16 August Sunday

ട്രംപിന്റെ ചൈനപ്പേടിയും കാർട്ടറുടെ ഉപദേശവും

എ ശ്യാംUpdated: Saturday May 23, 2020

ചൈനയെ തകർക്കാൻ ഡോണൾഡ്‌ ട്രംപ്‌ ആരംഭിച്ച വ്യാപാരയുദ്ധം ഒത്തുതീർപ്പിലായ ഘട്ടത്തിലാണ്‌ കോവിഡ്‌ മഹാമാരിയായി പടർന്നുപിടിച്ചത്‌. കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസ്‌ രോഗത്തിന്റെ പേരിലാണ്‌ ഇപ്പോൾ അമേരിക്കയും ഓസ്‌ട്രേലിയയെ പോലുള്ള ശിങ്കിടി രാജ്യങ്ങളും ചൈനയെ വേട്ടയാടാൻ ശ്രമിക്കുന്നത്‌. കോവിഡ്‌ നിസ്സാര സംഭവമാണെന്ന്‌ ആവർത്തിച്ച്‌ പറഞ്ഞ്‌, ചൈനയും ലോകാരോഗ്യ സംഘടനയും മറ്റും നൽകിയ മുന്നറിയിപ്പുകൾ രണ്ട്‌ മാസത്തോളം അവഗണിച്ച ട്രംപ്‌ അമേരിക്കയിൽ മരണം പെരുകിയപ്പോഴാണ്‌ ചൈനയെ പഴിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുന്നത്‌. കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അമേരിക്കയിൽ ലക്ഷത്തോടടുക്കുന്നു. മഹാമാരി അവസാനിക്കുമ്പോൾ മരണസംഖ്യ ഇതിന്റെ ഇരട്ടിയായാലും അതിശയിക്കണ്ട. ചൈനയിലാകട്ടെ മരണസംഖ്യ അയ്യായിരത്തിൽ താഴെയാണ്‌.

കോവിഡിന്റെ യാഥാർഥ്യമെന്ത്‌?
ചൈനയിലാണോ ഇത്‌ ഉത്ഭവിച്ചത്‌ എന്ന കാര്യത്തിൽ സംശയിക്കാവുന്ന ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. ഒക്‌ടോബറിൽ അമേരിക്കയിലും ഡിസംബറിൽ ഫ്രാൻസിലും രോഗം കണ്ടതായുള്ള റിപ്പോർട്ടുകൾ അന്വേഷിക്കണം എന്ന്‌ ചൈന ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്തായാലും ചൈനയിൽ കണ്ടെത്തിയപ്പോൾ, ആദ്യം ഇത്‌ വൈറസ്‌ രോഗമാണെന്ന്‌ മനസ്സിലാക്കാനോ അതിന്റെ ഗൗരവത്തിലെടുക്കാനോ വുഹാനിലെ പ്രാദേശിക അധികൃതർക്ക്‌ കഴിഞ്ഞില്ല എന്നത്‌ വസ്‌തുതയാണ്‌. അപ്രതീക്ഷിതമായ ഇത്തരം സന്ദർഭത്തിൽ സ്വാഭാവികമായി സംഭവിക്കാവുന്ന പിഴവാണിത്‌. എന്നാൽ ഇത്‌ പുതിയ തരം കൊറോണ വൈറസ്‌ രോഗമാണെന്ന്‌ തിരിച്ചറിഞ്ഞതുമുതൽ അത്‌ നിയന്ത്രിക്കുന്നതിന്‌ ചൈന കർക്കശ നടപടികൾ സ്വീകരിച്ചു. എന്നാൽ ചൈനയ്‌ക്ക്‌ ലഭിക്കാതിരുന്ന ആനുകൂല്യം–-വേണ്ടത്ര സമയം–- ലഭിച്ച മറ്റ്‌ പല രാജ്യങ്ങളുമാകട്ടെ ഇത്‌ ചൈനയെ മാത്രം ബാധിക്കുന്നതാണെന്ന്‌ വിശ്വസിച്ച്‌ നിസ്സംഗത പുലർത്തി. ഇതോടെ ചൈന ഇല്ലാതാകുമെങ്കിൽ നന്നായെന്ന്‌ ഉള്ളിൽ സന്തോഷിച്ചു. ആഘോഷങ്ങളും ആർഭാടങ്ങളും തുടർന്നു. രോഗം വിവിധ രാജ്യങ്ങളിൽ പടർന്നുകൊണ്ടിരിക്കുമ്പോൾ, ഫെബ്രുവരി അവസാനം നരേന്ദ്ര മോഡി ട്രംപിനെ ഇന്ത്യയിൽ ക്ഷണിച്ചുവരുത്തി വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച്‌ ഗംഭീര സ്വീകരണം നൽകി സന്തോഷിപ്പിച്ചത്‌ ഓർക്കുക.


