29 February Saturday

അവഗണിക്കപ്പെടുന്ന രക്തസാക്ഷിത്വങ്ങൾ

എം അഖിൽUpdated: Saturday Apr 13, 2019


‘എന്റെ മുതുമുത്തശ്ശൻ രാജ്യത്തിനുവേണ്ടിയാണ‌് ജീവൻ ബലികൊടുത്തത‌്. അതിന്റെ പേരിൽ ഒരു സാമ്പത്തിക സഹായവും ഞങ്ങൾക്ക‌് ആവശ്യമില്ല. പക്ഷേ, ഞങ്ങളുടെ കുടുംബത്തിന‌് അർഹിച്ച ആദരവ‌് കിട്ടണമെന്ന‌ുമാത്രം

 

ജാലിയൻവാലാബാഗ‌് മെമ്മോറിയൽ ട്രസ്റ്റ‌് സെക്രട്ടറി സുകുമാർ മുഖർജിയുടെ ഓഫീസിൽ പതിവില്ലാത്ത തിരക്കാണ‌്. ചരിത്രത്തിലെ ഉണങ്ങാത്ത മുറിവിന്റെ 100–-ാം വാർഷികാചരണവുമായി ബന്ധപ്പെട്ട  ഒരുക്കങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ‌്. 

1919 ഏപ്രിൽ 13ന‌് ബ്രിട്ടീഷുകാരുടെ വെടിയുണ്ടയേറ്റ‌് കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ബന്ധുക്കളിൽ ചിലർ സുകുമാറിനോട‌് കയർക്കുന്നത‌് കേട്ടുകൊണ്ടാണ‌് മുറിയിലേക്ക‌് കയറിച്ചെന്നത‌്.

‘എന്റെ മുതുമുത്തശ്ശൻ രാജ്യത്തിനുവേണ്ടിയാണ‌് ജീവൻ ബലികൊടുത്തത‌്. അതിന്റെ പേരിൽ ഒരു സാമ്പത്തിക സഹായവും ഞങ്ങൾക്ക‌് ആവശ്യമില്ല. പക്ഷേ, ഞങ്ങളുടെ കുടുംബത്തിന‌് അർഹിച്ച ആദരവ‌് കിട്ടണമെന്ന‌ുമാത്രം’–- ചുവന്ന തലപ്പാവ‌് വച്ച സിഖ‌് യുവാവ‌ിന്റെ ക്ഷോഭം. ‘നിങ്ങൾ പണം ചോദിച്ചുവെന്ന‌് ഞാൻ പറയുന്നില്ല. പക്ഷേ, ചിലർ  ആവശ്യപ്പെടാറുണ്ട‌്. അത‌് കൊടുക്കേണ്ടത‌് സർക്കാരാണ‌് ’–- സുകുമാറിന്റെ മറുപടി.

തന്റെ കുടുംബത്തിന‌്  100–-ാം വാർഷികം ആചരിക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണക്കത്ത‌് കിട്ടിയില്ലെന്നാണ‌് യുവാവിന്റെ പരാതി. 12 കുടുംബങ്ങൾക്ക‌് മാത്രമാണ‌് ഇതുവരെ ക്ഷണക്കത്ത‌് ലഭിച്ചിട്ടുള്ളത‌്. 379 പേർ കൊല്ലപ്പെടുകയും 1500ൽ അധികംപേർക്ക‌് പരിക്കേൽക്കുകയും ചെയ‌്തെന്ന‌് ഔദ്യോഗികകണക്ക‌്. ‘പരമാവധി കുടുംബാംഗങ്ങളെ കണ്ടുപിടിക്കാൻ ശ്രമിച്ചിരുന്നു’–- എന്ന‌ാണ‌് സെക്രട്ടറിയുടെ വിശദീകരണം. എല്ലാ ശ്രമങ്ങൾക്കും ഒടുവിൽ 12 കുടുംബത്തെ മാത്രമാണ‌് ക്ഷണിക്കാനായത‌് എന്നത‌് ആശ്ചര്യജനകമാണ‌്.

