01 June Thursday

വരവേറ്റു
 പോരാളികളുടെ മണ്ണ്‌ - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

നവകേരളത്തിന്റെ വികസനക്കുതിപ്പ് പ്രകടമാകുന്ന വീഥികൾ. ആധുനിക വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ. നാട് ഒപ്പമുണ്ട് എന്നതിന്റെ പ്രതിഫലനമാണ് ജനകീയ പ്രതിരോധജാഥയുടെ ഓരോ സ്വീകരണകേന്ദ്രത്തിലും യാത്രാ വഴികളിലും ദൃശ്യമാകുന്നത്. കള്ളപ്രചാരവേലകളല്ല കർമപദ്ധതികളാണ് കാലം ആവശ്യപ്പെടുന്നത്‌ എന്നതിന്റെ നേർക്കാഴ്‌ചകൾ. പ്രതിരോധത്തിന്റെ കോട്ട ശക്തമാക്കിയാൽ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങളെ ഒന്നൊന്നായി പിന്തിരിപ്പിക്കാമെന്ന് കഴിഞ്ഞദിവസം വ്യക്തമായി. എംപി ഫണ്ടിലെ പട്ടികജാതി–- പട്ടികവർഗ വിഹിതത്തിൽ വെള്ളം ചേർത്ത തീരുമാനം പിൻവലിക്കാൻ കേന്ദ്രം നിർബന്ധിതമായി. ഇത് ജാഥ മുന്നോട്ടുവച്ച ഒരാവശ്യം കൂടിയായിരുന്നു.

കൊല്ലം ജില്ലയുടെ നാട്ടിടങ്ങളിലൂടെയും നഗരകേന്ദ്രങ്ങളിലൂടെയുമായിരുന്നു 24–-ാം ദിവസം ജാഥാപ്രയാണം. എങ്ങും ചുവപ്പിന്റെ മഹാപ്രവാഹം. കയറിന്റെയും കശുവണ്ടിയുടെയും പെരുമയിൽ ലോകമറിയുന്ന നാടാണ് കൊല്ലം. പരമ്പരാഗത വ്യവസായങ്ങൾ തഴച്ചുവളർന്ന ഇവിടത്തെ മണ്ണിൽ ഉജ്വലമായ തൊഴിലാളിസമരങ്ങളുടെ ചരിത്രമുറങ്ങുന്നു. പ്രളയകാലത്ത് മത്സ്യബന്ധന ബോട്ടുകളുമായി എത്തി ആയിരങ്ങളുടെ ജീവൻ രക്ഷിച്ച കേരള സൈന്യത്തിന്റെ നാട്‌. തീരമേഖലയിൽ ജാഥ എത്തിയപ്പോൾ പ്രളയത്തിൽനിന്ന് കേരളത്തെ കാത്ത ചങ്കുറപ്പോടെ നമ്മുടെ സ്വന്തം സൈന്യം ജാഥയെ വരവേൽക്കാനെത്തിയത് ആവേശകരമായ അനുഭവമായി.


 

ക്യാമ്പസിലും മറ്റും വർഗീയതയുടെ കടന്നുകയറ്റം പ്രതിരോധിക്കാൻ കൊല്ലത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‌ സഖാക്കളുടെ ജീവൻവരെ നൽകേണ്ടിവന്നു. കഥാപ്രസംഗവും നാടകവുമൊക്കെ തൊഴിലാളിസമരങ്ങൾക്ക് ആവേശം പകർന്ന കൊല്ലത്തിന്റെ സവിശേഷമായ സാംസ്കാരിക ഭൂമികയിലൂടെയെല്ലാം ജാഥ സഞ്ചരിച്ചു. കഥകളിക്ക് ജന്മംനൽകിയ കൊട്ടാരക്കര, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകവും ഒ എൻ വിയും കാഥികൻ വി സാംബശിവനുമെല്ലാം പിറന്നുവീണ ചവറ തുടങ്ങിയ അഞ്ചുകേന്ദ്രത്തിൽ  ലഭിച്ച സ്വീകരണം അവിസ്മരണീയം.  ജാതിയുടെ അടയാളമായ കല്ലമാലകൾ പൊട്ടിച്ചെറിഞ്ഞ ദളിത് സ്ത്രീകളുടെ മുദ്രാവാക്യങ്ങളുടെ അലയൊലി മുഴങ്ങിയ കന്റോൺമെന്റ്‌ മൈതാനിയിലായിരുന്നു ബുധനാഴ്ചത്തെ സമാപനം.

