16 July Tuesday

മാർക‌്സും ഇന്നത്തെ ലോകവും

പ്രകാശ്‌ കാരാട്ട്‌Updated: Thursday May 9, 2019

1818 മെയ‌്‌ അഞ്ചിന‌് ജനിച്ച കാൾ മാർക‌്സിന്റെ  ഇരുനൂറാം ജന്മവാർഷികം 2019 മെയ് അഞ്ചിന് ഒരുവർഷം നീണ്ട ആചരണ പരിപാടികളോടെ സമാപിച്ചു. 200–--ാം ജന്മവാർഷികം ഇന്ത്യയടക്കം ലോകത്തെങ്ങും വ്യാപകമായി ആചരിക്കപ്പെട്ടു. കോൺഫറൻസുകൾ, സെമിനാറുകൾ, ചർച്ചകൾ , മാർക‌്സിനെയും മാർക‌്സിസത്തെയും സംബന്ധിച്ച പുസ്‌തകപ്രകാശനം എന്നിവ നടന്നു.  ഇത്തരം വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ തെളിയിച്ചത്, സമകാലിക ലോകത്ത്, 21–--ാം നൂറ്റാണ്ടിൽ മാർക‌്സിനും  അദ്ദേഹത്തിന്റെ ചിന്തകൾക്കുമുള്ള പ്രസക്തിയാണ്. ഇന്ത്യയിൽ വലതുപക്ഷ ഹിന്ദുത്വശക്തികൾക്കും അതിന്റെ നേതാവ് നരേന്ദ്ര മോഡിക്കുമെതിരെയുള്ള തെരഞ്ഞെടുപ്പ‌് യുദ്ധത്തിന് ഇടയിലാണ‌് വാർഷികാചരണം  നടന്നത‌്. മാർക‌്സിസത്തിന്റെ സമകാലികപ്രസക്തിയുടെ ഒരു സവിശേഷവശം ഇത‌് കൃത്യമായിപുറത്തു കൊണ്ടുവന്നു. അത്, മോഡി ഗവൺമെന്റ‌് അധികാരമേറ്റശേഷം ഇന്ത്യയിൽ നടപ്പാക്കിപ്പോരുന്ന   വലതുപക്ഷ കടന്നാക്രമണത്തിന്റെ അർഥം മനസ്സിലാക്കാനുള്ള ഒരു രീതിശാസ‌്ത്രം എന്ന നിലയ‌്ക്കുള്ള പ്രസക്തിയാണത്.

വലതുപക്ഷത്തേക്കുള്ള ചായ‌്‌വ‌് ( Shift) ഒരാഗോള പ്രതിഭാസമെന്ന നിലയ‌്ക്ക് തുടരുകയാണ്. 2018ൽ തീവ്രവലതുപക്ഷമോ  അതി ദേശീയതാവാദികളോ ആയ എട്ട‌് ഗവൺമെന്റുകളാണ് യൂറോപ്യൻ യൂണിയനിൽ ഉണ്ടായിരുന്നത്.- ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, ഫിൻലാൻഡ‌്, ഇറ്റലി, പോളണ്ട്, ഹംഗറി, സ്ലൊവാക്യ എന്നിവ. ഫ്രാൻസിലെ നാഷണൽ ഫ്രന്റ്, ജർമനിയിലെ ആൾട്ടർനേറ്റീവ് ഫോർ ഡ്യൂഷ് ലാൻഡ‌്, ഗ്രീസിലെ ഗോൾഡൻ ഡോൺ, ഫിൻലൻഡിലെ ഫിൻസ് പാർടി, നെതർലൻഡ‌്സിലെ പാർടി ഓഫ് ഫ്രീഡം തുടങ്ങിയ അതിതീവ്രവലതുപക്ഷ /കുടിയേറ്റവിരുദ്ധ പാർടികളുടെ നിലനിൽപ്പും വളർച്ചയും ഇതിനുപുറമെയാണ്. ദക്ഷിണ  അമേരിക്കയിലെ വലതുപക്ഷ പ്രത്യാക്രമണം തെളിഞ്ഞുവരുന്നത്,  ബ്രസീലിലെ കടുത്ത വലതുപക്ഷക്കാരനായ ജെയ്ർ ബൊൾസൊനാരോ തെരഞ്ഞെടുക്കപ്പെട്ടതും  അമേരിക്കൻ പിന്തുണയോടെ വെനസ്വേലയിലെ മഡൂറോ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം ആരംഭിച്ചതും വഴിയാണ്.

