29 February Saturday

ജാലിയൻവാലാബാഗ് ഓർമിപ്പിക്കുന്നത്

കെ എൻ ഗണേശ്‌Updated: Saturday Apr 13, 2019


ഏപ്രിൽ 13 ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ശതവാർഷികമാണ്. അമൃത്സറിലെ ജാലിയൻവാലാബാഗ് എന്ന അത്രവലിപ്പമൊ ന്നുമില്ലാത്ത പൂന്തോട്ടത്തിൽ തടിച്ചുകൂടിയ സ്വാതന്ത്ര്യസമര പോരാളികൾ ബ്രിട്ടീഷ് പട്ടാളക്കാരുടെ വെടിയുണ്ടയേറ്റു മരിച്ചുവീണ ദിവസം. ഈയിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അന്നത്തെ കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ചു.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ഒരു വഴിത്തിരിവിനെ കുറിക്കുന്ന ദിനമായിരുന്നു ജാലിയൻവാലാബാഗ്. ഒന്നാം ലോകമഹായുദ്ധം ഇന്ത്യക്കാരുടെ മേൽ ഒടുങ്ങാത്ത ദുരിതങ്ങളാണ് വരുത്തിവച്ചത്. അതിനോടുള്ള പ്രതിഷേധം യുദ്ധം അവസാനിച്ചതുമുതൽ നിരവധി പോരാട്ടങ്ങളായി വളർന്നുവന്നു. കർഷകർ, തൊഴിലാളികൾ, യുവജനങ്ങൾ എല്ലാവരും പോരാട്ടങ്ങളിൽ അണിനിരന്നു. ഈ പോരാട്ടങ്ങളെ അമർച്ച ചെയ്യുന്നതിനാണ് ബ്രിട്ടീഷ് സർക്കാർ റൗലറ്റ് നിയമം കൊണ്ടുവന്നത്. ഇന്ത്യക്കാരുടെ ഇടയിൽ കേട്ടുകേൾവിപോലുമില്ലാത്ത മർദനമുറകളാണ് ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം അഴിച്ചുവിട്ടത്. എല്ലാവിധ സമ്മേളനങ്ങളും പ്രകടനങ്ങളും നിരോധിച്ചു. ചെറിയ സംശയത്തിന്റെ പേരിൽപോലും കാരണംകൂടാതെ ആരെയും അറസ്റ്റ് ചെയ്യാമെന്നായി. അവരുടെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാൽ നാടുകടത്തലടക്കം ഏതുവിധത്തിലുള്ള ശിക്ഷകളും നൽകാമെന്ന് വ്യവസ്ഥ ചെയ്തു.

ജനങ്ങൾ എല്ലായിടത്തും സംഘടിതശക്തിയായി മാറി
ബ്രിട്ടീഷ് ഭരണകൂടത്തിനു കീഴിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യകളിലൊന്നായിരുന്നു പഞ്ചാബ്. പഞ്ചാബിലെ നദീതടവ്യൂഹം മുഴുവൻ കൃഷിക്കുപയുക്തമാക്കാനും പശ്ചിമ പഞ്ചാബിൽ (ഇന്നത്തെ ലാഹോർ) കർഷകരെ അധിവസിപ്പിക്കാനും സർക്കാർ ശ്രമിച്ചു. യുദ്ധകാലത്ത് ഏറ്റവുമധികം നികുതിഭാരം ചുമക്കേണ്ടിവന്നത് പഞ്ചാബിലെ കർഷകരായിരുന്നു. അവർക്ക് സൈന്യത്തിലേക്കും വൻതോതിൽ പ്രവേശനം നൽകി. ഇതിന്റെയെല്ലാം ഫലമായി പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനെതിരെ സംഘടിക്കാനാരംഭിച്ചു. ഈ അവബോധമാണ് അകാലികൾ, ഗദർ പാർടി, ഭഗത് സിങ്ങിന്റെ നൗജവാൻസഭ തുടങ്ങിയ നിരവധി സംഘടനകൾക്ക് ജന്മം നൽകിയത്. ബ്രിട്ടീഷ്  ഗവൺമെന്റ് റൗലറ്റ് നിയമം പാസാക്കിയത് പഞ്ചാബിൽ മാത്രമല്ല രാജ്യമൊട്ടാകെ വളർന്നുവന്ന ഈ പുതിയ സംഘടനാരൂപങ്ങളെ തടയാനായിരുന്നു. ജാലിയൻവാലാബാഗിന്റെ കൊടുംക്രൂരതയുടെ ഇരകൾ അന്നത്തെ കോൺഗ്രസ് പാർടിയായിരുന്നില്ല,  പുതുതായി ബ്രിട്ടീഷ് വിരുദ്ധ പ്രതിരോധപ്രസ്ഥാനത്തിൽ അണിചേർന്ന നൂറുകണക്കിന് യുവാക്കളായിരുന്നു.

ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനശൈലിയിലും പ്രതിരോധരൂപങ്ങളിലും വലിയമാറ്റമാണ് ജാലിയൻവാലാബാഗ് വരുത്തിയത്. ജാലിയൻവാലാബാഗിൽ മരിച്ചുവീണവരെ ഓർത്ത് ബ്രിട്ടീഷുകാരുടെ മുമ്പിൽനിന്ന് ഭയന്നോടുകയല്ല  പഞ്ചാബിലും ഇന്ത്യയിൽ മൊത്തത്തിലും ജനങ്ങൾ ചെയ്തത്. അവർ എല്ലായിടത്തും സംഘടിത ശക്തിയായി മാറുകയായിരുന്നു. ജാലിയൻവാലാബാഗ് നടന്ന അതേവർഷമാണ് തൊഴിലാളികൾക്ക് ഒരു അഖിലേന്ത്യാ സംഘടന –അഖിലേന്ത്യാട്രേഡ് യൂണിയൻ കോൺഗ്രസ് ഉണ്ടായത്. അതിന്റെ തൊട്ടുവർഷങ്ങളിൽ പഞ്ചാബിലും ഉത്തർപ്രദേശിലും ബിഹാറിലും ആന്ധ്രയിലും കേരളത്തിൽ മലബാറിലും അതിശക്തമായ കർഷകപ്രക്ഷോഭങ്ങൾ നടന്നു. കേട്ടുകേൾവിയില്ലാത്ത വിധത്തിലുള്ള കൂട്ടക്കൊലകളും പീഡനമുറകളുമാണ് 1921 ൽ മലബാറിൽ അരങ്ങേറിയത്. 1920ലാണ് ആദ്യമായി ഇന്ത്യക്കാരുടെ ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പുണ്ടായത്. വിദ്യാർഥിസമരങ്ങൾ പൊട്ടിപ്പുറപ്പെട്ടതും അതേ സമയത്താണ്. ഭഗത്സിങ്ങും ചന്ദ്രശേഖർ ആസാദും അടക്കമുള്ള വിപ്ലവകാരികൾ അവരുടെ പ്രവർത്തനം സജീവമാക്കിയതും അതിനുശേഷമാണ്.

ബ്രിട്ടീഷ് വിരുദ്ധവികാരം
പ്രതിരോധ പ്രസ്ഥാനങ്ങളുടെ വളർച്ച കോൺഗ്രസ് പാർടിയുടെ പ്രവർത്തനത്തെയും മാറ്റിമറിച്ചു. ഭരണകൂടവുമായുള്ള വിലപേശലുകളിൽ മാത്രമായിരുന്നു കോൺഗ്രസുകാർക്ക് താൽപ്പര്യം. ജനകീയ പ്രക്ഷോഭങ്ങളിൽ അവർക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. 1905ൽ ബംഗാൾ വിഭജനത്തിനെതിരെ അരങ്ങേറിയ ശക്തമായ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയത് കോൺഗ്രസുകാരായിരുന്നു. എന്നിട്ടും കോൺഗ്രസ് പാർടി അറച്ചറച്ചാണ് അതിനു പിന്തുണ നൽകിയത്. ദക്ഷിണാഫ്രിക്കയിൽ ജനകീയ പ്രക്ഷോഭങ്ങളുടെ വളർച്ചയോട് പൊരുത്തപ്പെടാൻ കഴിയാതെയാണ് ഗാന്ധിജി ദക്ഷിണാഫ്രിക്ക വിട്ട് ഇന്ത്യയിൽ തിരിച്ചെത്തിയത്.

