24 May Friday

ലിംഗായത്തുകളും കോൺഗ്രസിന്റെ രാഷ്ട്രീയവും

കെ എൻ ഗണേശ്Updated: Tuesday Apr 10, 2018

കർണാടക തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. സ്വാഭാവികമായും ഇന്ത്യയൊട്ടുക്കുള്ള ഇടതു ജനാധിപത്യവാദികൾ, അധികാരത്തിൽ ബിജെപി സഖ്യം തിരിച്ചുവരരുതെന്നായിരിക്കും ആഗ്രഹിക്കുക. അത് സിദ്ധരാമയ്യയോടോ അദ്ദേഹത്തിന്റെ പാർടിയുടെ നയങ്ങളോടോ ഉള്ള ഐക്യദാർഢ്യം കൊണ്ടാകണമെന്നില്ല. വലതുപക്ഷ അമിതാധികാരരാഷ്ട്രീയം സംസ്ഥാനങ്ങളിൽക്കൂടി ആധിപത്യം സ്ഥാപിക്കുന്നതിനെതിരായ പ്രതിരോധമാണിത്. 

അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസുകാർ നടത്തുന്ന എല്ലാ ഏർപ്പാടും അതുകൊണ്ട് സ്വീകാര്യമാകണമെന്നില്ല. അതിന്റെ നല്ല ഉദാഹരണം കർണാടകത്തിലെ പ്രബലമായ ലിംഗായത്ത് സമുദായത്തെ ന്യൂനപക്ഷ മതസമുദായമായി പ്രഖ്യാപിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യമാണ്. ന്യൂനപക്ഷം, മതം തുടങ്ങിയവയെക്കുറിച്ച് നമുക്കുള്ള സാമ്പ്രദായിക ധാരണകളെത്തന്നെ തിരുത്തുന്ന ഈ ആവശ്യം ഗൗരവമുള്ള പഠനമർഹിക്കുന്നു.

ഇന്ത്യാചരിത്രത്തിലുടനീളം നിരവധി സമുദായങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. മധ്യകാലഘട്ടത്തിലാണ് ഭക്തികേന്ദ്രീകൃതമായി സമുദായങ്ങൾ ഉണ്ടായത്. ലിംഗായത്തുകൾ അവയിലൊന്ന്. ലിംഗായത്തുകൾക്ക് ആധാരമായ ഭക്തിരൂപം വീരശൈവിസമാണ്. വീരശൈവമതം എന്നും അവിടെ പറയും. എഡി 12‐ാംനൂറ്റാണ്ടിൽ കർണാടകത്തിന്റെ വടക്കുഭാഗത്തുള്ള ബാദാമിയുടെ ഭരണാധികാരിയായിരുന്ന കാലചുരി ബിജ്ജാലന്റെ മന്ത്രി ബാസവനാണ് ഈ സമുദായം സ്ഥാപിച്ചത്. ഡെക്കാനിൽ അതിനുമുമ്പുതന്നെ ഗ്രാമതലത്തിൽ ശിവലിംഗാരാധന വ്യാപകമായിരുന്നു. എങ്കിലും ഭരണതലത്തിലും വ്യാപാരികളുടെയും കൈത്തൊഴിലുകാരുടെയും ഇടയിലും ജൈനർക്കായിരുന്നു ആധിപത്യം. പ്രാദേശിക ഗ്രാമാചാരങ്ങളെ മാറ്റിമറിക്കാനും അവർ ശ്രമിച്ചു. ഇവർക്കെതിരായ കലാപമെന്ന നിലയിലായിരുന്നു വീരശൈവമതം വളർന്നത്.

