28 February Sunday

അടിച്ചുതളിക്കപ്പെടേണ്ട ഉച്ചനീചത്വം - ഡോ. അബേഷ് രഘുവരൻ എഴുതുന്നു

ഡോ. അബേഷ് രഘുവരൻUpdated: Friday Feb 19, 2021

സാഹിത്യത്തിലും മുഖ്യധാരാസിനിമകളിലുമടക്കം പാവപ്പെട്ടതും അസാന്മാർഗികളുമായ സ്ത്രീ കഥാപാത്രങ്ങൾക്കൊപ്പം ചേർത്തുവച്ച പേരും, തൊഴിലുമായിരുന്നു അടിച്ചുതളിക്കാരി എന്നത്. കഥാപാത്രങ്ങളെ അത്തരത്തിൽ വാർത്തെടുക്കുന്നതിൽ എഴുത്തുകാർക്ക് സാമൂഹ്യസമത്വം വിഷയമാകാതിരിക്കുകയും എന്നാൽ അതിനു കൈയടിക്കാൻ സവർണ സമൂഹത്തിനൊപ്പം പൊതുസമൂഹവും നിലയുറപ്പിച്ചതാണ്ചരിത്രം. അത്തരമൊരു ചരിത്രത്തിന്റെ ഉൽപ്പന്നത്തിൽനിന്ന് അടിച്ചുതളിക്കാരികളോട് സംസാരിക്കുന്ന ഭാഷയിൽ ആണ് മുഖ്യമന്ത്രി സംസാരിക്കുന്നത്‌ എന്ന പരാമർശം ഉയരുമ്പോൾ അവർ തന്നെ അടിച്ചുതളിക്കാരികളോട് സംസാരിക്കേണ്ട ഭാഷ എന്നൊന്ന് ഉണ്ടോ എന്നും, അഥവാ ഉണ്ടെങ്കിൽ ആ ഭാഷ കേരളത്തിലെ പൊതുസമൂഹത്തിന് വശമില്ലെന്നും മനുഷ്യരോട് സംസാരിക്കുന്ന ഭാഷ ഒന്നേയുള്ളൂവെന്നും പറയാൻ പൊതുജനം തയ്യാറാകേണ്ടതുണ്ട്. പരാമർശം ഉണ്ടായപ്പോൾ തന്നെ ജനങ്ങളുടെ ശബ്ദമായി മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയതും ഉചിതമായി. അടുത്തിടെ നടന്ന രണ്ടുസംഭവങ്ങൾ, എം കെ മുനീറിന്റെ മേൽപ്പറഞ്ഞ പരാമർശവും, ആഴ്‌ചകൾക്കുമുമ്പ് കെ സുധാകരന്റെ ചെത്തുകാരന്റെ മകൻ പരാമർശവും തമ്മിലുള്ള ഇഴചേരലുകൾ വെളിവാക്കുന്നത് മുഴുവൻ രാഷ്ട്രീയമാണെന്ന് കരുതുക വയ്യ. അതിനൊപ്പം, തിളച്ചുപൊന്തുന്ന ജാതിചിന്തകളും ഉച്ചനീചത്വങ്ങളും എത്രതന്നെ കുഴിച്ചുമൂടിയാലും ചിലരുടെ മനസ്സിൽനിന്ന് അറിയാതെ പുറംതള്ളുന്ന മാലിന്യമായി ഇത്തരം പരാമർശങ്ങളെ കരുതേണ്ടിവരുന്നു. 

കുലത്തൊഴിൽ അവകാശമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. തൊഴിൽ മേഖലകൾ അത്രയൊന്നും കാര്യമായി ഇല്ലായിരുന്ന ആ പഴയകാലഘട്ടത്തിൽ തങ്ങളുടെ തൊഴിൽ സംരക്ഷണത്തിന് വേണ്ടി അവർ തലമുറകളായി അതേ തൊഴിൽ ചെയ്തുവന്നു. അതിനെ കാലം കുലത്തൊഴിൽ എന്ന് പേരിട്ടുവിളിച്ചു. അങ്ങനെ സമൂഹത്തിൽ അന്തസ്സുള്ള ജോലികൾ ചെയ്യുന്നവരും മോശമായ ജോലി ചെയ്യുന്നവരും എന്ന വേർതിരിവുണ്ടായി. അവരുടെ മക്കൾ ആവട്ടെ, തലമുറകളായി അതേ തൊഴിലുകളിൽ വ്യാപൃതരായി. ഇനി ചോദ്യം ഇതാണ്. എന്താണ് ഈ അന്തസ്സുള്ള ജോലികൾ? എന്താണ് മോശപ്പെട്ടവ? എന്തൊക്കെ തൊഴിലുകളാണ് ഇവയിൽ ഓരോന്നിലും വരുന്നത്? വാസ്തവത്തിൽ നല്ലതും ചീത്തയുമായ ജോലികൾ ആരാണ് നിർവ്വചിച്ചത്? ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്ന പ്രാചീനകാലത്തു സമൂഹത്തിലെ മികവാർന്ന ജോലികളെല്ലാം തന്നെ സവർണർ ഏറ്റെടുക്കുകയും അവരുടെ ജോലികൾ ചെയ്യാൻ മാത്രമായി അവർണരെ കാൽക്കീഴിലാക്കുകയുമാണ് ഉണ്ടായത്.


