24 February Sunday

മനുഷ്യസ്നേഹത്തിന്റെ അണയാത്ത ജ്വാല

കെ ജെ തോമസ്Updated: Friday May 4, 2018


മാനവരാശി ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ‌്ഘാടകനായ കാൾമാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 200 വർഷം പൂർത്തിയാകുന്നു. വിപ്ലവകാരികളിലെ വിപ്ലവകാരിയും ദാർശനികരിലെ മഹാ ദാർശനികനുമാണ് മാർക്സ്. മാർക്സ്, എംഗൽസ് കൂട്ടായ്മ വളർത്തിയെടുത്ത ശാസ്ത്രീയ സോഷ്യലിസത്തിന്റെ സിദ്ധാന്തം ഇന്നും പ്രസക്തമായ തത്വശാസ്ത്രമാണ്. മാർക്സിന്റെ ചിന്താധാരകൾ മനുഷ്യരാശിക്ക് വിശദീകരിച്ചുകൊടുത്ത ആദ്യ നാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു. 'സർവരാജ്യ തൊഴിലാളികളെ സംഘടിക്കുക' എന്ന മാർക്സിന്റെ മഹത്തായ ആഹ്വാനം കേട്ട അന്നത്തെ ഭരണകൂടങ്ങൾ ഞെട്ടിവിറച്ചു.

ജർമനിയിലെ മോസേൽ നദിയുടെ തീരത്തുള്ള ട്രയർ നഗരത്തിലാണ് കാൾമാർക്സ് ജനിച്ചത്. അച്ഛൻ അഭിഭാഷകപ്രമുഖനായിരുന്ന ഹെൻറീഫ് മാർക്സ്. അമ്മ ഹെന്റീത്ത. പ്രാഥമിക വിദ്യാഭ്യാസം ജന്മനഗരമായ ട്രയറിൽ തന്നെ. ബോൺ, ബർലിൻ സർവകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം ജേന സർവകലാശാലയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.

കുട്ടിക്കാലത്ത് ഒന്നിച്ചു കളിച്ചുവളർന്ന പ്രിയപ്പെട്ട കൂട്ടുകാരി ജെന്നി വോൺ വെസ്റ്റാഫാലനെയാണ് മാർക്സ് വിവാഹം കഴിച്ചത്. അതിസമ്പന്നമായ ഒരു പ്രഭു കുടുംബത്തിലെ അംഗമായിരുന്നു ജെന്നി. പ്രഷ്യയിൽ അക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു ജെന്നിയുടെ ജ്യേഷ്ഠസഹോദരൻ. ജെന്നിയുടെ കുടുംബക്കാർക്ക് വിവാഹത്തോട് എതിർപ്പുണ്ടാകുന്നത് സ്വാഭാവികം. ജന്മനാ തനിക്ക് ലഭിച്ച എല്ലാ സുഖവും സമ്പത്തും ത്യജിച്ച് ഭർത്താവിനെ അനുഗമിച്ച ജെന്നി ദരിദ്രരുടെയും കൂലിവേലക്കാരുടെയും ഉന്നമനത്തിനായി മാർക്സിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച് വിപ്ലവകാരിയായി മാറി.

സംഘടിത തൊഴിലാളിവർഗത്തിന്റെ വർഗസമരമാണ് ഇന്ന് അഭിമൂഖീകരിക്കുന്ന തിന്മകളിൽനിന്നു മാനവരാശിയെ മോചിപ്പിക്കാൻ പോകുന്നതെന്ന് മാർക്സും എംഗൽസും ചൂണ്ടിക്കാട്ടി. സോഷ്യലിസം സ്വപ്നദർശികളുടെ കണ്ടുപിടിത്തമല്ലെന്നും ആധുനിക സമൂഹത്തിലെ ഉൽപ്പാദനശക്തികളുടെ വളർച്ചയുടെ അന്തിമഫലമാണെന്നും ആദ്യമായി വിശദീകരിച്ചത് ഈ വിപ്ലവദ്വന്ദ്വങ്ങളാണ്.

