29 February Saturday

മുഖംമൂടികളുടെ മൊത്തവിതരണക്കാര്‍...അജിത്‌ കേരളവര്‍മ്മ എഴുതുന്നു

അജിത്‌ കേരളവര്‍മ്മ Updated: Tuesday Jan 7, 2020

കുറച്ചുവര്‍ഷങ്ങളായി ജെ.എന്‍.യു.വിലെ കലാപകാരികളുടെ മുഖംമൂടികള്‍ക്ക് ഒരേ ഛായയായിരുന്നു, ഒരേ നിറമായിരുന്നു. മുഖം മറയ്ക്കുന്നതിനുള്ള ഒരു ഉപകരണം എന്നതിലുപരിയായി മാമിഡാല ജഗദീഷ് കുമാര്‍ എന്ന ജെ.എന്‍.യു. വൈസ് ചാന്‍സിലറുടെ സംരക്ഷണത്തിന്റെ മുഖംമൂടിയായിരുന്നു അത്. വിശാലതലത്തില്‍ ഭരണകൂടത്തെയും പോലീസിനെയും നിയന്ത്രിക്കുന്ന സംഘപരിവാറിന്റെ കാവിയുടെ സംരക്ഷണം.

മുഖംമൂടിധാരികളായിരുന്നില്ല 2016 ഒക്ടോബര്‍ 14-ന് ജെ.എന്‍.യു വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ മാഹി-മാണ്ഡവി ഹോസ്റ്റലില്‍ വച്ച് അക്രമിച്ചതും, അതിനെത്തുടര്‍ന്ന് നജീബിന്റെ തിരോദ്ധാനത്തിലേക്ക് വഴിതെളിച്ചതും. 3 വര്‍ഷത്തിനിപ്പുറവും നജീബ് എവിടെയെന്നു പോലുമറിയാതെ ഒരു ദു:ഖമായി അവശേഷിക്കുമ്പോള്‍, നജീബിനെ അക്രമിച്ച എബിവിപി ഗുണ്ടകള്‍ വൈസ് ചാന്‍സിലറുടെയും പോലീസിന്റെയും സംരക്ഷണത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ക്യാമ്പസ്സില്‍ വിലസി നടന്നിരുന്നു.

 ഒട്ടേറെ സാക്ഷികളും തെളിവുകളുമൊക്കെ ഉണ്ടായിരുന്നിട്ടും നജീബിനെ അക്രമിച്ച എബിവിപി  ഗുണ്ടകളെ സംരക്ഷിക്കാന്‍ വൈസ് ചാന്‍സിലര്‍ മാമിഡാല ജഗദീഷ് കുമാര്‍ എന്ന സംഘപരിവാറുകാരന്‍ വിതരണം ചെയ്ത മുഖംമൂടികള്‍ ധാരാളമായിരുന്നു. വിദ്യാര്‍ത്ഥികളുടെ സംരക്ഷകനാവേണ്ട വൈസ്ചാന്‍സിലര്‍ തന്റെ കലാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്ന നജീബിനെ അക്രമിച്ചവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കി. കേന്ദ്ര അഭ്യന്തര മന്ത്രാലയം നേരിട്ട് നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസാകട്ടെ മകനെ അന്വേഷിച്ചിറങ്ങിയ നജീബിന്റെ അമ്മ ഫാത്തിമ നഫീസിനെ വരെ റോഡിലൂടെ വലിച്ചിഴക്കുന്നതിനും വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്നതിനുമായിരുന്നു കൂടുതല്‍ താല്‍പ്പര്യം കാണിച്ചത്.

നജീബിനെ അക്രമിച്ചവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയും നജീബ് എവിടെയെന്ന് കണ്ടെത്താതെയും സിബിഐ  കേസവസാനിപ്പിക്കുന്ന ഘട്ടത്തില്‍ സംഘപരിവാറിന്റെ ഗുണ്ടകള്‍ പുതിയ മുഖംമൂടികളുമായി ജെ.എന്‍.യുവിനെതിരെ കൂടുതല്‍ അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതാണ് നമ്മളിന്ന് കണ്ടുകൊണ്ടിരിക്കന്നത്.

