09 August Sunday

മധ്യപ്രദേശില്‍ "താമരക്കൈ'

കോടിയേരി ബാലകൃഷ്ണൻUpdated: Friday Mar 13, 2020


ഇന്ത്യയുടെ ജനാധിപത്യവൃക്ഷം കൊമ്പും ഇലയും കരിഞ്ഞുണങ്ങി വേരറ്റു വീഴാൻ പോകുകയാണോ. ഈ ആശങ്കയെ ശക്തിപ്പെടുത്തുന്ന സംഭവഗതികളാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഒടുവിലെ ദൃഷ്ടാന്തമാണ് മധ്യപ്രദേശ്. ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടവും കോൺഗ്രസിന്റെ "താമരക്കൈ' സ്വഭാവവും കാരണമാണ് മധ്യപ്രദേശ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കരിനിഴലാകുന്നത്. മൂന്നുവട്ടം മുഖ്യമന്ത്രിയായി വാണ ബിജെപിയുടെ ശിവരാജ്സിങ്‌ ചൗഹാനെയും ബിജെപിയെയും 2018 ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി പുറന്തള്ളി. അതേത്തുടർന്ന് ചെറുപാർടികളുടെയും സ്വതന്ത്രരുടെയും പിന്തുണയുള്ള കോൺഗ്രസ് മന്ത്രിസഭ അധികാരത്തിൽ വന്നു. ജനവിധി എതിരായിട്ടും അന്നുമുതൽ വളഞ്ഞ വഴിയിലൂടെ അധികാരത്തിലെത്താൻ, കേന്ദ്രത്തിലെ മോഡി സർക്കാരിന്റെ പിന്തുണയോടെ സംഘപരിവാർ അണിയറയിൽ രാക്ഷസ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.

അധികാരവും പണവും തുണ
സമാനസംഭവം കർണാടകത്തിലും ഉണ്ടായി. അവിടത്തെ ബിജെപി ഇതരസർക്കാരിനെ അട്ടിമറിച്ച്‌ യെദ്യൂരപ്പയുടെ ബിജെപി  മന്ത്രിസഭയെ അധികാരത്തിലേറ്റാൻ കള്ളപ്പണവും ഭരണസംവിധാനവും ദുരുപയോഗപ്പെടുത്തി. ഗോവയിലാകട്ടെ 15 അംഗ കോൺഗ്രസ് എംഎൽഎമാരിൽ പത്തുപേരെ ബിജെപി വിലയ്ക്കെടുത്തു. ഇത്തരം കാര്യങ്ങൾ പലയിടത്തുമുണ്ടായി. ബിജെപി ഒരു വലതുപക്ഷ പാർടിയും പിന്തിരപ്പൻ പാർടിയും മാത്രമല്ല, ഭരണഘടനാവിരുദ്ധ മാർഗങ്ങളിലൂടെ അധികാരം പിടിക്കുന്ന ഒരുവർഗീയ, യാഥാസ്ഥിതിക ഏകാധിപത്യ പാർടിയുമാണെന്ന് ഈ സംഭവവികാസങ്ങൾ തെളിയിക്കുന്നു. എതിർപക്ഷ എംഎൽഎമാരെ കൂട്ടത്തോടെ കാലുമാറ്റി രാജിവയ്പിക്കുക, കൂറുമാറ്റ നിരോധന നിയമത്തെ മറികടന്ന് നിയമസഭയിൽ ജനവിധിക്ക്‌ വിരുദ്ധമായി കൃത്രിമ ഭൂരിപക്ഷമുണ്ടാക്കി മന്ത്രിസഭയുണ്ടാക്കുക–- ഈ കുടില മാർഗമാണ് സ്വീകരിച്ചിരിക്കുന്നത്. ഒരുമുന്നണിയിലെ ഘടക കക്ഷി മുന്നണി മാറിയതുകൊണ്ടോ ഭരണപക്ഷത്തെ ഏതാനും എംഎൽഎമാർ നിലപാട് മാറ്റിയതുകൊണ്ടോ മന്ത്രിസഭകൾ വീണ ചരിത്രം ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിലുണ്ട്. പക്ഷേ, കള്ളപ്പണവും അധികാരവും ഉപയോഗിച്ച് ഭരണപക്ഷ എംഎൽഎമാരിൽ ഒരുവിഭാഗത്തെ ചേരിമാറ്റി അട്ടിമറി നടത്തുന്ന ഹീനമായ കളി മോഡി ഭരണകാലത്താണ് സാർവത്രികമായിരിക്കുന്നത്.

