29 May Monday

ജനങ്ങളുടെ നിലപാട്‌ നല്ല ലക്ഷണം , ജനാധിപത്യബോധമുള്ളവർ ഒന്നിച്ചിരിക്കുന്നു.

വെബ് ഡെസ്‌ക്‌Updated: Saturday Feb 11, 2023

ഈ മാസം 16ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ത്രിപുരയിൽ തികച്ചും അസാധാരണ സാഹചര്യമാണ്‌. ബിജെപിയുടെ ജനദ്രോഹ, ജനാധിപത്യവിരുദ്ധ ഭരണത്തിന്‌ അന്ത്യംകുറിക്കാൻ ജനാധിപത്യബോധമുള്ളവർ ഒന്നിച്ചിരിക്കുന്നു. ഇതേക്കുറിച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുൻ എംപിയും മുൻ സംസ്ഥാന മന്ത്രിയുമായ ജിതേന്ദ്ര ചൗധരി ദേശാഭിമാനിയോട്‌ വിശദീകരിക്കുന്നു
തയ്യാറാക്കിയത്‌: ഡൽഹി ബ്യൂറോ ചീഫ്‌
സാജൻ എവുജിൻ
 

ഇപ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ ത്രിപുരയുടെ ചരിത്രത്തിൽ നിർണായകമാണെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നു. തെരഞ്ഞെടുപ്പിൽ ഉയരുന്ന മുഖ്യവിഷയം എന്താണ്?
ജനാധിപത്യവും നിയമവാഴ്‌ചയും സംസ്ഥാനത്ത്‌ പുനഃസ്ഥാപിക്കണം. അഞ്ച്‌ വർഷത്തെ ബിജെപി ദുർഭരണത്തിൽ ത്രിപുരയിൽ ജനാധിപത്യം കേട്ടുകേൾവിയായി. എല്ലാ മേഖലയിലും ജനങ്ങളുടെ പൗരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. ഇന്ത്യൻ ഭരണഘടന ത്രിപുരയിൽ അപ്രസക്തമായി. സംസ്ഥാന ഭരണം ഗൂഢാലോചനയും ആക്രമണങ്ങളും നടത്തുന്നവരുടെ കൈയിലാണ്‌.