ചമ്പാരനിൽ രാജ്കുമാർ സുകൂളിന്റെ നേതൃത്വത്തിൽ നടന്ന നീലം കൃഷിക്കാരുടെ പ്രക്ഷോഭത്തെ തന്റെ സത്യഗ്രഹമുറകൾക്കനുസരിച്ച് മാറ്റിയെടുക്കാൻ ഗാന്ധിജിക്കു കഴിഞ്ഞു. റൗലറ്റ് നിയമത്തിന്റെ കീഴിൽ നിരവധി കോൺഗ്രസുകാരടക്കം സ്വാതന്ത്ര്യസമരഭടന്മാർ വിചാരണകൂടാതെ തടങ്കലിലായതും ജാലിയൻവാലാബാഗും ജനകീയപ്രസ്ഥാനത്തിന്റെ പ്രസക്തിയെക്കുറിച്ച് ഗാന്ധിജിയെ ബോധവാനാക്കി. ജനകീയ പ്രക്ഷോഭങ്ങൾക്ക് അവയുടേതായ യുക്തിയുണ്ട്. അഹിംസയും സത്യവും നീതിയും ഉദാത്തമായ ആശയങ്ങളാണെങ്കിലും ജനങ്ങൾ അവയെ പ്രയോജനപ്പെടുത്തുന്നത് അവരുടേതായ  രീതിയിലായിരിക്കും. ജാലിയൻവാലാബാഗിനെപ്പോലുള്ള കൊടും ക്രൂരതയ്ക്കിരയായി ജനങ്ങൾ അഹിംസയുടെ മാർഗം പിന്തുടരണമെന്ന് നിർബന്ധമില്ല. അതുകൊണ്ട് പുതിയ പ്രതിരോധരൂപങ്ങൾ കണ്ടുപിടിക്കേണ്ടത് ഗാന്ധിജിയെപ്പോലെയുള്ള ഒരു സമവായ പ്രേമിയുടെ ആവശ്യമായിരുന്നു. അതാണ് നിസ്സഹകരണ പ്രസ്ഥാനം, ഉപ്പുസത്യഗ്രഹം, സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങിയവയിലൂടെ അരങ്ങേറിയത്. വളർന്നുവന്ന ബ്രിട്ടീഷ് വിരുദ്ധവികാരത്തെ സ്വന്തം രീതിയിൽ നയിക്കാനുള്ള ശ്രമമാണ് ക്വിറ്റ് ഇന്ത്യയിലും നടന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ഗാന്ധിയൻ സത്യഗ്രഹമുറകൾക്കു മാത്രമല്ല,  ഇന്ത്യയിൽ നടന്ന ചെറുതും വലുതുമായ നിരവധി ജനകീയ പ്രക്ഷോഭങ്ങൾക്കും പങ്കുണ്ടായിരുന്നു എന്ന് ഏവരും സമ്മതിക്കുന്നുണ്ട്. ഏതാനും പേർ നടത്തുന്ന സത്യഗ്രഹങ്ങളായി മാറേണ്ടിയിരുന്ന പല സമരങ്ങളും വൻ ജനപങ്കാളിത്തത്തോടെ പ്രക്ഷോഭങ്ങളായി മാറുകയാണ് ചെയ്തത്. ഇത്തരം പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുന്നതിൽ ഗാന്ധിജിക്കും നെഹ്റുവിനും പട്ടേലിനും സുഭാഷ്ചന്ദ്രബോസിനും മാത്രമല്ല ഭഗത്സിങ്ങിനും ചന്ദ്രശേഖർ ആസാദിനും സൂര്യസെന്നിനും സഹജാനന്ദിനും ഗാഫർഖാനും മുഹാജിർമാർക്കും സോഷ്യലിസ്റ്റുകാർക്കും കമ്യൂണിസ്റ്റുകാർക്കുമെല്ലാം പങ്കുണ്ടായിരുന്നു. അവർ തമ്മിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളെല്ലാം അതിജീവിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം സാധ്യമാക്കിയത്.

