24 September Friday

വിലവർധന സംസ്ഥാനങ്ങളുടെ ചെലവിൽ - പ്രൊഫ. കെ എൻ ഗംഗാധരൻ എഴുതുന്നു

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Wednesday Jun 30, 2021

അത്രമേൽ ദരിദ്രാവസ്ഥയിലാണോ നമ്മുടെ എണ്ണവിൽപ്പന കമ്പനികൾ. ഏതാണ്ട്‌ ഒരു വ്രതാനുഷ്‌ഠാനം പോലെയാണ്‌ അവർ എണ്ണവില വർധിപ്പിക്കുന്നത്‌. ക്രൂഡോയിൽ വില അൽപ്പം കൂടിയാൽ മതി എണ്ണവില ഉയർത്തുകയായി. കഴിഞ്ഞ ആറുമാസത്തിനകം 58 തവണ പെട്രോൾ–- ഡീസൽ വില ഉയർത്തി ജനദ്രോഹത്തിനു റെക്കോഡിട്ടു. എണ്ണവിപണന കമ്പനികളുടെ പ്രസിദ്ധീകൃത ബാലൻസ്‌ ഷീറ്റുകൾ പരിശോധിച്ചാൽ അവ ദരിദ്രമല്ലെന്നും ബോധ്യമാകും. ലാഭമുണ്ടാക്കുകയും ലാഭം സർക്കാരിലേക്ക്‌ അടയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. ഇന്ത്യൻ ഓയിൽ കോർപറേഷൻ 2020–-21ൽ 21,762 കോടി രൂപ ലാഭമുണ്ടാക്കി.15,382 കോടി രൂപ സർക്കാരിനു നൽകി. ഭാരത്‌ പെട്രോളിയം ഉണ്ടാക്കിയത്‌ 190,42 കോടിയുടെ ലാഭമാണ്‌. എക്‌സൈസ്‌ തീരുവയും സേവന നികതിയും ലെവിയും ചേർത്ത്‌ 69,320 കോടി രൂപ ഖജനാവിൽ അടച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം 37,329 കോടി രൂപയാണ്‌ ഖജനാവിൽ അടച്ചത്‌. ലാഭം മാത്രം 14,247 കോടിയായിരുന്നു.

അനുമാനം പകൽ പോലെ വ്യക്തം. എണ്ണവിതരണ കമ്പനികൾ സർക്കാരിന്റെ വരുമാന സമാഹരണ സ്രോതസ്സാണ്‌. ഉൽപ്പാദനത്തിനുമേൽ ചുമത്തുന്നതാണ്‌ എക്‌സൈസ്‌ തീരുവ. ഉൽപ്പാദനം കൂടുമ്പോൾ നികുതി വരുമാനവും കൂടും. ചരക്ക്‌ –-സേവന നികുതി വന്നപ്പോൾ എക്‌സൈസ്‌ തീരുവ അതിന്റെ ഭാഗമായി. അതോടെ സാധനങ്ങളുടെയും സേവനങ്ങളുടെയുംമേൽ യഥേഷ്ടം നികുതി വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ സ്വാതന്ത്ര്യത്തിന്‌ കൂച്ചുവിലങ്ങു വീണു. കോർപറേറ്റ്‌ നികുതിയാണ്‌ മറ്റൊന്ന്‌. നിരന്തരം കോർപറേറ്റ്‌ നികുതിനിരക്ക്‌ കുറച്ച്‌ വൻകിട മുതലാളികളെ പിന്തുണയ്‌ക്കുകയാണ്‌ കേന്ദ്ര സർക്കാർ നയം. ആ പശ്ചാത്തലത്തിലാണ്‌ ഇതര സ്രോതസ്സുകൾ പ്രസക്തമായത്‌. പെട്രോൾ–-ഡീസൽ നികുതികൾ കൂടുതൽ സ്വീകാര്യമായത്‌ അങ്ങനെയാണ്‌.