കൊട്ടാരക്കരയിൽ വികസനപദ്ധതികളുടെ വസന്തമാണ്. കൊട്ടാരക്കര ബൈപാസ്, താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ എന്നിവ ഇതിൽ ചിലതുമാത്രം. അതിലെ ആഹ്ലാദം അവിടെ സ്വീകരണത്തിന്‌ എത്തിയവരുടെ മുഖങ്ങളിൽ പ്രതിഫലിച്ചു. കഥകളി പ്രതിഭകളെയും രക്തസാക്ഷി കുടുംബങ്ങളെയും വേദിയിൽ ആദരിച്ചു.


 

ആവേശകരമായ അനുഭവമാണ് കുന്നത്തൂർ സമ്മാനിച്ചത്. തലേദിവസം രാത്രി പെയ്ത മഴയിൽ പന്തലിന്റെ കുറെഭാഗം  വീണുപോയിരുന്നു. വളരെ വേഗം പൂർവാധികം ഭംഗിയോടെ വേദി ഉയർത്തിയ പ്രവർത്തകർ കടുത്ത ഉച്ചച്ചൂടിലും കാത്തുനിന്ന്‌ വരവേറ്റു. കശുവണ്ടിത്തൊഴിലാളികളുടെ ഹൃദയവായ്പ് ഏറ്റുവാങ്ങി.
കരുനാഗപ്പള്ളി,  ചവറ, കൊല്ലം കേന്ദ്രങ്ങളിലെ സ്വീകരണത്തിൽ മത്സ്യത്തൊഴിലാളികളുടെ നിറസാന്നിധ്യമുണ്ടായി. പൊതുമേഖലയിൽ തലയെടുപ്പോടെ നിൽക്കുന്ന ചവറ കെഎംഎംഎല്ലിന്‌ മുന്നിലായിരുന്നു സ്വീകരണം.


 

പ്രായഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും സാന്നിധ്യമാണ് ജാഥയിൽ എടുത്തുപറയേണ്ട പ്രത്യേകത. യുവസംരംഭകരടക്കം  സന്തോഷം പങ്കിടാനെത്തി. രാവിലെ മലയോരമേഖലയായ പുനലൂരിൽ വിവിധ മേഖലയിൽ ഉള്ളവരുമായി നടന്ന കൂടിക്കാഴ്ച തികച്ചും അർഥവത്തായി. പ്രാദേശികവികസനവും മതവും വിശ്വാസവും  നയസമീപനങ്ങളുമെല്ലാം ചർച്ചയായി. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, അംഗീകൃത അഭയകേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് മുടക്കം കൂടാതെ സർക്കാരിൽനിന്ന് ഔഷധം ലഭിക്കേണ്ട ആവശ്യം ശ്രദ്ധയിൽപ്പെടുത്തി. മാസത്തിൽ ഒരിക്കൽ സർക്കാർ ഡോക്ടറുടെ സേവനം ഉറപ്പാക്കണം. പരിഗണിക്കേണ്ടതാണ് ഈ വിഷയം. ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ക്രൈസ്‌തവസഭാ വിഷയത്തിൽ ഇരുവിഭാഗങ്ങളും അഭിപ്രായങ്ങൾ അറിയിക്കാൻ എത്തി.

കൊല്ലത്തെ സ്വീകരണകേന്ദ്രത്തിൽ എത്തുമ്പോൾ രാത്രിയായി. ഇരവിപുരം മണ്ഡലത്തിൽ നിന്നുള്ളവരും ഇവിടെയെത്തി. ചരിത്രനഗരി ജാഥയെ സ്വീകരിക്കാൻ ആവേശപൂർവം കാത്തുനിന്നു. എല്ലാ കേന്ദ്രത്തിലും ഒഴുകിയെത്തുന്ന ജനസഞ്ചയമാണ് ജാഥയുടെ ശക്തിയും ഊർജവും. സിപിഐ എം ഉയർത്തുന്ന മുദ്രാവാക്യങ്ങളുടെ പ്രസക്തിയാണ്‌ ഇത് വ്യക്തമാക്കുന്നത്‌. വ്യാഴാഴ്ച കൊല്ലം ജില്ലയിലെ കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം മണ്ഡലങ്ങളിൽ ജാഥ പര്യടനം നടത്തും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top