25 May Wednesday

യുഎസിന്റെ കപട ജനാധിപത്യയുദ്ധം

ഡോ. ജോസഫ് ആന്റണിUpdated: Wednesday Dec 15, 2021

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ അട്ടിമറിക്കുക, ജനനേതാക്കളെ നിഷ്‌ഠുരമായി വധിക്കുക, ഇഷ്ടമില്ലാത്തവർ തെരഞ്ഞെടുക്കപ്പെട്ടാൽ അംഗീകരിക്കാതിരിക്കുക, ജനാധിപത്യഭരണം  നിലനിൽക്കവെതന്നെ അതിനുമേൽ തങ്ങൾക്കിഷ്ടപ്പെട്ടയാളെ പ്രതിഷ്ഠിക്കുക എന്നിവയെല്ലാം അമേരിക്ക ആഗോളതലത്തിൽ നടപ്പാക്കിവരുന്ന ഉദാത്തമായ ജനാധിപത്യമാതൃകകളാണ്. ഇപ്പോഴും ഏറ്റവുമധികം ഏകാധിപതികളെ ആയുധവും അർഥവും നൽകി സംരക്ഷിക്കുന്ന  ജനാധിപത്യഹത്യയുടെ മൊത്തക്കച്ചവടക്കാരുമായ അമേരിക്ക, ജനാധിപത്യ ഉന്നതതല സമ്മേളനം വിളിച്ചുകൂട്ടിയത് സത്യാനന്തരകാലത്തിന് മാറ്റുകൂട്ടുന്നതുതന്നെയാണ്. 

നൂറോളം രാജ്യത്തെയും പൗരസമൂഹ സംഘടനകളെയും പങ്കെടുപ്പിച്ച്‌ ഓൺലൈൻ ഉന്നതതല സമ്മേളനമാണ്  അമേരിക്കയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടത്. തളരുന്ന അമേരിക്കൻ ആഗോളമേധാവിത്വത്തെ താങ്ങിനിർത്താനുള്ള ഭഗീരഥപ്രയത്നത്തിലാണ് ജോ ബൈഡൻ. അതിനായി അധികാരമേറിയ ഉടൻതന്നെ നാറ്റോസഖ്യസമ്മേളനം വിളിച്ചുകൂട്ടി. ഇന്തോ പസഫിക്‌ കൂട്ടായ്മയെ ശക്തമാക്കാൻ അമേരിക്കയും ഇന്ത്യയും ഓസ്‌ട്രേലിയയും ജപ്പാനുമടങ്ങുന്ന ചതുർരാഷ്ട്രസഖ്യമായ ക്വാഡിന്റെ ഉന്നതതല സമ്മേളനം ആറുമാസത്തിനിടയിൽ ഓൺലൈനായും നേരിട്ടും നടത്തി. അമേരിക്കയും ബ്രിട്ടനും ചേർന്ന് ഓസ്‌ട്രേലിയക്ക്‌ ആണവ അന്തർവാഹിനി നിർമിച്ചു നൽകാൻ തീരുമാനിച്ചു.  അടുത്തലക്ഷ്യം ജനാധിപത്യസംരക്ഷണമാണ്. 

ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും പശ്ചിമേഷ്യയിലും ഇന്ന്‌ കാണുന്ന അരാജകാവസ്ഥ, അവിടങ്ങളിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പല ഭരണകൂടങ്ങളെയും അമേരിക്കയുടെ നേതൃത്വത്തിൽ അട്ടിമറിച്ചതിന്റെ ഫലമാണെന്ന് ലോകം എന്നേ തിരിച്ചറിഞ്ഞതാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം അവർ നടത്തിയ പ്രധാനപ്പെട്ട ചില  ജനാധിപത്യധ്വംസനങ്ങളിലേക്കുമാത്രം കണ്ണോടിക്കാം. ഇറാനിൽ  തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മൊസാദിഗ് സർക്കാരിനെ ‘ഓപ്പറേഷൻ അജാക്സ്' എന്ന പേരിൽ സിഐഎ 1953ൽ നടത്തിയ അട്ടിമറിയിലൂടെ പുറത്താക്കിയാണ് ഏകാധിപതിയായ ഷാ ഭരണകൂടത്തെ പ്രതിഷ്ഠിച്ചത്. അതിനുശേഷം കാൽനൂറ്റാണ്ടോളം ഷാ യെ താങ്ങിനിർത്തിയത് അമേരിക്കയാണ്. 2001 സെപ്‌തംബർ 11 ആക്രമണം ഓർക്കുന്ന അമേരിക്ക, 1973ലെ സെപ്‌തംബർ 11 മറന്നുകാണാൻ സാധ്യതയില്ല. തെക്കൻ അമേരിക്കൻ രാജ്യമായ ചിലിയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന സാൽവദോർ അലൻഡെയുടെ സർക്കാരിനെ അട്ടിമറിച്ച്, അഗസ്റ്റോ പിനോഷെ എന്ന പട്ടാളക്കാരനെ ഭരണമേൽപ്പിച്ചു.   കാൽനൂറ്റാണ്ടുകാലം പിനോഷെയും  നടത്തിയത് നിഷ്‌ഠുരമായ മനുഷ്യാവകാശ ലംഘനങ്ങളാണ്. 2006ൽ ചിലിയുടെ പ്രസിഡന്റായ മിഷേൽ ബാഷേലെറ്റിന്റെ അച്ഛനെ, അലൻഡെയുടെ സഹപ്രവർത്തകനായിരുന്നതിനാൽ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നുമാത്രമല്ല, മിഷേലിനെയും അമ്മയെയുംകൂടി  പിനോഷെ കാരാഗൃഹത്തിലടച്ചു.