ഷാ-മോഡി ഇന്ദ്രചന്ദ്രന്‍മാരുടെ ആശിര്‍വാദത്തോടെ, അങ്ങ് ആകാശത്ത്, മേഘപാളികള്‍ക്കിടയിലിരുന്ന് ട്വിറ്ററിലൂടെ ജെ.എന്‍.യുവിലേക്ക് സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിവിടുന്ന മാമിഡാല ജഗദീഷ് കുമാറിനോടാണ്... നിങ്ങളെന്ത് പരിഹാസ്യനാണെന്നോ; നിങ്ങള്‍ പറഞ്ഞുവിട്ട കലാപകാരികള്‍ തന്നെയല്ലേ ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്നത്? ഓരോ അക്രമങ്ങള്‍ക്കും ശേഷം അക്രമകാരികള്‍ക്ക് നിങ്ങള്‍ നല്‍കിയ സംരക്ഷണം തന്നെയല്ലേ അവരെ വീണ്ടും ആക്രമങ്ങള്‍ക്ക് മോട്ടിവേറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്?

കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ റിസല്‍റ്റ് വരുന്ന സമയത്ത് തോല്‍ക്കുമെന്നതിന്റെ ജാള്യത മറയ്ക്കാന്‍ കൗണ്ടിങ്ങ് ബൂത്തിനകത്തും പുറത്തും അക്രമങ്ങളഴിച്ചുവിട്ട, ജെ.എന്‍.യുവിന് അകത്തു നിന്നും പുറത്തുനിന്നും വന്ന എബിവിപി  ഗുണ്ടകള്‍ക്കെതിരെ വീഡിയോകളടക്കമുള്ള തെളിവുകള്‍ ഉണ്ടായിട്ടും ഒരു നടപടികളുമെടുക്കാതെ നിങ്ങള്‍ സംരക്ഷണം നല്‍കി. ഒരു പെന്‍സിലെടുത്ത് ചുമരിലൊന്ന് മൂര്‍ദ്ദാബാദ് എഴുതിയാല്‍ വരെ 'പബ്ലിക്ക് പ്രോപ്പര്‍ട്ടി' എന്ന് ട്വിറ്ററിലൂടെ വിലപിക്കുകയും, കേട്ടുകേള്‍വിയില്ലാത്ത അച്ചടക്ക നടപടികള്‍ എടുക്കുകയും ചെയ്യുന്ന നിങ്ങള്‍, അന്ന് എബിവിപി  ഗുണ്ടകള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നിന്നിരുന്ന കെട്ടിടം അടിച്ചുതകര്‍ത്തപ്പോഴും അപ്പാടെ വിഴുങ്ങിയ പഴത്തിന്റെ  മൗനത്തിലായിരുന്നല്ലോ...!


രണ്ടുവര്‍ഷം മുന്‍പ് ഡീന്‍ ഓഫ് സ്റ്റുഡന്‍സ്റ്റ് കെട്ടിടം അതേ എബിവിപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തപ്പോഴും നിങ്ങളവര്‍ക്ക് പട്ടില്‍ പൊതിഞ്ഞ മൗനം സമ്മാനിച്ചു. ഈ അടുത്ത് സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിന് മുന്‍പില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ അക്രമമഴിച്ചുവിടാന്‍ എബിവിപി ഗുണ്ടകളെ പ്രേരിപ്പിച്ചതും നിങ്ങള്‍ കൊടുത്ത മൗനാനുവാദങ്ങളുടെ സംരക്ഷണങ്ങള്‍ തന്നെയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സമരവേദിയില്‍ കിടന്നുറങ്ങിയിരുന്ന സ്ത്രീകളടക്കമുള്ള സമരക്കാര്‍ക്കു നേരെ ലൈറ്റുകളോഫാക്കി എബിവിപി ഗുണ്ടകള്‍ അക്രമങ്ങള്‍ നടത്തിയതറിഞ്ഞിട്ടും നിങ്ങളനങ്ങിയില്ല, മറിച്ച് ക്യാമ്പസ്സിന് പുറത്തുനിന്ന് കൂടുതല്‍ ഗുണ്ടകളെയിറക്കാന്‍ വാതിലുകള്‍ തുറന്നുകൊടുത്ത് സഹായിച്ചു.

ഏഴുവര്‍ഷമായി അതേ ക്യാമ്പസ്സിലുള്ള ഒരു ഗവേഷക വിദ്യാര്‍ത്ഥിയായ ഈ ലേഖകനെവരെ ഇന്നലെ വൈകീട്ട് ക്യാമ്പസ്സിനകത്ത് പ്രവേശിപ്പിക്കാതെ തടഞ്ഞുനിര്‍ത്തിയ അതേ സമയത്തു തന്നെയാണ് വടിവാളുകളും ഇരുമ്പു പൈപ്പുകളും കോടാലികളും കൊണ്ട് ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികള്‍ പോലുമല്ലാത്ത സംഘപരിവാറിന്റെ ആയുധധാരികളെ പ്രവേശിപ്പിക്കാന്‍ നിങ്ങള്‍ അനുവാദം കൊടുത്തത്. എന്നിട്ടും ഒരുളുപ്പുമില്ലാതെ ട്വീറ്റാഹ്വാനം ചെയ്യുകയാണ്, സമാധാനം പുലരണമെന്ന്. അക്രമങ്ങള്‍ക്ക് ചൂട്ടുപിടിച്ചു കൊടുത്ത മിസ്റ്റര്‍ മാമിഡാല, നിങ്ങള്‍ എത്ര പരിഹാസ്യനാന്നെന്നോ...!

ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് പോലീസ് സ്റ്റേഷനുകള്‍. തൊട്ടു മുന്‍പില്‍ സിആര്‍പിഎഫ്  ഹെഡ് ക്വാട്ടേഴ്‌സ്, കേന്ദ്ര പബ്ലിക്ക് ഇന്‍ഫൊര്‍മേഷന്‍ ഓഫീസ് തുടങ്ങിയ ഒട്ടനവധി കേന്ദ്ര വകുപ്പുകളുടെ ഭരണ കേന്ദ്രങ്ങള്‍. ഇങ്ങനെയുള്ള ഹൈസെക്യൂരിറ്റി ഏരിയയിലാണ് ജെഎന്‍യു  സ്ഥിതിചെയ്യുന്നത്. ഇതു കൂടാതെ ആയിരക്കണക്കിന് പൊലീസുകാരും മറ്റ് സേനാംഗങ്ങളുമുണ്ടായിരുന്നു ക്യാമ്പസ്സിനകത്തും പുറത്തുമായി. സാധാരണ സെക്യൂരിറ്റി ഗാര്‍ഡുമാരെ പോരാതെ രണ്ടുമാസം മുന്‍പാണ് കേന്ദ്രസേനകളില്‍ നിന്ന് വിരമിച്ചവര്‍ നയിക്കുന്ന പുതിയ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ക്ക് ജെ.എന്‍.യു.വിന്റെ അകത്ത് സുരക്ഷാ ചുമതല ഏല്‍പ്പിച്ചത്.

ഇവരെയെല്ലാം സാക്ഷി നിര്‍ത്തിയാണ് മുഖം മറയ്ക്കാതെ അക്രമികള്‍ ക്യാമ്പസ്സിനകത്ത് ആയുധങ്ങളുമായി കടക്കുന്നതും, മുഖംമറയ്ച്ച് അകത്ത് അക്രമങ്ങള്‍ നടത്തിയതും. ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കേ ഒന്നുമറിയാത്ത പോലെ രാമനാരായണ പാടിയിരിക്കുന്ന ജെ.എന്‍.യു. അഡ്മിനിസ്‌ട്രേഷനും ഡല്‍ഹി പോലീസിനും കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ പങ്കുണ്ടെന്ന് തന്നെ പറയേണ്ടി വരും.

എന്താണ് അക്രമങ്ങള്‍ നടത്തുന്നതിനുള്ള ഇന്‍സെന്റീവ്‌സ്?


എബിവിപി യില്‍ ചേരുക, എത്ര വിദ്യാര്‍ത്ഥി വിരുദ്ധമായ നടപടികളെടുത്താലും സംഘപരിവാര്‍ ഭരണകൂടത്തെയും ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷനെയും ഒരു ഉളുപ്പുമില്ലാതെ സപ്പോര്‍ട്ട് ചെയ്യുക. അവരുടെ ആവശ്യാനുസരണം ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സമരംചെയ്യുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിക്കുക, സ്ത്രീകളടക്കമുള്ളവരെ അപമാനിക്കുക. ഇങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളെ കാത്തിരിക്കുന്നത് സുവര്‍ണ്ണാവസരങ്ങളാണ്. ഒരു നടപടികളും നിങ്ങള്‍ക്കെതിരെ ഉണ്ടാവില്ല എന്ന് മാത്രമല്ല, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സംഘപരിവാറിന് സ്വാധീനമുള്ള കേന്ദ്ര സംസ്ഥാന സര്‍വ്വകലാശാലകളിലും യാതൊരു യോഗ്യതകളുമില്ലെങ്കിലും സംഘികള്‍ക്ക് കയറിപ്പറ്റാം.