മധ്യപ്രദേശ് ഒരു അത്ഭുതമല്ല
രാഹുൽഗാന്ധിയുടെ വലംകൈ ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിമാരടക്കമുള്ള എംഎൽഎമാരുമായി ബിജെപിയിൽ ചേരുന്നുവെന്നത് സാധാരണ ഗതിയിൽ ചിന്തിക്കാൻ കഴിയുന്ന കാര്യമല്ല. എന്നാൽ, കുറേക്കാലമായി കോൺഗ്രസിലെ വലിയ തലകൾപോലും ബിജെപിയുടെ കഴുത്തിലെ അലങ്കാരമാലകളായി മാറുന്നത് സ്ഥിരമായിരിക്കുകയാണ്. അതുകൊണ്ട് ജനങ്ങൾക്ക് മധ്യപ്രദേശ് ഒരു അത്ഭുതമല്ല. ബിജെപിയുടെ ദുർഭരണത്തിൽ സഹികെട്ട് ഒരു സംസ്ഥാനത്തിന്റെ ഭരണം കോൺഗ്രസിനെ ഏൽപ്പിക്കുന്നു. പക്ഷേ, വൈകാതെ അവിടെ ബിജെപി ഭരണം പുനഃസ്ഥാപിക്കപ്പെടുന്നു. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു അംഗീകൃത പ്രതിഭാസമായിരിക്കുകയാണ്. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന്റെ ആയുസ്സ്‌ ചോദ്യചിഹ്നമായിരിക്കുകയാണ്.  കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമിറക്കിയും അധികാരസ്ഥാനങ്ങൾ വച്ചുനീട്ടിയും അന്വേഷണ ഏജൻസികളെക്കൊണ്ട് ഭീഷണിപ്പെടുത്തിയും ഭരണകൂടത്തിന്റെ നഗ്നമായ ഇടപെടലുകൾ നടത്തിയുമാണ് എംഎൽഎമാരെ കൂട്ടത്തോടെ കൂറുമാറ്റിപ്പിക്കുന്നത്. ഇത് അങ്ങേയറ്റം ഫാസിസ്‌റ്റ്‌ രീതിയിലുള്ള നടപടിയാണ്. ഇതിനെ മുൻകൂട്ടിക്കണ്ട് ചെറുക്കാനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ശക്തി കോൺഗ്രസിന് ഇല്ലാതായി. മധ്യപ്രദേശിൽ കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയതുമുതൽ സിന്ധ്യ ഇടഞ്ഞുനിൽക്കുകയായിരുന്നു. സംസ്ഥാന പിസിസി പ്രസിഡന്റുസ്ഥാനം, രാജ്യസഭാസീറ്റ്, നിശ്ചിത കാലയളവിൽ മുഖ്യമന്ത്രി സ്ഥാനം തുടങ്ങിയവ ആവശ്യപ്പെട്ടു. ഇതിൽ ചർച്ച നടത്തി സമവായമുണ്ടാക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെടുന്ന നിഷ്‌പക്ഷ മാധ്യമനിരീക്ഷകരുണ്ട്. ഒരു സംസ്ഥാനത്ത് സംഘടനാ രാഷ്ട്രീയ പ്രശ്നങ്ങളുണ്ടായാൽ ഇടപെട്ട് തീർപ്പും സമവായവുമുണ്ടാക്കാനുള്ള പ്രാപ്തിയും വിവേകവും കൗശലവുമുള്ള നേതൃത്വം കോൺഗ്രസിന് ഇന്നില്ല. ഈ ദൗർബല്യം വിളംബരം ചെയ്യുന്നതാണ് മധ്യപ്രദേശ് സംഭവവികാസങ്ങൾ.