സാധാരണയായി രാഷ്‌ട്രീയപാർടികൾ അവരുടെ നിലപാടും നയങ്ങളും പ്രചരിപ്പിച്ച്‌ ജനങ്ങളെ സ്വാധീനിക്കുകയും  അവരിൽ പ്രചോദനം സൃഷ്ടിക്കുകയുമാണ്‌ ചെയ്യുക. ഇവിടെയിപ്പോൾ ജനങ്ങളാണ്‌ രാഷ്‌ട്രീയപാർടികൾക്ക്‌ പ്രചോദനം നൽകുന്നത്‌. നിലവിലെ സാഹചര്യത്തിൽ, ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകുന്നത്‌ ഒഴിവാക്കാൻ മതനിരപേക്ഷ കക്ഷികൾ ഒന്നിച്ചുനിൽക്കണമെന്ന്‌ ജനങ്ങൾ ആവശ്യപ്പെട്ടു. സംസ്ഥാനത്ത്‌ വിശാല മതനിരപേക്ഷസഖ്യവും സീറ്റ്‌ ധാരണയും രൂപംകൊണ്ടതിന്‌ കാരണം ജനങ്ങളുടെ ഈ നിലപാടാണ്‌. അസാധാരണമായ സ്ഥിതിവിശേഷമാണിത്‌. ഒരു കാരണവശാലും ബിജെപി വീണ്ടും അധികാരത്തിൽ വരരുതെന്ന്‌ ജനങ്ങൾ ആഗ്രഹിക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വാഗ്‌ദാനങ്ങൾ വാരിക്കോരി നൽകി. ചെറിയ വിഭാഗം വോട്ടർമാർ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്‌തു. വാഗ്‌ദാനങ്ങളുടെ സ്ഥിതി എന്താണ്‌?
 പ്രധാനമന്ത്രിയും ധനമന്ത്രിയും അടക്കമുള്ളവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ വാഗ്‌ദാനങ്ങൾ വാരിവിതറി. 25 വർഷത്തെ ഇടതുമുന്നണി ഭരണത്തിനെതിരായി അന്ന്‌ അവർ ഒന്നും പറഞ്ഞില്ല. എന്നാൽ, ഒറ്റ എൻജിൻ സർക്കാർ മാറി ഇരട്ട എൻജിൻ സർക്കാർ വന്നാൽ ത്രിപുരയിൽ വൻവികസനം ഉണ്ടാകുമെന്ന്‌ പ്രചരിപ്പിച്ചു. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി ഭരണം എന്നതായിരുന്നു മുദ്രാവാക്യം. 299 വാഗ്‌ദാനം അടങ്ങിയ കാഴ്‌ചപ്പാട്‌ രേഖ അവതരിപ്പിച്ചു. ഇടതുമുന്നണി സർക്കാർ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി മാതൃകാപരമായി നടപ്പാക്കിയിരുന്നു. ബിജെപിയാകട്ടെ  ഇരട്ടി തൊഴിൽദിനവും ഇരട്ടി വേതനവും വാഗ്‌ദാനം ചെയ്‌തു. ഇടതുമുന്നണി ഭരണകാലത്ത്‌ അഞ്ച്‌ വർഷം 40,000 പേർക്കുവരെ സർക്കാർ ജോലി നൽകി. അധികാരം കിട്ടിയാൽ ആദ്യവർഷം  50,000 പേർക്ക്‌ ജോലി നൽകുമെന്ന്‌ ബിജെപി വാഗ്‌ദാനം ചെയ്‌തു. സ്വകാര്യമേഖലയിലടക്കം അഞ്ച്‌ വർഷത്തിൽ ഏഴര ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്നും പറഞ്ഞു.  സാമൂഹ്യക്ഷേമ പെൻഷൻ ഇരട്ടിയാക്കുമെന്നും സംസ്ഥാന സർക്കാർ ജീവനക്കാർക്ക്‌ കേന്ദ്രത്തിലെ ഏഴാം ശമ്പള കമീഷൻ ശുപാർശപ്രകാരമുള്ള വേതനം നൽകുമെന്നും വാഗ്‌ദാനം നൽകി. സർക്കാർ ജീവനക്കാരുടെ ശമ്പളം ഇരട്ടിയിലേറെയാകുമെന്ന്‌ പ്രചരിപ്പിച്ചു. കുട്ടികൾമുതൽ വയോജനങ്ങൾവരെയുള്ളവർക്ക്‌ വാഗ്‌ദാനങ്ങൾ നൽകി.

ത്രിപുര വിഭജിച്ച്‌ ആദിവാസി സ്വയംഭരണ കൗൺസിൽ മേഖല ഉൾപ്പെടുത്തി ടിപ്ര ലാൻഡ്‌ എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുമെന്ന്‌  സഖ്യകക്ഷിയായ ഐപിഎഫ്‌ടിക്ക്‌ ബിജെപി ഉറപ്പ്‌ നൽകി. ബിജെപി അധികാരത്തിൽ വന്നാൽ ആറ്‌ മാസത്തിനകം ഇത്‌  നടപ്പാക്കുമെന്ന്‌  പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. അഞ്ച്‌ വർഷത്തിൽ ഈ വാഗ്‌ദാനങ്ങളിൽ ഒരെണ്ണംപോലും നടപ്പാക്കിയില്ല. പകരം ജനങ്ങളെ പലവിധത്തിൽ ദ്രോഹിച്ചു. ജനങ്ങൾ ബിജെപിയിൽനിന്ന്‌ അകന്നു. കേന്ദ്രമന്ത്രിമാർ തുടർച്ചയായി സംസ്ഥാനത്ത്‌ എത്തുന്നുണ്ടെങ്കിലും പ്രതികരണം വളരെ മോശമാണ്‌.

