09 June Friday

കർണാടക 
തെരഞ്ഞെടുപ്പ്‌ : തിരശ്ശീല ഉയരുമ്പോൾ...

ടി ചന്ദ്രമോഹൻUpdated: Friday Mar 31, 2023

ഏറെക്കാലമായി കാലുമാറ്റംകൊണ്ട്‌ ശ്രദ്ധേയമായ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്‌ ഒരുങ്ങി. ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമായ കർണാടകത്തിലെ തെരഞ്ഞെടുപ്പ്‌ ദേശീയ ശ്രദ്ധേയമാകുകയാണ്‌.  ഭരണകക്ഷിയായ ബിജെപിയെയും പ്രതിപക്ഷത്തുള്ള കോൺഗ്രസിനെയും സംബന്ധിച്ച്‌ ഏറെ നിർണായകമാണ്‌ ഈ തെരഞ്ഞെടുപ്പ്‌. കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ സംസ്ഥാനമെന്ന പ്രത്യേകതയുണ്ട്‌. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗുജറാത്ത്‌, പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിലും തിരിച്ചടിയേറ്റ കോൺഗ്രസിന്‌ തിരിച്ചുവരവിനുള്ള അവസരമാണെങ്കിൽ ബിജെപിയെ സംബന്ധിച്ച്‌  2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവും.

വർഷാവസാനം നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ആത്മവിശ്വാസം ലഭിക്കുമെന്നതിനൊപ്പം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷസഖ്യത്തെ നയിക്കാൻ തങ്ങളാണ്‌ യോജിച്ച ശക്തിയെന്ന്‌ തെളിയിക്കാനും കോൺഗ്രസിന്‌ ജയം അനിവാര്യമാണ്‌. ഇരട്ട എൻജിൻ സർക്കാർ മുദ്രാവാക്യവുമായി ബിജെപി ഭരണത്തുടർച്ച ലക്ഷ്യമിടുമ്പോൾ സർക്കാരിന്റെ അഴിമതി മുഖ്യപ്രചാരണായുധമാക്കി ഭരണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് രംഗത്തിറങ്ങുന്നത്‌. 224 സീറ്റുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനുവേണ്ട 113 സീറ്റ് എന്ന ലക്ഷ്യത്തിലേക്കാണ്‌ ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പ്‌ തന്ത്രമൊരുക്കുന്നത്‌. 123 സീറ്റെന്ന ലക്ഷ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജെഡിഎസ്‌ തൂക്കുസഭയാണെങ്കിൽ കഴിഞ്ഞ തവണത്തെപ്പോലെ കിങ് മേക്കറാകാമെന്ന സ്വപ്നം കാണുന്നു.

2018 നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കർണാടകം സാക്ഷിയായത്  നിരവധി കാലുമാറ്റ നാടകങ്ങൾക്കാണ്‌. 2018ലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ്‌–- ജെഡിഎസ്‌ സഖ്യത്തിന്‌ ഭൂരിപക്ഷമുണ്ടായിട്ടും ഗവർണറെ ഉപയോഗിച്ച്‌ ബിജെപി സർക്കാർ രൂപീകരിച്ച്‌ ബി എസ്‌ യെദ്യൂരപ്പ മുഖ്യമന്ത്രിയായി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം സമയം നൽകിയത്‌ കോൺഗ്രസും- ജെഡിഎസും സുപ്രീംകോടതിയിൽ ചോദ്യംചെയ്‌തു. ഇതോടെ സമയം മൂന്നു ദിവസമാക്കി കുറച്ചു. നിയമസഭയിൽ വിശ്വാസവോട്ടിന്‌ 10 മിനിറ്റ്‌ മുമ്പ്‌ യെദ്യൂരപ്പ രാജിവച്ചു. തുടർന്ന്‌ കോൺഗ്രസ്‌–- ജെഡിഎസ്‌ സഖ്യത്തിൽ എച്ച്‌ ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു. കോൺഗ്രസിലെ 14ലും ജെഡിഎസിലെ മൂന്നും എംഎൽഎമാർ ബിജെപിക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ രാജിവച്ചതോടെ സഖ്യസർക്കാരിന്‌ ഭൂരിപക്ഷം നഷ്ടമായി.  മൂന്നാഴ്‌ചയുടെ അനിശ്ചിതത്വത്തിനു ശേഷം 2019  ജൂലൈ 23ന്‌  നടന്ന വിശ്വാസവോട്ടിൽ കുമാരസ്വാമി സർക്കാർ വീണു. 100–-107 ആയിരുന്നു വോട്ട്‌. ജൂലൈ 26ന്‌ യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ബിജെപിയിലുണ്ടായ തർക്കങ്ങൾക്ക്‌ ഒടുവിൽ യെദ്യൂരപ്പ 2021 ജൂലൈ 28ന്‌ രാജിവച്ച്‌ ബസവരാജ്‌ ബൊമ്മെ അധികാരമേറ്റു.