പുതിയ ഇന്ത്യൻ ഭരണകൂടം വളർന്നുവന്ന സാഹചര്യത്തിൽ  ജാലിയൻവാലാബാഗിനെ ഓർമിപ്പിക്കുന്ന കൂട്ടക്കൊലകൾ നടന്നതായി നമുക്കറിയാം. കോൺഗ്രസും മുസ്ലിംലീഗുംകൂടി വിലപേശി നേടിയ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിർത്തികൾ തിരിക്കപ്പെട്ടത് ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും നടത്തിയ കൂട്ടക്കൊലകൾ വഴിയായിരുന്നു. അന്ന് മരിച്ചവരുടെ എണ്ണം ഇപ്പോഴും കൃത്യമല്ല. പാകിസ്ഥാൻ വിരുദ്ധ വികാരത്തെ ദേശസ്നേഹമായി വ്യാഖ്യാനിക്കുന്ന ആർഎസ്എസുകാർ ഇപ്പോഴും ആ കൂട്ടക്കൊലകളുടെ ഓർമകളെ നിലനിർത്താൻ ശ്രമിക്കുകയാണ്.  കേരളത്തിൽ പുന്നപ്രയിലും വയലാറിലും സർ സിപിയുടെ പട്ടാളം നടത്തിയ അരുംകൊലകളെ നോക്കിനിൽക്കുകയും കൊലയുടെ ഉത്തരവാദിത്തം മുഴുവൻ കൊലകൾക്കിരയായ കമ്യൂണിസ്റ്റ് പാർടിയിൽ ചാരി സർവശക്തിയും ഉപയോഗിച്ച് അവരെ ഒറ്റപ്പെടുത്തുകയാണ് അന്നത്തെ കോൺഗ്രസുകാർ ചെയ്തത്. മലബാറിൽ പൊലീസുകാരുടെ ഒറ്റുകാരായിനിന്ന് കമ്യൂണിസ്റ്റുകാരുടെയും അവരുടെ കുടുംബങ്ങൾക്കും നേരെ നരനായാട്ടു നടത്തുകയും കേരളത്തിലെ ഉപ്പുസത്യഗ്രഹ പ്രക്ഷോഭത്തിന്റെ കാരണക്കാരിൽ ഒരാളായ മൊയ്യാരത്തു ശങ്കരനെ അടിച്ച് ജീവച്ഛവമാക്കി പൊലീസുകാർക്ക് മറവുചെയ്യാൻ കൊടുക്കുകയും ചെയ്തത് കോൺഗ്രസുകാർ തന്നെയാണ്. തെലങ്കാനയിലെ കർഷകപ്രക്ഷോഭകാരികളെ പട്ടാളക്കാരെ ഉപയോഗിച്ച് കൂട്ടക്കൊല നടത്തിയതും കോൺഗ്രസ് ഗവൺമെന്റാണ്. മർദകഭരണകൂടങ്ങൾ ജാലിയൻവാലാബാഗ് ആവർത്തിക്കുമ്പോൾ അവരുടെ പിണിയാളുകൾ അതു നോക്കിനിന്ന് കൈയടിക്കും.

ജാലിയൻവാലാബാഗിന്റെ ഓർമകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് കാണാതിരുന്നു കൂട. കർഷകപ്രക്ഷോഭങ്ങളെ ഇപ്പോഴും ഭരണകൂടം നേരിടുന്നത് അതേ മുറയിൽ തന്നെയാണ്. ഗുജറാത്തിൽ 2002 ലെ വംശഹത്യ ആർഎസ്എസ് അകമ്പടി സേവിച്ചുകൊണ്ടുള്ള കൂട്ടക്കൊലയായിരുന്നു. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനുശേഷം 1984ൽ കോൺഗ്രസുകാർ നടത്തിയ സിഖുകാരുടെ കൂട്ടക്കൊലയും മറക്കാൻ കഴില്ല.

പൊരുതുന്ന ജനതയെ നിശ്ശബ്ദരാക്കി നിർത്താനുള്ള തന്ത്രം
ജാലിയൻവാലാബാഗ് പൊരുതുന്ന ജനതയെ ഭീതിക്കടിമകളാക്കി അവരെ നിശ്ശബ്ദരാക്കി നിർത്താനുള്ള തന്ത്രമായിരുന്നു. റൗലറ്റ് നിയമത്തിലൂടെ ഉദ്ദേശിച്ചതെന്താണോ അതു നടപ്പാക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം ചെയ്തത്. ഇതിനുവേണ്ടി ഉപയോഗിച്ച ഒരു തന്ത്രം ദേശദ്രോഹമായിരുന്നു. സ്വതന്ത്ര ഇന്ത്യൻ ഭരണകൂടവും ഇതേ തന്ത്രം തന്നെയാണ് ഉപയോഗിച്ചത്. ‘പൊതുജനസുരക്ഷ’യ്ക്കും സ്വത്തിന്റെയും ജീവന്റെയും രക്ഷയ്ക്കുവേണ്ടിയാണ് 1948 നുശേഷം അന്നത്തെ ഗവൺമെന്റ് കമ്യൂണിസ്റ്റ് പാർടിയെ നിരോധിച്ചത്. ‘പൊതുജനവികാരം’ മാനിച്ചാണ് 1959 ൽ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ നെഹ്റു ഗവൺമെന്റ് പിരിച്ചുവിട്ടത്. 1962 ൽ ഇന്ത്യ ‐ ചൈന യുദ്ധകാലത്ത് ദേശദ്രോഹക്കുറ്റം ആരോപിച്ച് എഴുനൂറിലധികം കമ്യൂണിസ്റ്റുകാരെ, അന്നത്തെ കേന്ദ്രകമ്മിറ്റിയിലെ പകുതിയോളം അംഗങ്ങളെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയ്ക്കുവേണ്ടിയാണ് 1975 ൽ ഇന്ദിര ഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇപ്പോൾ പുൽവാമയിൽ മരിച്ച സൈനികരുടെ പേരിൽ നരേന്ദ്ര മോഡി വോട്ട് ചോദിക്കുമ്പോൾ ആവർത്തിക്കുന്നതും ജനങ്ങളുടെ പ്രതിരോധ പ്രസ്ഥാനങ്ങളെ ദേശസ്നേഹത്തിന്റെയും സുരക്ഷയുടെയും പേരിൽ നിശ്ശബ്ദരാക്കാനുള്ള പഴയതന്ത്രം മാത്രമാണ്.