മുതലാളിത്തലോകം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന മാർക്സിന്റെ ആശയങ്ങളുടെ ആകെത്തുകയാണ് 'മൂലധനം'. മാർക്സ് ജീവിച്ചിരിക്കുമ്പോൾത്തന്നെ മൂലധനത്തിന്റ ആദ്യ വാള്യം പ്രസിദ്ധീകരിച്ചു. മറ്റ് രണ്ടു വാള്യവും എംഗൽസാണ് പ്രസിദ്ധീകരിച്ചത്. മുതലാളിത്തത്തിന്റെ എല്ലാ വശങ്ങളും ഈ കൃതി പരിശോധിക്കുന്നുണ്ട്. തൊഴിലിൽനിന്ന് മിച്ചമൂല്യം സൃഷ്ടിക്കുന്നത്, ഉൽപ്പാദനോപാദികളുടെ നിയന്ത്രണമുള്ള ഉടമകളുടെ കൈവശം സമ്പത്തും മൂലധനവും കേന്ദ്രീകരിക്കുന്നത്, വർധിച്ചുവരുന്ന അസമത്വം, അമിത ഉൽപ്പാദനം സൃഷ്ടിക്കുന്ന പ്രതിസന്ധി, മുതലാളിത്ത സംവിധാനത്തിന്റെ വ്യവസ്ഥാപരമായ വീഴ്ച എന്നിവയെക്കുറിച്ചെല്ലാം മാർക്സ് പ്രതിപാദിച്ചു.

മൂലധനത്തിനു പുറമേ മാർക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന ചരിത്രപരമായ ഭൗതികവാദമാണ്. ഈ വൈരുധ്യാത്മക ഭൗതികവാദ സമീപനത്തിലൂടെയാണ് മാർക്സ് മനുഷ്യസമൂഹ ചരിത്രം എങ്ങനെ ഉരുത്തിരിഞ്ഞു എന്നതിനെക്കുറിച്ച് ശാസ‌്ത്രീയമായ ധാരണ രൂപപ്പെടുത്തിയത്്. കമ്യൂണിസ്റ്റ‌് മാനിഫെസ്റ്റോ ഇങ്ങനെ രേഖപ്പെടുത്തി − 'സമൂഹത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം വർഗസമരത്തിന്റെ ചരിത്രമാണ്.'

കഷ്ടപ്പാടുകൾക്ക് നടുവിലൂടെയാണ് മാർക്സ് ജീവിതം തള്ളിനീക്കിയത്. യൗവനകാലത്ത് പത്രങ്ങളിൽ ലേഖനം എഴുതിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയതെങ്കിലും തന്റെ രാഷ്ട്രീയഅഭിപ്രായങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള മാർഗമായാണ് അദ്ദേഹം അതിനെ കണ്ടത്. 1844ലാണ് എംഗൽസ് പാരീസിലെത്തി അദ്ദേഹത്തെ പരിചയപ്പെടുന്നത്. പാരീസിലെ വിപ്ലവകാരിയുടെ തിളച്ചുമറിയുന്ന ജീവിതത്തിൽ ഇരുവരും സജീവമായി പങ്കെടുത്തു. ഏകാധിപത്യത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാട് തുടരുന്നതിനാൽ ഈ പത്രം പാരീസ് സർക്കാർ കണ്ടുകെട്ടി. ഈ വേളയിലാണ് വിവിധ പെറ്റിബൂർഷ്വാ സിദ്ധാന്തങ്ങളോട് വീറോടെ പടവെട്ടി അവർ വിപ്ലവകരമായ തൊഴിലാളിവർഗ സോഷ്യലിസത്തിന്റെ, കമ്യൂണിസത്തിന്റെ സിദ്ധാന്തവും അടവുകളും ആവിഷ്കരിച്ചത്.

1847ൽ ബ്രസൽസിലെത്തിയ മാർക്സും എംഗൽസും കമ്യൂണിസ്റ്റ‌് ലീഗിൽ അംഗങ്ങളായി. അവർ ലീഗിന്റെ രണ്ടാം കോൺഗ്രസിൽ പ്രധാന പങ്കുവഹിക്കുകയും 1848 ഫെബ്രുവരി 24ന് കമ്യൂണിസ്റ്റ‌് മാനിഫെസ്റ്റോ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്ന് മാർക്സിന് വയസ്സ് 30. വർഗസമരത്തെക്കുറിച്ചും പുതിയ കമ്യൂണിസ്റ്റ‌് സമൂഹത്തിന്റെ പ്രപഞ്ചവീക്ഷണത്തെക്കുറിച്ചും പ്രതിഭാ സമ്പന്നമായ തെളിച്ചത്തോടു കൂടി കമ്യൂണിസ്റ്റ‌് മാനിഫെസ്റ്റോ വരച്ചുകാട്ടി.