 

എന്തുകൊണ്ട് കോൺഗ്രസ് ഈ അവസ്ഥ നേരിടുന്നുവെന്നത് പ്രസക്തമായ ചോദ്യമാണ്. രാഷ്ട്രീയമായും സംഘടനാപരമായും കോൺഗ്രസ് നേരിടുന്ന ജീർണതയേയും തകർച്ചയേയും മുതലെടുത്താണ് ഈ കളിയിൽ  ബിജെപി ജയിക്കുന്നതെന്ന്‌ ഓർക്കണം. ഹിന്ദുത്വവർഗീയതയാണ് ബിജെപിയുടെ തുറുപ്പുചീട്ട്. അതിന്റെ ഭാഗമായി ആഭ്യന്തര രാഷ്ട്രീയത്തിൽ വിജയമാർഗമായി ഒരു ആഭ്യന്തര ശത്രുവിനെ കണ്ടെത്തിയിരിക്കുന്നു. അത്‌ മുസ്ലിം ന്യൂനപക്ഷത്തെ ശത്രുപക്ഷത്താക്കിക്കൊണ്ടുള്ള ഹിന്ദുത്വമാണ്. അതിനെ ബലപ്പെടുത്താൻ പാകിസ്ഥാൻ വിരോധം ആളിക്കത്തിക്കുന്നു. ഈ ഹീന രാഷ്ട്രീയത്തെ ചങ്കുറപ്പോടെ നേരിടുന്നതിനുള്ള പ്രത്യയശാസ്ത്ര കരുത്ത് കോൺഗ്രസിന് നഷ്ടപ്പെട്ടു. മൃദുഹിന്ദുത്വത്തെ ഒരു ഭാഗത്ത് പുൽകുന്നു. ഒപ്പം പാകിസ്ഥാൻ വിരോധത്തിൽ ബിജെപിയും ആർഎസ്എസുമായി മത്സരിക്കാനും ഇറങ്ങുന്നു.

സാമ്പത്തിക നയത്തിലാകട്ടെ ഉദാരവൽക്കരണത്തെയും സ്വകാര്യവൽക്കരണത്തെയും മാറോടണയ്ക്കുകയാണ്  കോൺഗ്രസും ബിജെപിയും ചെയ്യുന്നത്‌.  ഇക്കാര്യത്തിൽ പരസ്പരം സഹകരിക്കുകയും ആരാണ് ചാമ്പ്യൻ എന്നതിൽ മത്സരിക്കുകയും ചെയ്യുന്നു. ഇപ്രകാരം കോർപറേറ്റുകളെയും ബൂർഷ്വാ –- ഭൂപ്രഭു വർഗത്തെയും പ്രതിനിധാനം ചെയ്യുന്നതിൽ ഈ രണ്ട് കക്ഷികളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ബിജെപിയുടെയും മോഡി സർക്കാരിന്റെയും കൊള്ളരുതായ്മകളെയും സാമ്പത്തിക രാഷ്ട്രീയ നയങ്ങളിലെ അപചയത്തെയും ശക്തിയുക്തം എതിർക്കുന്നതിനുള്ള പ്രാപ്തിക്കുറവ് ഇതിന്റെയെല്ലാം ഫലമായി കോൺഗ്രസിനുണ്ടായിരിക്കുന്നു. ഇതിന്റെ തുടർച്ചയാണ് സംഘടനാ കാര്യങ്ങളിലെ കെട്ടുറപ്പില്ലായ്മ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ 52 സീറ്റിലൊതുങ്ങി. അമേഠിയിലെ സിറ്റിങ്‌ സീറ്റിൽ രാഹുൽ ഗാന്ധി തോറ്റു. അതോടെ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. അന്ന്‌ രാഹുലിനുപകരം കോൺഗ്രസിൽ ഉയർന്ന പേരുകളിലൊന്നാണ്  ജ്യോതി രാദിത്യസിന്ധ്യ.

സാഹചര്യം മുതലാക്കി ബിജെപി
സിന്ധ്യ മധ്യപ്രദേശിൽ ഉയർത്തിയ കലാപക്കൊടി കണ്ടിട്ടും ഇടപെടാനോ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതിനെ ഫലപ്രദമായി തടയാനോ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലായെന്നാണ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കർണാടകത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. അവിടെ 13 കോൺഗ്രസ്‌ എംഎൽഎമാരെ ബിജെപി റാഞ്ചി. തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസും ജനതാദളും ചേർന്ന് കുമാരസ്വാമിയുടെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കി. എന്നാൽ, ആ സർക്കാരിനെ നിലനിർത്താനും മതനിരപേക്ഷതയെ ശക്തിപ്പെടുത്താനും കോൺഗ്രസിന്റെ പിഴവുകൊണ്ട് കഴിയാതെ വന്നു. കോൺഗ്രസിന്റെ ദൗർബല്യവും ഭരണവീഴ്ചയും മുതലെടുത്താണ് എല്ലാക്കാലത്തും ബിജെപി വളർന്നിട്ടുള്ളത്.