വീരശൈവമതം ആദ്യംമുതൽ സായുധകലാപത്തിന്റെ രൂപം കൈക്കൊണ്ടു. നിരവധി ജൈനമഠങ്ങളും ആരാധനാകേന്ദ്രങ്ങളും തകർത്തു. കാലചുരി ബിജ്ജാലനുശേഷം വന്ന പിൽക്കാല ചാലുക്യരും ലിംഗാരാധനയെ പിന്തുണച്ചതോടെ ജൈനരുടെ സ്വാധീനം പൂർണമായി തകരുകയും കർണാടകത്തിലെ പ്രധാന ഭക്തി ആരാധനാരൂപം വീരശൈവമതമായി തീരുകയും ചെയ്തു. ഇവരാണ് ലിംഗായത്ത് എന്ന സമുദായമായി മാറിയത്. വൈദിക പാരമ്പര്യത്തിനും ജാതിക്കും എതിരായിരുന്ന ജൈനന്മാരെ തകർത്താണ് ലിംഗായത്തുകൾ ശക്തിപ്രാപിച്ചത്.
വീരശൈവമതംപോലെ നിരവധി ആരാധനാസമുദായങ്ങൾ മധ്യകാലത്ത് രൂപംകൊള്ളുന്നുണ്ട്. പണ്ഡാർപുരിലെ വിഠോബ എന്ന പ്രാദേശിക ദൈവത്തിന്റെ ആരാധകരാണ് പിന്നീട് മറാഠകൾ എന്ന വിഭാഗമായി മാറുന്നത്. ശിവജിയുടെ ദൈവവും വിഠോബയാണ്. പഞ്ചാബിലെ നാനക്പന്ഥികൾ സിഖ് മതമായത് എല്ലാവർക്കും അറിയാം. ബംഗാളിൽ ചൈതന്യൻ സമാനമായ പ്രസ്ഥാനത്തെ സൃഷ്ടിച്ചു. രജപുത്രന്മാർ ദുർഗയുടെ ആരാധനയെ അവരുടെ യുദ്ധങ്ങളുമായും ഭരണരൂപങ്ങളുമായും ബന്ധപ്പെടുത്തി. റോഹില്ലകൾ, ബുണ്ടേലകൾ, ഗഹദ്വാലന്മാർ തുടങ്ങി രാജാധികാരം സ്ഥാപിച്ച മിക്കവാറും സമുദായങ്ങൾക്കും അവരുടെ പരദേവതാ സങ്കൽപ്പങ്ങളും ആചാരമര്യാദകളുമുണ്ടായിരുന്നു. ദക്ഷിണേന്ത്യയിൽ ബ്രാഹ്മണരുടെ ഇടയിൽപ്പോലും ഇത്തരം സമുദായസൃഷ്ടി കാണാം. ആചാര്യമതങ്ങൾ ഉദാഹരണങ്ങളാണ്. രാമാനുജന്റെ വൈഷ്ണവർ (അയ്യങ്കാർമാർ), മാധ്വന്റെ ഗൗഡസാരസ്വതർ (എമ്പ്രാന്തിരിമാർ), വലഭന്റെ നിയോഗികൾ തുടങ്ങിയവർ ഉദാഹരണങ്ങൾ.

ഇത്തരം സമുദായങ്ങൾ ജാതികേളാ? മതങ്ങേളാ? ഇവയെല്ലാം ജാതികളായാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. ചിലത് കേവലം ജാതിവിഭാഗങ്ങൾമാത്രം. എങ്കിലും പല വിഭാഗങ്ങൾക്കും പ്രത്യേക ദൈവങ്ങളും ആരാധനാലയങ്ങളുമുണ്ട്. എല്ലാം ബ്രാഹ്മണ ധർമശാസ്ത്രവിധിപ്രകാരമല്ല നടത്തുന്നത്. വീരശൈവരും തമിഴ്നാട്ടിലെ ശൈവസിദ്ധരും ധർമശാസ്ത്രവിധികളെ പരസ്യമായി നിരാകരിച്ചവർ. ഇന്ത്യയിലുടനീളമുള്ള 'അമ്മൻ' ദൈവങ്ങളുടെ ആരാധനാ സമ്പ്രദായങ്ങൾ പൊതുവിൽ ധർമശാസ്ത്രവിധിപ്രകാരമല്ല. ഇത്തരം സമ്പ്രദായങ്ങളെ അംഗീകരിക്കുന്നതിനെ സംബന്ധിച്ച തർക്കങ്ങളും സജീവമായിരുന്നു. ദക്ഷിണേന്ത്യയിലെ വൈഷ്ണവ ബ്രാഹ്മണരുടെ ഇടയിൽ വേദപാരമ്പര്യം അംഗീകരിക്കുന്നതിനെ സംബന്ധിച്ച് വടകല, തെൻകല എന്നീ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം ഉദാഹരണമാണ്. കിഴക്കെ ഇന്ത്യയിലെ തന്ത്രമതം വ്യത്യസ്തമായ ആരാധനാ സമ്പ്രദായംതന്നെയായിരുന്നു. തന്ത്രമതത്തിന്റെ സ്വാധീനം കേരളത്തിലെ കളമെഴുത്തിലും പാട്ടിലും കാവിലെ ചടങ്ങുകളിലും കാണാം.

