12 August Wednesday

ജീവിതം തിരിച്ചുപിടിക്കാൻ ഇറ്റലി - വെനീസിൽനിന്ന് ജോൺ കെന്നഡി എഴുതുന്നു

ജോൺ കെന്നഡിUpdated: Saturday Jun 6, 2020

കോവിഡിന്റെ കരാള ഹസ്‌തങ്ങൾ ഞെരിച്ചുവീഴ്‌ത്തിയതിന്റെ ആഘാതത്തിൽ നിന്നും ഇറ്റലി പതുക്കെ മുക്‌തമാവുകയാണ്‌. കോവിഡ്‌ ഇറ്റലിക്കു സമ്മാനിച്ചത്‌ വലിയൊരു ജീവിതപാഠമാണ്‌. മരണം തൊട്ടടുത്തുവരെയെത്തിയതിന്റെ നടുക്കത്തിൽനിന്നും പലരും മോചിതരായിട്ടില്ല. ജീവനും ജീവിതവും തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിൽ പുതിയൊരു  ക്രമത്തിലേക്ക്‌ മാറുകയാണ്‌ ജനത. മരണത്തിന്റെയും രോഗവ്യാപനത്തിന്റെയും കണക്കുകളിൽ തീർത്തും ആശ്വസിക്കാൻ സമയമായിട്ടില്ല. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ നീങ്ങുന്നു. ഒന്നും പഴയതു പോലെയാവില്ലെന്ന തിരിച്ചറിവിലാണ്‌ കോവിഡിനൊപ്പം ഇറ്റലി ജീവിക്കാൻ പഠിക്കുന്നത്‌.

ലോക്ഡൗൺ അവസാനിച്ചുവെങ്കിലും മാനദണ്ഡങ്ങളും ഇറ്റാലിയൻ  സർക്കാരിന്റെ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടുതന്നെ ജനജീവിതം പഴയരീതിയിലേക്കു കൊണ്ടുവരാൻ ശ്രമിക്കുകയാണ് ജനങ്ങളും സർക്കാരും.  മാസ്‌കുകളും കൈയുറകളും ധരിക്കാതെ പുറത്തിറങ്ങാൻ പാടില്ല എന്നാണ് സർക്കാരിന്റെ നിർദേശം. സൂപ്പർമാർക്കറ്റുകളിൽ സാമൂഹ്യ അകലം പാലിക്കുന്നതിനോടൊപ്പം ഒരുമിച്ച്‌ എല്ലാവരെയും കയറാൻ അനുവദിക്കില്ല.  ബാറുകളിൽ  മദ്യപിക്കാൻ അനുവാദമില്ല. 

ആദ്യഘട്ടങ്ങളിൽ ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതി കൊടുത്തിരുന്നില്ല.  പിന്നീട്‌  ടെലിഫോണിലൂടെ  അനുമതി വാങ്ങി ഒരു സമയം ഒരാൾക്കുമാത്രം പ്രവേശനം എന്ന രീതിയിലാക്കി. കൊറോണ വ്യാപനം ലോക്ഡൗണിനുശേഷമുള്ള  ആദ്യഘട്ടങ്ങളിൽ ഒന്ന് വർധിച്ചുവെങ്കിലും പതിയെ മരണനിരക്ക് കുറയാൻ തുടങ്ങി.  എന്നിരുന്നാലും മെയ്‌ 26ന്‌ പുതുതായി 500 രോഗികൾ റിപ്പോർട്ട്‌ ചെയ്തു. ഫാർമസികളിൽ കൗണ്ടറിന്റെ വലിപ്പം അനുസരിച്ചുമാത്രമേ ആളുകൾക്ക് നിൽക്കാൻ അനുവാദമുള്ളൂ. തെരുവുകളെല്ലാം സജീവമായി.  ബസുകളിൽ ഒരു സീറ്റിൽ ഒരാളും തൊട്ടുപുറകിലെ സീറ്റിൽ സൈഡ് മാറി ഇരിക്കണം, തൊട്ടുപുറകിൽ ഇരിക്കാൻ പാടില്ല.  വേനൽക്കാല അവധി തുടങ്ങാനിരിക്കെ ഹോട്ടലുകൾ ബുക്ക്‌  ചെയ്ത ജനങ്ങളുടെ കാര്യത്തിൽ ഇതുവരെയും ഒരു അന്തിമ നിലപാട് എടുത്തിട്ടില്ല.  ബീച്ചുകൾ ജൂൺ പകുതിയോടെ തുറന്നേക്കും.  ബീച്ചുകൾ തുറന്നാൽ സർക്കാരും തുറക്കാതിരുന്നാൽ സംരംഭകരും ആശങ്കയിലാണ്.  ടൂറിസം വരുമാനത്തിന്റെ ഒരു പ്രധാന സ്രോതസ്സായ ഇറ്റലിയെ കൊറോണ വ്യാപനം വളരെയധികം ബാധിച്ചു. അന്തർദേശീയ വിമാന സർവീസ് പുനരാരംഭിക്കാതെ ഇറ്റലിയുടെ ടൂറിസംമേഖല പുഷ്ടിപ്പെടില്ല.  ഇപ്പോൾ സ്റ്റേറ്റ് വിട്ടുപോകാൻ പാടുള്ളതല്ല. നിയന്ത്രണങ്ങൾ ഒരു പരിധിവരെ  അവസാനിക്കുകയാണ്.  അതുകഴിഞ്ഞുള്ള കോവിഡ്  കേസിന്റെ വ്യാപനതോത്  കുറഞ്ഞാൽ സംസ്ഥാനംവിട്ടുള്ള വിമാനയാത്രയ്ക്ക് അനുമതി നൽകുമെന്നാണ് അറിയാൻ കഴിഞ്ഞത്.


