18 September Saturday

വെല്ലുവിളികൾ നേരിട്ട്‌ പ്രതിരോധമുറപ്പിക്കും - ആരോഗ്യ, വനിതാ–-ശിശുക്ഷേമ മന്ത്രി 
വീണ ജോർജ്‌ സംസാരിക്കുന്നു

തയ്യാറാക്കിയത്‌: അശ്വതി ജയശ്രീUpdated: Tuesday Jun 29, 2021

ഒന്നരവർഷത്തോളമായി കോവിഡ്‌ പ്രതിരോധമെന്ന വലിയ ലക്ഷ്യത്തിന്‌ 
പിന്നാലെയാണ്‌ നാം. ഇപ്പോൾ രണ്ടാം തരംഗത്തെയും അതിജീവിക്കുകയാണ്‌ 
കൊച്ചുകേരളം. ഈ പ്രതിരോധ പ്രവർത്തനത്തിൽ നമ്മെ‌ മുന്നിൽനിന്ന്‌ 
നയിക്കുകയെന്ന വലിയ ഉത്തരവാദിത്തം ആരോഗ്യവകുപ്പിന്റേതാണ്‌. 
അതിനായി അക്ഷീണം പ്രവർത്തിക്കുന്ന ആയിരക്കണക്കിനുപേരുടെ 
നേതൃത്വനിരയിൽനിന്ന് ആരോഗ്യ, വനിതാ–-ശിശുക്ഷേമ  മന്ത്രി 
വീണ ജോർജ്‌ സംസാരിക്കുന്നു. കോവിഡ്‌ പ്രതിരോധവും 
ലോകശ്രദ്ധ നേടുന്ന ആരോഗ്യസംവിധാനങ്ങളും ഭൗതിക 
സാഹചര്യങ്ങളും ഉറപ്പാക്കുകയാണ്‌ വരും ദിവസങ്ങളിൽ 
ലക്ഷ്യമെന്ന്‌ മന്ത്രി. 

നിലവിലെ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നത്‌ വെല്ലുവിളിയായി തോന്നിയോ
ആരോഗ്യവകുപ്പിലേക്ക്‌ നാലുഭാഗത്തുനിന്നും ശ്രദ്ധയുണ്ടാകുമെന്ന കാര്യത്തെപ്പറ്റി ചിന്തിക്കാൻ സമയം കിട്ടിയിട്ടില്ല എന്നതാണ്‌ യാഥാർഥ്യം. കാരണം മുന്നിൽ നിറയെ വെല്ലുവിളികളും പ്രതിസന്ധികളുമാണ്‌. അതിലാണ്‌ മന്ത്രിയെന്ന നിലയിൽ ശ്രദ്ധയുള്ളത്‌. കോവിഡ്‌ പ്രതിരോധവും രണ്ടാംതരംഗത്തെ അതിജീവിക്കുന്നതിനുള്ള പ്രവർത്തനങ്ങളും മൂന്നാംതരംഗത്തെ നേരിടാനുള്ള പദ്ധതികളും തയ്യാറാക്കുന്നു. അതുകൊണ്ടുതന്നെ സ്വയം ഒരു പ്രത്യേക തയ്യാറെടുപ്പിനുള്ള സമയമോ ചിന്തയോ ഉണ്ടായിട്ടില്ല.