എതിരാളികൾ എല്ലാവരും ബിജെപിക്കെതിരെ ഒന്നിച്ചുവെന്നാണല്ലോ പ്രധാനമന്ത്രിയടക്കം പറയുന്നത്‌ ?
ജനങ്ങൾ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കുകയാണ്‌. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാർ തുടരരുതെന്ന്‌ അവർ ആഗ്രഹിക്കുന്നു. ജനങ്ങൾക്ക്‌ എതിരായ ശക്തികൾക്കെതിരെയാണ്‌ ജനങ്ങൾ ഒന്നിച്ചുനിൽക്കുന്നത്‌.

2018ൽ ബിപ്ലബ്‌കുമാർ ദേബ്‌ മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോൾ 25 വർഷത്തേക്കുള്ള മുഖ്യമന്ത്രിയെന്നാണ്‌ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്‌. എന്നാൽ, നാല്‌ വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയെ മാറ്റി? ഇതിനെ എങ്ങനെ കാണുന്നു?
ബിപ്ലബ്‌കുമാർ ദേബ്‌ സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ കേവലം അഞ്ച്‌ വർഷത്തേക്കുള്ള മുഖ്യമന്ത്രിയല്ല, 2043 വരെയുള്ള മുഖ്യമന്ത്രിയെന്നാണ്‌ സ്ഥാനമേറ്റതെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. ദേബ്‌ എല്ലാ മേഖലയിലും പരാജയമായി. അദ്ദേഹത്തെ  മാറ്റിയതിന്റെ കാരണം ബിജെപി ഇനിയും വിശദീകരിച്ചിട്ടില്ല. അതൊക്കെ അറിയാൻ ജനങ്ങൾക്ക്‌ ആഗ്രഹമുണ്ട്‌. കരാറുകൾ സംസ്ഥാനത്തിന്‌ പുറത്തുള്ളവർക്കാണ്‌ നൽകുന്നത്‌.  കമീഷൻ പറ്റുന്നതിൽ മാത്രമാണ്‌ ബിജെപിക്ക്‌ താൽപ്പര്യം. 2018ൽ ബിജെപിയുടെ വിജയത്തെ ആശയപരമായ വിജയം എന്നാണ്‌ പ്രധാനമന്ത്രി വ്യാഖ്യാനിച്ചത്‌. ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള ഭരണം വന്നതിനെ ഉദ്ദേശിച്ചാകാം പ്രധാനമന്ത്രി പറഞ്ഞത്‌. ബിജെപി ഭരണം അഴിമതിയും അക്രമവും മാത്രമാണ്‌ ത്രിപുരയ്‌ക്ക്‌ സമ്മാനിച്ചത്‌.

ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രതീക്ഷ എന്താണ്‌?
ഫാസിസ്റ്റ്‌ സ്വഭാവമുള്ള ബിജെപി ഭരണത്തിൽ ഇടതുമുന്നണി ഒരുപാട്‌ സഹിച്ചു. പ്രവർത്തകർക്ക്‌ വീടുകളും ഗ്രാമങ്ങളും വിട്ടുപോകേണ്ടിവന്നു. രാഷ്‌ട്രീയ പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. ഇപ്പോൾ സ്ഥിതി മാറി. ഭൂരിപക്ഷം പ്രവർത്തകരും നാട്ടിലേക്ക്‌ മടങ്ങി. ഏതാണ്ടെല്ലാ പാർടി ഓഫീസുകളും വീണ്ടും തുറന്നു. മതനിരപേക്ഷസഖ്യം ശക്തമായി നീങ്ങുകയാണ്‌. തെരഞ്ഞെടുപ്പ്‌ ദിനം പ്രധാനമാണ്‌. ജീവൻ ബലികഴിച്ചും വോട്ട്‌ ചെയ്യുമെന്ന നിലപാടിലാണ്‌ ജനങ്ങൾ. അത്‌ നല്ല ലക്ഷണമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top