27 March Monday
സംസ്ഥാന ബജറ്റ്‌ വെള്ളിയാഴ്ച

വല്ലാതെ മുണ്ട്‌ മുറുക്കേണ്ടതില്ല - കെ എൻ ബാലഗോപാൽ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും സാധാരണക്കാരുടെ പെൻഷൻ അടക്കമുള്ള ഒന്നും മുടക്കാൻ കേരളം തയ്യാറല്ലെന്നാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കുന്നത്‌. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കാൻ പലവിധ ശ്രമം കേന്ദ്ര സർക്കാർ നടത്തുന്നു. കേന്ദ്ര നിലപാട്‌ മാറിയില്ലെങ്കിലും വികസന കാര്യങ്ങൾ നിർത്താനോ കീഴ്‌പ്പെടാനോ കേരളത്തിനാകില്ല. സാമൂഹ്യസുരക്ഷ, ക്ഷേമ നടപടികൾ തടസ്സമില്ലാതെ തുടരും. ജനങ്ങളെയാകെ സഹകരിപ്പിച്ച്‌ മുണ്ടു മുറുക്കാതെ മുന്നോട്ടുപോകാനാകുമെന്നതാണ്‌ സർക്കാരിന്റെ കാഴ്‌ചപ്പാട്‌. കൂടുതൽ ഉൽപ്പാദനം, തൊഴിൽ, വരുമാനം, സാമ്പത്തിക പ്രവർത്തനങ്ങൾ, വളർച്ച തുടങ്ങിയവയായിരിക്കും ബജറ്റിന്റെ കാതലെന്ന്‌ ധനമന്ത്രി പറഞ്ഞു
തയ്യാറാക്കിയത്‌: തിരുവനന്തപുരം ബ്യൂറോയിലെ ചീഫ്‌ റിപ്പോർട്ടർ

ജി രാജേഷ്‌കുമാർ

ബജറ്റിന്റെ വെല്ലുവിളികൾ ?
വല്ലാത്ത സാമ്പത്തിക പിരിമുറുക്കത്തിലേക്കാണ്‌ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ എത്തിച്ചിട്ടുള്ളത്‌. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമാണ്‌ സംസ്ഥാനത്തിന്‌ നികുതി നിർണയ അവകാശം നിലനിർത്തിയിട്ടുള്ളത്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്‌ കേന്ദ്രം വലിയതോതിൽ പ്രത്യേക എക്‌സൈസ്‌ ഡ്യൂട്ടിയും സെസും ചുമത്തുന്നതിനാൽ സംസ്ഥാനത്തിന്‌ നികുതി നിരക്ക്‌ വർധിപ്പിക്കുന്നതിൽ പരിമിതികളുണ്ട്‌. ചരക്ക്‌ സേവന നികുതി (ജിഎസ്‌ടി)യിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അവകാശമില്ല. കേന്ദ്രം സമാഹരിക്കുന്ന നികുതിയിൽ സംസ്ഥാനത്തിന്‌ ലഭിക്കേണ്ട വിഹിതം വെട്ടിക്കുറച്ചു. പത്താം കേന്ദ്ര ധന കമീഷൻ കേരളത്തിന്‌ അനുവദിച്ചിരുന്ന നികുതി വിഹിതം വിഭജിക്കേണ്ട ആകെ നികുതി തുകയുടെ 3.875 ശതമാനമായിരുന്നു. പതിനഞ്ചാം ധന കമീഷൻ ഇത്‌ 1.925 ശതമാനമാക്കി. മാനദണ്ഡങ്ങളിലെ മാറ്റത്തിലൂടെ കേരളത്തിന്‌ വലിയ വരുമാന നഷ്ടമുണ്ടാക്കുന്നു.  ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തിയതിലൂടെ 9000 കോടി രൂപയാണ്‌ കേരളത്തിന്‌ കുറയുന്നത്‌. റവന്യു കമ്മി ഗ്രാന്റ്‌ 6716 കോടി കുറയുന്നു.