കോവിഡ്‌ വ്യാപനത്തിന്റെ രണ്ട്‌ തരംഗത്തെ വിജയകരമായി അതിജീവിച്ചാണ്‌ മുന്നോട്ടുപോകുന്നത്‌. മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ എന്തൊക്കെ കാര്യങ്ങൾക്കാണ്‌ പ്രാധാന്യം നൽകുക?
രോഗസ്ഥിരീകരണ നിരക്ക്‌ കുറച്ചുകൊണ്ടുവന്ന്‌ കോവിഡിനെ പ്രതിരോധിക്കുകയാണ്‌ നമ്മുടെ ശ്രമം. രണ്ടാം തരംഗം ഏറ്റവും ഉയർന്നത്‌ മെയ്‌ പന്ത്രണ്ടോടെയാണ്‌. ഇനിയും മൂന്നാം തരംഗത്തിലേക്ക്‌ നാം പോയിട്ടില്ല. രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം ഇനിയും കുറയ്ക്കണം. മൂന്നാം തരംഗം കേരളത്തെ ബാധിക്കുന്നതിനുമുമ്പുതന്നെ ആരോഗ്യസംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ്‌ ലക്ഷ്യം. ഈ ഘട്ടത്തിൽ കുട്ടികൾക്ക്‌ കൂടുതൽ ശ്രദ്ധ കൊടുക്കാനാണ്‌ പദ്ധതി. എല്ലാവരിലേക്കും വാക്സിൻ എത്തിക്കുകയാണ്‌ മറ്റൊരു ലക്ഷ്യം. പാലിയേറ്റീവ്‌ കെയർ സംഘടനകളുടെ സഹായത്തോടെ കിടപ്പുരോഗികൾക്ക്‌ വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്‌. രോഗവ്യാപനം സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ സാമൂഹ്യബോധവൽക്കരണത്തിലൂടെ പൊതുജനങ്ങളിലെത്തിക്കാനും ശ്രദ്ധ കൊടുക്കുന്നുണ്ട്‌. മൂന്നാം തരംഗമെന്ന വെല്ലുവിളിയെ ഒറ്റക്കെട്ടായി നേരിടണം.

മൂന്നാം തരംഗത്തെ നേരിടാൻ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന്‌ ആരോഗ്യവകുപ്പ്‌ പ്രതീക്ഷിക്കുന്ന സമീപനം എന്താണ്‌?
രണ്ടാം തരംഗത്തിൽ വ്യാപനശേഷി കൂടുതലുള്ള ഡെൽറ്റ വൈറസാണ്‌ രോഗികളിൽ സ്ഥിരീകരിച്ചത്‌. കോവിഡ്‌ വന്നവരിൽ ‌കോവിഡാനന്തര രോഗങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ കോവിഡ്‌ വരാതെ ശ്രദ്ധിക്കുകയെന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിൽ പ്രധാനപ്പെട്ട കർത്തവ്യം പൊതുജനങ്ങളുടേതാണ്‌. വീടുകളിൽ ക്ലസ്റ്റർ ഉണ്ടാകുന്നത്‌ തടയാൻ ഓരോരുത്തരും ശ്രദ്ധിക്കണം. സ്ഥിരമായി പുറത്തുപോകുന്നവർ തിരികെ എത്തുമ്പോൾ കുട്ടികളുമായോ പ്രായമായവരുമായോ സമ്പർക്കത്തിൽ വരാതെ സ്വയം ശ്രദ്ധിക്കണം. സ്വയം രോഗബാധിതരാകുന്നില്ലെന്നും തന്നിൽനിന്ന്‌ മറ്റൊരാളിലേക്ക്‌ രോഗം പകർത്തില്ലെന്നും തീരുമാനിക്കണം. മൂന്നാം തരംഗത്തിൽ ഡെൽറ്റ വൈറസിനേക്കാൾ വ്യാപനശേഷിയുള്ള ജനിതകവ്യതിയാനം സംഭവിച്ച വൈറസ്‌ പടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ രോഗം വരാതെ ശ്രദ്ധിക്കുക. അടിസ്ഥാന പ്രതിരോധ പ്രവർത്തനങ്ങൾ തുടരണം. കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണം.

വാക്സിൻ വിതരണം നമുക്ക്‌ എപ്പോൾ പൂർത്തിയാക്കാൻ കഴിയും. കേന്ദ്രസർക്കാർ കാണിക്കുന്ന കാലതാമസം പ്രതികൂലമാകുമോ?
ലഭിച്ച ഡോസുകളേക്കാൾ കൂടുതൽ വിതരണം ചെയ്യാൻ നമുക്ക്‌ സാധിച്ചിട്ടുണ്ടെന്നത്‌ ഏറെ അഭിമാനകരമായ കാര്യമാണ്‌. വാക്സിന്റെ ലഭ്യതയനുസരിച്ച്‌ മാത്രമേ ഇക്കാര്യത്തിൽ ഒരു സമയക്രമം വ്യക്തമാക്കാനാകൂ. എങ്കിലും സംസ്ഥാനം ചില ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്‌ വാക്സിൻ വിതരണം ചെയ്യുന്നത്‌. കേന്ദ്രം വാക്സിൻ നയം തിരുത്തണമെന്നും എല്ലാവർക്കും സൗജന്യവാക്സിൻ ഉറപ്പാക്കണമെന്നും ഏകകണ്ഠ പ്രമേയം പാസാക്കിയ നിയമസഭയാണ്‌ കേരളത്തിന്റേത്‌. അതിന്‌ നാളുകൾക്കുശേഷമാണ്‌ എല്ലാവർക്കും സൗജന്യവാക്സിൻ വിതരണം ചെയ്യുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞത്‌. 21 മുതൽ വാക്സിൻ ലഭ്യമാക്കുമെന്നാണ്‌ കേന്ദ്രം അറിയിച്ചിട്ടുള്ളത്‌. അതുപ്രകാരം കിട്ടുന്നതനുസരിച്ച്‌ എത്രയും വേഗം എല്ലാവരിലേക്കും വാക്സിൻ എത്തിക്കും.