പെട്രോളും ഡീസലും ചരക്കു–-സേവന നികുതിയിൽപ്പെടുത്തിയിട്ടില്ല. അതുകൊണ്ട്‌ സർക്കാരിന്‌ അവയുടെമേൽ എക്‌സൈസ്‌ നികുതി ചുമത്താം. എങ്കിലും നാമമാത്രമാണ്‌ പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന എക്‌സൈസ്‌ നികുതി. ഒരു ലിറ്റർ പെട്രോളിന്‌ 1.40 രൂപയും ഡീസലിന്‌ 1.80 രൂപയും. എന്നാൽ, പെട്രോൾ–-ഡീസൽ നികുതിയിലൂടെ 32.90 രൂപയാണ്‌ കവരുന്നത്‌. അതായത്‌ അടിസ്ഥാന എക്‌സൈസ്‌ നികുതി കഴിച്ചുള്ളതെല്ലാം പല പേരിൽ അറിയപ്പെടുന്ന അനുബന്ധ നികുതികളും ലെവികളുമാണ്‌. അഡീഷണൽ കസ്റ്റംസ്‌ തീരുവ, സ്‌പെഷ്യൽ അഡീഷണൽ കസ്റ്റംസ്‌ തീരുവ, പ്രത്യേക അഡീഷണൽ എക്‌സൈസ്‌ തീരുവ, കാർഷിക പശ്ചാത്തലസൗകര്യ വികസന സെസ്‌, റോഡ്‌ പശ്ചാത്തലസൗകര്യ വികസന സെസ്‌ എന്നിവയാണ്‌ അവ. അനുബന്ധ നികുതികളും സെസും പൂർണമായും കേന്ദ്രം മുതൽക്കൂട്ടുന്നു. ധന കമീഷന്റെ വരുമാന വിഭജനത്തിൽ അവ ഉൾപ്പെടുന്നില്ല. നികുതി വർധിപ്പിക്കാതെ സെസും സർചാർജും നിരന്തരം ഉയർത്തുന്ന തന്ത്രമാണ്‌ കുറെ വർഷമായി കേന്ദ്ര റവന്യൂ വരുമാനത്തിൽ പിന്തുടരുന്നത്‌. അതിന്റെ നേട്ടം പൂർണമായും കേന്ദ്ര സർക്കാരിനാണ്‌. നഷ്ടം സംസ്ഥാനങ്ങൾക്കും. കേന്ദ്ര നികുതി വരുമാനത്തിൽ സെസും സർചാർജും വിഹിതം 2011–-12ൽ 10.4 ശതമാനമായിരുന്നു. നിലവിൽ അത്‌ 19.9 ശതമാനമാണ്‌. ഇരട്ടിവർധന. ഈവർഷം 3.69 ലക്ഷം കോടി രൂപ അങ്ങനെ സമാഹരിക്കാൻ കഴിയുമെന്ന്‌ കേന്ദ്രം കണക്കുകൂട്ടുന്നു.

മേൽപ്പറഞ്ഞ രണ്ട്‌ സെസിനു മാത്രംകൂടി ഓരോ ലിറ്റർ പെട്രോളിനും ഡീസലിനുമായി 20.50 രൂപയാണ്‌ അടിച്ചേൽപ്പിക്കുന്നത്‌. സ്വാഭാവികമായും ജനങ്ങൾ പ്രതിഷേധിക്കും. പ്രതിഷേധം തെല്ലൊന്ന്‌ കുറയ്‌ക്കാൻ സർക്കാർ ഒരു തന്ത്രം പ്രയോഗിച്ചു. കസ്റ്റംസ്‌ തീരുവയിലും എക്‌സൈസ്‌ തീരുവയിലും അൽപ്പം കുറവുവരുത്തി. ആയതിന്റെ ഭവിഷ്യത്ത്‌ നേരിട്ടത്‌ സംസ്ഥാനങ്ങളാണ്‌. കാരണം സംസ്ഥാനങ്ങളുമായി പങ്കിടേണ്ട നികുതിവരുമാനം കുറഞ്ഞു. അങ്ങനെ കുറച്ചത്‌ മഹത്തായ നേട്ടമായി ചിലർ പുകഴ്‌ത്തുന്നുണ്ട്‌. കാര്യം മനസ്സിലാക്കാതെയാണത്‌. കേന്ദ്ര നികുതിവരുമാനത്തിന്റെ 41 ശതമാനമാണ്‌ സംസ്ഥാനങ്ങൾക്ക്‌ കൈമാറേണ്ടത്‌. അതായത്‌ പെട്രോളിന്റെ 1.40 രൂപയുടെയും ഡീസലിന്റെ 1.80 രൂപയുടെയും നാമമാത്ര വിഹിതമേ സംസ്ഥാനങ്ങൾക്കു ലഭിക്കൂ എന്നതാണ്‌ വാസ്‌തവം. 2020–-21 സാമ്പത്തിക വർഷത്തിൽ എണ്ണയുടെ മേലുള്ള എക്‌സൈസ്‌ തീരുവ വിഹിതമായി ലഭിച്ചത്‌ 402 കോടിരൂപ മാത്രമാണ്‌. പ്രതീക്ഷിച്ചത്‌ 1213 കോടിയും.