 

പിടിവിട്ടപ്പോൾ ചൈനയ്‌ക്കെതിരെ
എന്നാൽ കോവിഡ്‌ അമേരിക്കയിലും വലിയതോതിൽ മരണങ്ങൾക്കിടയാക്കിയപ്പോൾ, വരുന്ന നവംബറിലെ തെരഞ്ഞെടുപ്പിൽ പരാജയം മണത്തുതുടങ്ങിയ ട്രംപ്‌ പെട്ടെന്ന്‌ നിലപാട്‌ മാറ്റി. ചൈനയ്‌ക്കെതിരെ ആസൂത്രിതമായ പ്രചാരണത്തിനാണ്‌ ട്രംപ്‌ തുടക്കമിട്ടത്‌. വൈറസിനെ ചൈന ലാബിൽ സൃഷ്‌ടിച്ചതാണെന്ന ട്രംപിന്റെയും ശിങ്കിടികളുടെയും വാദം ശാസ്‌ത്രലോകം തള്ളിയിട്ടും അത്‌ അവർ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌. പച്ചക്കള്ളങ്ങൾ നൂറുതവണ ആവർത്തിച്ചാൽ പരമസത്യങ്ങളെന്ന്‌ ജനങ്ങൾ വിശ്വസിച്ചുകൊള്ളുമെന്ന്‌ ഹിറ്റ്‌ലറിന്റെ പ്രചാരണമന്ത്രി ജോസഫ്‌ ഗീബൽസ്‌ പറഞ്ഞതാണ്‌ ട്രംപിന്റെയും വിശ്വാസപ്രമാണം. ചൈനയ്‌ക്കെതിരെ യുഎസ്‌ സംസ്ഥാനം അമേരിക്കൻ കോടതിയിൽ കേസ്‌ നൽകിയതും യുഎസ്‌ കോൺഗ്രസ്‌ അംഗങ്ങൾ ബില്ലുകൾ അവതരിപ്പിക്കുന്നതും തുടർച്ചയായ ചൈനാവിരുദ്ധ പ്രസ്‌താവനകൾ നടത്തുന്നതും ഈ ഗീബൽസിയൻ തന്ത്രത്തിന്റെ ഭാഗമാണ്‌. തന്റെ വാദം തെളിഞ്ഞാൽ ചൈനയെ വെറുതെ വിടില്ലെന്ന ഭീഷണിയും തുടങ്ങി. 2009ൽ അമേരിക്കയിൽ ആരംഭിച്ച്‌ ലോകം മുഴുവൻ പടർന്ന എച്ച്‌1എൻ1 പകർച്ചപ്പനി ഒരു വർഷത്തിനകം മൂന്നുലക്ഷത്തോളം ആളുകളുടെ മരണത്തിനിടയാക്കിയതായാണ്‌ അമേരിക്കയുടെ രോഗ നിയന്ത്രണ കേന്ദ്രം (സിഡിസി) കണക്കാക്കിയിട്ടുള്ളത്‌. ഇതിന്‌ ആരും നഷ്‌ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല എന്ന്‌ ചൈന ചൂണ്ടിക്കാട്ടുന്നു


