22 October Tuesday

പശ്ചിമേഷ്യയില്‍ പടയൊരുക്കം

ഡോ. പി ജെ വിൻസെന്റ‌്Updated: Thursday May 16, 2019


ഡോണൾഡ് ട്രംപിന്റെ സാമ്രാജ്യത്വ അധിനിവേശതന്ത്രങ്ങൾ പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുകയാണ്. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണയോടെ യുഎസ്-–-ഇസ്രയേൽ സഖ്യം ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിന് തുടക്കമായി. 1,20,000 സൈനികരെ ഗൾഫ് മേഖലയിലേക്കയച്ച് ഇറാൻ അധിനിവേശം ആരംഭിക്കാനുള്ള പദ്ധതി യുഎസ് ആക്ടിങ‌് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന് കൈമാറി. 2003-ൽ ഇറാഖ് ആക്രമിക്കാനും ഇത്രയും സൈനികരെയാണ് നിയോഗിച്ചത്. ഒരു മാസത്തിനുള്ളിൽ സേനാവിന്യാസം പൂർത്തിയാകും. പാട്രിയറ്റ് മിസൈൽ സംവിധാനം ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

ഒന്നും രണ്ടും ഗൾഫ് യുദ്ധകാലത്തേതിനു സമാനമായ സേനാ നീക്കമാണ് അമേരിക്ക നടത്തുന്നത്. പേർഷ്യൻ ഉൾക്കടലിൽ ബി52 ദീർഘദൂര ബോംബർ വിമാനങ്ങൾ നിരീക്ഷണപ്പറക്കൽ നടത്തി. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ, നാല് നശീകരണക്കപ്പൽ, പോർവിമാനങ്ങൾ എന്നിവ യുദ്ധസജ്ജമായി നിലയുറപ്പിച്ചു കഴിഞ്ഞു. ഇതിനിടെ യുഎഇയുടെ കിഴക്കൻ തീരത്തിനു സമീപം ഫുജൈറയിൽ നാലു സൗദി എണ്ണകപ്പലുകൾക്കു നേരെ ആക്രമണവുമായി. ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണം എണ്ണ ടാങ്കറുകൾ തകർക്കാനുള്ള ശ്രമമായിരുന്നുവെന്നും എന്നാൽ ആളപായമോ ഇന്ധന ചോർച്ചയോ ഉണ്ടായിട്ടില്ലെന്നും സൗദി എണ്ണമന്ത്രി അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള ഹൂതി ഭീകരസംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ യുഎഇയും അമേരിക്കൻ സൈന്യവും അന്വേഷണം ആരംഭിച്ചു. ഇറാനെ ആക്രമിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ അമേരിക്ക ആസൂത്രണംചെയ്ത നാടകമാണ് എണ്ണടാങ്കർ ആക്രമണമെന്നാണ് ഇറാൻ നിലപാട്.  "പശ്ചിമേഷ്യയിൽ സംഘർഷം സൃഷ്ടിക്കാൻ യുഎസ് എന്തും ചെയ്യുമെന്ന്' ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് സരീഫ് വ്യക്തമാക്കി.

ഇറാൻ ആണവകരാർ
ഇറാന്റെ ആണവപദ്ധതികൾ നിർത്തിവയ്ക്കാനും പകരം സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാനുമുള്ള നിർണായകമായ അന്താരാഷ്ട്ര കരാറായിരുന്നു P5 + 1 കരാർ അഥവാ ഇറാൻ ആണവകരാർ. യുഎൻ സുരക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളും യൂറോപ്യൻ യൂണിയനും ജർമനിയും ഇറാനും 2015- ജൂലൈ 14ന‌്  കരാറിൽ ഒപ്പിട്ടു. ഇറാനുമായി സഹകരണത്തിന്റെ പാത തേടാനുള്ള ഒബാമയുടെ നയത്തിന്റെ ഭാഗമായിരുന്നു ഇൗ കരാർ. "എക്കാലത്തേയും മോശപ്പെട്ട വ്യവസ്ഥകളുള്ള കരാർ' എന്നാണ് ഡോണൾഡ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. മാത്രമല്ല, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ കരാറിൽനിന്ന് പിൻവാങ്ങുമെന്നും 2015-ൽ ട്രംപ് പ്രഖ്യാപിച്ചു. 2018 മെയ് 8-ന് ഏകപക്ഷീയമായി അമേരിക്ക കരാറിൽനിന്ന് പിൻവാങ്ങി. 2018 നവംബർമുതൽ പഴയ ഉപരോധം തിരിച്ചുകൊണ്ടുവന്നു. ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു. എണ്ണ ഇറക്കുമതി കരാർ മെയ് മാസത്തിനുശേഷം പുതുക്കരുതെന്ന് യുഎസ് ഇന്ത്യയോടാവശ്യപ്പെട്ടിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ അമേരിക്കൻ നിലപാടിനെ തള്ളിക്കളഞ്ഞു. യുഎസ് ഉപരോധം മറികടക്കാൻ എണ്ണക്കച്ചവടത്തിന് ബാർട്ടർ മാതൃകയിലുള്ള സംവിധാനം ഏർപ്പെടുത്താനുള്ള ഇയു തീരുമാനം പക്ഷേ, നടപ്പായില്ല. ഉപരോധംമൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാൻ പകരം സംവിധാനം ഏർപ്പെടുത്താൻ രണ്ട് മാസത്തിനുള്ളിൽ തയ്യാറാകണമെന്ന് യൂറോപ്യൻ യൂണിയനോടാവശ്യപ്പെട്ടു. കരാർ നിലനിൽക്കെത്തന്നെ അതിലെ വ്യവസ്ഥകൾ പാലിക്കാൻ ഇയുവിനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ അധിക സമ്പുഷ്ട യുറേനിയം അന്താരാഷ്ട്ര മാർക്കറ്റിൽ വിൽക്കണമെന്നും അവ സംഭരിക്കരുതെന്നുമുള്ള കരാർ വ്യവസ്ഥയിൽനിന്ന് ഇറാൻ പിൻവാങ്ങി. മാത്രമല്ല, ആണവ പദ്ധതി പുനരാരംഭിക്കുമെന്ന സൂചനയും നൽകി.  "ഇറാനെ തകർക്കാൻ ഇറാനിൽ ബോംബിടുക' എന്ന് പ്രഖ്യാപിച്ച സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുംകൂടി ചേർന്നതോടെ ഇറാൻ ആക്രമണത്തിന് കളമൊരുങ്ങി.