 

ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ സുദൃഢവും ചാഞ്ചാട്ടവുമില്ലാത്ത നിലപാടുള്ളത് കമ്യൂണിസ്റ്റ്‌ പാർടികൾക്കാണ്. എന്നാൽ, രാജീവ്ഗാന്ധിയുടെ കാലംമുതൽ കോൺഗ്രസ്‌ മൃദുഹിന്ദുത്വനയം സ്വീകരിക്കുന്നത് അപകടകരമായി വളർന്നു. ഭൂരിപക്ഷ ഹിന്ദുവോട്ടുകൾ  സൂത്രത്തിൽ നേടിയെടുക്കാൻ ഉദ്ദേശിച്ച്‌ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ആരാധനയ്ക്കായി ബാബ്‌റി മസ്ജിദ് തുറന്നുകൊടുത്തു. ഒപ്പം ക്ഷേത്രത്തിനായി ശിലാസ്ഥാപനം നടത്താൻ ഹിന്ദു തീവ്രവാദികളെ അനുവദിച്ചു. അതോടെയാണ് ബിജെപിയുടെ ഹിന്ദുത്വ വർഗീയതയ്ക്കും ദേശീയമായുള്ള വളർച്ചയ്ക്കും ഇടയാക്കിയത്. അയോധ്യയും രാമക്ഷേത്രപ്രശ്നവും പ്രധാന രാഷ്ട്രീയമുദ്രാവാക്യമായി ബിജെപി മാറ്റി. അതിന്റെ ഫലമായി, തീവ്രഹിന്ദുത്വത്തിലൂടെ ബിജെപിയുടെ വോട്ടും സീറ്റും വർധിച്ചു. അയോധ്യാവിധി, കശ്മീർ പ്രശ്നം, മുത്തലാഖ് വിധി തുടങ്ങിയ കാര്യങ്ങളിലെല്ലാം മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ്  ഇന്ന് സ്വീകരിക്കുന്നത്.

വർഗീയതയെ മതനിരപേക്ഷത കൊണ്ട് നേരിടുന്നതിനുപകരം തീവ്രവർഗീയതയെ മൃദുവർഗീയതകൊണ്ട് നേരിടുന്ന നയം കോൺഗ്രസ് സ്വീകരിക്കുന്നു. അനുഭവങ്ങളിൽനിന്ന്‌ പാഠം പഠിക്കാൻ തയ്യാറാകുന്നില്ല. "ശ്വാനന്റെ വാല് പന്തീരാണ്ടുകാലം കുഴലിലിട്ടാലും വളഞ്ഞു തന്നെയിരിക്കും' എന്ന അവസ്ഥയിലാണ് ആ പാർടി. സോണിയയും രാഹുലും നയിക്കുന്ന കോൺഗ്രസ്‌, ബിജെപിക്കെതിരാകുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ ബദലല്ല. കോൺഗ്രസ് ഭരണമുള്ള രാജസ്ഥാനിൽ അട്ടിമറി നടത്തുന്നതിന് ബിജെപിയുടെ കഴുകൻ കണ്ണുകൾ ഇനി നീളും. മധ്യപ്രദേശിൽ കോൺഗ്രസ് ഭരണത്തെ അട്ടിമറിക്കാൻ മോഡി–- അമിത് ഷാ സംഘം തെരഞ്ഞെടുത്ത സമയം എത്രമാത്രം നിർണായകമാണ്. ഡൽഹി കലാപത്തിലെ ഭരണകൂട ഇടപെടലിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തിലാണ്  ഇതുണ്ടായിരിക്കുന്നത്. ബിജെപിക്ക്‌ ശക്തിപകർന്ന്‌ കോൺഗ്രസ്‌ ശിഥിലമാകുകയാണ്. കോൺഗ്രസ്‌  അതിന്റെ മതേതര ഗോപുരത്തിൽ നിന്നുതന്നെ നിലംപതിക്കുകയാണ്. കോൺഗ്രസിനെ ആശ്രയിച്ചാൽ ഗാന്ധിജി ജീവിച്ച ഇന്ത്യൻ മണ്ണിൽ മതനിരപേക്ഷതയുടെ സ്നേഹ, സൗഹൃദ പുലരി കാണാനാകില്ലെന്ന പാഠമാണ് മധ്യപ്രദേശ് നൽകുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top