20 October Tuesday

കമല ഹാരിസിന്റെ വരവും ട്രംപിന്റെ ഞെട്ടലും - കെ ജെ തോമസ്‌ എഴുതുന്നു

കെ ജെ തോമസ്‌ Updated: Monday Aug 24, 2020

‘‘ചരിത്രപരമായ മാറ്റത്തിനും‌ അമേരിക്കയുടെ മാറുന്ന മുഖത്തിനും പുതിയ പ്രതിനിധികളുണ്ടാകണം, കമല ഹാരിസും താനും തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ പരിഹരിക്കപ്പെടാനുള്ളത്‌ വ്യത്യസ്‌ത പ്രതിസന്ധികൾ. വംശീയമായും അല്ലാതെയും വിഭജിക്കപ്പെട്ട രാജ്യത്തെ ഏകോപിപ്പിക്കാൻ ഒരു നിമിഷം പാഴാക്കാതെ യത്‌നിക്കണം.  അതുകൊണ്ടാണ്‌ കമലയെ തെരഞ്ഞെടുത്തത്‌. രാജ്യത്തിനുവേണ്ടി പോരാടി പരിചയമുള്ള അനുഭവസമ്പന്നയും സമർഥയുമായ അവർ കുടിയേറ്റക്കാരുടേതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നുറപ്പാണ്‌ ’’ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചശേഷം ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാർഥി ജോ ബൈഡൻ ട്വിറ്ററിൽ കുറിച്ചതാണിത്‌‌. ഒരു ഡസനിലേറെ പേര്‌ പരിഗണിക്കപ്പെട്ടെങ്കിലും മുൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ ഉപദേശവും നിർദേശവുംകൂടി പരിഗണിച്ചെന്ന ബൈഡന്റെ വാക്കുകൾക്ക്‌ മാനങ്ങളേറെയുണ്ട്‌.

വെള്ളക്കാരനായ യുഎസ്‌ പൊലീസ്‌ ഉദ്യോഗസ്ഥസംഘം  ആഫ്രോ അമേരിക്കൻ വംശജൻ ജോർജ്‌ ഫ്‌ളോയ്‌ഡിന്റെ കഴുത്തിൽ കാലമർത്തി ഞെരിച്ച്‌ ശ്വാസംമുട്ടിച്ച്‌ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവം കത്തിനിന്നപ്പോൾ കമല ഹാരിസ്‌ പ്രക്ഷോഭകർക്കൊപ്പമായിരുന്നു. കറുത്തവംശജന്റെ ജീവനും വിലയുണ്ട്‌(ബ്ലാക്ക്‌ ലൈവ്‌സ്‌ മാറ്റർ) എന്ന പ്രസ്ഥാനം അതോടെ സാർവദേശീയ പ്രസ്ഥാനമായി മാറി.  ‘പതിറ്റാണ്ടുകളായി അമേരിക്കയിൽ നിലനിൽക്കുന്ന വംശീയ വിദ്വേഷത്തിനും അടുത്തകാലത്തുണ്ടായ കോവിഡ്‌ മഹാമാരിക്കും ഒരു വാക്സിനുമില്ല, എന്നാൽ ഈ രണ്ട്‌ മാറാരോഗത്തിനുമുള്ള മരുന്നിനായി പ്രവർത്തിക്കുമെന്ന്‌ കമല പറഞ്ഞപ്പോൾ അതിന്‌ വലിയ പിന്തുണയാണ്‌ ലഭിച്ചത്‌.

 


 

അമേരിക്കയും ലോകവും ഉറ്റുനോക്കുന്ന നവംബർ മൂന്നിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ വൻ പ്രാധാന്യവും പ്രചാരവും അർഥവും കൈവന്നത്‌ ദക്ഷിണേഷ്യൻ വംശജയായ കമല ഹാരീസ് ഡെമോക്രാറ്റിക്‌ ‌പാർടിയുടെ ആദ്യ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായി ‌എത്തിയതോടെയാണ്‌. അനീതിക്കും അവഗണനയ്‌ക്കും വംശീയ വിദ്വേഷങ്ങൾക്കുമെതിരെ പാരമ്പര്യമായി പകർന്നുകിട്ടിയ പോരാട്ടവീറുമായി കമലയുടെ കടന്നുവരവാണ്‌ യുഎസിലും പുറത്തും വലിയ ചർച്ചയാകുന്നത്‌. തെരഞ്ഞെടുപ്പ്‌ ചിത്രംതന്നെ മാറുന്നു. ആഫ്രോ അമേരിക്കരുടെയാകെ  പിന്തുണ നേടാനായാണ്‌ ഡെമോക്രാറ്റിക് പാർടി പ്രസിഡന്റ്‌ ‌ സ്ഥാനാർഥിയായ ജോ ബൈഡൻ കമല ഹാരീസിനെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയാക്കി രംഗത്തിറക്കിയിട്ടുള്ളത്‌‌. 