നൂറ്റാണ്ട‌് പിന്നിട്ടിട്ടും തുടരുന്ന തർക്കം
ജാലിയൻവാലാബാഗ് വെടിവയ‌്പിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്കുകളിലെ തർക്കം നൂറ്റാണ്ട‌് പിന്നിട്ടിട്ടും തുടരുകയാണ‌്. അലഹബാദിലെ സേവാസമിതി 500 പേരും ശഹീദ‌് പരിവാർ സമിതി 464 പേരും ജാലിയൻവാലാബാഗിൽ കൊല്ലപ്പെട്ടതായി അവകാശപ്പെടുന്നു. അമൃത‌്സറിലെ വിഭജനകാല മ്യൂസിയത്തിന്റെ ചെയർപേഴ‌്സൺ കൂടിയായ കിശ്വാർ ദേശായ‌് പേരുകൾ സഹിതം 502 രക്തസാക്ഷികളുടെ പട്ടിക അവതരിപ്പിച്ചിട്ടുണ്ട‌്. ഇനിയും തിരിച്ചറിയാൻ കഴിയാത്ത 45 മൃതദേഹം കൂടിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പണ്ഡിറ്റ‌് മദൻമോഹൻമാളവ്യയുടെ അന്വേഷണ റിപ്പോർട്ടിൽ ആറ‌ുമാസം പ്രായമുള്ള കൈകുഞ്ഞ‌് മുതൽ 90 വയസ്സ‌ുകാരൻ വൃദ്ധൻവരെ കൊല്ലപ്പെട്ടെന്ന‌് പരാമർശമുണ്ട‌്.

‘ ഇവിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണെന്ന‌് അവകാശപ്പെട്ട‌് ആരെങ്കിലുമൊക്കെ വരാത്ത ദിവസമില്ലെന്ന‌്’ –- 15 വർഷമായി ബാഗിലെ ഗൈഡായ ദീപക്ക‌് സേത്ത‌് പറയുന്നു.  രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന‌് ആവശ്യമുന്നയിച്ച‌് ബന്ധുക്കളെന്ന‌് അവകാശപ്പെടുന്ന ചിലർ സംഘംചേർന്ന‌് ബാഗിലേക്ക‌് പ്രതിഷേധപ്രകടനങ്ങളും നടത്താറുണ്ട‌്.

പരാതികൾക്ക‌് പരിഹാരം കാണുന്നില്ല
ബ്രിട്ടീഷ‌് ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായത്തിന‌് 100 വർഷം തികയുമ്പോഴും അവിടെ രക്തം ചിന്തിയവരുടെ യഥാർഥകണക്കും വിവരങ്ങളും കണ്ടെത്താൻ പ്രധാനമന്ത്രി അധ്യക്ഷനായ മെമ്മോറിയൽ ട്രസ‌്റ്റിന‌് കഴിഞ്ഞിട്ടില്ല. രാജ്യസ‌്നേഹത്തിന്റെ പേരിൽ ഊറ്റംകൊള്ളുന്ന സർക്കാരും പ്രധാനമന്ത്രിയും ഭരിക്കുന്ന അവസരത്തിലാണ‌് രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക‌് ഈ ഗതികേടുണ്ടായത‌്.

ദീർഘകാലത്തെ പോരാട്ടത്തെത്തുടർന്ന‌് 2008ൽ ജാലിയൻവാലാബാഗ‌് രക്തസാക്ഷികൾക്ക‌് സ്വാതന്ത്ര്യസമരസേനാനികളുടെ പദവി നൽകിയിരുന്നു. ‌എന്നാൽ, രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്ക‌് ഇതുവരെയും അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. 2010ൽ രക്തസാക്ഷികളുടെ ബന്ധുക്കൾക്ക‌് സർക്കാർ തിരിച്ചറിയൽ കാർഡ‌് വിതരണം ചെയ‌്തിരുന്നു. തിരിച്ചറിയൽ കാർഡ‌് കൊണ്ട‌് കാര്യമായ പ്രയോജനമൊന്നും ഇല്ലാത്തതിനെത്തുടർന്ന‌് ശഹീദ‌് പരിവാർ സമിതിയുടെ നേതൃത്വത്തിൽ വീണ്ടും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ രൂപീകരിച്ച സമിതി കുടുംബാംഗങ്ങളുടെ പരാതികൾ പരിഗണിച്ച‌് കേന്ദ്രസർക്കാരിന‌് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. 

