19 July Friday

ജനകീയം സംവാദാത്മകം - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2023

സിപിഐ എമ്മിനെ ജനങ്ങൾ എത്രമേൽ സ്‌നേഹിക്കുന്നു, വിശ്വസിക്കുന്നു, പ്രതീക്ഷയർപ്പിക്കുന്നു എന്നതിന്റെ  സൂചകങ്ങളായിരുന്നു തൃശൂർ ജില്ലയിലെ ജനകീയ പ്രതിരോധജാഥയുടെ പര്യടനം. 

തൃശൂർ ജില്ലയിലെ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണ്‌  ഞായറാഴ്‌ചത്തെ  ജാഥാ പര്യടനം തുടങ്ങിയത്‌.  വ്യവസായ പ്രമുഖർ, കലാ–-കായിക മേഖലയിലെ പ്രമുഖരെല്ലാം കൂടിക്കാഴ്‌ചയ്‌ക്ക്‌ വന്നെത്തി. അവരുമായുള്ള സംവാദം  പാർടിക്ക്‌  കൂടുതൽ കരുത്തുപകരുന്നതായി.  ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന വികസന–-ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ അവരേകി. അടിസ്ഥാനസൗകര്യ വികസനങ്ങളിൽ മതിപ്പു പ്രകടിപ്പിച്ചു. പലരും വ്യാപാര, വ്യവസായ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെടുത്തി. 103–-ാം  വയസ്സിലും വിദ്യാഭ്യാസ വിചക്ഷണൻ ചിത്രൻ നമ്പൂതിരിപ്പാട് വന്നെത്തിയത് വികാരനിർഭരമായി.

സിപിഐ എം  വീട്‌ നിർമിച്ചുനൽകുന്ന പദ്ധതിയിലേക്ക്‌ അഞ്ച്‌ വീട്‌ നൽകാൻ 20 ലക്ഷം ഏൽപ്പിക്കാൻ കഴിഞ്ഞദിവസം ജാഥയെ കാത്തിരുന്ന പൊങ്ങണംകാട്ടെ വറീതിനെയും ഭാര്യ മേരിയെയും  മറക്കാനാകില്ല. എഫ്‌സിഐ ജീവനക്കാരനായി വിരമിച്ചയാളാണ്‌ തന്റെ ജീവിതസമ്പാദ്യത്തിൽ ഒരുഭാഗം പാവങ്ങൾക്ക്‌ വീട്‌ നിർമിക്കാൻ  കൈമാറിയത്‌.  നന്മയുടെയും മനുഷ്യസ്‌നേഹത്തിന്റെയും  മഹാസന്ദേശം ഉയർത്തിപ്പിടിക്കുന്ന ജാഥയ്‌ക്ക്‌ ലഭിച്ച വലിയ അംഗീകാരമായാണ്‌ ഇതിനെ കാണാനാകുക.  സിപിഐ എമ്മിനെയും  നാടിന്റെ മുന്നോട്ടുപോക്കിനെയും  തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള  ജനങ്ങളുടെ മറുപടികൂടിയാണ്‌ ഇത്‌.


 