അനായാസ വിജയം കണക്കുകൂട്ടിയ ഡോണൾഡ്‌ ട്രംപ്‌ സ്വതസിദ്ധമായ ശൈലിയിൽ അസഭ്യവും അശ്ലീലവും കണക്കിലധികം വിളമ്പിയെങ്കിലും ഇന്ത്യൻ വേരുകളുള്ള ഏഷ്യൻ വംശജയായ കമല ഹാരിസ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായി എത്തിയതോടെ കളമാകെ മാറിയെന്നറിഞ്ഞ വിഭ്രാന്തിയിലാണ്‌. അനായാസ വിജയം അസാധ്യമെന്ന്‌ മനസ്സിലാക്കിയ ട്രംപ്‌ മറ്റ്‌ അടവുകൾ പയറ്റുകയാണ്. കമല ഹാരിസിന്റെ അമ്മ തമിഴ്‌നാട്‌ സ്വദേശി ശ്യാമള ഗോപാലൻ 19–-ാം വയസ്സിലാണ്‌ യുഎസിൽ എത്തിയത്‌. ജമൈക്കൻ സ്വദേശി ഡോണൾഡ്‌ ഹാരിസിനെ വിവാഹം ചെയ്‌തു. കമലയെയും സഹോദരി മായയെയും മികച്ച വിദ്യാഭ്യാസം നൽകി ചരിത്രബോധമുള്ളവരാക്കി വളർത്തി. ഹോവഡ്‌, ഹോസ്‌റ്റിങ്‌ യൂണിവേഴ്‌സിറ്റികളിലെ ഉന്നത നിയമപഠനശേഷം അലമെയ്‌ഡ കൗണ്ടി ഡിസ്‌ട്രിക്ട്‌ അറ്റോർണി ഓഫീസിൽ വക്കീലായി ജോലിയിൽ തുടക്കം. തുടർന്ന്‌, സാൻഫ്രാൻസിസ്‌കോയിൽ പ്രോസിക്യൂട്ടറായും കലിഫോർണിയയിൽ അറ്റോർണി ജനറലായും ജോലിചെയ്‌തു. ഡെമോക്രാറ്റ്‌ അംഗമായി യുഎസ്‌ സെനറ്റിലേക്ക്‌ രാഷ്‌ട്രീയ അരങ്ങേറ്റംകുറിച്ചത്‌ 2017ൽ. സെനറ്റ്‌ ജുഡിഷ്യറി സമിതി അംഗമായും  പ്രവർത്തിച്ചു. വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയാകുന്ന ആദ്യ കറുത്തവംശജയെന്ന സവിശേഷത ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകർ ഒന്നടങ്കം വിലയിരുത്തുന്നു. കമല ഹാരിസ്‌ സ്ഥാനാർഥിയാകുന്നതിനുമുമ്പ്‌ ഉണ്ടായിരുന്ന രാഷ്‌ട്രീയ സാഹചര്യം അപ്പാടെ മാറി. കമലയുടെ സാന്നിധ്യംകൂടിയായപ്പോൾ വലിയ ആത്മവിശ്വാസത്തിലാണ്‌ ഡെമോക്രാറ്റുകൾ. 


