16 January Saturday

എന്തിന്‌ ഈ കപടവേഷങ്ങൾ; പുതുപ്പള്ളിയിലെ പദയാത്ര

കെ കെ രാഗേഷ്‌ Updated: Monday Jan 11, 2021

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലത്തിൽ തോട്ടയ്ക്കാടുമുതൽ പുതുപ്പള്ളിവരെ പദയാത്ര നടത്തി.  നരേന്ദ്ര മോഡി ഗവൺമെന്റിന്റെ ജനവിരുദ്ധ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭം ഡൽഹിയെ വിറപ്പിക്കുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് പദയാത്രയുടെ ലക്ഷ്യമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ കേരള രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനുള്ള തന്ത്രങ്ങളിലൊന്നായാണ് ആ വാർത്തയെ ഒട്ടുമിക്ക മാധ്യമങ്ങളും ജനങ്ങളും വിലയിരുത്തിയത്.

തദ്ദേശതെരഞ്ഞെടുപ്പിൽ കാൽക്കീഴിലെ മണ്ണ് മുഴുവൻ ഊർന്നുപോയതിന്റെ വെപ്രാളത്തിൽ ഇറക്കിയ ആ പൊറാട്ടുവേഷം, പക്ഷേ ജീവൻ ത്യജിച്ച് സമരത്തിനിറങ്ങിയവർക്കുള്ള ഐക്യദാർഢ്യമാണെന്ന് പറയുമ്പോൾ ഏറ്റവും വലിയ അശ്ലീലമാകുകയാണ്. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിക്കാൻ കോൺഗ്രസിന് എന്താണ് അർഹത? കർഷകരുന്നയിക്കുന്ന ആവശ്യങ്ങളോട് ആത്മാർഥതയോടെ പ്രതികരിക്കാത്ത ഏക പ്രതിപക്ഷ കക്ഷി കോൺഗ്രസാണ്. റിസോർട്ടിലിരുന്ന് ട്വീറ്റ് ചെയ്തും വിദേശപര്യടനം നടത്തിയും കാലം കഴിച്ചുകൂട്ടുന്ന കോൺഗ്രസിന്റെ പ്രധാന നേതാവ് തന്നെയാണോ ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയുടെയും മാതൃക.

കർഷകപ്രക്ഷോഭം രാജ്യമെങ്ങും  ജനങ്ങൾ ഏറ്റെടുത്തപ്പോൾ ഗത്യന്തരമില്ലാതെ നാടകങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്ന കോൺഗ്രസ് നേതൃത്വം ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. 2019ൽ പാർലമെന്റ് തെരഞ്ഞെടുപ്പിനുമുമ്പ് അവർ പുറത്തിറക്കിയ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ ബിജെപി പുതിയ നിയമനിർമാണത്തിലൂടെ നടപ്പാക്കിയിട്ടുള്ളത്?  ഓൺലൈനിൽ  ലഭ്യമായ ആ പ്രകടനപത്രിക ഉമ്മൻചാണ്ടിയോടൊപ്പം പദയാത്രയിൽ പങ്കെടുക്കുന്നവരെങ്കിലും വായിച്ചുനോക്കണം. രാജ്യം കോർപറേറ്റുകളുടെ കാൽക്കീഴിൽ സമർപ്പിച്ചുകൊണ്ട് കോൺഗ്രസ് തുടങ്ങിവച്ച പരിഷ്‌കരണങ്ങൾ ബിജെപി ഏറ്റെടുക്കുകയും കോർപറേറ്റുകൾക്കുമാത്രം നിലനിൽപ്പുള്ള ഒരു ഇന്ത്യ സൃഷ്ടിക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തിരിക്കുന്നു.