ഷിയാ–--സുന്നി സംഘർഷം
പശ്ചിമേഷ്യയിൽ ഷിയാ അച്ചുതണ്ടിനെതിരെ രൂപപ്പെട്ട സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സുന്നി സഖ്യത്തെ മുൻനിർത്തിയാണ് ഇസ്രയേൽ-–-യുഎസ് കൂട്ടുകെട്ട് ഇറാനെതിരെ പടനയിക്കുന്നത്. ഇറാൻ, സിറിയ, ലബനിലെ ഹിസ്ബുള്ള, യമനിലെ ഹൂതികൾ, പലസ്തീനിലെ ഇസ്ലാമിക് ജിഹാദ്, ഇറാഖിലെ ഷിയാ ഭരണകൂടം എന്നിവയെല്ലാം ചേർന്ന വിപുലമായ ഷിയാ സഖ്യത്തെ ഇറാൻ നയിക്കുന്നു. വൻശക്തികളായ റഷ്യയും ചൈനയും ഇറാന് പിന്തുണ നൽകുന്നുണ്ട്. ഇറാന്റെ ഉയിർപ്പിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ കാർമികത്വത്തിൽ ഇസ്രയേൽ–-ഈജിപ്ത്–--സൗദി സഖ്യം രൂപംകൊണ്ടു. നിലവിൽ പലസ്തീൻ പോരാളികൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന രാജ്യം ഇറാനാണ്. അതുകൊണ്ട് മേഖലയിലെ ഇസ്രയേലിന്റെ ഒന്നാംനമ്പർ ശത്രുവാണ് അവർ. കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ തീവ്ര സയണിസ്റ്റും കടുത്ത ഇറാൻ വിരുദ്ധനുമായ ബെഞ്ചമിൻ നെതന്യാഹു അഞ്ചാംതവണ ഇസ്രയേൽ പ്രധാനമന്ത്രിപദത്തിലെത്തിയതോടെ ഇറാൻ ആക്രമണപദ്ധതിക്ക് വേഗതയേറി. ഏപ്രിൽ അവസാനം സിറിയയുടെ ഭാഗമായ ഗോലാൻ കുന്നുകൾ ഇസ്രയേലിനോട് കൂട്ടിച്ചേർത്തു. ഗാസയിൽനിന്ന് ഇറാൻ നിർമിത റോക്കറ്റുകൾ ഇസ്രയേലിനെതിരെ പ്രയോഗിച്ചു എന്നുചൂണ്ടിക്കാട്ടി ഗാസ ആക്രമണത്തിന് തുടക്കം കുറിച്ചു. ഹിസ്ബുള്ള, ഇസ്ലാമിക് ജിഹാദ്, ഹമാസ് എന്നീ സംഘങ്ങൾക്ക് ഇറാൻ റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) പിന്തുണയും പരിശീലനവും ആയുധങ്ങളും നൽകുന്നതായി ഇസ്രയേൽ ആരോപിച്ചു. യമനിലെ ഹൂതി ഭീകരർക്ക് പിന്തുണ നൽകുന്നത് ഐആർജിസി  ആണെന്ന് സൗദിയും വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായി ഐആർജിസിയെ  ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. ഈ ദിശയിലുള്ള ഇറാൻവിരുദ്ധ നീക്കങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നേരിട്ടുള്ള സൈനിക അധിനിവേശശ്രമം.

