01 June Thursday

ഇത്‌ ജനങ്ങളുടെ ഉത്സവം - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

വലിയചുടുകാട്ടിൽ പുന്നപ്ര–- വയലാർ രക്തസാക്ഷികൾക്ക്‌ ആദരാഞ്ജലിയർപ്പിച്ചാണ്‌ തിങ്കളാഴ്‌ച ജനകീയ പ്രതിരോധജാഥ പര്യടനം തുടങ്ങിയത്‌. രക്തസാക്ഷികൾ മാത്രമല്ല, പി കൃഷ്ണപിള്ള മുതലുള്ള ഒട്ടേറെ കമ്യൂണിസ്‌റ്റു നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്‌ വലിയ ചുടുകാട്‌. പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള ജാഥ പ്രയാണം നടത്തുമ്പോൾ നല്ലൊരു നാളേയ്‌ക്കായി രക്തസാക്ഷിത്വം വരിച്ചവരും ജീവിതം ഉഴിഞ്ഞുവച്ചവരുമായ മഹാരഥൻമാരെ സ്‌മരിക്കുന്നത്‌ തികച്ചും അനിവാര്യമാണ്‌.

സ്വീകരണകേന്ദ്രങ്ങൾക്ക്‌ ഉൾക്കൊള്ളാനാകാത്ത വിധമുള്ള ജനസഞ്ചയമാണ്‌ ജനകീയപ്രതിരോധജാഥ 22 ദിവസം പിന്നിടുമ്പോഴുള്ള സവിശേഷത. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ നിന്നുള്ള ബഹുജനങ്ങൾ മാത്രം പങ്കെടുത്ത സ്വീകരണമായിട്ടും ഞായറാഴ്‌ച ആലപ്പുഴ കടപ്പുറം നിറഞ്ഞുകവിഞ്ഞു. വിപ്ലവഗായിക പി കെ മേദിനിയെപ്പോലുള്ളവർ ജാഥയെ സ്വീകരിക്കാനെത്തിയത്‌ ജാഥയുടെ മാറ്റുകൂട്ടി. തൊണ്ണൂറിനോടടുക്കുന്ന പി കെ മേദിനി വേദിയിൽ വിപ്ലവഗാനമാലപിച്ചത്‌ ആവേശകരമായിരുന്നു.

തിങ്കളാഴ്‌ച ജാഥയ്‌ക്കു മുമ്പായി നാനാമേഖലയിലുള്ളവരുമായി നടന്ന സംവാദം പല വിഷയങ്ങളും സമഗ്രതയിൽ മനസ്സിലാക്കാൻ സഹായകമായി. കയർമേഖലയിലെ പ്രശ്‌നങ്ങൾ സംവാദത്തിൽ പരാമർശിക്കപ്പെട്ടു. കയർമേഖലയെ ശക്തിപ്പെടുത്താനുള്ള ചർച്ചകൾ സർക്കാർ തലത്തിൽ നടക്കുന്നുണ്ട്‌.  ഉൽപാദനക്ഷമത എങ്ങനെ വർധിപ്പിക്കാനാകുമെന്ന്‌ പരിശോധിക്കുന്നുണ്ട്‌.


 

ആലപ്പുഴയിൽ അടുത്തകാലത്തായി നടക്കുന്ന വികസന കുതിച്ചുചാട്ടത്തെ സംവാദത്തിൽ പങ്കെടുത്തവർ ശ്ലാഘിച്ചു.  ടൂറിസം വികസനം ആലപ്പുഴയ്‌ക്ക്‌ ഏറ്റവും അനുയോജ്യമാണെന്ന അഭിപ്രായം പലരുമുയർത്തി.  കടൽപ്പാലത്തിന്‌ സർക്കാർ തുക വകയിരുത്തിയ കാര്യം ഞാൻ സൂചിപ്പിച്ചപ്പോൾ ആളുകൾ കൈയടിയോടെയാണ്‌ സ്വീകരിച്ചത്‌.  പെരുമ്പളം പാലം പൂർത്തിയാകുന്നതോടെ പെരുമ്പളം ദ്വീപിൽ ഫാം ടൂറിസവും  ഉത്തരവാദിത്വ ടൂറിസവും തഴച്ചുവളരും. കേരളം ലോകോത്തര സമ്പദ്‌വ്യവസ്ഥയാകാൻ പോകുകയാണ്‌. ജ്ഞാനമൂലധനം ഉപയോഗിച്ച്‌ കേരളത്തിനു വികസിക്കാൻ കഴിയും. ഈ അഭിപ്രായവും പങ്കുവച്ചു.
തിങ്കളാഴ്‌ചത്തെ ആദ്യപര്യടനം കായംകുളത്തായിരുന്നു. നാടൻ കലാരൂപങ്ങളും  തെയ്യവും വാദ്യമേളങ്ങളും ചുവപ്പുസേനാമാർച്ചുമെല്ലാം അണിനിരന്ന സ്വീകരണയോഗം നിറപ്പകിട്ടാർന്നതായിരുന്നു. 100 വയസ്സ് പിന്നിട്ട സ്വാതന്ത്ര്യ സമരസേനാനി കെ എ ബേക്കർ ജാഥയെ സ്വീകരിക്കാനെത്തിയത്‌ ശ്രദ്ധേയമായി. ഓട്ടൻതുള്ളൽ കലാകാരൻ പത്തിയൂർ ശങ്കരൻകുട്ടി, ചെണ്ടവിദ്വാൻ കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ജാഥയെ വരവേൽക്കാനെത്തി. ഇരുകൈകളുമില്ലെങ്കിലും മികച്ച കീബോർഡ്‌ ആർട്ടിസ്‌റ്റായി ഇതിനകം പേരെടുത്ത മുഹമ്മദ്‌ യാസീനും  ജാഥയെ സ്വീകരിക്കാൻ എത്തി.