കമ്പോളത്തിൽ സർക്കാർ ഇടപെടലുകൾ സാധ്യമാക്കുന്ന മണ്ഡി സമിതികൾ (കർഷക ചന്ത) അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ആക്റ്റ് പ്രകാരമാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നത്. ഈ നിയമം റദ്ദ് ചെയ്താൽ സ്വാഭാവികമായും സർക്കാർ നിയന്ത്രണത്തിലുള്ള മണ്ഡികൾ ഇല്ലാതാകും. ഒരു നിയന്ത്രണവുമില്ലാത്ത സ്വകാര്യ മണ്ഡികളിലൂടെ കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ കൈയടക്കാൻ കേന്ദ്രസർക്കാർ പാസാക്കിയ പുതിയ നിയമങ്ങൾ കോർപറേറ്റുകൾക്ക് അവസരമൊരുക്കുന്നു. കൃഷിക്കാരിൽനിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ നിലവിലെ നിയമമനുസരിച്ച് വലിയ കമ്പനികൾക്ക് തടസ്സമുണ്ട്. ആ തടസ്സങ്ങളിലൊന്നാമത്തേത് ഉൽപ്പന്നങ്ങൾക്ക് എഫ്‌സിഐ നിശ്ചയിക്കുന്ന താങ്ങുവിലയാണ്. എഫ്സിഐ താങ്ങുവിലയിൽ കുറഞ്ഞ തുകയ്ക്ക് കോർപറേറ്റുകൾക്ക് സംഭരിക്കാനാകില്ല. മണ്ഡി സംവിധാനങ്ങൾ വഴി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുമ്പോഴാകട്ടെ, അടിസ്ഥാനവില നിശ്ചയിച്ച് അതിൻമേൽ ലേലം വിളിക്കുകയാണ് കമ്പനികൾ ചെയ്യുന്നത്. അതുവഴി താരതമ്യേന മെച്ചപ്പെട്ട വില ഉറപ്പാക്കാൻ കഴിയുകയും ചെയ്യുന്നു.

കേന്ദ്രഗവൺമെന്റ് 1860 രൂപയാണ് നെല്ലിന് താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്. ആകെ ഉൽപ്പാദിപ്പിക്കുന്ന നെല്ലിന്റെ 20 ശതമാനം മാത്രമാണ് എഫ്‌സിഐ സംഭരണം. എഫ്‌സിഐയുടെ സംവിധാനമില്ലാത്ത ഇടങ്ങളിൽ കർഷകർ നേരിട്ട് വിൽക്കുകയാണ്. കോർപറേറ്റുകളും വൻകിട കമ്പനികളും കാർഷികോൽപ്പന്നങ്ങൾ വാങ്ങുമ്പോൾ എഫ്‌സിഐയുടെയും മണ്ഡിസമിതിയുടെയും നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരുന്നു. കർഷകർക്ക് കൂടുതൽ പരിക്കേൽക്കാത്തവിധം രൂപപ്പെടുത്തിയ പരിമിതമായ ഈ "തടസ്സം' പോലും സഹിക്കാൻ കഴിയില്ല എന്നാണ് യഥാർഥത്തിൽ കോർപറേറ്റ് നിലപാട്.  അതിനുവേണ്ടിയാണ് തടസ്സങ്ങളൊഴിവാക്കി ഉൽപ്പന്നങ്ങളുടെ സ്വതന്ത്രവ്യാപാരം ഉറപ്പുവരുത്തിക്കൊണ്ടുള്ള കാർഷികവിരുദ്ധ നിയമങ്ങൾ ജനാധിപത്യത്തെ കശാപ്പുചെയ്തുകൊണ്ട് ബിജെപി സർക്കാർ പാസാക്കിയത്. കോർപറേറ്റുകൾ സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ ഒരു തടസ്സവുമില്ലാതെ അവർക്ക് വിനിയോഗിക്കാൻ അനുമതി നൽകുന്നതിനുവേണ്ടിയാണ് അവശ്യവസ്തുനിയമം ഭേദഗതി ചെയ്തത്. സംഭരണപരിധി ഒഴിവാക്കിക്കൊണ്ട് പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും നിയമവിധേയമാക്കിയിരിക്കുന്നു.