അറുപത്‌ ലക്ഷം പേർക്ക്‌ തടസ്സമില്ലാത്ത സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഉറപ്പാക്കാൻ രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ്‌ കേന്ദ്രം. കമ്പനി എടുക്കുന്ന കൈവായ്‌പകളാണ്‌ മുടക്കമില്ലാത്ത പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിരുന്നത്‌. സർക്കാർ തുക ലഭ്യമാക്കുന്നതിനനുസരിച്ച്‌ കൈവായ്‌പ മടക്കുകയായിരുന്നു രീതി. ഇത്തരം വായ്‌പയും കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തി  സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള അവകാശവും കേന്ദ്രം കവരുന്നു. കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും പേരിൽ ഈവർഷം കടമെടുപ്പിൽ കുറച്ചത്‌ 3142 കോടി രൂപയാണ്‌. ഇതെല്ലാം ചേർത്താൻ ബജറ്റിൽ പ്രതീക്ഷിച്ചതിൽ 24,639 കോടി രൂപയുടെ വരുമാനക്കുറവുണ്ട്‌. ഇങ്ങനെയൊരു അവസ്ഥ സംസ്ഥാനം നേരിടേണ്ടിവരുന്നത്‌ ആദ്യമായാണ്‌. അടുത്ത സാമ്പത്തിക വർഷവും ഇതേനയം കേന്ദ്രം തുടർന്നാൽ വരുമാനത്തിൽ 32,000 കോടി കുറയും. പെൻഷൻ കമ്പനിയും കിഫ്‌ബിയും പ്രവർത്തനരഹിതമാകണമെന്നത്‌ ചിലരുടെയെല്ലാം ആവശ്യമാണ്‌.

ലോകമാകെ സാമ്പത്തികപ്രതിസന്ധിയിലാണ്‌. 1930നുശേഷമുള്ള ഏറ്റവുംവലിയ സാമ്പത്തിക കുഴപ്പത്തിലാണ്‌ ഒട്ടുമിക്ക രാജ്യങ്ങളും. നൂറുവർഷത്തിനിടയിലെ വലിയ പ്രതിസന്ധിയാണ്‌ ഇന്ത്യ നേരിടുന്നതെന്ന്‌ പ്രധാനമന്ത്രിക്ക്‌ തുറന്നുപറയേണ്ടിവരുന്നു.  ശ്രീലങ്കയ്‌ക്കുപിന്നാലെ പാകിസ്ഥാനും നിലയില്ലാക്കയത്തിലേക്കാണ്‌. കറണ്ടില്ലാത്ത രാജ്യമായി പാകിസ്ഥാൻ മാറുന്നു. ഇംഗ്ലണ്ടിൽ സാമ്പത്തിക പ്രശ്‌നങ്ങൾ മൂന്നുതവണ പ്രധാനമന്ത്രിയെ മാറ്റിച്ചു. അമിത ലാഭത്തിനായി പ്രവർത്തിക്കുന്നവർക്കുമാത്രമായി നടപ്പാക്കുന്ന സാമ്പത്തികനയം സോപ്പുകുമിളകൾപോലെയാണെന്ന്‌ തെളിയിക്കുകയാണ്‌ അദാനി കമ്പനി ഓഹരിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ. അയൽ രാജ്യങ്ങളുടെ അവസ്ഥയിലേക്കാണ്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുമെന്ന ആശങ്ക വല്ലാതെയുണ്ട്‌. ഈ നയങ്ങൾക്ക്‌ കീഴ്‌പ്പെടേണ്ടിവരുന്ന സംസ്ഥാനങ്ങൾ ശ്വാസം മുട്ടുകയാണ്‌. ഇതിനിടയിലാണ്‌ കേരളത്തിന്റെ സാമൂഹ്യസുരക്ഷ, വികസന പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന തീരുമാനങ്ങൾ കേന്ദ്രത്തിൽനിന്നുണ്ടാകുന്നത്‌. എന്നാൽ, അവ മുടക്കാൻ കേരളം തയ്യാറല്ല. ജനങ്ങളെ ഒരുമിപ്പിച്ച്‌ പ്രതിസന്ധി നേരിടുകയാണ്‌ എൽഡിഎഫ്‌ നിലപാട്‌. അതിന്റെ നേതൃനിരയിൽ സംസ്ഥാന സർക്കാരുമുണ്ടാകും.