മാവേലിക്കര മണ്ഡലത്തിലെ ചാരുംമൂട്ടിൽ ജാഥയെത്തുമ്പോൾ ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്‌ക്കാതെ വൻ ജനക്കൂട്ടമായിരുന്നു. ഓണാട്ടുകരയുടെ  പ്രത്യേകതയായ കെട്ടുകാഴ്‌ചയും കുംഭകുടവും മംഗളൻ ഇടപ്പോണിന്റെ നേതൃത്വത്തിലുള്ള നാടൻപാട്ടും   കലാരൂപങ്ങളുമെല്ലാം സ്വീകരണസമ്മേളനം ഏറെ ആകർഷകമാക്കി. കാർഷികമേഖലയായ ഇവിടെ പഴങ്ങളും പച്ചക്കറിയും നൽകിയാണ്‌ ജാഥാംഗങ്ങളെ സ്വീകരിച്ചത്‌.  രക്തസാക്ഷി കുടുംബങ്ങളുടെ സാന്നിധ്യം ആവേശകരമായി.


 

ചെങ്ങന്നൂരിൽ ജാഥയെ സ്വീകരിക്കാനെത്തിയവരെക്കൊണ്ട്‌ ബിസിനസ്‌ ഇന്ത്യാ ഗ്രൗണ്ട്‌ നിറഞ്ഞു. നാടൻ കലാരൂപങ്ങളും പ്രസീദ ചാലക്കുടിയുടെ നേതൃത്വത്തിലുള്ള നാടൻപാട്ടും സ്വീകരണത്തിന്‌ കൊഴുപ്പുപകർന്നു. വൈകിട്ട്‌ ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജാഥ പത്തനംതിട്ട ജില്ലയിലേക്കു കടന്നു. ജില്ലാ അതിർത്തിയായ കുറ്റൂർ ആറാട്ടുകടവിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി  എം തോമസ്‌ ഐസക്കിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ജില്ലാ അതിർത്തിയിൽ നിന്ന്‌ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ തിരുവല്ലയിലേക്ക്‌ ആനയിച്ചത്‌. ആയിരങ്ങൾ പങ്കെടുത്ത സ്വീകരണച്ചടങ്ങിൽ കലാ –- സാംസ്‌കാരിക മേഖലയിലെ പ്രതിഭകളെ ആദരിച്ചു. തിങ്കളാഴ്‌ചത്തെ സമാപന കേന്ദ്രമായ റാന്നിയിൽ ജാഥയെത്തുമ്പോൾ ഇരുട്ടിയിരുന്നു.  ആയിരങ്ങൾ അവിടെയും വരവേൽക്കാൻ ആവേശഭരിതരായി കാത്തുനിന്നു.

ജാഥയെ സ്വീകരിക്കാൻ ഓരോ കേന്ദ്രത്തിലുമുള്ള അഭൂതപൂർവമായ ജനക്കൂട്ടത്തെ വിവരിക്കാൻ മലയാളഭാഷാ നിഘണ്ടുവിലെ പദങ്ങൾ പോരാതെവരും. ഉത്സവച്ഛായ പകർന്ന സ്വീകരണങ്ങൾ എന്നൊന്നും പറഞ്ഞാൽ മതിയാകില്ല. വിപ്ലവം ജനങ്ങളുടെ ഉത്സവമാണെന്ന്‌ മൗ സെ ദൊങ്‌ പറഞ്ഞിട്ടുണ്ട്‌. ഇവിടെ ജാഥകൾക്ക്‌ ഉത്സവച്ഛായയല്ല, അത്‌ മഹോത്സവം തന്നെയാണ്‌. സിപിഐ എമ്മിനും അതിന്റെ നയങ്ങൾക്കും സംസ്ഥാനത്തെ എൽഡിഎഫ്‌  സർക്കാരിനും ജനമനസ്സുകളിലുള്ള സ്വാധീനം തന്നെയാണ്‌ ഇതിന്റെ കാതൽ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top