നിസ്സാരവിലയ്ക്ക് കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ കൈയടക്കാനും ഇത്തരം ഉൽപ്പന്നങ്ങൾ തങ്ങളുടെ ഗോഡൗണുകളിൽ പൂഴ്‌ത്തിവച്ച് കൃത്രിമക്ഷാമമുണ്ടാക്കി കൊള്ളലാഭത്തിൽ വിൽക്കാനും കോർപറേറ്റുകൾക്ക് അനുമതി നൽകുന്നതാണ് മൂന്ന് കർഷകവിരുദ്ധ നിയമവും. ഇതുവഴി ഒരു ഭാഗത്ത് കർഷകരെയും ഉപഭോക്താക്കളെയും ഒരേപോലെ കടുത്ത ചൂഷണത്തിന് വിധേയരാക്കാൻ കോർപറേറ്റുകൾക്ക് അവസരമൊരുങ്ങുകയാണ്.  കാർഷിക ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിപണനത്തിന് തടസ്സമായി നിൽക്കുന്ന മണ്ഡി സമ്പ്രദായത്തെയും എഫ്‌സിഐയെയും ഇല്ലാതാക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്ത് അവശ്യവസ്തു നിയമത്തിന്റെ "തടസ്സ'ങ്ങൾ ഒഴിവാക്കി കോർപറേറ്റുകൾക്ക് കാർഷിക ഉൽപ്പന്നങ്ങളുടെ സ്വതന്ത്ര വ്യാപാരത്തിനുള്ള അനുമതി നൽകുകയാണ് ബിജെപി സർക്കാർ ചെയ്തിരിക്കുന്നത്. തടസ്സങ്ങളെല്ലാം ഇല്ലാതാക്കുമെന്ന് പറഞ്ഞ കോൺഗ്രസിന്റെ പ്രകടനപത്രികയും പറയുന്നത് മറ്റൊന്നല്ല.  യുപിഎ അധികാരത്തിലിരുന്ന 2013--‐14 കാലഘട്ടത്തിൽ എഫ്‌സിഐക്ക് 45000 കോടി സബ്‌സിഡി കുടിശ്ശിക നൽകാനുള്ളത് പടിപടിയായിവളർന്ന് ഇപ്പോൾ നാല്‌ ലക്ഷം കോടിയായിരിക്കുന്നു. കേന്ദ്രം നൽകാനുള്ള കുടിശ്ശിക പെരുകിവന്നപ്പോൾ, ഭക്ഷ്യധാന്യങ്ങളുടെ സൂക്ഷിപ്പിനും മറ്റുമായി 3.66 ലക്ഷം കോടിരൂപ തങ്ങൾ കടമെടുത്തിരിക്കുകയാണ് എന്ന് എഫ്സിഐയുടെ വെബ്‌സൈറ്റിലെ കണക്കുകൾതന്നെ സാക്ഷ്യപ്പെടുത്തുന്നു.

തങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളാണ് ബിജെപി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നതുകൊണ്ടുതന്നെയാണ് "അധികാരം കൊയ്യണമാദ്യം നാം' എന്ന് അതിശൈത്യത്തിലും പടപ്പാട്ടുപാടി ഉയർന്നുമുന്നേറുന്ന കർഷകരോടൊപ്പം നിൽക്കാൻപോലുമാകാതെ കോൺഗ്രസ്‌  നേതാക്കൾ ഓടിയൊളിക്കുന്നത്. ജൂൺ അഞ്ചിനാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ ഓർഡിനൻസ് കൊണ്ടുവന്നത്. തൊട്ടടുത്ത ദിവസംതന്നെ കർഷകപ്രക്ഷോഭം രാജ്യമെങ്ങും അലയടിച്ചു. അഖിലേന്ത്യാ കർഷകസമരസമിതിയുടെ നേതൃത്വത്തിൽ മുന്നൂറോളം വരുന്ന കർഷകസംഘടനയുടെ വിവിധ രൂപത്തിലുള്ള സമരങ്ങൾ. തുടർന്ന്, ബില്ല് പാർലമെന്റിന്റെ പരിഗണയ്ക്ക് വന്നപ്പോൾ പഞ്ചാബ് കേന്ദ്രീകരിച്ചുകൊണ്ട് ശക്തമായ കർഷകപ്രതിഷേധം. ഈ സന്ദർഭത്തിലൊന്നും കോൺഗ്രസ് നേതൃത്വമോ അവരുടെ കർഷകസംഘടനകളോ പ്രതിഷേധമുയർത്തിയിരുന്നില്ല.  നിയമം ലോക്‌സഭയിൽ വന്നപ്പോൾ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഇതേ നിസ്സംഗത അവിടെയും പുലർത്തി.

