28 September Thursday

കേരളത്തെ സ്‌നേഹിക്കുന്നവർ സർക്കാരിനൊപ്പം; മന്ത്രി കെ എൻ ബാലഗോപാൽ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

തനതുവരുമാനത്തിലടക്കം ഗണ്യമായ വർധനയുള്ളപ്പോഴും കേരളം വല്ലാത്ത സാമ്പത്തിക പ്രയാസത്തിലാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. പക്ഷേ, എല്ലാം തകരുമെന്ന്‌ ചിലർ ആഗ്രഹിച്ച സ്ഥാനത്താണ്‌ ഒന്നും മുടങ്ങാത്ത സാമ്പത്തിക പ്രവർത്തനങ്ങൾ ഉറപ്പാക്കിയത്‌. കൂടുതൽ കൊടുക്കണമെന്നാണ്‌ സർക്കാരിന്റെ ആഗ്രഹം. അതിന്‌ തടസ്സമാകുന്നത്‌ കേന്ദ്ര സർക്കാരാണെന്നും ധനമന്ത്രി ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തയ്യാറാക്കിയത്‌ തിരുവനന്തപുരം ബ്യൂറോയിലെ ചീഫ്‌ റിപ്പോർട്ടർ ജി രാജേഷ്‌ കുമാർ
 

സംസ്ഥാനത്തിന്റെ തനതുവരുമാന മുന്നേറ്റം പറയുന്ന മാധ്യമങ്ങൾ കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാട്‌ മറയ്‌ക്കാനാണ്‌ ശ്രമിക്കുന്നതെന്ന ആക്ഷേപത്തെകുറിച്ച്‌

■തട്ടിയും മുട്ടിയുമാണ്‌ സംസ്ഥാനം മുന്നോട്ടുപോകുന്നതെന്ന ആക്ഷേപത്തിൽ കുറച്ചൊക്കെ വസ്‌തുതയുണ്ട്‌. സാമ്പത്തികരംഗത്ത്‌ നല്ല ഉണർവുണ്ടായി. അടിസ്ഥാനസൗകര്യ വികസനത്തിലും മികച്ച മുന്നേറ്റമുണ്ട്‌. എന്നാൽ, ഇതൊക്കെ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കേരളത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നതിനെ മറച്ചുവയ്‌ക്കാനാകില്ല. മുമ്പെല്ലാം സംസ്ഥാന മൊത്തവരുമാനത്തിന്റെ 50 ശതമാനത്തോളം കേന്ദ്ര വിഹിതമായിരുന്നു. നിലവിലിത്‌ 40 ശതമാനത്തിലും താഴെയെത്തി. 35 ശതമാനത്തിലും താഴുമെന്ന ആശങ്ക നിലനിൽക്കുന്നു. അതേസമയം, ചില സംസ്ഥാനങ്ങൾക്ക്‌ മൊത്ത വരുമാനത്തിന്റെ 75 ശതമാനംവരെ കേന്ദ്ര ധനസഹായം ലഭിക്കുന്നു. ഏതാണ്ടെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ഉയരുമ്പോൾ കേരളത്തിന്‌ കുറയുന്നു. അരനൂറ്റാണ്ടിലെ ഏറ്റവും മികച്ച തനതുവരുമാന മുന്നേറ്റം ഉറപ്പാക്കിയ കേരളത്തിന്‌ അർഹതപ്പെട്ട കേന്ദ്ര വിഹിതവും ലഭിച്ചാൽ വലിയ  മുന്നേറ്റത്തിന്‌ സഹായിക്കും.

ചെലവുചുരുക്കലിലൂടെയാണോ സർക്കാർ പിടിച്ചുനിൽക്കുന്നത്‌


■ ജനജീവിതവുമായി ബന്ധപ്പെട്ട ഒരു മേഖലയിലും ചെലവുചുരുക്കാൻ തയ്യാറായിട്ടില്ല. ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമ പെൻഷൻ, കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌, കാരുണ്യ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി, അതിദാരിദ്ര്യ ലഘൂകരണം തുടങ്ങിയവയ്‌ക്കൊന്നും ഫണ്ട്‌ കുറവുണ്ടായില്ല. പട്ടികജാതി - പട്ടികവർഗ മേഖലയിലെ ഇ ഗ്രാന്റ്‌സ്‌, വന്യജീവി ആക്രമണത്തിലെ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം തുടങ്ങിയവയിലെല്ലാം കുടിശ്ശികകളും തീർത്തു.

