19 February Tuesday

കാലം അതിജീവിച്ച ആശയം

പ്രകാശ്‌ കാരാട്ട്Updated: Saturday May 5, 2018


കാള്‍ മാര്‍ക്‌സിന്റെ 200‐ാം ജന്മവാര്‍ഷിക ദിനമാണിന്ന്. 135 വര്‍ഷംമുമ്പ് മാര്‍ക്‌സ് ഈ ലോകത്തോട് വിടപറഞ്ഞതിനുശേഷം എത്ര തവണയാണ് മാര്‍ക്‌സിസത്തിന് ചരമക്കുറിപ്പെഴുതുകയും അത് അപ്രസക്തമാണെന്ന് വിധിയെഴുതുകയും ചെയ്തിട്ടുള്ളത്! എന്നിരുന്നാലും മാര്‍ക്‌സും അദ്ദേഹത്തിന്റെ ചിന്തകളും ജനങ്ങളുടെ ശ്രദ്ധയിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. ഇതിന് കാരണം മാര്‍ക്‌സിന്റെ സാമൂഹ്യവും ചരിത്രപരവുമായ മാറ്റങ്ങള്‍ സംബന്ധിച്ച ആശയങ്ങള്‍ ഒരു കാലഘട്ടത്തിലും പഴഞ്ചനാകുന്നില്ലെന്നതാണ്.

ഇരുനൂറ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ് 1818 മെയ് അഞ്ചിനാണ് കാള്‍ മാര്‍ക്‌സ് ജനിച്ചത്. 1883 മാര്‍ച്ച് 14ന് 65‐ാംവയസ്സിലാണ് അദ്ദേഹം മരിച്ചത്. ജീവിതകാലത്തിനിടയില്‍ നിരവധി കൃതികള്‍ അദ്ദേഹം രചിച്ചു. അതിന്റെ ആകത്തുകയാണ് മാര്‍ക്‌സിയന്‍ സിദ്ധാന്തം എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത്. മാര്‍ക്‌സും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ഫ്രെഡറിക‌് എംഗല്‍സുമാണ് ചരിത്രപരമായ ഭൗതികവ്യാഖ്യാനത്തിന്റെ അഥവാ ചരിത്രപരമായ ഭൗതികവാദത്തിന്റെ ഉപജ്ഞാതാക്കള്‍. ഈ ഭൗതികവ്യാഖ്യാനം മറ്റു ഭൗതികവാദ തത്വശാസ്ത്രങ്ങളില്‍നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നു. വൈരുധ്യാത്മകതയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഇത്.

ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്‌സും എംഗല്‍സും സമൂഹം എങ്ങനെയാണ് വളര്‍ന്നുവന്നതെന്ന് വിശകലനം ചെയ്തു. വ്യത്യസ്ത ഉല്‍പ്പാദന വ്യവസ്ഥകള്‍ രൂപംകൊണ്ടതെങ്ങനെയെന്ന് വിശദീകരിച്ച ഇവര്‍ ഭൂപ്രഭുത്വത്തിന്റെ ഗര്‍ഭാശയത്തില്‍നിന്ന‌് മുതലാളിത്തം എങ്ങനെയാണ് രൂപംകൊണ്ടതെന്നും വിശദീകരിച്ചു.
മാര്‍ക്‌സ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന കൃതിയായ മൂലധനത്തില്‍ മുതലാളിത്തത്തിലെ ഉല്‍പ്പാദനബന്ധങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. മിച്ചമൂല്യം നേടുന്നതിനുവേണ്ടി ഒരു ചരക്ക് എന്ന നിലയില്‍ തൊഴിലിനെ എങ്ങനെയാണ് മുതലാളിത്തം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. മുതലാളിത്തം ആഗോള ചൂഷണസംവിധാനമായി മാറുമെന്നും മാര്‍ക്‌സ് ദീര്‍ഘദര്‍ശനം ചെയ‌്തു. അദ്ദേഹത്തിന്റെ കാലശേഷം മുതലാളിത്തം സാമ്രാജ്യത്വമായി വളര്‍ന്നു. മുതലാളിത്തം സംബന്ധിച്ച ഈ വിശകലനം പിന്നീട് ലെനിന്‍, സാമ്രാജ്യത്വമെന്ന പുതിയ ഘട്ടത്തിലേക്ക് വികസിപ്പിക്കുകയും ചെയ്തു.

ചരിത്രം സംബന്ധിച്ച മാര്‍ക‌്സിന്റെ ചിന്താഗതിയുടെ സത്ത അത് വര്‍ഗസമരത്തിന്റെ ചരിത്രമാണെന്നതാണ്. ശാസ‌്ത്രീയ സോഷ്യലിസത്തിന്റെ വക്താക്കളായിരുന്നു മാര്‍ക്‌സും എംഗല്‍സും. ഇരുവരും ചേര്‍ന്ന് രചിച്ച ഏറ്റവും മികച്ച കൃതിയായ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ 1848ലാണ് പ്രസിദ്ധീകരിച്ചത്. 70 വര്‍ഷങ്ങള്‍ക്കുമുമ്പ്. മുതലാളിത്തത്തെ തകര്‍ത്ത് വര്‍ഗരഹിതസമൂഹമായ കമ്യൂണിസത്തിലേക്കുള്ള വിപ്ലവപാതയാണ് ഈ കൃതിയിലൂടെ അവര്‍ കാട്ടിത്തന്നത്.