വോട്ടിങ്ങില്ലാതെ ശബ്ദവോട്ടോടെ ബിൽ പാസാകുന്ന സ്ഥിതിയുണ്ടായി. കാര്യമായ ഭേദഗതികളോ അതിന്മേൽ വോട്ടിങ്ങോ കോൺഗ്രസ് ആവശ്യപ്പെട്ടില്ല. പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന നോട്ടീസ് പോലും നൽകിയില്ല. ലോക്‌സഭാ ബിൽ പാസാക്കിയതിനുശേഷം രാജ്യസഭയുടെ പരിഗണനയ്ക്ക് വന്നപ്പോഴും ഭേദഗതി നൽകാനോ സെലക്ട് കമ്മിറ്റിക്ക് വിടാൻ നോട്ടീസ് നൽകാനോ നിരാകരണ പ്രമേയനോട്ടീസ് നൽകാനോ കോൺഗ്രസ് തയ്യാറായില്ല.  സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള മൂന്ന് പ്രമേയത്തിൽ ആദ്യത്തേതും ഇടതുപക്ഷ അംഗങ്ങളുടേതായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെയും ഡിഎംകെയുടെയും പ്രമേയങ്ങളായിരുന്നു മറ്റു രണ്ടെണ്ണം. കോൺഗ്രസ് ഒന്നിനും മെനക്കെട്ടില്ല. മുപ്പതോളം ഭേദഗതി അവതരിപ്പിക്കപ്പെട്ടപ്പോൾ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിന്റേതായിരുന്നു. കോൺഗ്രസ് അവിടെയും മൗനം! ഒടുവിൽ എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദൾ അതിന്റെ മന്ത്രിയെത്തന്നെ പിൻവലിച്ച് നിലപാട് കടുപ്പിച്ചപ്പോൾ രാജ്യസഭയിൽ ബിൽ പല ദിവസങ്ങൾ മാറ്റിവയ്‌ക്കേണ്ടിവന്നു. അഞ്ചാമത്തെ ദിവസമാണ് രാജ്യസഭയിൽ ബിൽ ചർച്ചയ്‌ക്കെടുക്കാനായത്. അവസാനദിവസമായപ്പോഴാണ് പരിഗണനയ്ക്ക് വരില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ കോൺഗ്രസിന്റെ ചില അംഗങ്ങളെങ്കിലും ബില്ലിനെതിരെ നോട്ടീസ് കൊടുക്കാൻ തയ്യാറായത്.

ഇടതുപക്ഷമാകട്ടെ, ഓർഡിനൻസ് ഇറക്കിയതുമുതൽ ശക്തമായ സമരത്തിലായിരുന്നു. ബിൽ പാർലമെന്റിൽ വന്നപ്പോൾ ഏറ്റവും ശക്തമായ എതിർപ്പ് ഇടതുപക്ഷ അംഗങ്ങളുയർത്തി. വോട്ടിങ്‌ ആവശ്യപ്പെട്ടതും ഇടതുപക്ഷവും കോൺഗ്രസിതര പാർടികളുമായിരുന്നു. ഒടുവിൽ സഭയിലെ ജനാധിപത്യക്കശാപ്പിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ കേരളത്തിലെ രണ്ട് ഇടതുപക്ഷ അംഗങ്ങളെ പാർലമെന്റിൽനിന്ന് സസ്‌പെൻഡ്‌ ചെയ്തു. ഭരണഘടനയെപ്പോലും നോക്കുകുത്തിയാക്കി, കോർപറേറ്റുകൾക്കുവേണ്ടി പാർലമെന്റിൽ നിയമങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് എവിടെയായിരുന്നു.