ബ്രിട്ടീഷ് ആധിപത്യത്തിൻകീഴിൽ ഇത്തരം വിഭാഗങ്ങളെല്ലാം ജാതികളായി മാറി. മുമ്പ് ബ്രാഹ്മണാധിപത്യം അടിച്ചേൽപ്പിച്ച ഉച്ചനീചത്വത്തിന്റെയും അയിത്തത്തിന്റെയും അടിസ്ഥാനത്തിലുള്ള തരംതിരിച്ചുള്ള അസമത്വവും അതനുസരിച്ചുള്ള മര്യാദകളുമായിരുന്നു ജാതിയെ നിലനിർത്തിയതെങ്കിൽ, ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ ഇവ ജനസംഖ്യാധിഷ്ഠിതമായ സമുദായങ്ങളായി. ഇവരാരും ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ അല്ലാതിരുന്നതുകൊണ്ട് ഹിന്ദു എന്ന മുദ്രയും കൈവന്നു. ശിവനും വിഷ്ണുവും ദുർഗയും അമ്മൻദൈവങ്ങളുമെല്ലാം 'ഹിന്ദു' ദൈവസമുച്ചയത്തിന്റെ ഭാഗമായി പുരാണേതിഹാസങ്ങളും ക്ഷേത്രപുരാണങ്ങളും സാക്ഷ്യപ്പെടുത്തിയതുകൊണ്ട് ഇവയുടെ ആരാധനയും ഹിന്ദുമതത്തിന്റെ ഭാഗമായി. 'ഹിന്ദു'ക്കൾ എന്ന മതാധിഷ്ഠിത 'ആധ്യാത്മിക' ജനവിഭാഗത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആശയങ്ങൾ ഇന്ത്യയിലെ ആദിവാസികളും ദളിതരുമടക്കമുള്ള എല്ലാ ജനവിഭാഗങ്ങളെയും ഹിന്ദുക്കളുടെ ഭാഗമാക്കി. സെൻസസും സർവേകളും പിന്നീട് സർക്കാർ സർട്ടിഫിക്കറ്റുകളും വിദ്യാലയങ്ങളിലേക്കും തൊഴിലിലേക്കുമുള്ള പ്രവേശനവുമെല്ലാം ഹിന്ദുമതത്തിന്റെയും വ്യത്യസ്ത ജാതികളുടെയും സാക്ഷ്യപത്രങ്ങളെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി.

ഇപ്പോൾ ചിലർ വാദിക്കുന്നത് ജാതിയെന്നത് നമ്മുടെ ഗോത്രം, നിറം, രക്തം, ജനനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജൈവമായ ഘടകമാണെന്നാണ്. നമ്മുടെ ജാതികളെല്ലാം സാമൂഹ്യബന്ധങ്ങളിൽ വന്ന നിരന്തരമായ മാറ്റങ്ങളുടെ ഫലമായി രൂപംകൊണ്ടവയാണ്. നിറവും രക്തവും ജനനവുമെല്ലാം ഇന്ത്യൻ ജനതയുടെ വൈവിധ്യത്തെ സൂചിപ്പിക്കുമെങ്കിലും പ്രത്യേക സമുദായങ്ങളുടെ വളർച്ചയെ ചൂണ്ടിക്കാണിക്കാൻ അവമാത്രം പോരാ. തൊഴിൽവിഭജനം, അന്തർവിവാഹം, സമുദായ വ്യത്യസ്തതകൾ നിലനിർത്തുന്ന മര്യാദകൾ, അയിത്തം തുടങ്ങിയവയെല്ലാം പ്രധാനമാണെന്ന് ചൂണ്ടിക്കാണിച്ചത് അംബേദ്കർതന്നെ. ഇത്തരം വ്യത്യസ്തതകൾ വിവിധ ചരിത്രഘട്ടങ്ങളിൽ വളർന്നുവരികയും ചെയ്യാം. ഖത്രി സമുദായത്തിൽ ജനിച്ച ഗുരുനാനാക്കിന്റെ പന്ഥികൾ ഒരു പ്രത്യേക സമുദായമായി മാറിയത് ചരിത്രപരമായ ഉദാഹരണമാണ്. സ്വതന്ത്ര ഇന്ത്യയിൽ സിഖുകാർ മതന്യൂനപക്ഷമായി അംഗീകരിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.