കിഫ്‌ബി പ്രതിസന്ധിയിലോ ?
സംസ്ഥാന സർക്കാർ ഉറപ്പിൻമേലാണ്‌ കിഫ്‌ബിക്ക്‌ വായ്‌പകൾ ലഭിച്ചിരുന്നത്‌. ഇത്തരത്തിൽ പല കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങൾക്കും സർക്കാർ ഗ്യാരന്റിയുണ്ട്‌. കേന്ദ്ര സർക്കാരിനും ഏജൻസികൾക്കും ഉപയോഗിക്കാവുന്ന ധന സമ്പാദന മാർഗങ്ങൾ കിഫ്‌ബിക്ക്‌ പാടില്ലെന്നത്‌ ഇരട്ടത്താപ്പാണ്‌. കിഫ്‌ബി വായ്‌പകളുടെ പേരിൽ സംസ്ഥാനത്തിന്റെ വായ്‌പാവകാശം നിഷേധിക്കുന്ന കേന്ദ്രം ദേശീയപാതാ അതോറിറ്റിയെ ഉൾപ്പെടെ ഉപയോഗപ്പെടുത്തി മൂന്നുലക്ഷത്തിൽപ്പരം കോടി രൂപയാണ്‌ വായ്‌പ എടുത്തത്‌. കേന്ദ്ര ഏജൻസികൾ ബജറ്റിനുപുറത്ത്‌ എടുത്ത വായ്‌പകൾക്ക്‌ കേന്ദ്ര സർക്കാർ ഗഡുക്കളായി മടക്കിനൽകേണ്ട ബാധ്യത (അന്വിറ്റി ബാധ്യത) ഇതുവരെ 8.5 ലക്ഷം കോടി രൂപയും. കേന്ദ്ര ബജറ്റ്‌ രേഖയിലെ അന്വിറ്റി ബാധ്യതയിൽ  ദേശീയപാതാ അതോറിറ്റിയുടെ 3.06 ലക്ഷം കോടി രൂപയും എൻഎച്ച്‌എഐ റോഡ്‌ പണിക്ക്‌ എടുത്ത കടവും ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇതേ ആവശ്യത്തിന്‌ കിഫ്‌ബി എടുക്കുന്ന വായ്‌പ സംസ്ഥാനത്തിന്റെ കടമാക്കണമെന്നും കേന്ദ്രം വാശിപിടിക്കുന്നു.

പണം എടുക്കുന്ന സ്ഥാപനംതന്നെ അത്‌ തിരിച്ചടയ്‌ക്കുന്നുവെന്ന്‌ ഉറപ്പാക്കിയാണ്‌ സർക്കാർ ഗ്യാരന്റി അനുവദിക്കുന്നത്‌. കിഫ്‌ബി വായ്‌പയുടെ കൃത്യമായ തിരിച്ചടവിന്‌ കൃത്യമായ പദ്ധതിയുണ്ട്‌. സെസ്‌ ഇനത്തിൽത്തന്നെ വർഷം 2500 കോടി രൂപയെങ്കിലും ഉറപ്പാക്കിയിട്ടുണ്ട്‌. പുറമെ ബജറ്റ്‌ വകയിരുത്തലുമുണ്ട്‌.  എന്നാൽ, കിഫ്‌ബി വായ്‌പ എടുക്കാൻ പാടില്ലെന്നാണ്‌ കേന്ദ്രത്തിന്റെ കടുംപിടിത്തം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൊണ്ടുവന്ന കാഴ്‌ചപ്പാടുതന്നെ ഇല്ലാതാക്കുന്നു.

ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ മന്ത്രിസഭാ യോഗംതന്നെ അംഗീകരിച്ച നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്‌ നൽകിയത്‌. സർക്കാർ ഉറപ്പുനൽകുന്ന ഒരു ബാധ്യത സർക്കാരിന്റെ ബാധ്യതയായി കാണാനാകില്ലെന്നാണ്‌ നിയമോപദേശങ്ങൾ. കേരളം മുന്നോട്ടുവയ്‌ക്കുന്ന ന്യായമായ കാര്യം കേന്ദ്രം അംഗീകരിക്കുമെന്നുതന്നെയാണ്‌ പ്രതീക്ഷ.