ബിജെപിയെ എതിർക്കാൻ തങ്ങൾക്കേ സാധിക്കൂ എന്നുപറഞ്ഞ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് നേടി ഡൽഹിയിലെത്തിയവർ രാജ്യത്തെ ജനങ്ങളെയാകെ കുത്തുപാളയെടുപ്പിക്കുന്ന നിയമങ്ങൾ ലോക്‌സഭയിൽ അവതരിപ്പിക്കുമ്പോൾ എന്തുകൊണ്ട് മൗനം പാലിച്ചു എന്നതിനാണ് ഉമ്മൻചാണ്ടി ആദ്യം മറുപടി നൽകേണ്ടത്. സ്വന്തം പ്രകടനപത്രികയിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച നയങ്ങൾക്കെതിരെ ഇപ്പോൾ ചെപ്പടിവിദ്യയുമായി രംഗത്തിറങ്ങുന്നത്‌ എന്തിനാണ്?  രാജ്യത്താകെയുള്ള കർഷകസംഘടനകൾ കർഷകസമരസമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. കർഷകരുടേതാണ് സമരം. ആ സമരമുഖത്തെല്ലാം പാറുന്ന കിസാൻസഭയുടെ ചെങ്കൊടി രാജ്യമാകെ കാണുന്നു. കോൺഗ്രസിന് ഒരു കർഷകസംഘടന ഉണ്ടെങ്കിൽ ആ കർഷകസംഘടന ഈ സമരത്തിൽ പങ്കെടുക്കുന്നുണ്ടോ എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കണം.

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രക്ഷോഭത്തിന് ഡൽഹിയും പരിസരപ്രദേശങ്ങളും സാക്ഷിയാകുമ്പോൾ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് നേതൃത്വം ഉറങ്ങുകയാണ്.  പ്രതിപക്ഷത്തിന്റെ കടമ നിർവഹിക്കാൻ കോൺഗ്രസ് പാർടിക്ക് കഴിയുന്നുണ്ടോ എന്ന ജനങ്ങളുടെ ചോദ്യത്തിന് ഉമ്മൻചാണ്ടിയും കൂട്ടരും ആദ്യം ഉത്തരം പറയണം. അതിനാകാതെ കേവലം ഗിമ്മിക്കുകൾ കാട്ടി അതിൽ അഭിരമിക്കുന്നവർക്ക് ബിജെപിക്കെതിരായി ഉയർന്നുവരുന്ന ജനരോഷത്തിന് ദിശാബോധം നൽകാനാകുമോ?  സേഫ് സോണുകളിലിരുന്നുള്ള പൊറാട്ട് നാടകമല്ല, കുറഞ്ഞപക്ഷം തങ്ങളുടെ അനുയായികളെയെങ്കിലും ഡൽഹിയിലേക്ക് പറഞ്ഞയക്കാൻ മനസ്സ് കാട്ടുകയാണ് വേണ്ടത്.

പൗരത്വനിയമ വിരുദ്ധ പോരാട്ടത്തിന്റെ സന്ദർഭത്തിലും ഇതേ കാപട്യമാണ് കോൺഗ്രസ് കാണിച്ചത്. കേരളം കാട്ടിയ മാതൃക രാജ്യം അഭിനന്ദിച്ചതാണ്. പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ല എന്ന് ഒരു മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ, തങ്ങളും അതിനൊപ്പം എന്ന് വീമ്പടിക്കുകയല്ലാതെ സ്വന്തം സ്വാധീനകേന്ദ്രങ്ങളിൽ കോൺഗ്രസ് എന്തുചെയ്തു? കർഷകവിരുദ്ധ നിയമത്തിനെതിരെയും കേരളം നിയമസഭയിൽ പ്രമേയം പാസാക്കിയപ്പോൾ ആൾക്കൂട്ടത്തിൽ നിൽക്കുക മാത്രമായിരുന്നു കോൺഗ്രസിന്റെ റോൾ. ഇത്രയും കാലം ദേശീയ നേതൃത്വത്തിന്റെ ഭാഗമായിനിന്ന ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ പദയാത്ര നൽകിയ "കരുത്തി'ൽ രാഹുൽഗാന്ധിയെ എങ്കിലും ഉപദേശിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം!.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top