അടിസ്ഥാനസൗകര്യത്തിൽ വലിയ നിക്ഷേപമുണ്ടായി. കിഫ്‌ബിയിൽ 2021 മാർച്ചുവരെ ചെലവ്‌ 6000 കോടിയായിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിൽ 18,000 കോടിയും. നിലവിൽ കാൽലക്ഷം കോടിയായി. മെയ്‌ക്ക്‌ ഇൻ കേരള പദ്ധതിയിൽ സയൻസ്‌ പാർക്കുകൾ, സർവകലാശാലകളിൽ ഗവേഷണം തുടങ്ങിയ മേഖലകളിൽ 1000 കോടിയുടെ മുതൽമുടക്കുണ്ടായി. വിഴിഞ്ഞം തുറമുഖം, ദേശീയപാതാ വികസനം, വിമാനത്താവളങ്ങൾ ഉൾപ്പെടെ അടിസ്ഥാനസൗകര്യ വികസനമേഖലയിൽ സർക്കാരിന്റെ സാമ്പത്തിക പങ്കാളിത്തം ഉയർത്തുന്നു. കെഎഫ്‌സി, കെഎസ്‌എഫ്‌ഇ ഉൾപ്പെടെ പൊതുമേഖലാ ധനസ്ഥാപനങ്ങൾക്കും കേരള ഗ്രാമീണ ബാങ്കിനുമടക്കം മികച്ച ഓഹരി പങ്കാളിത്തം ഉറപ്പാക്കി. വിഴിഞ്ഞം തുറമുഖം, കണ്ണൂർ, കൊച്ചി വിമാനത്താവളം കമ്പനികൾക്കും വലിയ കൈത്താങ്ങ്‌ നൽകുന്നു.

അടിസ്ഥാനവിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വികസനത്തിൽ വലിയ മുന്നേറ്റമുണ്ടായി. ഇതര സംസ്ഥാനങ്ങളും ലോകരാജ്യങ്ങളാകെ വികസന, ക്ഷേമ പ്രവർത്തനങ്ങളെല്ലാം ചുരുക്കുന്ന ഘട്ടത്തിലാണ്‌ കേരളത്തിന്റെ വിജയകരമായ ബദൽ മാതൃക. ഇതിനെതിരെയാണ്‌ കേന്ദ്ര സർക്കാരിന്റെ വൈരനിര്യാതന നടപടികൾ. അത്‌ തുറന്നുകാട്ടാൻ മടിക്കുന്നവരാണ്‌ സംസ്ഥാനത്തിനെതിരെ പ്രചാരണം നടത്തുന്നത്‌.

ജീവനക്കാരുടെയും പെൻഷൻകാരുടെയും കാര്യത്തിൽ അനുഭാവപൂർണമായ നടപടികൾ

■കോവിഡുകാലത്ത്‌ ശമ്പള പരിഷ്‌കരണം നടപ്പാക്കിയത്‌ കേരളം മാത്രമാണ്‌. 2021 ഏപ്രിൽ മുതൽ ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി 16,000 കോടി രൂപയുടെ വാർഷിക അധിക ബാധ്യത ഏറ്റെടുത്തു. പെൻഷൻ പരിഷ്‌കരണ കുടിശ്ശികയുടെ ഒരുഭാഗം നൽകി. 2021–-22 മുതൽ ക്ഷാമബത്ത ഉൾപ്പെടെ കുടിശ്ശികകളും പിഎഫിൽ ലയിപ്പിക്കുന്നതിന്റെ ബാധ്യതയും ഏറ്റെടുക്കുന്നു. സർക്കാർ ബാധ്യത നോക്കി ആനുകൂല്യവും കുറയ്‌ക്കുന്ന നയമല്ല എൽഡിഎഫിനുള്ളത്‌. ഇതിന്റെയെല്ലാം സാമ്പത്തിക ഉത്തരവാദിത്വത്തിന്റെ ഗൗരവം മനസ്സിലാക്കാതെയാണ്‌ ചിലർ സർക്കാരിനെ വല്ലാതെ വിമർശിക്കുന്നത്‌.