ബിജെപി
ഓൾഡ് മൈസൂരു, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക, ബംഗളൂരു അർബൻ, തീരദേശ കർണാടക, സെൻട്രൽ കർണാടക എന്നീ മേഖലകളിൽ വ്യത്യസ്‌ത രാഷ്ട്രീയ സാഹചര്യമാണ്‌. ഓരോ മേഖലയിലും ഓരോ രാഷ്ട്രീയ പാർടിക്ക്‌ മുൻതൂക്കമുണ്ട്‌. വിവിധ സമുദായിക ഘടകങ്ങളാണ്‌ തെരഞ്ഞെടുപ്പ്‌ ഫലത്തെ നിയന്ത്രിക്കുന്നത്‌.  കാലുമാറ്റത്തിലൂടെ ലഭിച്ച ഭരണം ഇത്തവണ ഭൂരിപക്ഷത്തോടെ നിലനിർത്താൻ ബിജെപി അഭിമാനപ്രശ്‌നമായി ഏറ്റെടുത്തിരിക്കുകയാണ്‌. വികസന മുദ്രാവാക്യം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം തുടങ്ങി മാസങ്ങളായി. മൂന്നു മാസത്തിനിടയിൽ ഏഴു തവണ സംസ്ഥാനത്തെത്തി. അമിത്‌ ഷാ ഇവിടെ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. സംഘടനാ സംവിധാനം ശക്തമാക്കിയിട്ടുണ്ടെങ്കിലും മുകൾത്തട്ടുമുതൽ താഴെത്തട്ടുവരെ വ്യാപിച്ച അഴിമതി ബിജെപിക്ക്‌ തലവേദനയാണ്‌. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർടി എംഎൽഎയായ മാദൽ വിരുപാക്ഷ അഴിമതിക്കേസിൽ കുടുങ്ങിയത് തിരിച്ചടിയായി.  സർക്കാരിനെതിരെ പ്രതിപക്ഷം നിരന്തരം അഴിമതി ആരോപണങ്ങൾ  ഉന്നയിച്ച്‌  ‘40 ശതമാനം കമീഷൻ' എന്ന പ്രചാരണം നടത്തുന്നതിനിടെയാണ്‌ ബിജെപി എംഎൽഎ മാദൽ വിരുപാക്ഷപ്പയുടെ മകനിൽനിന്ന് 7.7 കോടി രൂപ ലോകായുക്ത പിടികൂടിയത്.

മുഖ്യമന്ത്രി പദവിയിൽനിന്ന്‌ ഇറങ്ങിപ്പോയ യെദ്യൂരപ്പയുടെ സ്വാധീനവും ബിജെപിയെ ആശങ്കപ്പെടുത്തുന്നു. കാലുമാറ്റത്തിലൂടെ കർണാടകത്തിൽ ബിജെപിയെ ആദ്യമായി അധികാരത്തിലെത്തിച്ച്‌ നാലു തവണ മുഖ്യമന്ത്രിയായ യെദ്യൂരപ്പ  ഇത്തവണ മത്സരിക്കാനില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ലിംഗായത്ത് സമുദായത്തിന്റെ ഉറച്ച പിന്തുണയായിരുന്നു യെദ്യൂരപ്പയുടെ കരുത്ത്‌. 17 ശതമാനം വോട്ടുബാങ്കുള്ള ഏറ്റവും വലിയ സമുദായശക്തിയാണ്‌ ലിംഗായത്തുകൾ. യെദ്യൂരപ്പയെ മാറ്റി ബസവരാജ്‌ ബൊമ്മെയെ മുഖ്യമന്ത്രിയാക്കിയെങ്കിലും സമുദായത്തിൽ അത്ര സ്വാധീനമില്ല. യെദ്യൂരപ്പയെ ഒപ്പം നിർത്തി മകന്‌ സീറ്റ്‌ കൊടുക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്‌.  മുഖ്യമന്ത്രി സ്ഥാനത്തിനായി നിരവധി പേർ രംഗത്തുള്ളതും ബിജെപിക്ക്‌ തലവേദനയാണ്‌.  മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 25 അംഗ തെരഞ്ഞെടുപ്പ് പ്രചാരണസമിതിയുടെ തലപ്പത്ത് ബസവരാജ്‌ ബൊമ്മെയാണ്. തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനറായി യെദ്യൂരപ്പയുടെ വിശ്വസ്തയും വൊക്കലിംഗ വിഭാഗത്തിൽപ്പെട്ടയാളുമായ ശോഭ കരന്തലാജെയെ നിയമിച്ചു.