വരുമാന മേഖലയിൽ മാറ്റങ്ങൾ ?
നികുതി ഭരണത്തിലും സംവിധാനത്തിലും കൂടുതൽ കാര്യക്ഷമത ഉറപ്പാക്കുകയാണ്‌. ജിഎസ്‌ടി വകുപ്പ്‌ പുനഃസംഘടിപ്പിച്ചു. റവന്യു ബോർഡ്‌ കാലംമുതൽ നിലനിന്നിരുന്ന വിൽപ്പന നികുതി സമ്പ്രദായമാണ്‌ ഉടച്ചുവാർത്തത്‌. ടാക്‌സ്‌ പേയർ സർവീസസ്, ഓഡിറ്റ്, ഇന്റലിജൻസ് ആൻഡ്‌ എൻഫോഴ്സ്‌മെന്റ്‌ എന്നിങ്ങനെ മൂന്നു ശ്രേണിയിലായി വകുപ്പിന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കപ്പെടുന്നു. രാജ്യത്താദ്യമായാണ് നികുതി ഭരണസംവിധാനത്തിലെ ഇത്തരത്തിലുള്ള സമഗ്ര പുനഃസംഘടന. കട പരിശോധന അപ്രായോഗികമാകുകയാണ്‌. വകുപ്പിന്റെ ശാക്തീകരണത്തിലൂടെയും സാങ്കേതിക സംവിധാനങ്ങളുടെ കരുത്തിലൂടെയും മാത്രമേ വരുമാനം ഉയർത്താനാകൂ. ഇതിൽ കേരളത്തിന്റെ ശ്രമങ്ങൾ വിജയം കണ്ടുതുടങ്ങി. കഴിഞ്ഞവർഷം തനത്‌ വരുമാന വർധന 13,000 കോടിയാണ്‌. ഈവർഷം 10,000 കോടിയുടെ വർധനയുണ്ടാകും.

കേന്ദ്രം എല്ലാം വെട്ടിക്കുറച്ചുകൊണ്ടിരിക്കുമ്പോഴും പിടിച്ചുനിൽക്കാനാകുന്നതിൽ പ്രധാന ഘടകം നമ്മുടെ വരുമാന മാർഗങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ്‌. ഇതിന്റെ മാറ്റമാണ്‌ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാരംഗത്ത്‌ ദൃശ്യമായത്‌. സ്ഥിരം വിലയിൽ 12 ശതമാനവും നടപ്പുവിലയിൽ 17 ശതമാനവുമെന്ന കേരളത്തിന്റെ വളർച്ച നിരക്ക്‌ ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്‌. ലഭ്യമാകുന്ന വിഭവങ്ങൾ കാർഷിക വ്യാവസായിക രംഗങ്ങളടക്കം ഉൾപ്പെടുന്ന ഉൽപ്പാദന മേഖലയിലേക്ക്‌ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞതാണ്‌ മുന്നേറ്റത്തിന്‌ കാരണം. ഇതുതന്നെയായിരിക്കും അടുത്ത വർഷത്തേക്കുള്ള ബജറ്റിന്റെയും കാതൽ. കൃഷിക്കും ഉന്നത വിദ്യാഭ്യാസത്തിനും സാങ്കേതികവൽക്കരണത്തിനും നൂതന ശാസ്‌ത്ര സാങ്കേതിക വിദ്യാധിഷ്ഠിത വികസനത്തിനുമൊക്കെയുള്ള ഊന്നൽ തുടരും. തൊഴിലവസരം വർധിപ്പിക്കുകയാണ്‌ ഇത്തവണയും പ്രധാന വെല്ലുവിളി. ഇതിനായി കൂടുതൽ ഉൽപ്പാദനത്തിന്‌ ഉതകുന്ന നിക്ഷേപം ഉറപ്പാക്കാനാകണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top