 

ചൈനാവേട്ട പുതിയ കാര്യമല്ല
പാശ്ചാത്യ ലോകത്തിന്റെ ചൈനാവേട്ടയ്‌ക്ക്‌ വിപ്ലവത്തോളം പഴക്കമുണ്ട്‌. മൗ സെദൊങ്ങിന്റെ നേതൃത്വത്തിൽ കമ്യൂണിസ്‌റ്റ്‌ വിപ്ലവകാരികൾ ചൈനയിൽ അധികാരത്തിൽ എത്തിയപ്പോൾ അതംഗീകരിക്കാൻ പാശ്ചാത്യ ശക്തികൾ തയ്യാറായില്ല. കമ്യൂണിസ്‌റ്റ്‌ വിപ്ലവ സേനയോട്‌ പരാജയപ്പെട്ട്‌ തൈവാനിലേക്ക്‌ (പഴയ ഫോർമോസ ദ്വീപ്‌) കടന്ന ചിയാങ്‌ കൈഷെക്കിന്റെ നേതൃത്വത്തിൽ കുമിന്താങ്ങുകൾ അവിടെ സ്ഥാപിച്ച ‘രാജ്യ’മായിരുന്നു പിന്നീട്‌ രണ്ട്‌ പതിറ്റാണ്ടിലധികം കാലം പടിഞ്ഞാറൻ സാമ്രാജ്യത്വ ശക്തികൾക്ക്‌ ‘ഔദ്യോഗിക ചൈന’. പഴയ ചൈനാ സാമ്രാജ്യത്തിന്റെയും പിന്നീട്‌ ചൈനാ റിപ്പബ്‌ളിക്കിന്റെയും ഭാഗമായിരുന്നു തൈവാൻ. ജനകീയ ചൈനയിലെ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രം ജനങ്ങളുള്ള ആ ചെറുദ്വീപാണ്‌ 1971വരെ ചൈന എന്ന പേരിൽ യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തോടെ വിരാജിച്ചത്‌ എന്നോർക്കുക. കമ്യൂണിസ്‌റ്റ്‌ ചൈനയോട്‌ പാശ്ചാത്യ രാഷ്‌ട്രങ്ങൾ പുലർത്തിയ കടുത്ത അസഹിഷ്‌ണുതയുടെ ദൃഷ്ടാന്തമാണിത്‌.

പിന്നീട്‌ സാർവദേശീയ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിലെ ഭിന്നിപ്പിന്റെയും സോവിയറ്റ്‌ യൂണിയനും ചൈനയും തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ യുഎസ്‌എസ്‌ആറിനെതിരെ ആയുധമാക്കാമെന്ന മോഹത്തിൽ അമേരിക്കയും കൂട്ടാളികളും ചൈനയെ അംഗീകരിച്ചതും ചൈനയ്‌ക്ക്‌ യുഎന്നിലേക്കും രക്ഷാസമിതി സ്ഥിരാംഗത്വത്തിലേക്കും വഴി തുറന്നതും. ലോക ജനസംഖ്യയിൽ അഞ്ചിലൊന്നോളം വരുന്ന ചൈനയിലെ വിശാലമായ കമ്പോളത്തിൽനിന്ന്‌ അകന്ന്‌ നിൽക്കുന്നത്‌ ഗുണകരമല്ല എന്ന തിരിച്ചറിവും പടിഞ്ഞാറൻ സാമ്രാജ്യത്വ രാജ്യങ്ങളുടെ നിലപാടുമാറ്റത്തെ സ്വാധീനിച്ചു. 1979ൽ ജിമ്മി കാർട്ടർ പ്രസിഡന്റായിരിക്കെയാണ്‌ അമേരിക്ക ചൈനയുമായി നയതന്ത്രബന്ധം ആരംഭിച്ചത്‌. എന്നാൽ, പിന്നീടും ഒളിഞ്ഞും തെളിഞ്ഞും ചൈനയെ തകർക്കാൻ അമേരിക്കൻ സഖ്യം ശ്രമിച്ചുകൊണ്ടേയിരുന്നു. അമേരിക്കയ്‌ക്ക്‌ പോലും കൈയൊഴിയേണ്ടിവന്ന തൈവാനെ ഇപ്പോൾ വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമാണ്‌ അംഗീകരിക്കുന്നത്‌. അവയെല്ലാം അമേരിക്കയെ ആശ്രയിച്ചുമാത്രം നിൽക്കുന്ന ‘പാവ’സർക്കാരുകൾ ഭരിക്കുന്നവ.