കേരളത്തിലെ ജനങ്ങൾക്ക് ഈ തന്ത്രങ്ങൾ പുത്തരിയല്ല. നവോത്ഥാനപോരാട്ടങ്ങളുടെയും ജനാധിപത്യ പോരാട്ടങ്ങളുടെയും തീച്ചൂളയിലൂടെയാണ് കേരള ജനത കടന്നുവന്നത്. ഇതിനുമുമ്പ് ഭരണകൂടവും അവരുടെ പിണിയാളുകളും ചേർന്ന് നടത്തിയ മർദനരൂപങ്ങളെ അതിജീവിക്കാൻ കേരളജനതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും നവകേരളം കെട്ടിപ്പടുക്കാനുള്ള പരിശ്രമങ്ങളെ മുഴുവനും സംശയത്തിന്റെ നിഴലിൽ നിർത്താനും അതുവഴി അതിജീവനപോരാട്ടങ്ങളെ തടയാനുള്ള സംഘടിതശ്രമത്തിലാണ് ഇന്ത്യൻഭരണവർഗങ്ങൾ. ജാലിയൻവാലാബാഗിനുശേഷം ഇന്ത്യൻജനത നിശ്ശബ്ദരാകുകയല്ല ചെയ്തത്, കൂടുതൽ ശക്തിയോടെ ആഞ്ഞടിക്കുകയാണ്. നൂറുവർഷങ്ങൾക്കുശേഷം ജാലിയൻവാലാബാഗിന്റെ ഓർമ പുതുക്കുന്നവേളയിൽ ഭരണവർഗതന്ത്രങ്ങൾക്കെതിരെ കൂടുതൽ ശക്തിയോടെ ആഞ്ഞടിക്കാനുള്ള കരുത്ത് കേരള ജനത നേടും.

അന്ന്‌ മൈതാനത്ത്‌ സംഭവിച്ചത്‌
1919 ഏപ്രിൽ 13ന‌് അമൃത്‌സറിലുള്ള ജാലിയൻവാലാബാഗ് മൈതാനത്ത്‌ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ജാലിയൻവാലാബാഗിലേക്ക‌് നിരവധിയാളുകൾ ഒഴുകിയെത്തി. നാലുഭാഗവും കെട്ടിടങ്ങൾക്ക‌് നടുവിലുള്ള വിശാലമായ മൈതാനമാണ‌് ജാലിയൻവാലാബാഗ‌്. മൈതാനത്തിനു ചുറ്റും ഉയർന്ന മതിൽക്കെട്ടുമുണ്ടായിരുന്നു. അകത്തേക്കും പുറത്തേക്കും കടക്കാൻ ഒരു ചെറിയ ഗേറ്റുമാത്രമേ ഉണ്ടായിരുന്നുള്ളു. പ്രതിഷേധയോഗം തനിക്കെതിരാണെന്നു കരുതിയ ജനറൽ ഡയർ സൈന്യവുമായി മൈതാനത്തേക്കു വന്ന‌് ജനക്കൂട്ടത്തെ വളഞ്ഞു. പുറത്തേക്കുള്ള വഴി തടഞ്ഞുനിന്നിരുന്ന സൈന്യത്തോട‌് ജനക്കൂട്ടത്തിനുനേരെ വെടിവയ‌്ക്കാൻ ഡയർ ആജ്ഞാപിച്ചു. 10 മിനിറ്റ‌് തുടർച്ചയായി 1650 റൗണ്ട‌് വെടിവച്ചു. രക്ഷപ്പെടാനാകാതെ നിരവധിപേർ മൈതാനത്ത‌് മരിച്ചു വീണു. വെടിയുണ്ടകൾ തീർന്നുപോയതുകൊണ്ടാണ‌് കൂട്ടക്കൊല അവസാനിച്ചത‌്.
 


പ്രധാന വാർത്തകൾ
 Top