18 June Tuesday

കശ‌്മീർ അശാന്തം

ബഷാരത‌് ഷമീംUpdated: Saturday Feb 16, 2019

കശ‌്മീരിൽ പിഡിപി ‐കോൺഗ്രസ‌്‐നാഷണൽ കോൺഫറൻസ‌് സഖ്യം പുതിയ സർക്കാരുണ്ടാക്കാൻ മുന്നോട്ട‌ുവന്നപ്പോൾ തന്നെ നിയമസഭ പിരിച്ചുവിട്ടത‌് കൂടുതൽ ആശങ്കകൾക്ക‌് വഴിവച്ചിരുന്നു. ഭരണഘടനാപരമായ നടപടിക്രമങ്ങൾ ഇതിൽ പാലിക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച കശ‌്മീർ ഗവർണറുടെ നിലപാട‌് വിവാദമായിരുന്നു. കശ‌്മീരിലെ രാഷ‌്ട്രീയ പാർടികളുടെ അപ്രസക്തിയെക്കുറിച്ചാണ‌് ഗവർണർ സംസാരിച്ചത‌്. യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രശ‌്നങ്ങൾ വർധിച്ചുവരികയാണ‌്. ആക്രമണങ്ങൾക്ക‌് പ്രത്യാക്രമണങ്ങളിലൂടെ മറുപടി നൽകണമെന്ന‌് പറയുമ്പോൾ യുവാക്കളെ വീണ്ടും ആയുധമെടുപ്പിക്കാൻ പ്രേരിപ്പിക്കുകയാണ‌്. 

കശ‌്മീരിലെ പ്രശ‌്നങ്ങൾ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല. ആർട്ടിക്കിൾ 370‌, ആർട്ടിക്കിൾ 35-–- ---എയും അനുസരിച്ച‌് കശ‌്മീരിന്റെ പ്രത്യേക പദവി  സംബന്ധിച്ച‌് സംസ്ഥാനത്തുണ്ടാകുന്ന പ്രശ‌്നങ്ങളെ പ്രതിരോധിക്കാനും സർക്കാർ ശ്രമിക്കുന്നില്ല. തങ്ങളുടെ പഴയ അജൻഡ നടപ്പാക്കാൻ തന്നെയാണ‌് ഇപ്പോഴും കേന്ദ്ര സർക്കാർ  ശ്രമിക്കുന്നത‌് എന്നതിന്റെ തെളിവാണിത‌്. ഇതിനെ തുടർന്നാണ‌് എൻസി, പിഡിപി, സിപിഐ എം തുടങ്ങിയ പാർടികൾ  സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുക‌ളിൽനിന്നും വിട്ടുനിന്നത‌്.

സുരക്ഷ
ഏതാനുംനാളുകളായി കശ‌്മീരിൽ  സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ധാരാളമായി കൊല ചെയ്യപ്പെടുകയാണ‌്. സംസ്ഥാനത്തെ സുരക്ഷാ സാഹചര്യം അങ്ങേയറ്റം വഷളായി എന്നതിനുള്ള തെളിവാണ‌ിത‌്.  അറസ്റ്റുകളുടെയും  അടിച്ചമർത്തലുക‌ളുടെയും രൂപത്തിൽ  ഗ്രാമങ്ങളിലും ഉൾനാടുകളിലും സുരക്ഷാസൈന്യം നടത്തുന്ന നീക്കങ്ങളെ  ഇതിനോട‌് ചേർത്ത‌ു വായിക്കാം. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുള്ള സർക്കാരിന്റെ ഉദാസീനത  അപകടകരമാണ‌്.  ഇതുമൂലം സംസ്ഥാനത്തെയും പ്രത്യേകിച്ച‌് താഴ‌്‌വരയിലെയും ജനങ്ങൾക്കിടയിൽ രോഷം വർധിക്കുന്നുണ്ട‌്.
സംഘർഷങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളെയും  അതിരൂക്ഷമായി ബാധിച്ചു. ഈ സ‌്തംഭനാവസ്ഥ ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയത‌് കർഷകരിലും തൊഴിലാളികൾക്കിടയിലുമാണ‌്.  മരിച്ചവരും അംഗഭംഗം സംഭവിച്ചവരുമായ യുവാക്കളിലേറെയും ഈ വിഭാഗത്തിൽപ്പെടുന്നവരാണ‌്. ഉപജീവനമാർഗം തടസ്സപ്പെടുന്നതോടെ ഇവരുടെ കുടുംബങ്ങളും ദുരിതത്തിലാകുന്നു. ദിവസവരുമാനക്കാർ, ചെറിയ കടകൾ നടത്തുന്നവർ, റിക്ഷാ ഡ്രൈവർമാർ  തുടങ്ങിയ വിഭാഗത്തിനാണ‌് അടിക്കടിയുണ്ടാകുന്ന ഇത്തരം സംഘർഷങ്ങൾകൊണ്ട‌് ഏറ്റവും അധികം ദുരിതം അനുഭവിക്കേണ്ടിവരിക. ബാങ്ക‌് ലോണുകളും മറ്റു കടങ്ങളും അവരുടെ നിലനിൽപ്പിന‌ു പോലും ഭീഷണിയാകുന്ന സാഹചര്യമുണ്ടാക്കുന്നു. എന്നാൽ, ഇവരുടെ ഈ ദുരവസ്ഥയ‌്ക്ക‌് പോംവഴി കാണേണ്ട ഗവർണറും ഭരണസംവിധാനവും  ഇതിനോടെല്ലാം തികഞ്ഞ നിസ്സംഗതയാണ‌് പുലർത്തുന്നത‌്. അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ പോലും  സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. കനത്ത  മഞ്ഞുകാലത്തും ജനങ്ങൾക്ക‌് വെള്ളവും വൈദ്യുതിയും നൽകാൻ സർക്കാരിന‌് കഴിയുന്നില്ല.