കഴിഞ്ഞവർഷംതന്നെയാണ‌്‌ എർദോഗൻ തുർക്കി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മാസമാണ്, ബെഞ്ചമിൻ നെതന്യാഹു ഇസ്രയേൽ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. വലതുപക്ഷക്കാരനായ ഷിൻസോ ആബെ ഇപ്പോൾ നാലാം തവണയാണ് ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത്. ഇതിനെല്ലാത്തിനും മേലെ, അമേരിക്കയിൽ അതിതീവ്രവലതുപക്ഷക്കാരനായ ഡോണൾഡ് ട്രംപ‌് 2016 നവംബറിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മോഡിയും ഇക്കൂട്ടത്തിൽപ്പെടുന്ന നേതാവാണ‌്.

ഇത്തരം നേതാക്കന്മാരുടെയും വലതുപക്ഷ ഭരണ സംവിധാനങ്ങളുടെയും ഉയർച്ചയെപ്പറ്റി പല പല സിദ്ധാന്തങ്ങളും ഉയർന്നുവരുന്നുണ്ട്. പല മുതലാളിത്ത വ്യാഖ്യാതാക്കളും "പുതിയ ജനപ്രിയരാഷ്ട്രീയ’ ത്തിന്റെ ഉദയത്തെപ്പറ്റി വാചാലരാകുന്നുണ്ട്. മറ്റു ചിലർ രാഷ്ട്രീയത്തിൽ കരുത്തന്മാരുടെ ഉദയമാണിതെന്ന് പറയുന്നു. പക്ഷേ ഇതൊക്കെ വഴിതെറ്റിക്കുന്നതോ യഥാർഥ പ്രതിഭാസത്തിന്റെ വികലമായ വിലയിരുത്തലിൽനിന്നുണ്ടാകുന്നതോ ആണ്.

"ജനപ്രിയം’ എന്ന പ്രയോഗം രാഷ്ട്രീയത്തിലെ ഒരു ശൈലി മാത്രമാണ‌്, അതൊരു രാഷ്ട്രീയ തത്വശാസ്ത്രമല്ല. പക്ഷേ ലിബറൽ വ്യാഖ്യാതാക്കൾ ഈ പ്രയാേഗം ഇടതുപക്ഷക്കാർക്കും വലതുപക്ഷക്കാർക്കും ഒരേപോലെ ചാർത്തിക്കൊടുക്കാറുണ്ട്.- ഹ്യൂഗോ ഷാവേസായാലും  ഡോണൾഡ് ട്രംപായാലും  മരിയ ലെ പെന്നായാലും ജെറമി കോർബിനായാലും അവരത് പ്രയോഗിക്കും. അതേപോലെ വലതുപക്ഷത്തെ കടുത്ത ഏകാധിപതികളായ എർദോഗനായാലും, ഹംഗറിയിലെ വിക്ടർ ഓർബനായാലും ഇടതുപക്ഷ ദേശീയനേതാക്കളായ വെനസ്വേലയിലെ നിക്കോളസ് മഡൂറോയോ  ബൊളീവിയയിലെ ഇവോ മൊറെയ്ൽസോ ആയാലും അവർക്ക് " കരുത്തരാ’ണ്.

മനുഷ്യർ "സ്വന്തം ചരിത്രം രചിക്കുന്നു. പക്ഷേ തങ്ങൾക്കിഷ്ടമായതുപോലെയല്ല. തങ്ങൾ തെരഞ്ഞെടുത്ത സാഹചര്യങ്ങളിൽ അല്ല അവരത് ചെയ്യുന്നത്. പകരം, നേരിട്ട് ഏറ്റുമുട്ടിയതും ഭൂതകാലത്തിൽനിന്ന് ലഭിച്ചതുമായ സാഹചര്യങ്ങളിലാണ്.’

