16 July Thursday

ക്ഷീണമേശാതെ ക്ഷീരമേഖല - ക്ഷീര വികസനമന്ത്രി കെ രാജു എഴുതുന്നു

കെ രാജുUpdated: Monday Jun 1, 2020

കോവിഡ് മഹാമാരി, സാമ്പത്തികരംഗത്ത് സൃഷ്ടിച്ച പ്രതിസന്ധി ചില്ലറയല്ല.  ലോക്‌ഡൗണിന്റെ തുടക്കകാലത്തുണ്ടായ ചെറിയ  പ്രശ്‌നങ്ങൾ ഒഴിവാക്കിയാൽ പാൽ സംഭരണത്തിലും പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും വിപണനത്തിലും തടസ്സം നേരിടാതെ മുന്നോട്ടുപോകാൻ നമുക്ക് സാധിച്ചിട്ടുണ്ട്.  സംസ്ഥാന സർക്കാരിന്റെയും ക്ഷീരസഹകരണ പ്രസ്ഥാനങ്ങളുടെയും മാതൃകാപരമായ സംയുക്ത പ്രവർത്തനം കാരണം അയൽ സംസ്ഥാനങ്ങളിലുണ്ടായതുപോലുള്ള പ്രതിസന്ധികൾ ഉണ്ടായില്ല. ഉപഭോക്താക്കൾക്ക് ക്ഷാമമില്ലാതെ പാലും പാലുൽപ്പന്നങ്ങളും ലഭിച്ചു. ക്ഷീരരംഗം മാത്രമല്ല, അനുബന്ധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് പേർക്ക് ജീവനോപാധി നൽകാനും സാധിച്ചു.

ഈ ഘട്ടത്തിലാണ് ജൂൺ ഒന്നിന് ലോകക്ഷീരദിനം കടന്നുവരുന്നത്.  ഐക്യരാഷ്ട്ര സംഘടനയുടെയും ലോക ഭക്ഷ്യകാർഷിക സംഘടനയുടെയും ആഭിമുഖ്യത്തിലാണ് ഈ ദിനം കൊണ്ടാടുന്നത്.   സമീകൃത പോഷകാഹാരം എന്ന നിലയിൽ പാലിനെ ഉയർത്തിക്കാട്ടുക, ജീവനോപാധി എന്ന നിലയിൽ പശുവളർത്തലിന്റെ പ്രസക്തി പൊതുജനങ്ങളിലെത്തിക്കുക, ക്ഷീരകർഷകരോടുള്ള ആദരവ് പ്രകടിപ്പിക്കുക തുടങ്ങിയവയാണ് ലോകക്ഷീരദിനത്തിന്റെ പ്രസക്തി. 

2018 ലെയും 2019 ലെയും പ്രളയം, കോവിഡ് എന്ന മഹാമാരി എന്നിവ ഈ മേഖലയിലെ വളർച്ചയ്ക്കും സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനും മങ്ങലേൽപ്പിച്ചെങ്കിലും, ഇന്ന് സംസ്ഥാനത്ത് ആവശ്യമായ പാലിന്റെ ഏതാണ്ട് 90 ശതമാനം ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നുണ്ട്.  ലോക്‌ഡൗൺ കാലഘട്ടത്തിൽ പാൽവിപണന മേഖലയിൽ 30 ശതമാനം കുറവ് ഇന്ത്യയിൽ ഒട്ടാകെ വന്നതായി വിലയിരുത്തുന്നു. ഇതോടൊപ്പം സംഭരണമേഖലയിലും കുറവ് വന്നു.  കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തിയാൽ സഹകരണമേഖലയിലെ  പാൽ സംഭരണത്തിൽ പ്രതിദിനം 1.5 ലക്ഷം ലിറ്ററോളം കുറഞ്ഞിട്ടുണ്ട്.  കടുത്ത വേനലും ഈ കുറവിന് ഒരുപക്ഷേ കാരണമാകാം. എങ്കിലും ജൂണോടെ ഏറെക്കുറെ പൂർവസ്ഥിതിയിലെത്തിക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്. 