വർധിച്ചുവരുന്ന വൈറസ്‌ രോഗങ്ങളെ പ്രതിരോധിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ എന്തെങ്കിലും പദ്ധതികൾ കൊണ്ടുവരുമോ?
ശരിയാണ്‌...സംസ്ഥാനത്ത്‌ വൈറസ്‌ കാരണമുള്ള രോഗങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്‌. ഇക്കാര്യത്തിൽ കൂടുതൽ ആലോചനകളും പ്രതിരോധപ്രവർത്തനങ്ങളുടെ രൂപീകരണവും ഉണ്ടായിക്കഴിഞ്ഞു. ഒരു പകർച്ചവ്യാധി സ്ഥിരീകരിച്ചാൽ സ്വാഭാവികമായും നമുക്ക്‌ അത്യാവശ്യമായി വരിക രോഗിയെ ചികിത്സിക്കാനുള്ള ഐസൊലേഷൻ വാർഡുകളാണ്‌. ഇത്‌ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾമുതൽ താലൂക്ക്‌, ജില്ലാ ആശുപത്രികളിലും യാഥാർഥ്യമാക്കാനുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു. നിലവിൽ മെഡിക്കൽ കോളേജുകളിൽ ഈ സൗകര്യമുണ്ട്‌. രോഗം സ്ഥിരീകരിക്കുന്നയാൾ എവിടെയാണോ അവിടെത്തന്നെ ചികിത്സ ഉറപ്പാക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ്‌ പദ്ധതിരേഖ തയ്യാറാക്കി. എത്രയും വേഗം ഇത്‌ യാഥാർഥ്യമാക്കും. ഗ്രാമ, നഗര വ്യത്യാസമില്ലാതെ വൈറസ്‌ രോഗങ്ങൾക്കുള്ള ചികിത്സ ഇതിലൂടെ സാധ്യമാകും. എല്ലാ രോഗത്തിനും വാക്സിനാണ്‌ പ്രതിവിധി. അതിന്റെ നിർമാണപ്രവർത്തനം‌ കേരളത്തിനുള്ളിൽത്തന്നെ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ നാം നേരത്തേ ആരംഭിച്ചു. മൂന്നാമതായി വൈറസ്‌ രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ്‌. കൊറോണ വൈറസിന്റെ കാര്യത്തിൽ ജനിതകവ്യതിയാനം വലിയ പ്രശ്നമാണ്‌. ഇതടക്കം വിശദപഠനത്തിന്‌ വിധേയമാക്കാൻ ഇത്തരം ഗവേഷണങ്ങൾ ശക്തിപ്പെടുത്തും. ഇതിനുള്ള ഭൗതിക സാഹചര്യങ്ങൾ സർക്കാർ ഒരുക്കും.