കേവലം പ്രസംഗങ്ങൾക്കപ്പുറം ജനങ്ങളുമായുള്ള സംവാദവേദിയായി സ്വീകരണകേന്ദ്രങ്ങളും മാറി. പ്രസംഗമധ്യേ  ജനങ്ങളോട്‌ ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവർ ഉത്തരങ്ങളേകി.  അടുത്തിടെ തദ്ദേശസ്ഥാപനങ്ങളിലേക്ക്  നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തകർക്കാൻ ബിജെപി വോട്ടുകൾ കോൺഗ്രസ്‌ പെട്ടിയിലേക്ക്‌ മറിഞ്ഞതിന്റെ കൃത്യമായ വോട്ടിന്റെ കണക്കുസഹിതമാണ്‌ ജനങ്ങൾ മറുപടി നൽകിയത്‌.  കൊല്ലം കോർപറേഷനിൽ മീനത്തുചേരി ഡിവിഷനിൽ ബിജെപി വോട്ട് 559ൽനിന്ന് 47 ആയി ചുരുങ്ങിയത് ജനം കൃത്യമായി തിരിച്ചറിയുന്നുണ്ട്. 512 വോട്ടാണ് കുറഞ്ഞത്. പഴയപോലെയല്ല  കോൺഗ്രസും ബിജെപിയും കുത്തക മാധ്യമങ്ങളും  കള്ളപ്രചാരണങ്ങൾ നടത്തിയാലും ജനങ്ങളെ പറ്റിക്കാനാകില്ല. അവർക്ക്‌ കൃത്യമായ ധാരണകളുണ്ട്‌. വ്യാജവാർത്താ നിർമിതിയും വ്യാജ ചർച്ചയും നടത്തി വ്യാജരാഷ്ട്രീയം നിർമിക്കുന്നത് ജനം തിരിച്ചറിയുന്നുണ്ട്. പ്രണയദിനത്തിൽ പശുവിനെ പുണരണമെന്ന ആഹ്വാനത്തിനെതിരെ എത്ര പെട്ടെന്നാണ്‌ ജനകീയ പ്രതിരോധം ഉയർന്നത്‌.  ശാസ്ത്രവിരുദ്ധമായ ആ ഭ്രാന്തൻ തീരുമാനം പിൻവലിക്കേണ്ടിവന്നത്‌ ജനശക്തിയുടെ തെളിവാണ്‌. കേന്ദ്ര സർക്കാരിന്റെ അവഗണനയും കേരളത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുള്ള ശ്രമങ്ങളും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌. 


 

ഇന്ത്യ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി സർദാർ ഗോപാലകൃഷ്‌ണൻ  ഉൾപ്പെടെ  രക്തസാക്ഷികളുടെ മണ്ണിലൂടെയായിരുന്നു ഞായറാഴ്‌ചത്തെ ജാഥാപര്യടനം.  സ്വീകരണകേന്ദ്രങ്ങൾ മഹാമുന്നേറ്റങ്ങളായി മാറി. ഓരോ കേന്ദ്രം കഴിയുമ്പോഴും അവിടെയാണ്‌ ഏറ്റവും വലിയ ജനമുന്നേറ്റമെന്ന്‌ കരുതുമ്പോൾ അടുത്ത കേന്ദ്രത്തിൽ അതിലേറെ ജനപ്രവാഹമാണ്‌.

മണലൂർ മണ്ഡലത്തിലെ പൂവത്തൂരിലായിരുന്നു  തൃശൂരിലെ ഞായറാഴ്ചത്തെ ആദ്യസ്വീകരണം.  രാവിലെ തന്നെ  ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു.   ചെത്തുതൊഴിലാളികളുടെയും ചകിരിത്തൊഴിലാളികളുടെയും  ചോര കിനിയുന്ന പോരാട്ടങ്ങളിലൂടെ കേരള  മോസ്‌കോ എന്നറിയപ്പെടുന്ന  അന്തിക്കാടിന്റെ മണ്ണിലൂടെ കടന്നാണ്‌ നാട്ടിക മണ്ഡലത്തിലെ ചേർപ്പിൽ എത്തിച്ചേർന്നത്‌.  നട്ടുച്ചയ്‌ക്കും ഇവിടെ ആയിരങ്ങൾ സ്വീകരിക്കാനെത്തി.  കൈപ്പമംഗലം മണ്ഡലത്തിലെ  മതിലകത്ത്‌ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ മഹാപ്രവാഹം. മുസിരിസ്‌ പൈതൃകം വീണ്ടും പൂക്കുന്ന കൊടുങ്ങല്ലൂർ മണ്ഡലത്തിലെ മാളയിലെ സ്വീകരണവും ചരിത്രമായി മാറി. വഴിനടക്കാനുള്ള  സ്വാതന്ത്ര്യത്തിനായി  പോരാട്ടം നടത്തിയ കുട്ടംകുളം സമരത്തിന്റെ പൈതൃകമുള്ള ഇരിങ്ങാലക്കുടയിലായിരുന്നു ജനമുന്നേറ്റത്തോടെ സമാപനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top