എന്താണ് സംഭവിക്കുന്നത് എന്നറിയാൻ മാർക‌്സിസ്റ്റ‌്  സിദ്ധാന്തവും അതിന്റെ പ്രമാണങ്ങളും ആശ്രയിച്ചേ പറ്റൂ. ലൂയി ബോണെപാർട്ടിന്റെ പതിനെട്ടാമത് ബ്രൂ മെയർ എന്ന ഗ്രന്ഥത്തിൽ  മാർക‌്സ‌് പറഞ്ഞത് മനുഷ്യർ "സ്വന്തം ചരിത്രം രചിക്കുന്നു. പക്ഷേ തങ്ങൾക്കിഷ്ടമായതുപോലെയല്ല. തങ്ങൾ തെരഞ്ഞെടുത്ത സാഹചര്യങ്ങളിൽ അല്ല അവരത് ചെയ്യുന്നത്. പകരം, നേരിട്ട് ഏറ്റുമുട്ടിയതും ഭൂതകാലത്തിൽനിന്ന് ലഭിച്ചതുമായ സാഹചര്യങ്ങളിലാണ്.’

ബോണപ്പാർട്ടിസത്തിന്റെ ഉയർച്ചയെപ്പറ്റി, അല്ലെങ്കിൽ മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, മുതലാളിത്തസമൂഹത്തിലെ ഭരണവർഗത്തിന് അതിന്റെ അധികാരം ഭരണഘടനാപരവും പാർലമെന്ററിയനുമായ മാർഗത്തിലൂടെ തുടരാനാകാൻ കഴിയാത്ത സാഹചര്യത്തിലെത്തുകയോ നിലവിലുള്ള രാഷ്ട്രീയക്രമത്തിനകത്തെ പ്രതിസന്ധി തകർച്ചയുടെ ഘട്ടത്തിൽ എത്തി നിൽക്കുകയോ ചെയ്യുമ്പോൾ, ഏകാധിപതിയായ നേതാവ് ഉയർന്നു വരുന്നതിനെപ്പറ്റി എഴുതുകയായിരുന്നു മാർക‌്സ‌്. ബോണപ്പാർട്ടിസ്റ്റ് വാഴ്ച, ഭരണവർഗത്തിന് എതിരായിപ്പോകും എന്നല്ല ഇതുകൊണ്ട് അർഥമാക്കുന്നത്. മറിച്ച്, അവരുടെ താൽപ്പര്യസംരക്ഷണത്തിനു വേണ്ടിയാണ് അത് പ്രവർത്തിക്കുക.

തൊഴിലാളിവർഗം അരുകുവൽക്കരിക്കപ്പെട്ടു
തീവ്രവലതുപക്ഷക്കാരും ഏകാധിപതികളുമായ നേതാക്കളുടെ ഉയർച്ചയെ ആഗോള ധനമൂലധനത്തിന്റെ ചപലചിത്തതയുടെ പശ്ചാത്തലത്തിൽ വേണം നോക്കിക്കാണാൻ. നിയോലിബറലിസം സമൂഹങ്ങളെത്തന്നെ പുനഃസംഘടിപ്പിക്കുന്നതിന്റെയും  നവലിബറൽ വ്യവസ്ഥതന്നെ പ്രതിസന്ധിയിൽ ആകുന്നതിന്റെയും പശ്ചാത്തലത്തിൽ വേണം ഇത് മനസ്സിലാക്കാൻ. ഇങ്ങനെ വലതുപക്ഷത്തേക്കുചാഞ്ഞ നേതാക്കളുടെ സവിശേഷത,  നിയോലിബറൽ നയങ്ങളോട് അവർ കാട്ടുന്ന ഭക്തിയും സങ്കുചിതദേശീയതയും  പുറംതള്ളലിനെക്കുറിച്ചുള്ള വാചാടോപവുമാണ്. തെരഞ്ഞെടുക്കപ്പെട്ട ചില ഏകാധിപതികൾ മാർക്സ് ചൂണ്ടിക്കാട്ടിയ തരത്തിലുള്ള ബോണപ്പാർട്ടിസ്റ്റ് തരത്തിലുള്ള സ്വഭാവമാണ് കാട്ടുന്നത്.