സിഖുകാരെ അംഗീകരിക്കാമെങ്കിൽ ലിംഗായത്തുകളെയും അംഗീകരിക്കാൻ സാധിക്കുന്നതല്ലേ? ഗുരുനാനാക് മതസ്ഥാപകനാണെങ്കിൽ ബാസവനെ മതസ്ഥാപകനായി എന്തുകൊണ്ട് അംഗീകരിച്ചുകൂടാ? അങ്ങനെയെങ്കിൽ മധ്യകാലത്ത് സ്ഥാപിച്ച നിരവധി പാരമ്പര്യങ്ങൾ മതങ്ങളാകും. ഇത്തരത്തിൽ ഭരണഘടന നൽകുന്ന സാമുദായിക ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കാത്തവർക്കെല്ലാം ഏതെങ്കിലും ഗുരുപരമ്പരയുടെയും ആചാരമര്യാദകളിലെ ഭിന്നതയുടെയും അടിസ്ഥാനത്തിൽ മതന്യൂനപക്ഷമാകാം.

തീവ്രഹിന്ദുരാഷ്ട്രീയം ആധിപത്യം സമ്പൂർണമാക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ സമുദായങ്ങളുടെ ഇത്തരം അവകാശവാദങ്ങൾതന്നെ പ്രതിരോധമായി കാണുന്നവരുണ്ട്. മതാധിപത്യം ശക്തിപ്പെടുമ്പോൾ ജാതിയുടെ പ്രകടനത്തിലൂടെ പ്രതിരോധമാകാമെന്ന് അവർ കരുതുന്നു. ജാതിയെ ഏതെങ്കിലും വിധം ചോദ്യംചെയ്യുന്നത് ഹിന്ദുരാഷ്ട്രീയത്തെ പിന്തുണയ്ക്കലാകുമെന്നും അവർ കരുതുന്നു. ലിംഗായത്തുകൾ ന്യൂനപക്ഷമാണെന്ന വാദം കോൺഗ്രസ് ഉന്നയിക്കുന്നത് ഇത്തരത്തിൽ അവർക്ക് സ്വീകാര്യമാകും. പക്ഷേ, ലിംഗായത്തുകൾ ഇതുവരെ ബിജെപിയെ പിന്തുണച്ചവരാണ്. അവരിൽ ഒരു വിഭാഗം സിദ്ധരാമയ്യയുടെ കൂടെവന്നതുകൊണ്ടാണ് കർണാടകത്തിൽ കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് ജയിച്ചത്. ഈ നേട്ടത്തെ ശാശ്വതീകരിക്കാനും ലിംഗായത്തുകളെ സ്ഥിരമായി കോൺഗ്രസിന്റെ കൂടെനിർത്താനുമുള്ള തന്ത്രമാണ് ന്യൂനപക്ഷവാദം.

ഒരുപക്ഷേ, ഇതുകൊണ്ട് സിദ്ധരാമയ്യ വീണ്ടും അധികാരത്തിൽ വരാം. ലിംഗായത്തുകളുടെ പിന്തുണ കൂടാതെ കലബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കർണാടകത്തിലെ ഇടതുപക്ഷവും സെക്യുലർ ജനാധിപത്യവാദികളും ബിജെപിക്കെതിരെ നിൽക്കുമെന്ന് ഉറപ്പ്. ഇത്തരത്തിൽ ബിജെപിവിരുദ്ധ വികാരത്തെ ഒന്നിപ്പിക്കാനുള്ള സാധ്യത നിലനിൽക്കെയാണ് കോൺഗ്രസ് ലിംഗായത്തുകളെ മുഴുവൻ കൂട്ടത്തിൽ നിർത്താനുള്ള തന്ത്രം പയറ്റുന്നത്. അതായത് ഹിന്ദുത്വമത രാഷ്ട്രീയത്തിനെതിരായി ജാതി‐ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറാൻ കോൺഗ്രസ് ശ്രമിക്കുന്നു.