 

വലിയ ദൂരമില്ലെങ്കിലും
അമേരിക്കയിൽ 46–-ാം പ്രസിഡന്റ്‌ തെരഞ്ഞെടുപ്പാണ്‌ നടക്കുന്നത്‌. അമേരിക്കയിൽ യൂറോപ്യൻ  പര്യവേഷകർ  എത്തിയിട്ട്‌ 528 വർഷമാകുന്നേയുള്ളു. എന്നാൽ,  നൂറ്റാണ്ടുകളുടെ ഗോത്രജീവിത സംസ്‌കാരമുള്ള ആദിവാസികളുടെ പ്രശ്‌നങ്ങളൊന്നും ആധുനിക അമേരിക്ക ഏറ്റെടുത്തിരുന്നില്ല. മാത്രമല്ല, കറുത്തവർഗക്കാരെയും ആദിവാസികളെയും ഒന്നടങ്കം ഉന്മൂലനം ചെയ്യാനാണ്‌ ഭരണം കൈയാളിയിരുന്നവർ ശ്രമിച്ചിട്ടുള്ളത്‌. വർണവ്യത്യാസം ഇപ്പോഴും  തുടരുന്നു. ഡെമോക്രാറ്റിക് പാർടിയും റിപ്പബ്ലിക്കൻ പാർടിയും തമ്മിൽ  ആശയപരമായി ഒരു വ്യത്യാസവുമില്ല. സാമ്രാജ്യത്വ അജൻഡയാണ്‌ ഇരുകൂട്ടരുടെയും മൗലികത. അധികാരത്തിൽ വന്നാൽ സഖ്യരാഷ്‌ട്രങ്ങൾക്കൊപ്പം നിൽക്കുമെന്നും സ്വേച്ഛാധിപതികളുമായി ചങ്ങാത്തത്തിനില്ലെന്നുമുള്ള ബൈഡന്റെ തെരഞ്ഞെടുപ്പ്‌ കൺവൻഷനിലെ പ്രഖ്യാപനം നയം വ്യക്തമാക്കുന്നുണ്ട്‌. എന്നാൽ, എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമർത്തുന്ന ട്രംപിന്റെ തിന്മ ഭരണകൂടത്തിനും വംശീയ വിദ്വേഷത്തിനുമെതിരായ പ്രചാരണമാണ്‌ ജോ ബൈഡനും പാർടിയും മുന്നോട്ടുവയ്‌ക്കുന്നത്‌.  

സമ്പത്തും അധികാരവും കൈയൂക്കും കാട്ടിയുള്ള കടന്നുകയറ്റ പാരമ്പര്യം കൈമുതലായുള്ള രാജ്യമാണ്‌ അമേരിക്ക. ആയുധ വ്യാപാരത്തിലൂടെ രാജ്യങ്ങളിലെ ജനതയുടെ സമ്പത്തും സമാധാനവും തകർക്കുന്ന പാരമ്പര്യക്കാർ. സാമ്രാജ്യത്വ സൈനിക നടപടികൾക്ക്‌ ഒരു മടിയും ഇവർക്കില്ല. ഇതിലും പലപടികടന്ന്‌ നിലപാടുകളിൽ ഒരു സ്ഥിരതയുമില്ലാത്ത, വംശീയ വിദ്വേഷത്തിന്റെ ആൾരൂപമായ ട്രംപ്‌ അതിസമ്പന്നരുടെ പ്രതിപുരുഷൻ കൂടിയാണ്‌. എക്കാലവും കോർപറേറ്റുകളുടെ തോഴൻ. പലപ്പോഴും വിഡ്ഢിത്തം വിളമ്പി തൻപ്രമാണിത്തം കാട്ടുന്ന ട്രംപിനെതിരെ റിപ്പബ്ലിക്കന്മാർപോലും  രംഗത്തുവന്നിട്ടുണ്ട്‌. താനൊഴികെ മുൻ ഭരണാധികാരികളെല്ലാം പോഴന്മാരാണെന്ന വീമ്പിളക്കലും വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. 


