06 October Thursday

പൊതുമേഖലയ്‌ക്ക്‌ മാസ്‌റ്റർ പ്ലാൻ - വ്യവസായ മന്ത്രി പി രാജീവ്‌ ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽനിന്ന്‌

തയ്യാറാക്കിയത്‌: മിൽജിത്‌ രവീന്ദ്രൻUpdated: Tuesday Jun 22, 2021

വ്യവസായ വകുപ്പിന്റെ ചുമതലയേറ്റ്‌ ദിവസങ്ങൾക്കകമാണ്‌ മന്ത്രി പി രാജീവ്‌ കോവിഡ്‌ ബാധിതനായി ആശുപത്രിയിലായത്‌. ഒരാഴ്‌ച മെഡിക്കൽ കോളേജിലെ ആശുപത്രി മുറി മന്ത്രി ഓഫീസായി. തിരക്കുകളൊഴിവാക്കി വകുപ്പിനെക്കുറിച്ച്‌ വിശദമായി പഠിക്കാനും വിവിധ മേഖലകളിലുള്ളവരുമായി ചർച്ച നടത്താനുമാണ്‌ ഈ സമയം ഉപയോഗപ്പെടുത്തിയത്‌. ഓൺലൈൻ യോഗങ്ങൾ, വകുപ്പുതല റിവ്യൂ, ഇ ഫയൽ സംവിധാനത്തിലൂടെ ഫയൽ നോക്കൽ, ചികിത്സ ഒക്കെയായി ഒരാഴ്‌ച പിന്നിട്ടപ്പോൾ പരിശോധനാഫലം നെഗറ്റീവ്‌. വീട്ടിൽ നിരീക്ഷണത്തിൽ തുടരുമ്പോഴും ഔദ്യോഗികചുമതലകൾ ഇടവേളയില്ലാതെ നിർവഹിക്കുന്നു. ഇതിനിടയിൽ ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽനിന്ന്‌.
 

വ്യവസായ വാണിജ്യ മേഖലകളിൽ കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധി എങ്ങനെ മറികടക്കും?
കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാവശ്യമായ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. കഴിഞ്ഞ സർക്കാരിന്റെ സമയത്തുതന്നെ വ്യവസായ മേഖലയ്‌ക്ക്‌ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിച്ചിരുന്നു. ഈ ബജറ്റിലെ പ്രഖ്യാപനങ്ങളുടെകൂടി അടിസ്ഥാനത്തിൽ സൂക്ഷ്‌മ ചെറുകിട ഇടത്തരം  മേഖലയ്‌ക്കടക്കമുള്ള പദ്ധതി പ്രഖ്യാപിക്കും. ആലോചനകൾ നടക്കുന്നു. വൈകാതെ പ്രഖ്യാപനമുണ്ടാകും.