ട്രംപിനോട്‌ കാർട്ടർ പറഞ്ഞത്‌
ഒരുവർഷം മുമ്പ്‌, 2019 ഏപ്രിൽ മധ്യത്തിൽ ഒരു ശനിയാഴ്‌ച രാത്രി പ്രസിഡന്റ്‌ ട്രംപ്‌ ജിമ്മി കാർട്ടറെ വിളിച്ചു. ചൈനയെ കുറിച്ചുള്ള പേടികൾ പങ്കുവയ്‌ക്കാനാണ്‌ വിളിച്ചത്‌. ചൈന അമേരിക്കയെ മറികടന്ന്‌ മുന്നേറുമെന്നാണ്‌ ട്രംപിന്റെ പേടി. ചൈനയുടെ വളർന്നുവരുന്ന സാമ്പത്തികശക്തിയെ ട്രംപ്‌ ഭയക്കുന്നു. 2030 ഓടെ ചൈന അമേരിക്കയെ മറികടന്ന്‌ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും എന്ന സാമ്പത്തിക സൂചകങ്ങളാണ്‌ ട്രംപിനെ ആശങ്കപ്പെടുത്തുന്നത്‌. ഇപ്പോൾ തന്നെ നമ്മൾ ജീവിക്കുന്നത്‌ ‘ചൈനീസ്‌ നൂറ്റാണ്ട്‌’ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കാലത്താണ്‌ എന്ന്‌ പല വിദഗ്ധരും പറയുന്നുണ്ട്‌. ചൈനയുടെ അത്ഭുതാവഹമായ വളർച്ച സമാധാനപരമായ ഇടപെടലുകളുടെ ബലത്തിലുള്ള ബുദ്ധിപൂർവമായ നിക്ഷേപങ്ങളുടെ ഫലമാണെന്ന്‌ കാർട്ടർ ചൂണ്ടിക്കാട്ടി.


 