മാര്‍ക്‌സിന് പ്രത്യയശാസ്ത്രം എന്നത് പ്രവര്‍ത്തനത്തിലേക്കുള്ള വഴികാട്ടിയാണ്. കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ തൊഴിലാളിവര്‍ഗത്തോട് ആഹ്വാനം ചെയ്യുന്നത് മുതലാളിത്തവിരുദ്ധ വിപ്ലവത്തിനാണ്. അതായത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മാര്‍ക്‌സും മുഴുകിയെന്നര്‍ഥം. ഈ ശ്രമത്തിന്റെ ഫലമാണ് 1864ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര തൊഴിലെടുക്കുന്നവരുടെ സംഘടന.

ലെനിന്‍ ക്രിയാത്മകമായി വികസിപ്പിച്ച മാര്‍ക‌്സിസ്റ്റ് സിദ്ധാന്തമാണ് 1917ലെ ഒക്ടോബര്‍ വിപ്ലവത്തിന് പ്രചോദനമായ പ്രധാന ശക്തി. തുടര്‍ന്നങ്ങോട്ട് മാര്‍ക്‌സിസ‌്റ്റ‌് സിദ്ധാന്തത്തില്‍നിന്നും പ്രയോഗത്തില്‍നിന്നും നിരവധി വിപ്ലവങ്ങളും വിപ്ലവപ്രസ്ഥാനങ്ങളും ഉടലെടുത്തു. ഏതെങ്കിലും വിപ്ലവപദ്ധതി പരാജയപ്പെട്ടതോ പിന്നോട്ടടിച്ചതോ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നര്‍ഥം. പരാജയപ്പെടുന്നതിനും പിന്നോട്ടടിക്കുമുള്ള കാരണം മാര്‍ക്‌സിസ‌്റ്റ‌് സിദ്ധാന്തവും പ്രയോഗവും വക്രീകരിച്ചതുകൊണ്ടോ വെള്ളം ചേര്‍ത്തതുകൊണ്ടോ ആണ്.

മാര്‍ക്‌സ് ഒരിക്കലും തന്റെ വീക്ഷണങ്ങളും സിദ്ധാന്തങ്ങളും ചോദ്യം ചെയ്യപ്പെടാത്തതാണെന്നോ അനശ്വരമാണെന്നോ വാദിച്ചിരുന്നില്ല. മാര്‍ക്‌സ് ചെയ്തത് സമൂഹത്തെ മനസ്സിലാക്കാനുള്ള രീതിശാസ്ത്രം വികസിപ്പിച്ചെടുക്കുകയും സമൂഹത്തില്‍ എങ്ങനെ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന് ചൂണ്ടിക്കാട്ടുകയും മാത്രമായിരുന്നു. ഈ ഘട്ടത്തില്‍ ലെനിന്‍ പറഞ്ഞ കാര്യം ഓര്‍ക്കുന്നത് നല്ലതാണ‌്: ‘മാര്‍ക‌്സിന്റെ സിദ്ധാന്തം സമ്പൂര്‍ണമാണെന്നോ അലംഘനീയമാണെന്നോ ഞങ്ങള്‍ കരുതുന്നില്ല. മറിച്ച് സോഷ്യലിസ്റ്റുകള്‍ നിര്‍ബന്ധമായും ജീവിതത്തിന്റെ എല്ലാ ദിശകളിലേക്കും വികസിപ്പിച്ചെടുക്കേണ്ട ശാസ്ത്രത്തിന്റെ തറക്കല്ലിടല്‍മാത്രമാണിതെന്ന ബോധ്യമാണ് ഞങ്ങള്‍ക്കുള്ളത്.’
വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലേക്കും മാര്‍ക‌്സിന്റെ സിദ്ധാന്തം വ്യാപിപ്പിക്കേണ്ടതും കാലാനുസൃതമാക്കേണ്ടതും മാര്‍ക്‌സിസ്റ്റുകളാണ്. അത്തരം ശ്രമങ്ങളിലൂടെമാത്രമേ സാമൂഹ്യമാറ്റമെന്ന ലക്ഷ്യത്തിലേക്ക് വിജയകരമായി മുന്നേറാനാകൂ.

ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ എമ്മിന്റെ 22‐ാം പാര്‍ടി കോണ്‍ഗ്രസ് മാര്‍ക്‌സിസം ജനങ്ങളിലെത്തിക്കുന്നതിനായി ഒരുവര്‍ഷം നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സെമിനാറുകള്‍, പൊതുചര്‍ച്ചകള്‍, വിവിധ ഇന്ത്യന്‍ ഭാഷകളില്‍ മാര്‍ക്‌സിന്റെ കൃതികളുടെ പ്രകാശനം, മാര്‍ക്‌സിയന്‍ വിഷയം സംബന്ധിച്ച പഠനക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. രാജ്യത്തെയും ലോകത്തെയും മാറ്റുന്നതിനുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഇതുവഴി സജ്ജരാകാന്‍ നമുക്കും കഴിയും.

പ്രധാന വാർത്തകൾ
 Top