പശ്ചിമേഷ്യ യുദ്ധത്തിൽ മുങ്ങുമോ?
ഇറാനുമേൽ സമ്പൂർണ ആക്രമണമുണ്ടായാൽ ഷിയാസഖ്യവും ഇറാനോട് വിധേയത്വം പുലർത്തുന്ന സായുധസംഘങ്ങളും ശക്തമായി തിരിച്ചടിക്കുമെന്ന കാര്യം നിസ്തർക്കമാണ്. ഗൾഫിലെ അമേരിക്കൻ സംരക്ഷിത രാഷ്ട്രങ്ങൾ, ഇസ്രയേൽ, അമേരിക്കൻ കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കപ്പെടും. ഇറാഖ് അധിനിവേശംപോലെ ലളിതമായിരിക്കില്ല കാര്യങ്ങൾ. മേഖലയിലെ സൈനിക സൂപ്പർ പവറാണ് ഇറാൻ. കൂടാതെ, റഷ്യയുടെയും ചൈനയുടെയും പിന്തുണയും അവർക്കുണ്ട്. ആണവശേഷിയും അവർ നേടിയിട്ടുണ്ട്. വ്യക്തമായ സ്ഥിരീകരണമില്ലെങ്കിലും ഇറാന്റെ കൈവശം ആണവായുധങ്ങളുമുണ്ട്.

യുദ്ധത്തിന്റെ സാമ്പത്തികപ്രത്യാഘാതം ഗുരുതരമായിരിക്കും. ഗൾഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമൂസ് കടലിടുക്കിലൂടെ 1.7 കോടി ബാരൽ എണ്ണയാണ് പ്രതിദിനം കടന്നുപോകുന്നത്. പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ പ്രകൃതിവാതക കയറ്റുമതിയുടെ 40 ശതമാനം വരുമിത്. ആക്രമിക്കപ്പെട്ടാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദിയുടെ കിഴക്കൻ എണ്ണപ്പാടങ്ങളിൽനിന്ന് ചെങ്കടൽ തുറമുഖപട്ടണമായ യാൻബുവിലേക്ക് പൈപ്പ‌്‌ലൈൻ വഴി എണ്ണ എത്തിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. യുദ്ധം തുടങ്ങിയാൽ ഈ പൈപ്പുലൈനുകൾ ആക്രമിക്കാനുള്ള ശേഷി ഇറാനും ഹൂതികൾക്കുമുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച 1200 കിലോമീറ്റർ വരുന്ന എണ്ണ പൈപ്പ‌്‌ലൈനിൽ രണ്ട് സ്റ്റേഷനിലുണ്ടായ സ്ഫോടകവസ്തു നിറച്ച ഡ്രോൺ ആക്രമണം ഇതിന്റെ സൂചനയാണ്. ഇറാൻ ആക്രമണം "ആഗോള എണ്ണ വ്യവസ്ഥ'യെ തകർക്കും. പശ്ചിമേഷ്യയെ വറച്ചട്ടിയാക്കും.  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകസമ്പദ്ഘടനയെ നയിക്കുകയും ചെയ്യും.

എണ്ണ വിതരണത്തിൽ തടസ്സം നേരിടുകയും വില കുതിച്ചുയരുകയും  ചെയ്യുന്നതോടെ ഇന്ത്യൻ സമ്പദ് രംഗം തകർന്നടിയും. ജിസിസി രാജ്യങ്ങളിലുള്ള 60 ലക്ഷത്തിൽപ്പരം ഇന്ത്യക്കാരുടെ സുരക്ഷയും പ്രശ്നമാകും. നിലവിൽ ചൈന കഴിഞ്ഞാൽ ഇറാനിൽനിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ഛബഹാർ തുറമുഖ പദ്ധതിയും ഇറാൻ-–-അഫ്ഗാനിസ്ഥാൻ–-ഇന്ത്യ സഹകരണവും ശക്തമായി മുന്നേറുന്ന ഘട്ടത്തിൽ അമേരിക്കൻ സമ്മർദത്തിനു കീഴ്പ്പെട്ട് ഇറാൻവിരുദ്ധ നിലപാടിലേക്ക് ഇന്ത്യ മാറുന്നത് ആത്മഹത്യാപരമായിരിക്കും.

ട്രംപിസത്തിന്റെ അപഹാരത്തിന് അവസാനമില്ല എന്ന് ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ട് പശ്ചിമേഷ്യ സംഘർഷത്തിൽ മുങ്ങുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായും സാമ്പത്തിക-സാംസ്കാരിക തലങ്ങളിലും ഏറ്റവും നിർണായകമായ ഗൾഫ് മേഖലയിൽ സാമ്രാജ്യത്വ അധിനിവേശം ഉണ്ടാകുന്നത് ഏറെ ആശങ്കാകുലമാണ്.


പ്രധാന വാർത്തകൾ
 Top