കോവിഡ്‌ മരണങ്ങൾ റിപ്പോർട്ടുചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെപ്പറ്റി എന്താണ്‌ പറയാനുള്ളത്‌?
കോവിഡ്‌ മരണങ്ങൾ ബോധപൂർവം റിപ്പോർട്ട്‌ ചെയ്യാത്ത സാഹചര്യമുണ്ടെന്ന ഒരു പ്രചാരണം പല ഭാഗങ്ങളിൽ നിന്നുണ്ടായിരുന്നു. ഇത്തരം പ്രചാരണങ്ങളെ ഒഴിവാക്കി മരണ റിപ്പോർട്ടിങ്‌ സുതാര്യമാക്കും. അതിനായി കോവിഡ്‌ മരണം റിപ്പോർട്ട്‌ ചെയ്യുന്ന കാര്യത്തിൽ ഒരു വികേന്ദ്രീകൃത സംവിധാനത്തിന്‌ സംസ്ഥാനം രൂപം കൊടുത്തുകഴിഞ്ഞു. എന്നാൽ, മരണം റിപ്പോർട്ട്‌ ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാനാണ്‌ ഓൺലൈൻ വികേന്ദ്രീകൃത സംവിധാനം തയ്യാറാക്കിയത്‌. പരമാവധി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട്‌ ചെയ്യുക എന്നതാണ്‌ ലക്ഷ്യം. കുറച്ചുകൂടി സുതാര്യമായ രീതിയാണിത്‌. ഡോക്ടർമാർക്കുതന്നെ മരണം ഓൺലൈനിൽ റിപ്പോർട്ട്‌ ചെയ്യാൻ ഇതിലൂടെ സാധിക്കും.

കോവിഡ്‌ പ്രതിരോധത്തിനപ്പുറം കേരളത്തിലെ ആരോഗ്യമേഖലയെയും സർക്കാർ ആരോഗ്യകേന്ദ്രങ്ങളെയും ലോകത്തിന്‌ മാതൃകയാക്കാൻ എന്തൊക്കെ നടപടികൾ പ്രതീക്ഷിക്കാം?
ആരോഗ്യവകുപ്പും വനിതാ ശിശുവികസന വകുപ്പും വളരെയേറെ ശ്രദ്ധയും ഇടപെടലും ആവശ്യമുള്ള രണ്ട്‌ വകുപ്പാണ്‌. അടുത്ത അഞ്ചു വർഷത്തിൽ ഈ രണ്ട്‌ വകുപ്പിനെയും കൂടുതൽ മെച്ചപ്പെടുത്തുകതന്നെയാണ്‌ ലക്ഷ്യം. കോവിഡ്‌ പ്രതിരോധത്തിനാണ്‌ ഇപ്പോൾ പ്രാധാന്യം നൽകുന്നത്‌. കൂടാതെ, ആയുഷ്‌ വകുപ്പുമായി സഹകരിച്ച്‌ കണ്ണൂരിൽ അന്താരാഷ്‌ട്ര ആയുർവേദ സെന്ററിന്റെ നിർമാണം ഉടൻ ആരംഭിക്കും. അഞ്ചുവർഷത്തിനുള്ളിൽ പൂർത്തിയാക്കി രാജ്യാന്തര തലത്തിൽ ശ്രദ്ധകിട്ടുന്ന കേന്ദ്രമാക്കും. പ്രമേഹമടക്കമുള്ള ജീവിതശൈലീരോഗങ്ങൾ കേരളത്തിൽ വളരെ കൂടുതലാണ്‌. രാജ്യത്തിന്റെ പ്രമേഹതലസ്ഥാനമാണ്‌ കേരളം.

യുവാക്കളെ ഈ രോഗങ്ങളുടെ പിടിയിൽനിന്ന്‌ മുക്തരാക്കാനുള്ള പദ്ധതിയുണ്ടാകും. എന്തുകൊണ്ട്‌ ഇത്രയധികം പ്രമേഹരോഗികളുണ്ടായി എന്നതുസംബന്ധിച്ച ഒരു പഠനം നടത്തും. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ്‌ കൂടുതൽ ശ്രദ്ധ പുലർത്തും. കോവിഡ്‌ രോഗികളായ പ്രമേഹബാധിതരിൽ മരണനിരക്ക്‌ കൂടുതലുണ്ടായത്‌ ആശങ്കയായിരുന്നു. അതിനാൽ ഈ വിഷയത്തിൽ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കും. വനിതാശിശുവികസന വകുപ്പുകൂടി കൈകാര്യം ചെയ്യുന്നുണ്ട്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ‌വകുപ്പ്‌ രൂപീകരിച്ചത്‌. ഇനിയും കൂടുതൽ പദ്ധതികൾ ഇതിന്റെ ഭാഗമായി രൂപീകരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top