 

ചുരുക്കത്തിൽ പറഞ്ഞാൽ താഴേക്കിടയിലുള്ളവർ ചെയ്യുന്ന തൊഴിലുകൾ എല്ലാവരും ആശ്രയിക്കുമ്പോഴും അവയെ എന്നും താഴ്‌ത്തിക്കെട്ടാൻ മാത്രമാണ് എല്ലാവരും ശ്രമിച്ചിട്ടുള്ളത്. അങ്ങനെ താഴ്‌ന്ന ജാതിക്കാർക്ക് എത്താവുന്ന ഇടങ്ങൾക്കും സവർണർ പരിധി നിശ്ചയിച്ചു. അവർക്ക് ചെയ്യാനാകുന്നത്, ചെയ്യേണ്ടത്, ചെയ്യാൻ പാടില്ലാത്തത് എന്നിങ്ങനെ നിയന്ത്രണങ്ങൾ. അത്തരമൊരു സവർണമേധാവിത്വത്തിന്റെ ബാക്കിപത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കേട്ടത്.

ഇതാദ്യമായല്ല രാഷ്ട്രീയത്തിൽ ജാതിപറഞ്ഞുള്ള ആക്ഷേപം നടത്തുന്നത്. അത് രാഷ്ട്രീയ കക്ഷിഭേദമന്യേ സംഭവിക്കപ്പെടാറുണ്ട്. എന്നാൽ, മുഖ്യമന്ത്രിയെപ്പറ്റി രാഷ്ട്രീയം സംസാരിക്കാതെ; വ്യക്തിപരമായി, അതും ജാതി പറഞ്ഞുകൊണ്ട് പൊതുവേദിയിൽ പരാമർശം നടത്തുന്നത് അതീവമോശമാണ്. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരളത്തിലെ ഏറ്റവും പ്രമുഖമായ രാഷ്ട്രീയപ്പാർടിയായ സിപിഐ എമ്മിന്റെ പി ബി അംഗം ആണ്. എല്ലാത്തിലുമുപരി ജനലക്ഷങ്ങൾ പ്രതീക്ഷയർപ്പിക്കുന്ന പൊതുപ്രവർത്തകനാണ്. അതിനേക്കാൾ കൂടുതൽ യോഗ്യത അദ്ദേഹത്തിന് ആവശ്യമുണ്ടോ? അതോ, സുധാകരന്റെ അഭിപ്രായത്തിൽ ഇതിനെല്ലാം മുകളിലാണോ അദ്ദേഹം ഒരു കള്ളുചെത്തുകാരന്റെ മകൻ ആയിപ്പോയതിന്റെ കുറവുകൾ? ഒരു ചെത്തുകാരന്റെ മകൻ ഹെലികോപ്‌റ്ററിൽ കയറിയതാണ് ഇവിടെ പ്രശ്നം. ഒപ്പം, എത്ര നീചമായും മോശമായും പെരുമാറേണ്ടവരാണ് അടിച്ചുതളിക്കാർ എന്ന് ചിലരുടെ വരികളുടെ ഇടയിൽ കുരുങ്ങിക്കിടക്കുന്ന വാച്യവ്യംഗ്യ ബിംബങ്ങൾ. സമൂഹത്തിലെ ഇത്തരം ലോ ഡിഗ്നിറ്റി വഹിക്കുന്നവരുടെ മക്കൾക്ക് നമ്മുടെ സമൂഹത്തിൽ എവിടെവരെ എത്താൻ കഴിയും? അവന്റെ കുലത്തൊഴിൽ ചെയ്തുകൊണ്ട് ജീവിതകാലം മുഴുവൻ ഒരേ സ്റ്റാറ്റസിൽ കഴിയാം. അതല്ലെങ്കിൽ ഒരു സർക്കാർ സർവീസിൽ ലാസ്റ്റ് ഗ്രേഡ്സർവന്റ്. അതുമല്ലെങ്കിൽ ഒരു അസിസ്റ്റന്റ്. ഇനിയും മുകളിലേക്ക് പോയാൽ ഒരു സ്‌കൂൾ അധ്യാപകൻ. അതിനേക്കാളേറെ ചില സമൂഹങ്ങൾ അവന് ഒന്നും നൽകാൻ തയ്യാറാകുന്നില്ല. ഉന്നതപദവികളും മുഖ്യമന്ത്രി പദവുമൊക്കെ ആർക്കാണ് ഈ നേതാവ് സംവരണം ചെയ്തുവച്ചിരിക്കുന്നത്? അതുകൂടി അദ്ദേഹം തുറന്നുപറയേണ്ടതുണ്ട്. എന്തെന്നാൽ, അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർടിയും ഒരു ജനാധിപത്യ പാർടിയാണ്. അതിലും നാനാജാതിമതസ്ഥർ വിശ്വസിക്കുന്നുണ്ട്, നേതൃനിരയിൽ തിളങ്ങുന്നുമുണ്ട്. അവർക്കും അദ്ദേഹത്തിന്റെ സംവരണനിയമങ്ങൾ ബാധകമാണോ എന്നുകൂടി പറയേണ്ടതുണ്ട്.