സാമ്പത്തികാവസ്ഥ
അങ്കണവാടി ജീവനക്കാർ, ദിവസ വേതനത്തിൽ ജോലിചെയ്യുന്നവർ, കരാർ തൊഴിലാളികൾ, സാധാരണ തൊഴിലാളികൾ  എന്നിവർ മുടങ്ങിയ വേതനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട‌്  പ്രക്ഷോഭത്തിലാണ‌്. ഏറ്റവും കുറഞ്ഞ വേതനത്തിൽ തൊഴിലെടുക്കുന്നവരാണവർ. അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ–-വ്യവസായരംഗത്തെ ഉന്നതർ കൂടുതൽ സമ്പന്നരാകുകയും സ്വത്തെല്ലാം വിദേശത്ത‌് ഒളിപ്പിക്കുകയും ചെയ്യുന്നു.  ജമ്മു കശ്‌മീർ പബ്ലിക് സർവീസ‌് കമീഷൻ,  ജമ്മു കശ‌്മീർ സർവീസ‌് സെലക‌്ഷൻ ബോർഡ‌്, ജമ്മു കശ‌്മീർ ബാങ്ക‌് എന്നീ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്കിടയിൽ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രങ്ങളായിട്ടാണ‌് നിൽക്കുന്നത‌്. തൊഴിൽ ലഭ്യമാക്കി മികച്ച ജീവിത സാഹചര്യമൊരുക്കുന്നതിലും ദാരിദ്ര്യം ഇല്ലാതാക്കുന്നതിലും പിഡിപി–-ബിജെപി സർക്കാരെന്നപോലെ ഗവർണർ ഭരണവും പരാജയപ്പെട്ടു.

കഴിഞ്ഞ രണ്ടുവർഷമായി സംസ്ഥാനത്തിന്റെ സമ്പദ‌്ഘടനയും കുത്തനെ ഇടിഞ്ഞു. സംസ്ഥാനം കടത്തിൽ മുങ്ങി. പ്രാദേശിക വ്യവസായങ്ങൾ വലിയ തകർച്ചയെ നേരിട്ടു. കൃഷി മോശമായതും വ്യാപാര രംഗത്തെ കെടുകാര്യസ്ഥതയും സ്ഥിതി വഷളാക്കി. സംസ്ഥാന സമ്പദ‌് വ്യവസ്ഥയുടെ നട്ടെല്ലായ  പൂക്കൃഷിയും ടൂറിസം രംഗവും ഉയർത്തിക്കൊണ്ടുവരുന്നതിന‌് നടപടികളൊന്നുമുണ്ടായില്ല. വിളവെടുപ്പുകാലത്തുണ്ടായ കനത്ത മഞ്ഞുവീഴ‌്ചയെത്തുടർന്ന‌് ആപ്പിൾ കൃഷിയും കോടികളുടെ നഷ്ടം നേരിട്ടു. ഇതും കർഷക രോഷത്തിന‌് ആക്കംകൂട്ടുന്നു. ശോച്യമായ ഭൗതിക സാഹചര്യങ്ങൾക്കിടയിൽ  അടിസ്ഥാന സൗകര്യങ്ങൾക്കായി നിലവിളിക്കുകയാണ‌് കശ‌്മീർ ജനത‌.

( കടപ്പാട്‌ ‐ ന്യൂസ്‌ക്ലിക്ക്‌)


പ്രധാന വാർത്തകൾ
 Top