നബാർഡ്, കേരള ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടുകൂടി കേരളത്തിലെ ക്ഷീര–-മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് 1500 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്. ഒരു കർഷകന് പരമാവധി 1.6 ലക്ഷം രൂപ ആറു ശതമാനം പലിശനിരക്കിൽ ലഭ്യമാകുന്നതാണ് പദ്ധതി.  സുഭിക്ഷ കേരളം എന്ന ബൃഹത്ത് പദ്ധതിയുടെ ഭാഗമായി 245 കോടി രൂപ മുതൽമുടക്കിൽ നാമമാത്ര ക്ഷീരകർഷകർക്കും ചെറുകിട സംരംഭകർക്കും ക്ഷീരസഹകരണ സംഘങ്ങൾക്കുമുള്ള വിവിധ സഹായങ്ങളായും ഡെയറി പ്ലാന്റുകളുടെ നവീകരണത്തിനും ഈ തുക വിനിയോഗിക്കും. 

സംസ്ഥാനത്ത് സമ്പൂർണമായും കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭിക്കുന്നതിനുള്ള പ്രാഥമിക നടപടി ആരംഭിച്ചു.  നിലവിൽ ഏതാണ്ട് 25 ശതമാനം കിസാൻ കാർഡ് ലഭിച്ചിട്ടുണ്ട്.  സംസ്ഥാനത്ത് ഒരു ലക്ഷം പേർക്ക് ഒന്നാംഘട്ട പദ്ധതിയിലൂടെ കിസാൻ ക്രെഡിറ്റ് കാർഡ് നൽകുന്നതിനും ലക്ഷ്യമിടുന്നു.  ഒരു ഗുണഭോക്താവിന് പരമാവധി മൂന്നുലക്ഷം രൂപവരെ അഞ്ച് വർഷത്തേക്ക്‌ വായ്പ ലഭിക്കുന്നതും കൃത്യമായ തിരിച്ചടവിന് മൂന്നുശതമാനം കേന്ദ്രസഹായം ലഭിക്കുന്നതിനും ഈ പദ്ധതി ഉതകും. 

ഈവർഷം സംസ്ഥാനത്ത് 25 പഞ്ചായത്തിനെ ക്ഷീരഗ്രാമങ്ങളായി തെരഞ്ഞെടുത്തുകൊണ്ട്  സമഗ്ര വികസനത്തിനുള്ള പദ്ധതി ആരംഭിച്ചു. ഇതോടൊപ്പം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പരമാവധി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി. വ്യത്യസ്ത ഘടനകളോടെയുള്ള ഇൻഷുറൻസ് പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.  രാത്രികാല മൃഗചികിത്സാ സേവനം സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്കിൽ 105 ലും നടപ്പാക്കിക്കഴിഞ്ഞു.  റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ പദ്ധതികളായി സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റുകൾ, മൃഗസംരക്ഷണമേഖലയിൽ 77 കോടി രൂപയുടെ ജീവനോപാധി സഹായ പാക്കേജ്, മൃഗസംരക്ഷണവകുപ്പും അനുബന്ധ ഏജൻസികളും ചേർന്നുള്ള  ഇറച്ചിക്കോഴി ഉൽപ്പാദന വർധനയ്‌ക്കായുള്ള 63.11 കോടി രൂപയുടെ കേരള ചിക്കൻ പദ്ധതി എന്നിവ നടപ്പാക്കുന്നതാണ്. ഈ പ്രതിസന്ധിക്കിടയിലും കരുത്തോടെ തളരാതെനിന്ന കേരളത്തിലെ ക്ഷീരമേഖല ഇനിയും പുതിയ വികസനപാതകളിലേക്ക് നീങ്ങുമെന്ന് ഈ ക്ഷീരദിനത്തിൽ തീർച്ചയായും വിശ്വസിക്കാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top