കേരളത്തിന്റെ സ്ഥിതിഗതികൾ പരിശോധിക്കുന്നവർ മറ്റു സംസ്ഥാനങ്ങളിലേക്കും കണ്ണോടിക്കണം. മിക്ക സംസ്ഥാനത്തും ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. കേന്ദ്രമാതൃക പിന്തുടർന്ന് താൽക്കാലിക ജോലി വ്യാപിപ്പിക്കുന്നു. ഐഎഎസ്‌ തസ്‌തികകളിൽപ്പോലും കരാർ നിയമനം നടത്തുന്നു. പബ്ലിക്‌ സർവീസ്‌ കമീഷനുകളെ നോക്കുകുത്തിയാക്കി. പശ്ചിമ ബംഗാളിൽ 12 വർഷത്തിനിടയിൽ പിഎസ്‌സി നിയമനം പതിനായിരത്തിൽതാഴെമാത്രം. ബാക്കിയെല്ലാം കരാറാണ്‌. ത്രിപുരയിൽ ആകെ ഒന്നരലക്ഷത്തോളം തസ്‌തികയിൽ അഞ്ചിലൊന്നും വെട്ടിക്കുറച്ചു. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ കേരളത്തിൽ നടക്കുന്ന നിയമനത്തിന്റെ നാലിലൊന്നുപോലുമില്ല. പശ്ചിമബംഗാളിൽ 20,000 പൊതു സ്‌കൂളുകളിൽ 8300 അടച്ചുപൂട്ടുന്നു. ജീവിതസ്ഥിതിയും പരാധീനതയും കുട്ടികളെ സ്‌കൂളുകളിൽനിന്ന്‌ അകറ്റുന്നു.

ജനങ്ങളുടെ ജീവിതനിലവാരം, പൊതുവിദ്യാഭ്യാസം, സർക്കാരിന്റെ ചികിത്സാ സേവനം എന്നിവയൊക്കെ താരതമ്യം ചെയ്യണം. റെയിൽവേ, ബാങ്കുകൾ ഉൾപ്പെട്ട പൊതുമേഖലാ കേന്ദ്ര സർവീസുകൾ, സംസ്ഥാന സർവീസുകൾ എന്നിവയിലെല്ലാം നിയമന മരവിപ്പാണ്‌. കേന്ദ്ര സർവീസിൽ 10 ലക്ഷത്തിൽപ്പരം ഒഴിവ്‌ നികത്തണം. എന്നാൽ, അടുത്തിടെ മോദി സർക്കാർ കൊട്ടിഘോഷിച്ച  അഴിമതിരഹിത നിയമനമേളയിൽ നൽകിയത് എഴുപതിനായിരത്തിൽ താഴെയും. കേരളത്തിൽ ഏഴുവർഷത്തിൽ രണ്ടുലക്ഷത്തിലധികം പിഎസ്‌സി നിയമനം ഉറപ്പാക്കി. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും നാൽപ്പതിനായിരം തസ്‌തിക സൃഷ്ടിച്ചു.

മൂന്നാം വർഷത്തിൽ സർക്കാരിന്റെ മുൻഗണനകൾ

■വികസനത്തിനുതന്നെയായിരിക്കും ഊന്നൽ. കാൽനൂറ്റാണ്ട്‌ ലക്ഷ്യമിടുന്ന മുന്നേറ്റം സൃഷ്ടിക്കാനുതകുന്ന നവകേരള സൃഷ്ടിക്കായുള്ള നടപടികൾ തുടരും. ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ, മാനവവിഭവശേഷി സംരക്ഷണം, യുവതയെ നാട്ടിൽത്തന്നെ നിലനിർത്തുന്നതിനുതകുന്ന ഉന്നതവിദ്യാഭ്യാസ സാഹചര്യം സൃഷ്ടിക്കലും, ആനുപാതികമായ തൊഴിലവസരങ്ങൾ ഒരുക്കലും. വർധിച്ചുവരുന്ന വൃദ്ധജനതയുടെ സംരക്ഷണം തുടങ്ങിയവയാണ്‌ സാധ്യമാക്കേണ്ടത്‌. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും നിർണായകമായ പുരോഗതിയുടെയും നല്ല ജീവിതസാഹചര്യങ്ങളുടെയും അന്തരീക്ഷമുണ്ടാക്കിയ സർക്കാരാണെന്ന്‌ ഉറപ്പാക്കും. കേരളത്തിന്റെ അഭിമാനകരമായ നേട്ടങ്ങളെ ശക്തിപ്പെടുത്തും.