നിയോലിബറലിസം കഴിഞ്ഞ നാല‌്‌ ദശകങ്ങളായി സമൂഹങ്ങളെ പുനഃസംഘടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ പുനഃസംഘടനയുടെ അനന്തരഫലം, തൊഴിലാളിവർഗം അരുകുവൽക്കരിക്കപ്പെട്ടു എന്നതാണ്. നിയോലിബറലിസം സ്വത്വരാഷ്ട്രീയത്തിന്റെയും  പരസ്പരം മത്സരിക്കുന്ന ഗോത്രാധിഷ്ഠിതവും മതാധിഷ്ഠിതവുമായ ദേശീയതകളുടെയും ഒരു പ്രളയംതന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഇതേ  നാല‌് ദശകക്കാലത്ത് സോഷ്യലിസത്തിന്റെയും സാർവത്രികമൂല്യങ്ങളുടെ പിറകോട്ടടിയും അതുവഴി വിവിധതരം വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വളർച്ചയും ദൃശ്യമായി.

2007–-08 കാലത്തെ ആഗോള സാമ്പത്തികപ്രതിസന്ധി നിയോലിബറൽ വ്യവസ്ഥയുടെ ഉയർന്നുവരുന്ന പ്രതിസന്ധിയുടെ തുടക്കമായിരുന്നു. സിപിഐ എമ്മിന്റെ 22–--ാം പാർടി കോൺഗ്രസ് ചൂണ്ടിക്കാട്ടിയതുപോലെ, നിയോലിബറലിസത്തിന്റെ ഈ പ്രതിസന്ധി പുതിയ വൈരുധ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത് പുതിയ രാഷ്ട്രീയശക്തികളുടെ ഉദയത്തിലേക്കും വളരുന്ന പിരിമുറുക്ക ങ്ങളിലേക്കും നയിച്ചിട്ടുണ്ട്.

നിയോലിബറൽ വ്യവസ്ഥ വഴിമുട്ടിനിൽക്കെ, ഭരണഘടനാ സ്ഥാപനങ്ങളും ഭരണകൂടസംവിധാനങ്ങളും പഴയതുപോലെ സുഗമമായി നടത്തിക്കൊണ്ടുപോകാൻ ഭരണവർഗത്തിന് കഴിയാതെയാകും. നിയോലിബറലിസം നമ്മുടെ ജനാധിപത്യത്തെയും രാഷ്ട്രീയസ്ഥാപനങ്ങളെയും പൊള്ളയാക്കിത്തീർത്തിട്ടുണ്ട്. അത്തരമൊരു പരിതഃസ്ഥിതിയിലാണ് കടുത്ത വലതുപക്ഷക്കാരും പലപ്പോഴും ഒറ്റയാന്മാരുമായ രാഷ്ട്രീയബിംബങ്ങൾ ഉയർന്നു വരുന്നത്.അപകീർത്തിക്കപ്പെട്ട രാഷ്ട്രീയസ്ഥാപനങ്ങളിൽനിന്ന് വേറിട്ട, അതിലുമൊക്കെ ഉന്നതരാണ് തങ്ങൾ എന്ന് അവർ സ്വയം പ്രക്ഷേപണം നടത്തും.

രാഷ്ട്രീയസാഹചര്യങ്ങളും  പ്രതിലോമപരമായ പ്രത്യയശാസ്ത്രങ്ങളുടെയും വിഭജനവാദപരമായ ദേശീയതകളുടെയും പ്രയോഗങ്ങളും ഓരോ കേസിലും വ്യത്യസ്തമാണെങ്കിലും  ട്രംപ‌് , എർദോഗൻ, നെതന്യാഹു, ബൊൾസൊനാരോ എന്നിവരെല്ലാംതന്നെ ഈ പ്രതിഭാസത്തിന്റെ ഉൽപ്പന്നങ്ങളാണ്.