ഗോമൂത്രത്തെപ്പറ്റിയും ചാണകത്തെപ്പറ്റിയും മാത്രം അറിവുള്ള സംഘികളെത്തന്നെ ഇന്റര്‍വ്യൂ പാനലുകളില്‍ കുത്തിനറച്ചിട്ടുമുണ്ട്.മുന്‍ ജെഎന്‍യുഎസ്‌യു  ജോയിന്റ് സെക്രട്ടറിയായിരുന്ന എബിവിപി  നേതാവ് സൗരബ് ശര്‍മയെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി കഴിഞ്ഞ മാസം ജെഎന്‍യു വില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചുകൊണ്ടാണ് ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ എബിവിപി കലാപകാരികള്‍ക്ക് പ്രചോദനം നല്‍കിയത്.
അതു മാത്രമല്ല എബിവിപി  എന്ന ഒരൊറ്റ യോഗ്യത മാത്രം വച്ച് പഠിച്ച വിഷയങ്ങള്‍ പോലുമില്ലാത്ത ജെ.എന്‍.യു.വിലെ വിവിധ പഠനവകുപ്പുകളില്‍ അപ്പോയിന്റ്‌മെന്റുകള്‍ നടത്തി.

ജെഎന്‍യു, എച്‌സിയു  തുടങ്ങിയ സര്‍വ്വകലാശാലകളില്‍ ഗുണ്ടായിസം കാട്ടി നടന്നിരുന്ന എബിവിപി ക്കാരെ അദ്യാപകരായി നിയമിച്ച് ജെ.എന്‍.യു. വിസി അക്രമങ്ങള്‍ക്ക് ചൂടു പകര്‍ന്നു. അതേ ഗുണ്ടകളായ അധ്യാപകര്‍ ഇന്നലെ എബിവിപിക്കാരോടൊപ്പം ചേര്‍ന്ന് അക്രമം നയിക്കുന്ന കാഴ്ച്ചകളിലും ഒരു അതിശയോക്തിയുമില്ല, മറിച്ച് സംഘപരിവാറിന്റെ ഉപ്പും ചോറും തിന്നവര്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കിയത് മാത്രമാണ് കണ്ടത്.

വിദ്യാഭ്യാസം പണമുള്ളവന്റെ മാത്രം പ്രിവിലേജായി പതിച്ചുകൊടുക്കേണ്ടത് ഭരണവര്‍ഗ്ഗത്തിന്റെ ചുമതലതന്നെയായിരുന്നു ഇന്ത്യന്‍ ചരിത്രത്തിലുടനീളം. അതിന്റെ ഒരു സംഘപരിവാര്‍ വേര്‍ഷനാണ് നമ്മളിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. നിലവിലത്തെ ഫീസ് വര്‍ധനവ് മാത്രമല്ല, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജെ.എന്‍.യു.വില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പരിഷ്‌കാരങ്ങള്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും ഓരോ വര്‍ഷത്തെയും അഡ്മിഷനുകളില്‍ നിന്ന് പുറത്താക്കിക്കൊണ്ടിരിക്കുകയാണ്.

ഒരു സാമാന്യ നിരീക്ഷണത്തിന്റെ പിന്‍ബലത്തില്‍ പറയുകയാണ്: ജെ.എന്‍.യു.വില്‍ കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങളില്‍ ചില സാമൂഹ്യ-സാമ്പത്തിക വിഭാഗങ്ങളില്‍ കാണുന്ന ഹൈപ്പര്‍ വിസിബിലിറ്റി കുറച്ച് ഭയപ്പെടുത്തുന്നതാണ്. ഇതിന്റെയെല്ലാം തുടര്‍ച്ചയായി, പിന്നോക്ക വിഭാഗങ്ങളെ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് പുറത്താക്കുക എന്ന ആ അജണ്ട പൂര്‍ത്തിയാക്കുന്ന ഒന്നായി കാണണം നിലവിലെ ഫീസ് വര്‍ധനവ്.ഉപ്പിന്റെ വില കിലോയ്ക്ക് 10 രൂപയാണെന്ന് കരുതുക. ഒരു ദിവസം അത് 1,000 രൂപയായി വര്‍ധിപ്പിച്ചു എന്നും കരുതുക. ഉപഭോക്താക്കളുടെ എതിര്‍പ്പിന്റെ ഫലമായി 1,000 രൂപയായി കൂട്ടിയ ഉപ്പിന്റെ വില 500 രൂപയായി കുറച്ചു. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.