ക്ഷേമത്തിലും വികസനത്തിലും സർക്കാർ ഇടപെടൽ വേണ്ട, കുത്തകകൾ നോക്കിക്കോളും എന്നതാണ്‌ കേന്ദ്ര സർക്കാർ നയം. ഇതിന്റെ ഭാഗമായാണ്‌ സംസ്ഥാന വിഹിതങ്ങൾ വെട്ടിക്കുറയ്‌ക്കുന്നതും കടമെടുപ്പ്‌ അവകാശം നിഷേധിക്കുന്നതും. കേരളത്തിന്റെ കടം മൂന്നു ശതമാനത്തിൽ ഒതുക്കണമെന്ന്‌ കാർക്കശ്യം പിടിക്കുന്ന കേന്ദ്രത്തിന്റെ കഴിഞ്ഞവർഷത്തെ കടം 6.4 ശതമാനമാണ്‌. ചെലവിന്റെ 45 ശതമാനത്തോളമാണ്‌ കേന്ദ്രത്തിന്റെ കടമെടുപ്പ്‌. കേരളത്തിന്റെ സ്ഥിതി ഇത്രയും ഗുരുതരമല്ല. റവന്യു, ധനക്കമ്മികളിൽ വലിയ നിയന്ത്രണമുണ്ടായിട്ടുണ്ടെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. ഭാവിയെ കണ്ടുള്ള വികസന നടപടികൾക്ക്‌ പണം കടമെടുത്തുതന്നെ ചെയ്യും. തിരിച്ചടവ്‌ ഉറപ്പാക്കിയാകും ഇത്തരം കടമെടുക്കൽ. മൂലധന നിക്ഷേപത്തിനു മാത്രമേ കടമെടുക്കുന്നുള്ളൂ. പദ്ധതി അടങ്കലിനുമുകളിലെ വികസന ആവശ്യങ്ങൾക്കുള്ള പണം കിഫ്‌ബി ഉൾപ്പെടെ ഏജൻസികൾവഴി സമാഹരിക്കുന്നത്‌ തുടരും.

പ്രതിപക്ഷ നിലപാട്‌ ഇതിന്‌ അനുകൂലമാകുമെന്ന പ്രതീക്ഷ എത്രത്തോളമാണ്‌

■നാടിന്റെ പുരോഗമന നടപടികളെല്ലാം തകരണമെന്ന മനോഭാവമാണ്‌ യുഡിഎഫിൽ പ്രകടമാകുന്നത്‌. ട്രഷറിയെല്ലാം അടച്ചുപൂട്ടുമെന്ന പ്രചാരണത്തിന്റെ ഭാഗമായിരുന്നു യുഡിഎഫിന്റെ ബദൽ ധവളപത്രം. ജനം ദുരിതത്തിലായാലും വേണ്ടില്ല, ഈ സർക്കാർ തകരണമെന്നായി നിലപാട്‌. കേരളത്തിൽനിന്നുള്ള യുഡിഎഫ്‌ എംപിമാരിൽ ഒരാൾപോലും സംസ്ഥാനത്തിനുവേണ്ടി സംസാരിക്കാൻ തയ്യാറായിട്ടില്ല.

വിവിധ പദ്ധതികളെ മുടക്കാനാണ്‌ ശ്രമിച്ചത്‌. കേരളത്തിന്റെ ആവശ്യങ്ങളൊന്നും നടത്താൻ അനുവദിക്കില്ലെന്ന നിലപാട്‌ നല്ലതല്ല. കോവിഡിന്റെ ഭാഗമായി എൽഡിഎഫ്‌ സർക്കാരുകൾ നടപ്പാക്കിയ പുനരുജ്ജീവന പാക്കേജുകളുടെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്‌. ജനങ്ങളുടെ വരുമാനം ഉയർത്താനായി തുടക്കമിട്ട സംരംഭങ്ങൾ സർക്കാർ വരുമാനവും ഉയർത്തുന്നതിന്‌ സഹായകമാകുന്നു. ഇതിന്റെ തുടർച്ചയായി കേന്ദ്രത്തിൽനിന്നുള്ള അർഹമായ സഹായവും ഉറപ്പാക്കിയാൽ മികച്ച മുന്നേറ്റം ഉറപ്പിക്കാനാകും. ഇതിന്‌ യുഡിഎഫ്‌ സർക്കാരിനൊപ്പം നിൽക്കുകയാണ്‌ വേണ്ടത്‌. കേരളത്തെ സ്‌നേഹിക്കുന്ന ബിജെപി നേതാക്കളിൽനിന്നും ഇതേ നിലപാടാണ്‌ പ്രതീക്ഷിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top