മൂലധനവാഴ്ചയുടെ ഇഷ്ടരൂപമായ ലിബറൽ ജനാധിപത്യവും പ്രതിസന്ധിയിലാണ്. പാശ്ചാത്യനാടുകളിലെ ജനങ്ങൾക്ക്, വിശേഷിച്ചും തൊഴിലാളിവർഗത്തിന‌്, അത്  ധനമൂലധനത്തിനെയും വരേണ്യബിസിനസിനെയും സേവിക്കുന്ന ഒരുപകരണം മാത്രമായി കൂടുതൽ കൂടുതലായി ബോധ്യപ്പെട്ടുവരികയാണ്. നിയോലിബറൽ ലോകവീക്ഷണം സ്വീകരിച്ച സോഷ്യൽ ഡെമോക്രാറ്റിക് പാർടികളും ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവന്നു. അവരും അപകീർത്തിപ്പെടുകയും അഴിമതിക്കാരായ അതേ ഭരണവർഗത്തിന്റെ ഭാഗമായി മറ്റുള്ളവർ നോക്കിക്കാണാൻ ഇടവരുകയും ചെയ്തു.

ഈ സാഹചര്യങ്ങൾക്കിടയിലാണ്, തീവ്രവലതുപക്ഷ- നവ ഫാസിസ്റ്റ് ശക്തികൾ നിയോലിബറൽ ക്രമത്തോട് ജനങ്ങൾക്ക് പൊതുവിലുള്ള അസംതൃപ്തി ചൂഷണംചെയ്യാൻ പരിശ്രമിക്കുന്നത്. അവർ കുടിയേറ്റക്കാരെയും മതപരവും ഗോത്രപരവുമായ ന്യൂനപക്ഷങ്ങളെയും ഉന്നംവച്ച് അയുക്തികവിദ്വേഷവും കുടിയേറ്റവിരുദ്ധ വികാരവും വളർത്തിയെടുക്കുന്നു.

"വർഗസമരം  അവശ്യമായും രാഷ്ടീയസമരം കൂടിയാണ്’
ആഗോള ധനമൂലധനവും നവലിബറൽ ഭരണക്രമവും എല്ലായിടത്തും ഗോത്രാധിഷ്ഠിതവും വംശീയവും മതപരവുമായ സ്വത്വബോധങ്ങളെ പ്രോത്സാഹിപ്പിച്ചു പോന്നിട്ടുണ്ട്. വലതുപക്ഷ സ്വത്വരാഷ്ട്രീയത്തിനും സങ്കുചിത ദേശീയതകൾക്കുമുള്ള അടിസ്ഥാനമായി മാറിത്തീരുന്നത് ഇവയാണ്. വ്യത്യസ്ത രാഷ്ട്രങ്ങൾക്ക് ഉന്നംവയ‌്ക്കാൻ വ്യത്യസ‌്ത അപരന്മാരുണ്ട്. ഇന്ത്യയിൽ മുസ്ലിങ്ങൾ, തുർക്കിയിൽ കുർദുകൾ, യൂറോപ്പിലും അമേരിക്കയിലും കുടിയേറ്റക്കാർ - വിശേഷിച്ചും പശ്ചിമേഷ്യയിൽനിന്നുള്ളവർ...അങ്ങനെയങ്ങനെ.

ഈ വലതുപക്ഷഭീഷണിയുടെ സ്വഭാവം മനസ്സിലാക്കാൻ മാത്രമല്ല മാർക‌്സിസം നമ്മെ സഹായിക്കുക. അതിനെതിരെ പോരാടാനുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ തുണകൂടി അതുനൽകുന്നുണ്ട‌്.