പിറ്റേന്ന്‌ ജോർജിയ സംസ്ഥാനത്തെ തന്റെ ജന്മനാടായ പ്ലെയിൻസ്‌ പട്ടണത്തിലെ ‘മാരാനാത്ത ബാപ്‌റ്റിസ്‌റ്റ്‌ പള്ളി’യുടെ സൺഡേസ്‌കൂളിലെ പ്രഭാഷണത്തിൽ കാർട്ടർ ഈ സംഭാഷണത്തെ കുറിച്ച്‌ പറഞ്ഞു(ഇപ്പോൾ 95 വയസ്സുള്ള കാർട്ടർ അരനൂറ്റാണ്ടിലധികമായി ഈ സൺഡേ സ്‌കൂളിലെ പ്രഭാഷകനാണ്‌. രാഷ്‌ട്രീയ–-സാമൂഹ്യ പ്രശ്‌നങ്ങളും പറയുന്ന അദ്ദേഹത്തെ കേൾക്കാൻ ആളുകൾ ദൂരസ്ഥലങ്ങളിൽനിന്ന്‌ പോലും മണിക്കൂറുകൾ മുമ്പേ എത്തി കാത്തുനിൽക്കുന്നു). അമേരിക്കയും ചൈനയും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ച 1979ന്‌ ശേഷം എത്ര രാജ്യങ്ങളുമായി ചൈന യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്‌ എന്നറിയാമോ എന്ന്‌ കാർട്ടർ ശ്രോതാക്കളോട്‌ ചോദിച്ചു. മറുപടിയും അദ്ദേഹം പറഞ്ഞു–-ആരുമായുമില്ല. ‘എന്നാൽ, നമ്മൾ(അമേരിക്ക) യുദ്ധത്തിൽ തന്നെ തുടരുകയാണ്‌. 242 വർഷത്തെ അമേരിക്കയുടെ ചരിത്രത്തിൽ സമാധാനം ആസ്വദിച്ചത്‌ വെറും 16 വർഷം മാത്രമാണ്‌. ലോകചരിത്രത്തിൽ ഏറ്റവും യുദ്ധാസക്തിയുള്ള രാജ്യമായി നമ്മൾ മാറി. അമേരിക്കൻ തത്വങ്ങൾ മറ്റുള്ളവർക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള നമ്മുടെ വാസന മൂലമാണിത്‌. അതേസമയം ചൈനയിലാകട്ടെ സമാധാനത്തിന്റെ സാമ്പത്തിക നേട്ടങ്ങൾ ആർക്കും കാണാവുന്നതാണ്‌. എത്ര മൈൽ അതിവേഗ റെയിൽപാതകൾ നമ്മുടെ രാജ്യത്തുണ്ട്‌? ചൈനക്കാർ ഏതാണ്ട്‌ 18000 മൈൽ അതിവേഗ റെയിൽപാതകൾ നിർമിച്ചപ്പോൾ നമ്മൾ മൂന്ന്‌ ലക്ഷം കോടി ഡോളർ(3,000,000,000,000) സൈനികച്ചെലവിന്‌ പാഴാക്കി. ചൈന ചില്ലിക്കാശ്‌ പോലും യുദ്ധത്തിന്‌ പാഴാക്കിയിട്ടില്ല. അതുകൊണ്ടാണ്‌ അവർ നമ്മുടെ മുന്നിലെത്തുന്നത്‌’–-കാർട്ടർ പറഞ്ഞു.

രണ്ട്‌ രാഷ്‌ട്രീയ വ്യവസ്ഥകൾ തമ്മിലുള്ള അന്തരമാണ്‌ കാർട്ടറുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്‌. 1917ൽ ഒന്നാംലോകയുദ്ധത്തിൽനിന്ന്‌ പിൻവാങ്ങി റഷ്യയിലെ നവജാത വിപ്ലവസർക്കാരും സമാധാനത്തിനാണ്‌ മുൻഗണന എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. പിന്നീട്‌, രണ്ടാംലോകയുദ്ധത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാനാണ്‌ സോവിയറ്റ്‌ യൂണിയൻ ശ്രമിച്ചത്‌. എന്നാൽ, നാസി ജർമനിയുടെ ആക്രമണത്തെ തുടർന്ന്‌ അവർ യുദ്ധത്തിലേക്ക്‌ വഴിച്ചിഴയ്‌ക്കപ്പെട്ടതും ഒടുവിൽ നാസി ഭീകരതയിൽനിന്ന്‌ ലോകത്തെ തന്നെ രക്ഷിച്ചതും ചരിത്രം. അതിന്റെ 75ാം വാർഷികം ദിവസങ്ങൾക്ക്‌ മുമ്പാണ്‌ കോവിഡ്‌ സാഹചര്യത്താൽ ലളിതമായി ലോകം ആഘോഷിച്ചത്‌. ഈ മഹാമാരിക്കാലത്തും ഇതിൽ നിന്നൊന്നും പാഠം പഠിക്കാൻ അമേരിക്കയ്‌ക്ക്‌ കഴിയുന്നില്ല എന്നതാണ്‌ വലിയ ദുരന്തം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top