എണ്ണ വിലനിർണയത്തിലെ ഇരട്ടത്താപ്പ് കുപ്രസിദ്ധമാണ്. മൻമോഹൻ സിങ്‌ പ്രധാനമന്ത്രിയായിരിക്കെയാണ്‌ 2010ൽ കിരിത്‌ പരീഖ്‌ കമ്മിറ്റി ശുപാർശയുടെ വിലാസം ഉപയോഗിച്ച് പെട്രോൾ വിലനിർണയ അവകാശം കമ്പനികൾക്ക് കൈമാറിയത്. ക്രൂഡോയിൽ വില 98.17 ഡോളറിൽ എത്തിയ 2013ൽ പ്രധാന തെരഞ്ഞെടുപ്പു പ്രചാരണ വിഷയങ്ങളിൽ ഒന്നായി എണ്ണവില പ്രശ്നം മാറി. അത്‌ ബിജെപി ഉയർത്തിക്കാട്ടി. അധികാരത്തിൽ എത്തിയാൽ പെട്രോൾ വില 50 രൂപയാക്കുമെന്നും വാഗ്ദാനവും നൽകി. സംഭവിച്ചത് മറ്റൊന്നാണ്, 2014ൽ നരേന്ദ്ര മോഡി ഡീസലിന്റെ വിലനിർണയ അവകാശംകൂടി വിപണന കമ്പനികൾക്ക് കൈമാറി. വില കൂടുമ്പോൾ കൂടുകയും കുറയുമ്പോൾ കൂട്ടുകയും ചെയ്യുന്ന തന്ത്രം കുപ്രസിദ്ധവും ശുഷ്കാന്തിയോടെ പിന്തുടരുന്നതുമാണ്. 2019ൽ ഒരു ബാരൽ ക്രൂഡോയിലിന്റെ വില 61.14 ഡോളറായിരുന്നു. അടുത്തവർഷം 48.50 ഡോളറായി ചുരുങ്ങി. എണ്ണവില കുറയുകയല്ല ഉണ്ടായത്. ഫിനാൻസ് ആക്ട്‌ ഭേദഗതി ചെയ്ത്‌ പ്രത്യേക എക്സൈസ് തീരുവ വർധിപ്പിച്ച്‌ എണ്ണവില ഉയർത്തി. പെട്രോളിന്റെ നികുതി 10 രൂപയിൽനിന്ന് 18 രൂപയിലേക്കും ഡീസലിന്റേത്‌ നാലു രൂപയിൽനിന്ന് 12 രൂപയിലേക്കും ഉയർത്തി ജനങ്ങളെ പരസ്യമായി വെല്ലുവിളിച്ചു.

ഒരു ലിറ്റർ പെട്രോളിന് കേന്ദ്ര നികുതി 2014ൽ 10.39 രൂപയായിരുന്നു. ഇപ്പോൾ 32.50 രൂപയാണ്. ഡീസലിന് 3.56 രൂപയിൽനിന്ന് 32.90 രൂപയായി ഉയർത്തി. എക്സൈസ് അനുബന്ധ നികുതിയിലും സെസിലും ഉണ്ടായ വർധനയുടെ നേട്ടം മുഴുവൻ കേന്ദ്രം കൈയടക്കി. ഏഴു കൊല്ലത്തിനകം പെട്രോൾ–-ഡീസൽ നികുതി വരുമാനം 459 ശതമാനം വർധിച്ചു. 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ പത്തുമാസംകൊണ്ട് കേന്ദ്രം സമാഹരിച്ചത് അത് 3.01 ലക്ഷം കോടി രൂപയാണ്. ചിലർ വാദിക്കുന്നത് പെട്രോളും ഡീസലും ചരക്കുസേവന–-നികുതി വിഭാഗത്തിൽപ്പെടുത്തിയാൽ വില കുറയുമെന്നാണ്. കേരളം സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. ജിഎസ്ടി നിയമപ്രകാരം ചുമത്തുന്ന പരമാവധി 28 ശതമാനമാണ്. ബാക്കി കേന്ദ്രം തരുമോ? തരുമെങ്കിൽ എത്ര കൊല്ലത്തേക്ക്? കൃത്യമായി അതതു മാസം നൽകുമോ?