ആഫ്രിക്കയുടെ ജനാധിപത്യ രാഷ്ട്രീയഭൂപടംതന്നെ അട്ടിമറിച്ചത്  അമേരിക്കയും പാശ്ചാത്യശക്തികളുമാണ്. കോംഗോയിൽ 1960ൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പാട്രിസ് ലുമുംബയെ മാസങ്ങൾക്കുള്ളിൽ പുറത്താക്കാനും വധിക്കാനും ഉത്തരവിട്ടത് അമേരിക്കൻ പ്രസിഡന്റായിരുന്ന ഐസനോവറാണെന്ന് ‘ഡെത് ഇൻ ദി കോംഗോ' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 1966 ഫെബ്രുവരി 24ന്‌ ഘാനയിലെ ഡോ. ക്വാമി എൻക്രൂമ സർക്കാരിനെ അമേരിക്കയുടെ നേതൃത്വത്തിലാണ് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയിലെ വർണവെറിയൻ ഭരണകൂടത്തിനെതിരായി പോരാടിയ നെൽസൺ മണ്ടേലയെ 1962ൽ അറസ്റ്റ് ചെയ്ത് വർഷങ്ങളോളം ജയിലിലടച്ചത് സിഐഎ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് 2016ൽ ബിബിസി റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി.

ചിലിയുടെകാര്യം മാത്രമല്ല,  മധ്യതെക്കൻ അമേരിക്കൻ രാജ്യങ്ങളിൽ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടാൽപ്പോലും അമേരിക്കയ്ക്ക് ഇഷ്ടപ്പെടാത്ത ഭരണാധികാരികളെ വച്ചുപൊറുപ്പിച്ചിട്ടില്ല. ഗ്വാട്ടിമാല, എൽസാൽവഡോർ, നിക്കരാഗ്വ, ഹോണ്ടുറാസ്, ബൊളീവിയ, പനാമ എന്നിങ്ങനെ നീണ്ടുപോകുന്നതാണ് ആ ലിസ്റ്റ്. ഇപ്പോഴും അത് തുടരുന്നതിന്റെ തെളിവാണ് വെനസ്വേലയിലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട നേതാവിനെ ജയിച്ച ഭരണകൂടത്തിനുമുകളിൽ പ്രസിഡന്റാക്കിയ നടപടി.

ക്യൂബയാണ് അമേരിക്കൻ ഇടപെടലുകളുടെ ഏറ്റവും മികച്ച ഉദാഹരണം. ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ അധികാരത്തിൽവന്ന ഭരണകൂടത്തിനെതിരെ മൂന്നു വർഷത്തിനുള്ളിൽത്തന്നെ പട്ടാള അട്ടിമറിശ്രമം; അത്‌ പരാജയപ്പെട്ടപ്പോൾ  കാസ്‌ട്രോയെ വധിക്കാനായി ശ്രമം. ഡ്വൈറ്റ് ഐസനോവർമുതൽ 2001ൽ  ബിൽ ക്ലിന്റൺവരെയുള്ള  പ്രസിഡന്റുമാരുടെ കാലഘട്ടത്തിൽ 638 തവണ ഫിദലിനെ വധിക്കാൻ ശ്രമിച്ചെന്നാണ് രേഖകൾ. ബ്രിട്ടീഷ് ടെലിവിഷൻ ചാനലായ ‘ചാനൽ 4’ ‘‘കാസ്‌ട്രോയെ വധിക്കാനുള്ള 638 വഴികൾ” എന്ന ഒരു ഡോക്യുമെന്ററി 2006 നവംബറിൽ പ്രദർശിപ്പിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാജ്യമെന്ന്‌ അവകാശപ്പെടുന്ന അമേരിക്ക, ജനാധിപത്യത്തിന്റെ ഉന്നതതല സമ്മേളനം നടത്തുന്ന വേളയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അട്ടിമറിശ്രമം തുടരുന്നുണ്ട്.