കോൺഗ്രസ്‌
ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്‌ ദേശീയ രാഷ്ട്രീയത്തിൽ ഊന്നൽ നൽകുന്നതിനുപകരം സമുദായ വോട്ടുകളെയാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. ലിംഗായത്തുകളെ കൂടെനിർത്താൻ മുതിർന്ന നേതാവായ എം ബി പട്ടീലിനെയാണ്‌ കോൺഗ്രസ്‌ മുന്നിൽ നിർത്തിയിരിക്കുന്നത്‌. ലക്ഷ്‌മി ഹെബാൽക്കർ, വിജയാനന്ദ കശപ്പനാവർ, വിനയ്‌ കുൽക്കർണി, ശിവന്ദ്‌ പട്ടീൽ എന്നിവരെയും സമുദായത്തെ സ്വാധീനിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. സ്ഥാനാർഥികളെ നിർണയിക്കുമ്പോൾ ലിംഗായത്തുകൾക്ക്‌ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന്‌ കോൺഗ്രസ്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ഇതോടൊപ്പം 14 ശതമാനം വരുന്ന വൊക്കലിംഗ സമുദായത്തെ ഒപ്പംനിർത്താൻ സാധിക്കുമെന്ന വിലയിരുത്തലും കോൺഗ്രസിനുണ്ട്‌. കർണാടക പ്രദേശ്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ഡി കെ ശിവകുമാർ ഈ സമുദായത്തിൽപ്പെട്ട പ്രമുഖനാണ്‌. അടുത്തിടെ ബിജെപിയിൽനിന്നും ജെഡിഎസിൽനിന്നും എംഎൽഎമാരുൾപ്പെടെ കോൺഗ്രസിലേക്ക്‌ ചേക്കേറിയതിനു പിന്നിൽ ശിവകുമാറായിരുന്നു. സിദ്ധരാമയ്യ, ഡി കെ ശിവകുമാർ വിഭാഗവും തമ്മിൽ തർക്കമുണ്ട്‌. പിന്നാക്ക സമുദായങ്ങൾക്കിടയിൽ നിർണായക സ്വാധീനമുണ്ട് പഴയ ജെഡിഎസ് നേതാവുകൂടിയായ സിദ്ധരാമയ്യയ്ക്ക്. അതിനിടെ ഹൈക്കമാൻഡ്‌ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ രണ്ടരവർഷംവീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടാൻ ഇരുവരും ധാരണയായെന്നാണ്‌ നേതാക്കൾ പറയുന്നത്‌. ജി പരമേശ്വര ഉൾപ്പെടെയുള്ള നേതാക്കളും മുഖ്യമന്ത്രിപദവി സ്വപ്നം കാണുന്നുണ്ട്. 124 പേരുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

മാസങ്ങൾക്കു മുമ്പേ 100 മണ്ഡലത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ജെഡിഎസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക്‌ തുടക്കംകുറിച്ചു. സംസ്ഥാനവ്യാപകമായി മുൻമുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിൽ പഞ്ചരത്ന രഥയാത്രയും നടത്തി. വൊക്കലിംഗ സമുദായത്തിന്റെയും ന്യൂനപക്ഷ, പിന്നാക്ക വോട്ടുകളിലുമാണ്‌ ജെഡിഎസിന്റെ പ്രതീക്ഷ. മുൻ കേന്ദ്രമന്ത്രി സി എം ഇബ്രാഹിമിനെ സംസ്ഥാനപ്രസിഡന്റാക്കിയത്‌ ഈ വോട്ട്‌ ലക്ഷ്യമിട്ടാണ്‌. സിപിഐ എം അഞ്ച്‌ സീറ്റിൽ മത്സരിക്കുന്നു. ബിഎസ്‌പിയും മറ്റ്‌ ചില പ്രാദേശിക പാർടികളും ചില മേഖലകളിൽ രംഗത്തുണ്ട്‌.

കോൺഗ്രസും  ബിജെപിയും പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്‌ 31 ശതമാനം വരുന്ന ലിംഗായത്ത്‌, വൊക്കലിംഗ വോട്ടുകളിലാണ്‌. സംസ്ഥാനത്ത്‌ 17 ശതമാനം ന്യൂനപക്ഷ വിഭാഗമുണ്ട്‌. ഇവർ ബിജെപിയിൽനിന്ന്‌ തുടർച്ചയായി ആക്രമണങ്ങൾ നേരിട്ടപ്പോൾ കോൺഗ്രസ്‌ ഫലപ്രദമായ ഇടപെടലുകൾ നടത്തിയില്ലെന്ന ആക്ഷേപമുണ്ട്‌. 75ലേറെ മണ്ഡലങ്ങളിൽ മുസ്ലിം, ക്രൈസ്‌തവ വോട്ട്‌ നിർണായകമാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ടെങ്കിലും അതിന്റെ രാഷ്ട്രീയ പാർടിയായ എസ്‌ഡിപിഐക്ക്‌ സംസ്ഥാനത്തെ ചില കേന്ദ്രങ്ങളിൽ സ്വാധീനമുണ്ട്‌. എസ്‌ഡിപിഐ നൂറോളം മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top