മാർക്സിനും കുടുംബത്തിനും കൊടും ദാരിദ്ര്യം അനുഭവിക്കേണ്ടിവന്നതും ഓർക്കാതിരിക്കാനാകില്ല. ലണ്ടനിൽ കഴിയവെ ഉള്ള ഭക്ഷണം മക്കൾക്കു നൽകുകയും വിശപ്പിൽ കൊടും തണുപ്പിൽ തളർന്നുവീഴുകയും ചെയ‌്ത മാർക്സിനെപ്പറ്റിയും മരിച്ച മക്കളുടെ മൃതദേഹം മറവ് ചെയ്യാനുള്ള പണത്തിന് കിടക്കയും ഓട്ടുപാത്രങ്ങളും വിറ്റകഥകളുമെല്ലാം ജെന്നി രേഖപ്പെടുത്തിയിട്ടുണ്ട്. 1864 സെപ്തംബർ 28ന് ലണ്ടനിൽ ചരിത്രപ്രസിദ്ധമായ ഒന്നാം ഇന്റർനാഷണൽ സ്ഥാപിതമായി. മാർക്സായിരുന്നു ആ സംഘടനയുടെ ജീവൻ. ഇന്റർനാഷണലിലെ ആയാസകരമായ പ്രവർത്തനവും അതിനേക്കാൾ ആയാസകരമായ സൈദ്ധാന്തികപ്രവർത്തവനവും മൂലം മാർക്സിന്റെ ആരോഗ്യം തകർന്നു. അനാരോഗ്യത്താൽ 'മൂലധനം' അദ്ദേഹത്തിനു മുഴുമിപ്പിക്കാനായില്ല.

ജെന്നിയുടെ ജീവൻ കവർന്ന രോഗം മാർക്സിന്റെ ആയുസ്സ‌് കുറച്ചു. 1881 ഡിസംബർ രണ്ടിന് അവർ അന്തരിച്ചു. അവർ ജീവിച്ചതും മരിച്ചതും ഒരു കമ്യൂണിസ്റ്റുകാരിയായും ഒരു ഭൗതികവാദിയുമായിട്ടാണ്. ഭാര്യയുടെ മരണശേഷം മർക്സിന്റെ ജീവിതം ക്ലേശങ്ങളുടെ നീണ്ട പരമ്പരയുടേതായിരുന്നു. അദ്ദേഹം അവയെല്ലാം സധൈര്യം സഹിച്ചു. മൂത്തമകളുടെ മരണം അദ്ദേഹത്തെ കൂടുതൽ ക്ലേശത്തിലാക്കി. 1883 മാർച്ച് 14ന് അറുപത്തഞ്ചാം വയസ്സിൽ അദ്ദേഹവും അന്തരിച്ചു.

കാൾമാർക്സിന്റെ ശവകുടീരത്തിനരികിൽ എംഗൽസ് നടത്തിയ പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു. "ഇന്ന് ലോകത്തിൽ ജീവിച്ചിരിപ്പുള്ളവരിൽ വച്ച് ഏറ്റവും മഹാനായ ചിന്തകൻ ചിന്തിക്കാതായി. അദ്ദേഹം എന്നേന്നേക്കുമായി കണ്ണടച്ചുകഴിഞ്ഞിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട മൂർ മരിച്ചു. ഇത് തൊഴിലാളി വർഗത്തിനും ചരിത്രശാസ്ത്രത്തിനും അളക്കാനാകാത്ത നഷ്ടമാണ്. മാർക്സിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രം ചരിത്രപരമായ ഒരു ചാലകശക്തിയാണ്. ഒരു വിപ്ലവശക്തിയാണ്. ശാസ്ത്രനേട്ടങ്ങളെയെല്ലാം അദ്ദേഹം അത്യാഹ്ലാദത്തോടെ വിലയിരുത്തുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ നാട് കടത്താനും അപമാനിക്കാനും ബൂർഷ്വാസിയും ഗവൺമെന്റും മത്സരിച്ചപ്പോൾ ഒരു ചിലന്തിവലയെ തൂത്തുകളയുന്ന ലാഘവത്തോടെ അതിനെയെല്ലാം അവഗണിച്ചു. ലക്ഷോപലക്ഷം സഹോദര തൊഴിലാളികളുടെ സ്നേഹാദരങ്ങൾ ആർജിച്ച മാർക്സ് അവരെ ശോകാർദ്രരാക്കിക്കൊണ്ട് നമ്മെ വിട്ടുപിരിഞ്ഞു. മാർക്സിന് എതിരാളികൾ അനേകം ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി ഒരാൾ പോലും അദ്ദേഹത്തെ എതിർത്തിരുന്നില്ല. അദ്ദേഹത്തിന്റെ നാമവും കൃതികളും ചിരകാലം ജീവിക്കും'

ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ ഭാര്യയുടെ തൊട്ടടുത്തായി അദ്ദേഹത്തെയും അടക്കം ചെയ്തിരിക്കുന്നു. പ്രതിസന്ധികളിൽ ഉലയാത്ത നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത മനുഷ്യസ്നേഹത്തിന്റെയും ജ്വലിക്കുന്ന പ്രതീകമാണ് മാർക്സ്.

പ്രധാന വാർത്തകൾ
 Top