2006ൽ പലസ്തീനിൽ ഭൂരിപക്ഷം ലഭിച്ച ഹമാസിനെ ഭരണമേൽക്കാൻ അനുവദിക്കാതിരുന്നതും അമേരിക്കയും ഇസ്രയേലും ചേർന്നാണ്. ഗൾഫ് രാജ്യങ്ങളിലെ ഏകാധിപത്യഭരണകൂടങ്ങൾക്ക് നൂതനായുധങ്ങളെല്ലാം നല്കി സംരക്ഷിച്ചുനിർത്തുന്നത് അമേരിക്കയാണ്. താലിബാൻ ഭീകരർക്ക് അഫ്‌ഗാനിസ്ഥാനെ താലത്തിൽവച്ച്‌ നൽകിയതും അമേരിക്ക തന്നെയാണ്. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനാധിപത്യപ്രക്രിയയുടെ ഇപ്പോഴത്തെ അവസ്ഥയെ ലോകം എങ്ങനെയാണ് വിലയിരുത്തുന്നതെന്നുകൂടി നോക്കേണ്ടതാണ്. ഈ വർഷം അമേരിക്ക, ബ്രിട്ടൻ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ പ്രസിദ്ധങ്ങളായ നാല് ഗവേഷണസ്ഥാപനം പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾകൂടി ഇവിടെ പരാമർശിക്കപ്പെടേണ്ടതാണ്‌. സ്വീഡനിലെ വിദെം എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച റിപ്പോർട്ട്, ബ്രിട്ടനിൽനിന്ന് ഇറങ്ങുന്ന   ‘ദി ഇക്കണോമിസ്റ്റ്' വാരികയുടെ  ഇക്കണോമിസ്റ്റ് ഇന്റലിജെന്റ്‌സ് യൂണിറ്റ് പുറത്തിറക്കിയ ഡെമോക്രസി ഇൻഡക്‌സ്, അമേരിക്കയിലെ ഫ്രീഡം ഹൗസ് റിപ്പോർട്ട്, ഹ്യൂമൻ ഫ്രീഡം ഇൻഡക്‌സ് എന്നിവയാണ്  ജനാധിപത്യത്തിന്റെ അവസ്ഥയെയും ജനാധിപത്യത്തിന്റെ പിതാവെന്നും മാതാവെന്നും പ്രണേതാക്കളെന്നും അവകാശപ്പെടുന്ന രാജ്യങ്ങളിലെ ഇപ്പോഴത്തെ സ്ഥിതിയെയും വെളിവാക്കുന്നത്.

ട്രംപിന്റെ ജനാധിപത്യവിരുദ്ധ നടപടികളും ബൈഡന്റെ തെരഞ്ഞെടുപ്പുവിജയം അംഗീകരിക്കാൻ   പാർലമെന്റ്‌ സമ്മേളിച്ചപ്പോൾ അതിനെ അട്ടിമറിക്കാൻ ട്രംപ് അനുയായികൾ നടത്തിയ ശ്രമത്തിന്റെ ചീത്തപ്പേര്‌ മാറ്റലുമാണ് ഈ സമ്മേളനത്തിന്റെ ഒരു ലക്ഷ്യം.  സമ്മേളനം ഉദ്ഘാടനം ചെയ്യവേ ബൈഡൻതന്നെ പറഞ്ഞു: ചൈനയും റഷ്യയും ജനാധിപത്യത്തിനെതിരെ ഉയർത്തുന്ന വെല്ലുവിളി നേരിടലാണത്രേ ലക്ഷ്യം. ജനാധിപത്യത്തെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകകൂടി സമ്മേളനലക്ഷ്യമാണ്.

ജനാധിപത്യ അധിപന്മാരുടെ യഥാർഥ ആധിയും വ്യാധിയുമെന്താണ്? ആഗോളതലത്തിൽ അമേരിക്കയ്ക്ക് വെല്ലുവിളിയായി വരുന്ന ചൈനയെ (പറ്റുമെങ്കിൽ റഷ്യയെയും) തടയുക എന്നതാണ്. സമ്മേളനത്തിൽ ബൈഡൻ പറഞ്ഞത്, അമേരിക്ക ജനാധിപത്യത്തിന്റെ കാര്യത്തിൽ ലോകത്തിന് മാതൃകകാട്ടുമെന്നാണ്.  ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിരവധി ഭരണകൂടങ്ങളെ അട്ടിമറിക്കുകയും നേതാക്കളെ വധിക്കുകയും ഏകാധിപതികളെ സംരക്ഷിക്കുകയും ചെയ്തതിന്റെ സർവകാല റെക്കോഡുള്ള അമേരിക്കയുടെ വാക്കുകൾ സമ്മേളനത്തിൽ പങ്കെടുത്തവർപോലും വിശ്വസിക്കുന്നുണ്ടാകില്ല. അമേരിക്കപോലും ആത്മാർഥമായി വിശ്വസിക്കാത്ത  ജനാധിപത്യത്തിനായുള്ള ഉന്നതതല സമ്മേളനം നടത്തുന്നത്, ചൈനയ്ക്കും റഷ്യക്കുമെതിരായി മറ്റൊരു പോർമുഖം തുറക്കാൻ മാത്രമാണ്. 

(കേരള സർവകലാശാല അന്താരാഷ്ട്ര മാർക്സിയൻ പഠന ഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top