എംഎസ്‌എംഇ മേഖലയിൽ സംസ്ഥാനം ഏറെ മുന്നോട്ടുപോയിട്ടുണ്ട്‌. ഈ മേഖലയുടെ പ്രസക്തി?
എംഎസ്‌എംഇ രംഗത്ത്‌ വലിയ മുന്നേറ്റം സംസ്ഥാനത്തുണ്ടായിട്ടുണ്ട്‌. അതീവ ശ്രദ്ധയോടെയാണ്‌ ഈ രംഗത്തെ കാണുന്നത്‌. അഞ്ചു വർഷത്തിനുള്ളിൽ പുതിയ മൂന്നു ലക്ഷം യൂണിറ്റ്‌ രൂപീകരിക്കാനാണ്‌ ശ്രമം. അതിനുള്ള പ്രവർത്തനം നടക്കുന്നു. എംഎസ്‌എംഇകൾക്കാവശ്യമായ സൗകര്യങ്ങൾ സർക്കാർ പരമാവധിയൊരുക്കും. പുതിയ മേഖലകളിൽ പ്രവർത്തനം വിപുലമാക്കും. ഓരോ ജില്ലയിലും നേരിടുന്ന പ്രശ്‌നങ്ങൾ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ കണ്ടെത്തും. വ്യവസായം തുടങ്ങണമെന്ന്‌ ആഗ്രഹിച്ചുവരുന്നവരെ കൈപിടിച്ച്‌ സഹായിക്കുക എന്നതാണ്‌ നിലപാട്‌. സാങ്കേതികവിദ്യാ സഹായമടക്കമുള്ള സൗകര്യങ്ങൾ സർക്കാരിൽനിന്നുണ്ടാകും. നിലവിലെ ഏകജാലകസംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും. കൃഷി അധിഷ്‌ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളുടെ യൂണിറ്റുകൾക്ക്‌ പ്രാധാന്യം നൽകും. ഇത്‌ കർഷകനും ഗുണംചെയ്യും. കൂടുതൽ തൊഴിലും സൃഷ്ടിക്കും. ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിയിൽ ഈ വർഷം 104 യൂണിറ്റ്‌ തുടങ്ങും. ഭക്ഷ്യസംസ്‌കരണം, സമുദ്രോൽപ്പന്ന സംസ്‌കരണം എന്നിവയിലെ സാധ്യത പ്രയോജനപ്പെടുത്തും. വൈപ്പിനിൽ പോർട്ട്‌ ട്രസ്‌റ്റിന്റെ ഭൂമിയിൽ മറൈൻ ഫുഡ്‌ പ്രോസസിങ്ങിന്‌ പുതിയ സംവിധാനം ആലോചനയിലുണ്ട്‌. ഇലക്‌ട്രോണിക്‌ വ്യവസായങ്ങൾക്കും വലിയ സാധ്യതയുണ്ട്‌. കെൽട്രോണിനെ കൂടുതൽ ശക്തിപ്പെടുത്തും. കൂടുതൽ നാനോ യൂണിറ്റുകളും ആലോചനയിലുണ്ട്‌.

കോവിഡ്‌ വ്യവസായ മേഖലയിൽ സാധ്യതകളും തുറന്നിടുന്നുണ്ട്‌. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയുടെ നിർമാണമാണ്‌ പ്രധാനം?
കിൻഫ്രയും കെഎസ്‌ഐഡിസിയും ചേർന്നുള്ള മെഡിക്കൽ എക്യൂപ്‌മെന്റ്‌ പാർക്ക്‌ വരുന്നുണ്ട്‌. പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നു. ഇതിന്‌ കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ട്‌. കേരളത്തിനാവശ്യമായ മരുന്നുകൾ–- സർക്കാർ സംവിധാനത്തിലൂടെ നൽകുന്നത്‌ എത്രമാത്രം കെഎസ്‌ഡിപിയിൽ ഉൽപ്പാദിപ്പിക്കാനാകും എന്നാണ്‌ നോക്കുന്നത്‌. ഇതേക്കുറിച്ച്‌ പഠനം നടത്തുന്നുണ്ട്‌.

നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ കേരളം ഏറെ മുന്നോട്ടുപോയിട്ടുണ്ട്‌. എന്നാൽ, പ്രതീക്ഷിച്ച നിലയിലേക്ക്‌ എത്തിയോ?
നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയിൽ നല്ല മുന്നേറ്റമുണ്ടായിട്ടുണ്ട്‌. രാജ്യത്താകെ നോക്കുമ്പോൾ നാം കുറച്ച്‌ പിന്നിലാണ്‌. ഈ വർഷംതന്നെ ആദ്യ പത്തു സംസ്ഥാനത്തിലുൾപ്പെടാനാണ്‌ ശ്രമം. കേന്ദ്രത്തിന്റെ റാങ്കിങ്ങിൽ പിന്നോട്ടുപോകാൻ, ഭൂമി ലഭ്യതയടക്കം കേരളത്തിന്റെ ചില സവിശേഷ സാഹചര്യങ്ങളും കാരണമാകുന്നുണ്ട്‌. നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിയും എന്നുതന്നെയാണ്‌ കാണുന്നത്‌. അനുമതി ഇല്ലാതെ വ്യവസായം തുടങ്ങുകയും മൂന്നു വർഷത്തിനുള്ളിൽ അനുമതി നേടാനും ഇപ്പോൾ കഴിയും. അതിലും ചില പരാതികളുണ്ട്‌.  ഇപ്പോഴും വ്യവസായങ്ങൾക്ക്‌ അനുമതി നൽകേണ്ടത്‌ തദ്ദേശസ്ഥാപനങ്ങൾ അടക്കം പല വകുപ്പുകളാണ്‌.  ആദ്യ മന്ത്രിസഭായോഗംതന്നെ ഇക്കാര്യം പരിഗണിച്ചിരുന്നു. വ്യവസായങ്ങൾ അനുമതി നൽകുന്നതടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന നിയമപരമായ പിൻബലമുള്ള സംവിധാനമാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതിനുള്ള കരടുബിൽ തയ്യാറായിക്കഴിഞ്ഞു. അനുമതികൾ എല്ലാം ഓൺലൈൻ സംവിധാനത്തിലേക്ക്‌ മാറും. ഈസ്‌ ഓഫ്‌ ഡൂയിങ്‌(ബിസിനസ്സ്‌ എന്ന്‌ വേണ്ടേ))) കൈകാര്യം ചെയ്യാൻ മാത്രമായി കോർ കമ്മിറ്റി രൂപീകരിക്കും. കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയും ഇതിന്റെ ഭാഗമായ ഗിഫ്‌റ്റ്‌ സിറ്റിയും വലിയ സാധ്യതയാണ്‌ തുറന്നിടുന്നത്‌.

പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കുറച്ച്‌ മൊത്തത്തിൽ ലാഭത്തിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. എന്നാൽ, ഇപ്പോഴും പകുതിയോളം സ്ഥാപനങ്ങൾ നഷ്ടത്തിലാണ്‌?
കോവിഡ്‌ പശ്‌ചാത്തലത്തിൽ വ്യവസായങ്ങൾ പൊതുവെ നേരിടുന്ന പ്രതിസന്ധി പൊതുമേഖലാ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്നുണ്ട്‌. പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴു വിഭാഗമാക്കി മാസ്‌റ്റർ പ്ലാൻ തയ്യാറാക്കും. സംസ്ഥാനത്ത്‌ ആദ്യമായാണിത്‌. ഓരോ സ്ഥാപനത്തിനുമുള്ള മാസ്‌റ്റർ പ്ലാൻ തയ്യാറാക്കും. വൈവിധ്യവൽക്കരണവും ആധുനികവൽക്കരണവും ഉൾപ്പെടുന്ന പ്ലാനാണ്‌ തയ്യാറാക്കുക. ഇതിന്റെ അടിസ്ഥാനത്തിലാകും സർക്കാരിൽനിന്നുള്ള സാമ്പത്തിക പിന്തുണ ലഭ്യമാക്കുക. ഒരിക്കൽ സഹായം നൽകിക്കഴിഞ്ഞാൽ സ്ഥാപനങ്ങൾ പിന്നീട്‌ സ്വയംപര്യാപ്‌തമാകണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന്‌ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ രൂപീകരിക്കും. എംഡിമാരുടെ ഒഴിവുകൾ ഉടൻ നികത്തും.