 

അമേരിക്കൻ പാർലമെന്റിൽ നിർമിക്കപ്പെടുന്ന നിയമങ്ങൾ മറ്റ്‌ രാജ്യങ്ങളെയും വലിയതോതിൽ ബാധിക്കുമെന്നതിനാൽ ഇന്ത്യയും തെരഞ്ഞെടുപ്പ്‌ ഉറ്റുനോക്കുന്നുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ അമേരിക്കയിലും പകരമായി ട്രംപിന്‌ ഇന്ത്യയിലും വൻവരവേൽപ്പും നൽകിയിരുന്നു. അമേരിക്കയിലെ യോഗത്തിൽ ഒരുമിച്ച്‌ കൈകൾ ചേർത്തുയർത്തിയത്‌ മറ്റൊരു സന്ദേശം നൽകാനായിരുന്നു. വോട്ടുപിടിക്കലായിരുന്നു ഇതിന്റെ ലക്ഷ്യം. കമല ഹാരിസ്‌ സ്ഥാനാർഥിയായി വന്നതോടെ ഡെമോക്രാറ്റുകളുടെ സാധ്യത വർധിച്ചതായാണ്‌ രാഷ്‌ട്രീയ നിരീക്ഷകർ  വ്യക്തമാക്കുന്നത്‌. 

അമേരിക്കയിൽ അതിരൂക്ഷമായ കോവിഡ്‌ വ്യാപനത്തിനിടയിലും ‌ വിജയം സുനിശ്ചിതമാണെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ്‌ ജോ ബൈഡന്റെയും കമല ഹാരിസിന്റെയും രംഗപ്രവേശം. ഇത്‌ ആഫ്രോ അമേരിക്കൻ ഏഷ്യൻ വംശജരെയാകെ ആഹ്ലാദത്തിലാക്കിയിട്ടുണ്ടെന്ന്‌ മാധ്യമങ്ങളും അടിവരയിടുന്നു. തുടക്കത്തിൽതന്നെ ആഫ്രോ അമേരിക്കൻ വംശീയ വിദ്വേഷം മുതലെടുക്കാനുള്ള ട്രംപിന്റെ ശ്രമം പാളി. മാത്രമല്ല, കോവിഡ്‌ മഹാമാരിയെ പ്രതിരോധിക്കുന്നതിലും തടഞ്ഞുനിർത്തുന്നതിലും പൂർണമായും പരാജയപ്പെട്ടെന്ന വലിയ പരാതി അമേരിക്കയിലും പുറത്തുമുണ്ട്‌. മത്സരം കടുക്കുന്നു എന്ന ബോധ്യമുള്ളതുകൊണ്ടാകാം എതിർസ്ഥാനാർഥിക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞ്‌ ട്രംപ്‌ രംഗത്തുവന്നത്‌. എതിർസ്ഥാനാർഥികളെ ചേർത്ത്‌ വംശീയമായി കളിയാക്കി. കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ചു. ഇത്‌ പരാജയഭീതികൊണ്ടാണെന്ന്‌ നിരീക്ഷകർ കരുതുന്നു. മുമ്പ്‌ ബറാക്‌ ഒബാമ മാറ്റത്തിനായാണ്‌ വോട്ടുചോദിച്ചത്‌. ഇപ്പോൾ മാറ്റത്തിനായി മാത്രമല്ല വംശീയ വിദ്വേഷത്തിനെതിരെയും കോവിഡ്‌ മഹാമാരിയെ ചെറുക്കാനുംകൂടി ഡെമോക്രാറ്റുകൾ വോട്ടുചോദിക്കുന്നു. ബറാക്‌ ഒബാമ തുടങ്ങിയ പരിഷ്‌കാരങ്ങൾ അട്ടിമറിച്ച ട്രംപ്‌ ഭരണകൂടത്തിനെതിരായ വികാരവും അവർ മുതലാക്കാൻ  ശ്രമിക്കുന്നു. ഇപ്പോൾ കാറ്റ്‌ ഡെമോക്രാറ്റിക്‌ പാർടിക്ക്‌ അനുകൂലമാണെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ടെങ്കിലും കൃത്യമായ പ്രവചനം സാധ്യമല്ല. കറുത്ത വംശജരുടെ അവകാശസമരങ്ങൾക്കു നേതൃത്വം നൽകുന്ന ജോ  ബൈഡനെയും, ഇന്ത്യൻ വേരുള്ള കമലാ ഹാരിസിനെയുമാണോ വംശീയ വിദ്വേഷം വളർത്തുന്ന ട്രംപിനെയാണോ പ്രധാനമന്ത്രി നരേന്ദ്ര മോഡി പിന്തുണയ്‌ക്കുന്നത്‌ എന്നതും പ്രസക്‌തമായ ചോദ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top