 

ലോക്‌ഡൗണിനുശേഷം വ്യാവസായിക സ്ഥാപനങ്ങൾ ഒരു  പരിധിവരെ തുറന്നെങ്കിലും സാമൂഹ്യ അകലം പാലിച്ച്‌ ജോലി ചെയ്യണം. പല ചെറിയ  സ്ഥാപനഉടമകളും സ്ഥലപരിമിതിമൂലം സാമൂഹ്യ അകലം പാലിക്കാൻ പറ്റാത്തതുകൊണ്ട് തുറക്കാൻ കഴിയുന്നില്ല. രണ്ടുമാസമായി അടഞ്ഞുകിടന്ന ദേവാലയങ്ങൾ ജോൺ പോൾ രണ്ടാമന്റെ ശതാബ്ദി ദിനത്തിൽത്തന്നെ തുറന്നു.  അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു.  കൊറോണ വൈറസ് ഭീതിയിൽ അടച്ചിട്ടിരുന്ന ദേവാലയങ്ങൾ തുറക്കാൻ അധികാരികൾ തമ്മിലുള്ള ചർച്ചയിലൂടെ  ധാരണയായി. മെയ്‌ 18 മുതൽ നിബന്ധനകളോടെ തുറക്കാൻ ഉപാധിയായി. ദേവാലയവാതിലിലെ നിയന്ത്രണങ്ങളിൽ  ഓരോ പള്ളിയുടെയും പ്രവേശന കവാടത്തിൽ മാസ്കും ഗ്ലൗസും ധരിച്ച സന്നദ്ധപ്രവർത്തകർ ഉണ്ടായിരിക്കണം എന്നാണ്.  ഓരോ പള്ളിയുടെയും സ്ഥലപരിമിതികൾ മനസ്സിലാക്കി വിശ്വാസികളുടെ എണ്ണമെടുത്ത്‌ പ്രവേശനം അനുവദിക്കുക എന്നതാണ് അവരുടെ ദൗത്യം. രണ്ടു വാതിലുള്ള പള്ളികളിൽ പ്രവേശിക്കുന്നത് ഒരു വാതിലിലൂടെയും  ഇറങ്ങുന്നത് മറ്റേ വാതിലിലൂടെയും  ആയിരിക്കണം. കൂടാതെ, വിശ്വാസികൾ ഈ സമയം പരസ്പരം ഒന്നര മീറ്റർ അകലം കർശനമായി പാലിക്കണം. പള്ളിയിൽ പ്രവേശിക്കുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം. കൂടാതെ, പള്ളിയുടെ വാതിലിൽ വച്ചിരിക്കുന്ന സാനിറ്റൈസെർ  ഉപയോഗിച്ച് കൈകൾ നിർബന്ധമായും കഴുകണം.കുർബാന മധ്യേ സമാധാന ആശംസ കൈമാറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വൈദികൻ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യണം. നേർച്ചപ്പണം ഇരിപ്പിടങ്ങളിൽ നേരിട്ട്ചെന്ന് ശേഖരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇവിടെ പ്രതിപാദിച്ച എല്ലാ നിയമങ്ങളും പള്ളിയിൽ വച്ചു നടത്തപ്പെടുന്ന മാമോദീസാകൾക്കും വിവാഹങ്ങൾക്കും സംസ്കാരശുശ്രൂഷകൾക്കും ബാധകമാണ്. കൂടാതെ, സാധിക്കുന്നതും തുറന്ന സ്ഥലത്ത് ഈ ശുശ്രൂഷകൾ നടത്താൻ ശ്രദ്ധിക്കണം. ഞായറാഴ്ചകളിലും തിരുനാൾ ദിനങ്ങളിലും കർമങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും പ്രായമുളളവർക്കും ആരോഗ്യപ്രശ്നമുളളവർക്കും ഒഴിവുണ്ടെന്നുളള കാര്യം വിശ്വാസികളെ വൈദികർ അറിയിക്കണം.


 

ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുകൾ അനുവദിച്ചതിനുശേഷം നടത്തിയ ചർച്ചകളിലാണ് പളളികൾ തുറക്കുവാനുളള തീരുമാനത്തിലേക്ക് ഇറ്റാലിയൻ സർക്കാർ എത്തിയത്.  കൂടാതെ, ഒരു ശുഭവാർത്തയും ഇതോടൊപ്പം അറിയാൻ കഴിഞ്ഞത് കൊറോണവൈറസിനെതിരെ എലികളിൽ നടത്തിയ വാക്‌സിൻ പരീക്ഷണത്തിൽ ശരീരത്തിൽ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതായി റോമിലെ ലസാറോ  സ്പല്ലൻഴാനി  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്‌ഷ്യസ് ഡിസീസ് കണ്ടെത്തി.  കോറോണയുടെ വാക്‌സിൻ സെപ്തംബറോടെ ജനങ്ങളിലേക്കെത്തിക്കാമെന്നാണ് ഇറ്റാലിയൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്. ഇതും അതോടൊപ്പം ലോക്ഡൗണും നീങ്ങി ജനജീവിതം സാധാരണനിലയിലേക്കു നീങ്ങുന്നതും ഒരു ശുഭവാർത്തയായി കണ്ടുകൊണ്ടാണ് ഇറ്റലിയിലെ ഓരോ പുലരിയും.

(വെനീസിൽ താമസിക്കുന്ന കൊല്ലം സ്വദേശിയാണ് ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top