കേന്ദ്രം വിൽപ്പനയ്‌ക്കുവച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കാനുള്ള നടപടി?
എച്ച്‌എൻഎൽ, ബെൽ എന്നിവയുടെ ഏറ്റെടുക്കൽ പ്രക്രിയ ഈ മാസം പൂർത്തിയാകും. എച്ച്‌എൻഎൽ പുതിയ കമ്പനിയാകും. ഉൽപ്പാദനം എങ്ങനെയാകണമെന്ന്‌ ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. ബാക്കി സ്ഥലം സർവേ നടത്തി മാർക്ക്‌ ചെയ്യും. പുതിയ റബർ കമ്പനിയാണ്‌ ഉദ്ദേശിക്കുന്നത്‌.  നൂറേക്കർ സ്ഥലത്ത്‌ പുതിയ വ്യവസായങ്ങൾ ആരംഭിക്കും.  വിശദമായ പ്രൊപ്പോസൽ കിൻഫ്ര തയ്യാറാക്കുന്നുണ്ട്‌. ബെൽ സംബന്ധിച്ചും ഇത്തരമൊരു പ്രൊപ്പോസൽ തയ്യാറാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷിനെ ചുമതലപ്പെടുത്തി.

പ്ലാന്റേഷൻ മേഖലകൂടി ഇപ്പോൾ വ്യവസായ വകുപ്പിനൊപ്പമുണ്ട്‌?
പ്ലാന്റേഷൻ വ്യവസായമായാണ്‌ സർക്കാർ കാണുന്നത്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ പ്ലാന്റേഷൻ നയം അംഗീകരിച്ചിട്ടുണ്ട്‌.  വലിയ സാധ്യതയാണ്‌ ഈ രംഗത്ത്‌ കാണുന്നത്‌. തോട്ടഭൂമിയിൽ പുതിയ ഇടവിളകളുടെ കൃഷി അനുവദിക്കുമെന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്‌. കാർഷികസംരംഭകത്വം എന്ന പുതിയ കാഴ്‌ചപ്പാടിലേക്കാണ്‌ നീങ്ങുന്നത്‌.

പരമ്പരാഗത വ്യവസായങ്ങൾ ഏറെ പ്രാധാന്യമുള്ളതാണ്‌. പലതും വലിയ നഷ്ടത്തിലുമാണ്‌?
പരമ്പരാഗത വ്യവസായ മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണ്‌. തൊഴിൽ സംരക്ഷിച്ചുതന്നെ ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും വേണം. വിശദമായ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി മുന്നോട്ടുപോകും. കയർ, കൈത്തറി മേഖലയിലെ ലോകത്താകെയുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തും.

ട്രേഡ്‌ സെന്റർ യാഥാർഥ്യമാക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. സംസ്ഥാനത്തിന്‌ ഇത്‌ എങ്ങനെ പ്രയോജനപ്പെടും?
കൊച്ചി കാക്കനാടാണ്‌ ട്രേഡ്‌സെന്റർ വരുന്നത്‌. എന്നേക്ക്‌ ഇതു പൂർത്തിയാക്കാൻ കഴിയുമെന്ന വിശദമായ കലണ്ടർ കിൻഫ്ര തയ്യാറാക്കുന്നുണ്ട്‌. കേരളത്തിലെ മുഴുവൻ എംഎസ്‌എംഇയെയും ഇതിലേക്ക്‌ കൊണ്ടുവരും. അവർക്ക്‌ ഏത്‌ ഉൽപ്പന്നവും പരിചയപ്പെടുത്താനും അസംസ്‌കൃത വസ്‌തുക്കൾ വാങ്ങാനും കഴിയും. അന്തർദേശീയമായി കേരള ബ്രാൻഡ്‌ ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. എംഎസ്‌എംഇകൾ ഉൽപ്പാദിപ്പിക്കുന്നതെല്ലാം ഒറ്റ ബ്രാൻഡിലേക്ക്‌ കൊണ്ടുവരാൻ കഴിയണം. ഓൺലൈൻ വിപണനം ശക്തിപ്പെടുത്തുക എന്നതും പ്രധാനമാണ്‌. ട്രേഡ്‌സെന്റർ ഇത്തരത്തിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ്‌ പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top