ഒരിച്ചിരി തലക്ക് ഓളമുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കുമോ അതാണ് ജെ.എന്‍.യു.വിദ്യാര്‍ത്ഥികളും ചെയ്യുന്നത്. വിദ്യാഭ്യാസം കച്ചവടവത്കരിക്കുന്നതിനെതിരെ ജെ.എന്‍.യു.വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസത്തോളമായി ശക്തമായ സമരത്തിലാണ്. പത്തുരൂപ പോലുമില്ലാതെ വിദ്യാഭ്യാസം സമ്പൂര്‍ണ്ണ സൗജന്യമാവണം, സാര്‍വ്വത്രികമാവണം. ഒരു രാജ്യം പുരോഗതിയിലേക്ക് നീങ്ങണമെങ്കില്‍ അത്യന്താപേക്ഷിതമായി വേണ്ട കാര്യമാണത്. ജെ.എന്‍.യു.വിനെ രാജ്യദ്രോഹികളുടെ കൊട്ടാരമെന്ന് വിളിക്കുന്നവരോട് പറയാനുള്ളതതിതാണ്. സമ്പൂര്‍ണ്ണ സൗജന്യ സാര്‍വ്വത്രിക വിദ്യാഭ്യാസത്തിനെതിരെയുള്ള ഏതൊരു നീക്കവും രാജ്യത്തിനെതിരെയുള്ളതാണ്, രാജ്യദ്രോഹികളുടേതാണ്.

മറ്റൊരു രാജ്യത്തെ ജനങ്ങളുണ്ട്, ഞങ്ങളും/ഞങ്ങടെ മക്കളും പണ്ടുമുതലേ 1,000 രൂപയ്ക്ക് ഉപ്പുവാങ്ങി വരുന്നവരാണ്... പിന്നെ നിങ്ങക്കെന്താ വാങ്ങ്യാല് എന്ന് ചോദിച്ചു വരുന്നവര്‍, കാശില്ലേ കറിക്കുപ്പിടാതിരുന്നൂടേ എന്ന് ചോദിക്കുന്ന വര്‍ഗ്ഗമാണവര്‍. ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ, വിദ്യാഭ്യാസം സൗജന്യമാവണം, സാര്‍വ്വത്രികമാവണം. വിദ്യാഭ്യാസം വില കൊടുത്ത് വാങ്ങുന്നതെന്തുകൊണ്ടെന്ന് നിങ്ങള്‍ ചിന്തിക്കണം, ചോദിക്കണം,  പോരാടണം.


ജെ.എന്‍.യു.വിലേക്ക് തിരിച്ചുവരാം.ഇതിനിടയിലാണ് 10 രൂപയ്ക്ക് പകരം ഉപ്പിന്റെ കുറച്ച വിലയായ 500 രൂപയില്‍ സാധനം വാങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞ് എബിവിപി  രംഗത്തെത്തിയത്. പക്ഷേ, അപ്പന്‍ ചത്താലും കട്ടിലൊഴിയുമെന്ന് പ്രതീക്ഷിച്ച് കാത്തുകെട്ടിയിരുന്ന അവരുടെ പ്രതീക്ഷകളും തെറ്റി. മഹാഭൂരിപക്ഷം വരുന്ന ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളും രജിസ്‌ട്രേഷന്നും വരെ ബഹിഷ്‌കരിച്ച് സമരരംഗത്തിറങ്ങി. ഇത്തരം സംഭവവികാസങ്ങളില്‍ നിന്നുടലെടുത്ത ഒരു ഡെസ്പരേറ്റ് അറ്റംപ്റ്റ് ആയി വേണം സംഘപരിവാറിന്റെ ഗുണ്ടകള്‍ ജെ.എന്‍.യു.വിനകത്ത് അഴിഞ്ഞാടിയത്.

ജെ.എന്‍.യുവില്‍ സമാധാനം തിരിച്ചു കൊണ്ടുവരണമെന്ന് ആഗ്രഹിക്കന്നവരോട് രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്.

1) #VCMustGo. അക്രമങ്ങള്‍ക്ക് എല്ലാ പ്രേരണകളും നല്‍കി, എബിവിപി  ഗുണ്ടകള്‍ക്ക് അധ്യാപക നിയമനം വരെ നല്‍കി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന; ജെഎന്‍യു വിനെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന് നാഗ്പൂരില്‍ നിന്ന് പ്രതിജ്ഞയെടുത്ത് വന്ന; വിദ്യാഭ്യാസം കച്ചവടച്ചരക്കായി കരുതുന്ന, ജെ.എന്‍.യു. വിസിയെ തീര്‍ച്ചയായും പുറത്താക്കേണ്ടതുണ്ട്.

2) #DefeatHindutva. ജെ.എന്‍.യു. എന്നല്ല ഇന്ത്യയെ മുഴുവന്‍ കലാപഭൂമിയാക്കുന്ന സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം സമസ്തതലത്തിലും പ്രതിരോധിക്കേണ്ടതുണ്ട്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top