വലതുപക്ഷശക്തികളോട് എതിരിടാനാവുക, അടിസ്ഥാനപരമായി വർഗസമരത്തിലൂടെയാണ്. ഈ വർഗസമരം സാമ്രാജ്യത്വത്തിനും അന്താരാഷ്ട്ര ധനമൂലധനത്തിനും എതിരെയുള്ള പോരാട്ടങ്ങളാൽ  വലയിതമാണ്. എന്നിരിക്കിലും വർഗസമരം പ്രാഥമികമായും ദേശാതിർത്തികൾക്കുള്ളിൽ നടക്കേണ്ടതാണ്. മാർക‌്സും എംഗൽസും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറഞ്ഞത് ഇങ്ങനെയാണ്:  ‘‘ബൂർഷ്വാസിയുമായുള്ള തൊഴിലാളിവർഗത്തിന്റെ പോരാട്ടം, ഉള്ളടക്കത്തിലല്ലെങ്കിലും രൂപത്തിൽ ആദ്യമായും ഒരു ദേശീയ പ്രക്ഷോഭമാണ്. ഓരോ രാജ്യത്തെ തൊഴിലാളികളും തീർച്ചയായും  തങ്ങളുടെ ബൂർഷ്വാസിയുമായി കണക്ക് തീർക്കേണ്ടതുണ്ട്.''
വർഗസമരമെന്നത് അടിസ്ഥാനവർഗങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം മാത്രമായി ലളിതവൽക്കരിച്ചു കാണാനാകില്ല. മാർക‌്സും എംഗൽസും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ചൂണ്ടിക്കാട്ടിയതുപോലെ, "വർഗസമരം  അവശ്യമായും രാഷ്ടീയസമരം കൂടിയാണ്.’

ഇന്ത്യൻ സാഹചര്യങ്ങളിൽ, ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെയുള്ള സമരം അവശ്യമായും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമരമാണ്. അത്തരം സമരം ഗുണപരമായി ശക്തിപ്പെടുകയും ഒരു ബഹുജനസ്വഭാവം ആർജിക്കുകയും ചെയ്യുക, അത് നിയോലിബറൽ ക്രമത്തിനെതിരെയുള്ള സമരത്തിന് ഉദ്യുക്തമാകുമ്പോഴാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വലതുപക്ഷ കടന്നാക്രമണത്തിനും  മുതലാളിത്ത ആഗോളവൽക്കരണം കെട്ടഴിച്ചുവിട്ട വിഘടന ശക്തികൾക്കും എതിരെയുള്ള സമരം, ലിബറൽ ഡെമോക്രസിയിൽ നിന്നും  ഒത്തുതീർപ്പ് വാദികളായ സോഷ്യൽ ഡെമോക്രസിയിൽനിന്നും വേറിട്ട ഒരു പുതിയ ഇടതുപക്ഷ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടു വരുന്നുണ്ട്. അത്തരം ഉണർച്ചകൾ ബ്രിട്ടണിലെ ലേബർ പാർടിയുടെ ജെറമി കോർബിന്റെ വേദികളിൽ, ബെർണി സാന്റേഴ്സിന്റെ നേതൃത്വത്തിൽ യുഎസ്എയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളിൽ, ഫ്രാൻസിലെ ഇടതുമുന്നണിയിലും മഞ്ഞക്കുപ്പായക്കാരുടേതുപോലുള്ള ജനകീയപ്രസ്ഥാനങ്ങളിൽ,  പാരിസ്ഥിതിക പ്രസ്ഥാനങ്ങളിലും മറ്റിതര പ്രസ്ഥാനങ്ങളിലും  നാം കണ്ടു.

ഇതൊക്കെയും തൊഴിലാളിവർഗത്തെയും പണിയെടുക്കുന്ന ജനങ്ങളെയും രാഷ്ട്രീയ സംഭവഗതികളുടെ കേന്ദ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രാഥമികവും പരീക്ഷണാത്മകവുമായ ചുവടുവയ‌്പുകൾ മാത്രമാണ്. എറിക് ഹോബ്സ് ബാം അദ്ദേഹത്തിന്റെ അവസാന ഗ്രന്ഥത്തിൽ പറഞ്ഞതുപോലെ, ‘മാർക‌്സിനെ ഗൗരവത്തിലെടുക്കേണ്ട സമയം ഒരിക്കൽക്കൂടി വന്നുചേർന്നിരിക്കുന്നു.’


പ്രധാന വാർത്തകൾ
 Top