02 June Tuesday

ജെഎൻയു എന്ന ആശയവും സംഘപരിവാർ അജൻഡയും

ഡോ. ജെ പ്രഭാഷ്Updated: Monday Dec 2, 2019

പ്രശസ്ത നാടകകൃത്തായ സി ജെ തോമസിന്റെ "ആ മനുഷ്യൻ നീ തന്നെ' എന്നകൃതിയിൽ ദാവീദ് എന്ന കഥാപാത്രം മറ്റൊരു കഥാപാത്രത്തിനോട് (ബത്ത്ശേബ) പറയുന്നൊരു വാചകമുണ്ട്: ""ഞാൻ ഏകാകിയാണ് ബത്ത്ശേബ. ഒരു ജനക്കൂട്ടത്തിന്റെ മധ്യത്തിൽപ്പോലും ഞാൻ ഏകാകിയാണ്.'' സി ജെ  തോമസ് ഇവിടെ ഉദ്യമിക്കുന്നത് മനുഷ്യജീവിതത്തിലെ ഒറ്റപ്പെടലിനെയും വ്യക്തിനിഷ്ഠമായ അവസ്ഥയെയും ധ്വനിപ്പിക്കാനാണെങ്കിലും ഇതിൽ വലിയൊരു ദാർശനികപ്രശ്നം അടങ്ങിയിരിക്കുന്നു ‐ മനുഷ്യൻ ജനിക്കുന്നതും മരിക്കുന്നതും വ്യക്തിയായിട്ടാണെങ്കിലും ജനിമൃതികൾക്കിടയിൽ അയാളുടെ ജീവിതം ഏതുവിധമായിരിക്കണം എന്നത്. അതായത്‌ അയാൾ സാമൂഹ്യജീവി ആയിരിക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം.

ഒരർഥത്തിൽ ഇത് വിദ്യാഭ്യാസസമ്പ്രദായത്തെ സംബന്ധിക്കുന്ന ഏറ്റവും മൗലികമായൊരു സമസ്സ്യകൂടിയാണ്. മനുഷ്യനെ സാമൂഹ്യജീവി ആക്കണമെങ്കിൽ, വിദ്യാഭ്യാസം ‐ പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം ‐ ആശയങ്ങളുടെ മണ്ഡലമായിരിക്കണം. സർവകലാശാലകൾക്ക് സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് ആവശ്യമായ ആശയങ്ങൾ ഉൽപ്പാദിപ്പിക്കാനാകണമെന്നാണ് ഇവിടെ അർഥമാക്കുന്നത്. അവയ്ക്ക് അതിന് കഴിയുന്നില്ലെങ്കിൽ ആശയങ്ങൾക്കുവേണ്ടി നമുക്ക് മറ്റ് സമൂഹങ്ങളെ ആശ്രയിക്കേണ്ടിവരും.
സ്വന്തം നിലനിൽപ്പിന്‌ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നൊരു സമൂഹത്തിന്, പക്ഷേ സ്വതന്ത്രമായി നിലനിൽക്കാനാകില്ലെന്നാണ് ചരിത്രം നൽകുന്ന ഏറ്റവും വലിയ പാഠം. ഇത് മനസ്സിലാക്കാൻ മറ്റൊന്നും വേണ്ട. കൊളോണിയലിസത്തിന്റെ ചരിത്രം പരിശോധിച്ചാൽമാത്രം മതി. ഇന്ത്യയുടെ ചരിത്രംതന്നെ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണല്ലോ.

ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്രയും എഴുതിയത്. 1969 ഏപ്രിൽ 22ന് സ്ഥാപിതമായ സർവകലാശാലയ്ക്ക് അമ്പത് വയസ്സ്‌ കഴിഞ്ഞിരിക്കുകയാണ്. ഈ വർഷം സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജിയും ലിബിയൻ പ്രധാനമന്ത്രി അലി സെയ്ഡനും നേപ്പാളിലെ മുൻ പ്രധാമന്ത്രി ബാബുറാം ഭട്ടറായിയും ഉൾപ്പെടെ അനേകം ഉന്നതരായ വ്യക്തികളെ വാർത്തെടുത്തതാണ് അതിന്റെ പാരമ്പര്യം.
ആശയങ്ങളുടെ മണ്ഡലത്തിൽ അത് നൽകിയ സംഭാവനയുടെ ഫലമായാണ് ഇത്തരത്തിൽ മഹത്തായൊരു പാരമ്പര്യം അതിന് സ്വന്തമാക്കാൻ കഴിഞ്ഞത്. 1965 സെപ്തംബർ ഒന്നിന് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം സി ചഗ്ല രാജ്യസഭയിൽ അവതരിപ്പിച്ച സർവകലാശാലാ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഭൂഷൻ ഗുപ്ത പറഞ്ഞ വാചകം ഓർമവരുന്നു. ""ജവാഹർലാൽ നെഹ്‌റു സർവകലാശാല കേവലം മറ്റൊരു സർവകലാശാല ആകാൻ പാടില്ല.'' 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി അധികാരത്തിൽ പ്രവേശിക്കുംവരെ ഭൂഷൻ ഗുപ്തയുടെ വാക്കുകളെ അന്വർഥമാക്കുന്നവിധമാണ് അത് പ്രവർത്തിച്ചുപോന്നത്.

ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഉതകിയ പല ആശയങ്ങളും ജെഎൻയുവിന്റെ സംഭാവനയായുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാനാകും. ഒട്ടനവധി തലമുറകൾക്ക് ഈടുറ്റ വിദ്യാഭ്യാസം നൽകുക മാത്രമായിരുന്നില്ല അത് ചെയ്തത്. അതിനപ്പുറം, വ്യക്തി സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായുള്ള ഭരണകൂട ചെയ്തികളെ എതിർക്കാൻ വിദ്യാർഥിസമൂഹത്തെ പ്രാപ്തരാക്കിയ നേട്ടവും അതിനവകാശപ്പെട്ടതാണ്. വിദ്യാർഥികൾക്ക് ആശയങ്ങളിലും കാഴ്ചപ്പാടുകളിലും വ്യക്തത കൈവരിക്കാനും സ്വന്തം നിലപാടുകൾ ‐ അത് എന്തുതന്നെയായാലും ‐ തെളിമയോടെ അവതരിപ്പിക്കാനുമുള്ള വേദിയായും അത് പ്രവർത്തിച്ചു. ചിന്തയിലൂടെ സമാധാനപരമായി അധികാര ദുഷ്പ്രഭുത്വത്തെ പ്രതിരോധിക്കുന്നതാണ് ജെഎൻയുവിന്റെ പാരമ്പര്യം. ഈ അർഥത്തിൽ അത് വെറുമൊരു സ്ഥാപനമല്ല. അത് ഒരാശയമാണ്. അത് പണിതുയർത്തിയത് കരിങ്കല്ലും സിമന്റും കൊണ്ടല്ല. ആശയങ്ങൾ കൊണ്ടാണ്. ഇതാണ് അതിനെ മറ്റുപല സർവകലാശാലകളിൽനിന്ന്‌ വ്യതിരിക്തമാക്കുന്നതും.

ഈ പാരമ്പര്യത്തെയാണ് സംഘപരിവാറും അവരുടെ നിഴലായി നിൽക്കുന്ന അധികാരവർഗവും ഇപ്പോൾ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടർക്ക് പഥ്യം ചോദ്യങ്ങളല്ല. അനുസരണയാണ്. ചോദ്യങ്ങൾ തീരെ ആയിക്കൂടെന്നല്ല. അവ ഭരണാധികാരികളെ അവരുടെ കസേരകളിൽ സുഗമമായി ഇരിക്കാൻ സഹായകമാംവിധം ഉള്ളതായിരിക്കണം എന്നുമാത്രം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ടെലിവിഷൻ അഭിമുഖത്തിൽ അവതാരകനായിരുന്ന സിനിമാതാരം ചോദിച്ച ചില ചോദ്യങ്ങൾ മുകളിൽ പറഞ്ഞതിന്റെ രസകരമായ ഉദാഹരണങ്ങളായി നിൽക്കുന്നു. ""അങ്ങ് മാമ്പഴം എങ്ങനെയാണ് കഴിക്കുന്നത്? അങ്ങയ്ക്ക് സ്വന്തമായി പണസഞ്ചിയുണ്ടോ? അങ്ങയ്ക്ക് മുനിയുടെ സ്വഭാവം എങ്ങനെയുണ്ടായി?'' ഇത്തരം അന്തസ്സാരശൂന്യമായ ചോദ്യങ്ങളാണ് സർവകലാശാല സമൂഹത്തിൽനിന്ന്‌ ഇന്ത്യൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്.

ഭഗവദ്‌ഗീതയിൽ ശ്രീകൃഷ്ണൻ അർജുനനോട് പറഞ്ഞത്, ""അർജുനാ നീ വെറും ചട്ടുകമാണ്'' എന്നാണ്. ഈ വിധം അക്കാദമിക് സമൂഹത്തെ ചട്ടുകങ്ങളാക്കി മാറ്റുക എന്നതാണ് ജെഎൻയുവിൽ സംഘപരിവാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യപരിപാടികളുടെ ആത്യന്തികമായ ലക്ഷ്യം. കൂട്ടത്തിൽ നെഹ്റുവിന്റെ പാരമ്പര്യത്തെ ഇല്ലാതാക്കുകയും ചെയ്യാം. ഇതിലൂടെ അപകടത്തിലാകുന്നത് ഒരു സർവകലാശാലയും അതിലെ വിദ്യാർഥികളുടെ ഭാവിയും മാത്രമല്ല, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഇന്ത്യ എന്ന ആശയംതന്നെ ഇല്ലാതാകുകയാണ് ഇവിടെ. ഓർക്കുക, നാഷണൽ അസസ്മെന്റ് ആൻഡ്‌ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്ക്‌) കണക്കനുസരിച്ച് രാജ്യത്തെ സർവകലാശാലകളിൽ 68 ശതമാനം കോളേജുകളിൽ 91 ശതമാനവും ശരാശരിയിൽ താഴെ അക്കാദമിക് നിലവാരം പുലർത്തുന്നവയാണ്. ഇതിന് അപവാദമായി നിൽക്കുന്ന സർവകലാശാലകളിൽ ഏറ്റവും ഔന്നിത്യം പുലർത്തുന്ന ജെഎൻയുവിനെക്കൂടി അത്തരത്തിലുള്ള മറ്റൊരു സർവകലാശാലയാക്കുന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഉളവാക്കാൻ പോകുന്ന ഭവിഷ്യത്ത് എത്ര വലുതായിരിക്കുമെന്ന് നാം ആലോചിച്ചുനോക്കുന്നത് നന്നായിരിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top