ചരക്കുസേവന നികുതി ഏർപ്പെടുത്തിയപ്പോൾ സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം കേന്ദ്രം നികത്തുമെന്നായിരുന്നു കരാർ. അതിന് പാർലമെന്റ്‌ നിയമ വ്യവസ്ഥയുമുണ്ടാക്കി. പക്ഷേ, നഷ്ടം നികത്തുന്നതിൽ കേന്ദ്രം പരാജയപ്പെടുന്നു. രണ്ടുമാസം കൂടുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം മാസങ്ങൾ നീളുന്നു. സംസ്ഥാന നികുതി കുറയ്ക്കുന്നതാണ് ചിലർക്കു താൽപ്പര്യം. അവർ കേന്ദ്രത്തിനെതിരെ മൃദുസ്വരത്തിലും സംസ്ഥാനത്തിനെതിരെ തീവ്രസ്വരത്തിലും സംസാരിക്കുന്നു. അതൊരു രാഷ്ട്രീയ നിലപാടാണ്.

സംസ്ഥാനത്തെ പ്രധാന റവന്യൂ വരുമാന സ്രോതസ്സാണ് വിൽപ്പന നികുതി. മൊത്തം നികുതിവരുമാനത്തിൽ 32.80 ശതമാനം അഥവാ മൂന്നിലൊന്ന്. അതിൽത്തന്നെ ഒന്നാം സ്ഥാനത്താണ് പെട്രോൾ–-ഡീസൽ വിൽപ്പന നികുതി. ഒരു ലിറ്റർ പെട്രോളിന് 30.8 ശതമാനവും ഡീസലിനുമേൽ 22.76 ശതമാനവുമാണ് നികുതി നിരക്ക്. അധിക വിൽപ്പന നികുതി ഓരോ രൂപ വീതവും പിരിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ നികുതി നിരക്ക് കൂടുതലല്ല. രാജസ്ഥാൻ ചുമത്തുന്നത് 36 ശതമാനമാണ്. മധ്യപ്രദേശ് 33 ശതമാനവും. കർണാടക 35 ശതമാനവും സെസായി 1.50 രൂപ വീതം ഈടാക്കുന്നു.

കോവിഡും അടച്ചുപൂട്ടലും സംസ്ഥാനത്തിന് നികുതി വരുമാനത്തിൽ ഗണ്യമായ ചോർച്ചയുണ്ടാക്കി. 2020–-21ൽ പ്രതീക്ഷിച്ചത് 23,263 കോടി രൂപയായിരുന്നു. ലഭിച്ചത് 196,50 കോടി രൂപയും.15. 53 ശതമാനം കുറച്ച്‌. മുൻവർഷം ലഭിച്ചതിനേക്കാളും 2652 കോടി രൂപ കുറവ്. കോവിഡും അധിക ആരോഗ്യ ചെലവുകളും സാമ്പത്തികഞെരുക്കവും നേരിടുന്ന അവസരത്തിൽ നികുതി നിരക്ക് കുറയ്ക്കണമെന്ന ആവശ്യം നിരർഥകമാണ് ബുദ്ധിശൂന്യമാണ്. വികലമായ സങ്കുചിത രാഷ്ട്രീയമാണ് ‘ആങ്ങള ചത്താലും നാത്തൂന്റെ താലി’ എന്ന സിദ്ധാന്തമാക്കുന്നത്‌. പ്രചാരണത്തിനുവേണ്ടിയെങ്കിലും എണ്ണവില നിശ്ചയിക്കാനുള്ള അധികാരം സർക്കാർ സർക്കാർ ഏറ്റെടുക്കണമെന്ന് പറയാവുന്നതാണ്. കുറ്റബോധത്തോടെ കോൺഗ്രസും ബിജെപിയും ഏറ്റെടുക്കേണ്ട കടമയാണ് ഇത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top