‘മുൻ സർക്കാർ ചിലതെല്ലാം ചെയ‌്തു. ഇപ്പോഴത്തെ സർക്കാരിനോട‌് ആവശ്യങ്ങളെല്ലാം വിശദീകരിച്ച‌് പലപ്പോഴായി നിവേദനങ്ങൾ നൽകിയിട്ടുണ്ട‌്. നൂറാം വാർഷികം ആചരിക്കുന്ന അവസരത്തിലെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന‌് കരുതാം’–- ഇത‌് സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള സുകുമാർ മുഖർജിയുടെ പ്രതികരണം ഇതായിരുന്നു. നൂറാം വാർഷികം ആചരിക്കുന്ന സാഹചര്യത്തിലും ബാഗിൽ അറ്റക്കുറ്റപ്പണികളും അടിസ്ഥാനസൗകര്യവികസനവും നടക്കുന്നില്ലെന്ന‌് ദേശീയമാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട‌് ചെയ‌്തിരുന്നു. ജാലിയൻവാലാബാഗ‌് നൂറാംവാർഷികം വ്യാപകമായി ആഘോഷിക്കുമെന്ന‌് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നേരത്തെ അവകാശപ്പെട്ടിരുന്നു. തീയതി അടുത്തപ്പോൾ എന്തൊക്കെയാണ‌് മുഖ്യപരിപാടികളെന്ന‌് ചോദിച്ച‌് മാധ്യമങ്ങൾ ട്രസ‌്റ്റുമായി ബന്ധപ്പെട്ടു. ‘ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല’ –- എന്നായിരുന്നു ട്രസ‌്റ്റംഗം കൂടിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്വേത‌്മലിക്കിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ‌് അടുത്തതിനാലും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലും പ്രധാനമന്ത്രി ഉൾപ്പെടെ പ്രമുഖ നേതാക്കൾക്ക‌് ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പഞ്ചാബ‌് മുഖ്യമന്ത്രി ക്യാപ‌്റ്റൻ അമരീന്ദർസിങ്ങിന‌് ചടങ്ങിൽ പങ്കെടുക്കാമെന്ന‌് തെരഞ്ഞെടുപ്പ‌് കമീഷൻ ഉത്തരവിട്ടു. ഇതിനുപിന്നാലെയാണ‌് ഉപരാഷ്ട്രപതിയെക്കൂടി പങ്കെടുപ്പിച്ച‌് ചടങ്ങ‌് നടത്താൻ നീക്കമുണ്ടായത‌്. സ്വാതന്ത്ര്യസമരത്തിന‌് ഗതിവേഗവും ഊർജവുമേകിയ ജാലിയൻവാലാബാഗ‌് സുവർണക്ഷേത്രത്തിലെ സന്ദർശകർക്ക‌് വിശ്രമത്തിനുള്ള ഇടത്താവളം മാത്രമായി ചുരുങ്ങാതിരിക്കണമെങ്കിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ അനിവാര്യമാണ‌്.

 

ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചത‌് എം ബി രാജേഷ‌്
രാജ്യത്തിന‌് വേണ്ടി ജീവൻ ത്യജിച്ച അനശ്വരരക്തസാക്ഷികളുടെ ചരിത്രസ‌്മാരകത്തിന്റെ ശോചനീയനാവസ്ഥ ദേശീയ, അന്തർദേശീയ തലത്തിൽ ഉയർത്തിയത‌് പാലക്കാട്ട‌് നിന്നുള്ള സിപിഐ എം ലോക‌്സഭാംഗം എം ബി രാജേഷ‌്.

ജാലിയൻവാലാബാഗിലെ നൂറുകണക്കിന‌് രക്തസാക്ഷികളുടെ സ‌്മാരകം അവഗണിക്കപ്പെട്ടും ഉപേക്ഷിക്കപ്പെട്ടും സ്ഥിതിചെയ്യുന്നത‌് അക്ഷന്തവ്യമായ അപരാധമാണെന്ന‌് ചൂണ്ടിക്കാണിച്ച‌് എം ബി രാജേഷ‌് 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക‌് കത്ത‌് നൽകിയിരുന്നു. ജാലിയൻവാലാബാഗ‌് ട്രസ‌്റ്റിന്റെ ചെയർമാനെന്ന നിലയിൽ പ്രധാനമന്ത്രി വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും നവീകരണത്തിന‌് ആവശ്യമായ തുക അനുവദിക്കണമെന്നും രാജേഷ‌് കത്തിൽ ആവശ്യപ്പെട്ടു. ഈ കത്തിനെ തുടർന്നാണ‌് ദേശീയമാധ്യമങ്ങളുടെ ശ്രദ്ധ ജാലിയൻവാലാബാഗിന്റെ ശോചനീയാവസ്ഥയിലേക്ക‌് തിരിഞ്ഞത‌്.
 


പ്രധാന വാർത്തകൾ
 Top