ഇത്തരം ധാരാളം ആൾക്കാർ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. കാലം മാറിയതറിയാതെ പഴയ ചിന്താഗതിയിൽ ഇന്നും അഭിരമിച്ചു കഴിയുന്നവർ. ജാതിമതചിന്തകളിൽനിന്ന് വിട്ടുമാറി ചിന്തിക്കാൻ പോലും കഴിയാതെ അനർഹമായ മുന്തിയ സ്ഥാനത്തിരിക്കുന്നവർ. ഇന്ന് ധാരാളമായി ഉയർന്നുവരുന്ന പിഎസ്‌സി കോച്ചിങ്‌ സെന്ററുകളിൽ കേരളനവോത്ഥാനം ഒരു വിഷയമായി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അവരുടെയിടയിൽ പോയിരുന്നാൽ അത്യാവശ്യം കേരളചരിത്രവും, നവോത്ഥാനവും പഠിച്ചെടുക്കാൻ കഴിഞ്ഞേക്കും. കാലവും നാടും ജാതിചിന്തകളുമൊക്കെ മാറിയെന്നും അതൊക്കെയെടുത്ത്‌ കേരളീയർ വേസ്റ്റ് പാത്രത്തിൽ ഇട്ടെന്നും അറിയാത്തവർ ഇപ്പോഴെങ്കിലും അറിയുക. ഒപ്പം എത്രയൊക്കെ നവോത്ഥാനം പറഞ്ഞാലും ചില മനുഷ്യരിൽ തികട്ടിവരുന്ന ജാതിമത ഉച്ചനീചത്വങ്ങൾ കേരളീയസമൂഹത്തിന് മാനക്കേടാണ്. കോൺഗ്രസ് നേതാവ് പറഞ്ഞത് ഒരു ചെത്തുകാരന്റെ കുടുംബത്തിൽനിന്ന് ഉയർന്നുവന്ന ഒരു മുഖ്യമന്ത്രിക്ക്‌ സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്ത കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വർഗത്തിന്റെ അപ്പോസ്തലൻ പിണറായി വിജയൻ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്നാണ്‌. അതായത്, ധനികവർഗത്തിൽനിന്ന് ഉയർന്നുവന്ന ഒരു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഹെലികോപ്റ്ററിൽ കയറിയാൽ കുഴപ്പമില്ല എന്നാണോ അദ്ദേഹം ഉദ്ദേശിച്ചത്? അവർണർക്കും ദരിദ്രർക്കും പറഞ്ഞിട്ടുള്ള ഒരു രീതിയും, ധനികർക്കും സവർണർക്കും മറ്റൊരു രീതിയും. അസമത്വം മുറ്റിനിൽക്കുന്ന പ്രസ്താവന.

ഒരു സിനിമയിൽ, ഒരു സ്ത്രീയുടെ സ്വപ്‌നങ്ങളുടെ എക്സ്പയറി ഡേറ്റ് ആരാണ് നിശ്ചയിക്കുന്നത്?എന്ന് ചോദിക്കുന്നുണ്ട്. അതുപോലെ, ഇവിടെയും ഒരു ചോദ്യം അവശേഷിക്കുകയാണ്. ഓരോ ജാതിയിൽപ്പെട്ട ആളുകൾ ആരൊക്കെ, എന്തൊക്കെ ആകണമെന്ന് ആരാണ് നിശ്ചയിക്കുന്നത്? അങ്ങനെയൊരു വേർതിരിവ് നിലനിൽക്കുന്നുണ്ടോ? ഉണ്ടെന്നാണ് ഇത്തരം ചില സംഭവങ്ങൾ നമുക്ക് മുന്നറിയിപ്പ് തരുന്നത്. അത് അവരുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും വിട്ടുകൊടുത്തുകൊണ്ട് ആർക്കും ആരാകാനുള്ള സ്വാതന്ത്ര്യവും സമ്മതവും സമൂഹം നൽകുകയും ചില സന്ദർഭങ്ങളിൽ അതിന് സമൂഹം കൽപ്പിക്കുന്ന നിയന്ത്രണങ്ങളെ തള്ളിക്കളയുകയും ഇടയ്ക്കിടെ തികട്ടിവരുന്ന ഇത്തരം സവർണാധിപത്യങ്ങൾ മുളയിലേ നുള്ളാതെയും നവോത്ഥാനം പൂർണമാകില്ല എന്നതാണ് വാസ്തവം.

(കൊച്ചി സർവകലാശാല സെന്റർ ഫോർ 
സയൻസ് ഇൻ സൊസൈറ്റിയിൽ 
അസിസ്റ്റന്റ് പ്രൊഫസറാണ്‌ ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top