ഇതേതന്ത്രംതന്നെയാണ് കോൺഗ്രസ് ഗുജറാത്തിൽ പയറ്റിയത്. പട്ടേൽ സമുദായത്തിന്റെ നേതാവായ ഹാർദിക് പട്ടേലും പിന്നോക്കസമുദായ നേതാവായ അൽപ്പേഷ് ഠാക്കൂറും ഗുജറാത്തിൽ കോൺഗ്രസ് പ്രചാരണത്തിന് ചുക്കാൻപിടിച്ചു എന്നുമാത്രമല്ല, പിന്നീട് വളർന്നുവന്ന രാഷ്ട്രീയത്തിലും അവർതന്നെയാണ് പ്രതിപക്ഷത്തിന്റെ നേതൃത്വമേറ്റെടുത്തത്. ത്രിപുരയിൽ കോൺഗ്രസുകാർ മുഴുവൻ ബിജെപിയായതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അതായത് ഹിന്ദുമതാധിപത്യത്തിനെതിരായി ജനകീയ ഐക്യനിര വളർത്തുന്നതിനുപകരം ജനസംഖ്യാടിസ്ഥാനത്തിൽ ജാതികളെ ഒന്നിപ്പിക്കുക എന്ന വലതുപക്ഷ പിന്തിരിപ്പൻ തന്ത്രമാണ് കോൺഗ്രസുകാർ ഇപ്പോൾ ഉപയോഗിക്കുന്നത്.

അഖിലേന്ത്യാ രാഷ്ട്രീയത്തിന്റെ വലതുപക്ഷവൽക്കരണം ഇതോടെ പൂർണമാകുമെന്നുമാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തെ ഇതുവരെ നിലനിർത്തിപ്പോന്ന ലിബറൽ മതനിരപേക്ഷ അടിത്തറയെ പൂർണമായി തകർക്കുന്ന നിലപാടായിരിക്കുമത്. ഇന്ത്യയിലെ രാഷ്ട്രീയസമൂഹത്തിന്റെ മുഴുവൻ വിനിമയങ്ങളും നടക്കുക ജാതിമത സാമുദായികതയുടെ അടിസ്ഥാനത്തിലായിരിക്കും. ഒരു ജനതയുടെ മുഴുവൻ ഭാവിയെ ആധാരമാക്കിയുള്ള ചർച്ചകൾ അസാധ്യമാകും. മാനവികത, ജനാധിപത്യം മുതലായവ ആധാരമാക്കിയുള്ള പൊതുഇടങ്ങൾപോലും നമുക്കന്യമാകും. മതരാഷ്ട്രീയം അടിസ്ഥാനപരമായി ജനാധിപത്യ നിലപാടുകൾ കർക്കശമായി സ്വീകരിക്കുകയില്ല. അതിനുപകരം, അത്തരം നിലപാടുകൾ പ്രതീക്ഷിക്കുന്നത് കോൺഗ്രസിനെപ്പോലെ ബൂർഷ്വാ ജനാധിപത്യ പാരമ്പര്യമുള്ള പാർടികളിലാണ്. അവരും അത് വേണ്ടെന്ന് തീരുമാനിക്കുന്ന സ്ഥിതിയാണ് നാം കാണുന്നത്. ഇന്ത്യയിലെ സെക്യുലർ ജനാധിപത്യശക്തികളെ ഒന്നിച്ചുനിർത്തേണ്ട ഉത്തരവാദിത്തം ഇടതുപക്ഷത്തിനായിരിക്കും.

അപ്പോഴും ചിലർ ചോദിക്കാനുള്ള സാധ്യതയുണ്ട്. ലിംഗായത്തുകളെ മതന്യൂനപക്ഷമായി പ്രഖ്യാപിക്കുന്നതിൽ എന്താണ് തെറ്റ്? അതോടെ ജാതി, മതം, ന്യൂനപക്ഷം തുടങ്ങിയവയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളെല്ലാം മാറിമറിയുകയാണ്. അതിനെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ പൗരസമൂഹത്തിലും രാഷ്ട്രീയതലത്തിലും വേണ്ടിവരും. അതിനെക്കുറിച്ച് ചർച്ചചെയ്യാൻ കോൺഗ്രസും മറ്റു രാഷ്ട്രീയപാർടികളും തയ്യാറുണ്ടോ എന്നതാണ് പ്രശ്നം. അല്ലെങ്കിൽ അത് ജനസംഖ്യാ വോട്ടുബാങ്കുകളെ കേന്ദ്രീകരിക്കുന്ന തട്ടിപ്പായി മാറും
 

പ്രധാന വാർത്തകൾ
 Top