്പോൾ പ്രതിപക്ഷവും മാധ്യമങ്ങളും കോളടിച്ചുവെന്ന മട്ടിൽ ഉറഞ്ഞുതുള്ളിയെങ്കിലും മന്ത്രി ജലീൽ എല്ലാം സത്യസന്ധമായും സുതാര്യമായും വിവരിച്ചുകൊടുത്തു. അതോടെ മല എലിയെ പ്രസവിച്ചതുപോലെയായി.  മന്ത്രിക്ക് ഒന്നും മറച്ചുവയ്‌ക്കാനില്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. എന്നിട്ടും സ്വപ്നയുമായുള്ള ഫോൺവിളിയെക്കുറിച്ച് പ്രതിപക്ഷ- ബിജെപി നേതാക്കളും ചില മാധ്യമങ്ങളും അയവിറക്കിക്കൊണ്ടിരുന്നത് യുഡിഎഫ് കാലത്ത് മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഫോൺവിളി  ഓർമകൾ പച്ചയായി ഓർമയിൽ തങ്ങിനിൽക്കുന്നതു കൊണ്ടാകണം. 500 രൂപ വിലമതിക്കുന്ന 1000 ഭക്ഷണക്കിറ്റ്‌ സപ്ലൈകോ വഴി വിതരണം ചെയ്തപ്പോൾ മന്ത്രിയുടെ കൈകൊണ്ട് ചില്ലിക്കാശ് തൊട്ടിട്ടില്ല എന്ന് ഉത്തമബോധ്യമുണ്ടായിട്ടും ഫെറ ലംഘനത്തിന്റെ കഥ മെനയുന്നത് എല്ലാവരും തങ്ങളെപ്പോലെയാണെന്ന പിഴച്ച കണക്കുകൂട്ടലിലാണ്. 1000 ബോക്സിലായി കോൺസുലേറ്റിൽ എത്തിയ മതഗ്രന്ഥത്തിൽനിന്ന് 32 പായ്‌ക്കറ്റ് മാത്രമാണ് മന്ത്രി ജലീലിന്റെ മേൽനോട്ടത്തിൽ മലപ്പുറം എടപ്പാളിലെ ഇർഷാദിയ കോളേജിലും ആലത്തിയൂരിലെ ഖുർആൻ പഠനസ്ഥാപനത്തിലും എത്തിക്കുന്നത്. ഹജ്ജ് -വഖഫ് മന്ത്രി എന്നനിലയിൽ മതപരവും സാംസ്കാരികവുമായ കാര്യങ്ങളിൽ മന്ത്രിയുടെ വകുപ്പിന്റെ സഹായം തേടുന്നതിൽ ഒരപാകതയും അവർ ദർശിച്ചുകാണില്ല.

ഇതാദ്യമല്ല, വിദേശത്ത് അച്ചടിച്ച ഖുർആൻ കോപ്പികൾ കേരളത്തിലെത്തുന്നത്. മത-ചാരിറ്റി സ്ഥാപനങ്ങൾക്ക് നൽകാൻ എത്രയോ അറബ്, തുർക്കി, പേർഷ്യൻ രാജ്യങ്ങൾ "മുസ്ലഡു'കൾ പണ്ടുമുതൽക്കേ അയക്കാറുണ്ട്. മുസ്ലിംലീഗ് നേതാക്കന്മാരുടെ വീടുകളിലെ ഷെൽഫുകൾ പരതിയാൽ വിദേശത്തുനിന്ന് കൊണ്ടുവന്ന മുസ്ഹഫുകളേ കാണാൻ കഴിയൂ. ഒരു വേള തുർക്കിയിൽനിന്നാണ് കേരളത്തിലെ സുന്നികൾക്ക് മികച്ച കലിഗ്രഫിയിലുള്ള ഖുർആൻ കോപ്പികൾ വന്നുകൊണ്ടിരുന്നത്. സലഫീ വിഭാഗത്തിന് സൗദിയിൽനിന്നും. സാംസ്കാരികമായ കൊണ്ടുകൊടുപ്പിന്റെ നിദാനങ്ങളാണ് ഇവയൊക്കെ. അതിലെല്ലാം കള്ളക്കടത്തും അഴിമതിയും വിദേശനാണയ നിയമലംഘനവുമെല്ലാം ആരോപിക്കുന്നത് നിലവാരംകെട്ട രാഷ്ട്രീയക്കളിയുടെ ഭാഗമാണ്. സ്വർണക്കടത്ത് കേസിൽ മുഖം നഷ്ടപ്പെട്ട യുഡിഎഫിനും ബിജെപിക്കും കേന്ദ്ര അന്വേഷണ ഏജൻസികൾക്കും പിടിച്ചുനിൽക്കാൻ പുൽക്കൊടി പരതി നടന്നപ്പോൾ കിട്ടിയ ഉണങ്ങിപ്പൊടിയായ വയ്ക്കോലാണ് ഭക്ഷണക്കിറ്റും ഖുർആൻ പെട്ടിയും. ഒരു ബോക്സ് ഒഴികെ എല്ലാം ഇപ്പോഴും കെട്ട് പൊട്ടിക്കാതെ മലപ്പുറത്തെ രണ്ടു സ്ഥാപനത്തിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആർക്കും പോയി ഏത് സമയവും പരിശോധിക്കാം. കസ്റ്റംസ് ഇതിനകം പരിശോധിച്ചുകഴിഞ്ഞുവെന്നാണ് അറിയാൻ കഴിയുന്നത്.

കേന്ദ്രമന്ത്രി വി മുരളീധരന്റെയും കുമ്മനം രാജശേഖരന്റെയും കെ സുരേന്ദ്രന്റെയും ആത്മമിത്രമായ ജനം ടിവി കോ–-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരുടെ സ്വർണക്കടത്തിലെ പ്രത്യക്ഷബന്ധം തെളിഞ്ഞതോടെ അന്വേഷണം അവസാനിപ്പിച്ച് വിമാനം കയറാനിരുന്ന എൻഐഎയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും കസ്റ്റംസിന്റെയും ജാള്യംനിറഞ്ഞ മുഖം മറയ്ക്കാനുള്ള ചെപ്പടിവിദ്യ മാത്രമാണ് ജലീലിന്റെ ചോദ്യം ചെയ്യലും ഡൽഹിയിൽനിന്നുള്ള ബ്രീഫിങ്ങും. ജലീൽ 2006ൽ പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് മലർത്തിയടിച്ചതോടെ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടു. അതോടെ തുടങ്ങിയ കൊടുംപകയാണ് ജലീലിനെതിരെ യുഡിഎഫിനെയും ബിജെപിയെയും അണിനിരത്തി കീഴ്പ്പെടുത്താൻ തരവും സന്ദർഭവും നോക്കിയുള്ള കുഞ്ഞാലിക്കുട്ടിയുടെ പരക്കം പാച്ചിൽ. പക്ഷേ, കെ എം ഷാജിയെയോ എം സി ഖമറുദ്ദീനെയോപോലെ അഴിമതിയുടെ ചെളിക്കുണ്ടിൽ മുങ്ങിത്താഴുന്ന ജീവിതം ഒരിക്കലും നയിക്കാത്തതുകൊണ്ട് എല്ലാ കെട്ടുകഥകളും നുണകളും ബാഷ്പീകരിച്ചുപോകുന്ന കാഴ്ചയ്‌ക്കാണ് നമ്മൾ സാക്ഷിയാകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top